വർഷം മുഴുവനും ജീവിതത്തിന്റെ തിരക്കിൽ ഓടിക്കൊണ്ടിരിക്കുന്ന ആളുകൾക്ക് സമാധാനവും സന്തോഷവും നൽകുന്നത് ചില ആഘോഷവേളകളാണ്. ജാതിമത ഭേദമില്ലാതെ ഒത്തൊരുമിച്ച് എത്രയോ ആഘോഷങ്ങളിൽ പങ്കെടുത്ത ഓർമ്മകൾ നമുക്കുണ്ട്. അത്തരം ഓർമ്മകൾ കാലം കൂടും തോറും വീഞ്ഞ് പോലെ കൂടുതൽ രുചിയേറുന്നതാണ്.
വീഞ്ഞ് എന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിലിപ്പോൾ ഓടിയത് അത്തരമൊരു ആഘോഷത്തിന്റെ ചിത്രമായിരിക്കും. ശാന്തിയുടെയും സമാധാനത്തിന്റെയും ഉത്സവമായ ക്രിസ്മസ് തന്നെയാണത്. ഇതാ ക്രിസ്മസ് ഓർമ്മകളുടെ പുസ്തക താളുകളിൽ കൂട്ടി ചേർക്കാൻ മഞ്ഞുപെയ്യുന്ന ഡിസംബറെത്തി. ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങളും ആവേശവും തകൃതിയായി നടക്കുന്നുണ്ട്. ഒരോ രാജ്യങ്ങളിലെയും ക്രിസ്മസ് ആഘോഷങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ. ക്രിസ്മസ് എന്ന് യേശുവിന്റെ ജൻമദിനത്തിന് പേര് വരുന്നതിന് മുമ്പ് യൂൾ എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. ജർമൻ പദമായ ഹ്യൂൾ എന്നതിൽ നിന്നാണ് ഈ വാക്ക് ഉണ്ടായതെന്ന് കരുതപ്പെടുന്നു. ക്രിസ്മസിന് തലേദിവസം രാത്രിയിൽ ചില പാശ്ചാത്യ നഗരങ്ങളിൽ മരക്കമ്പുകൾ കത്തിച്ചിരുന്നതായി പറയപ്പെടുന്നു. പല മരങ്ങളിൽ നിന്നാണ് എടുത്തിരുന്നതെങ്കിലും ഇത്തരത്തിൽ കത്തിച്ച തടികളെയൊക്കെ യൂൾ എന്നായിരുന്നു വിളിച്ചിരുന്നത്. ക്രിസ്തുവിന് ജനനത്തിന് വളരെ മുമ്പൊക്കെ ഈ ആചാരം പിന്തുടർന്നിരുന്നുവെങ്കിലും കാലക്രമേണ ഇത് ക്രിസ്മസിന്റെ ഭാഗമായി മാറുകയായിരുന്നു. പെട്ടെന്ന് ഇലകൾ കൊഴിഞ്ഞു പോകാത്ത മരച്ചില്ലകളും റിബണും കൊണ്ട് അലങ്കരിച്ച ഒരു തായ് തടി ചങ്ങല കെട്ടി വലിച്ചു കൊണ്ടു വരും. കഴിഞ്ഞ വർഷം കത്തിച്ച തടിയുടെ ബാക്കി വന്ന ചെറു കക്ഷണങ്ങൾ ഉപയോഗിച്ചാണ് പുതിയ യൂൾ തടിക്ക് തീ കൊളുത്തുന്നത്. എരിഞ്ഞ യൂൾ തടി കക്ഷണം വർഷം മുഴുവൻ സൂക്ഷിച്ചു വെക്കുന്നതിനാൽ ഭാഗ്യമുണ്ടാകുമെന്നത് വിശ്വാസമായിരുന്നു. വളരെ കൗതുകരമല്ലേ ഇത. ഇത്തരത്തിൽ ഓരോ രാജ്യങ്ങളിലും ക്രിസ്മസിനെ ചുറ്റിപ്പറ്റി പല ആചാരങ്ങളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.
ചൂലൊളിപ്പിച്ച് നോർവേക്കാർ
നോർവീജിയയിലെ ആളുകൾ ക്രിസ്മസിന് തലേദിവസം ചൂല് ഒളിപ്പിച്ചുവെക്കുന്നു. ഇതിന് ഇവർ പറയുന്ന കാരണം ചൂല് ഭൂതങ്ങളെ ആകർഷിക്കുമെന്നതാണ്. തണുത്ത രാജ്യങ്ങളിലെ വീടുകളിൽ ചിമ്മിനികൾ കാണുന്നത് സാധാരണമാണ്. അത്രമേൽ തണുപ്പ് വരുന്ന അവസ്ഥയിൽ മാത്രമേ അവർ അത് ഉപയോഗിക്കാറുള്ളൂ. പക്ഷേ ക്രിസ്മസ് ആകുമ്പോൾ തണുപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ചിമ്മിനികളിലൂടെയും ഭൂതങ്ങൾ വരുമെന്ന് വിശ്വസിച്ച് ഇവ ഈ ചിമ്മിനികൾ കത്തിച്ചുവെക്കും. നല്ല ദിവസത്തിൽ നല്ലത് മാത്രം ചിന്തിച്ചാണിത് ഇവർ ചെയ്തിരുന്നത്.
സ്‌കേറ്റ് ചെയ്ത് പള്ളിയിൽ പോകുന്ന വെനസ്വേലക്കാർ
ഇവിടുത്തെ ജനങ്ങൾ ക്രിസ്മസ് ദിവസം പള്ളിയിൽ പോയിരുന്നത് റോളർ സ്‌കേറ്റിങ്ങ് ചെയ്തുകൊണ്ടായിരുന്നു. കേൾക്കുമ്പോൾ തന്നെ വളരെ കൗതുകമാണ്. സ്‌കേറ്റ് ബോഡിലും സ്‌കേറ്റിങ്ങ് ഷൂസിലുമാണിവർ തിരുക്കർമ്മങ്ങൾക്ക് പങ്കെടുക്കാനായി വീട്ടിൽ നിന്നും പുറപ്പെട്ടിരുന്നത്. 1960 മുതൽക്കാണ് ഇത്തരത്തിൽ സ്‌കേറ്റ് ചെയ്ത പള്ളിയിൽ പോകുന്ന സമ്പ്രദായം ആരംഭിച്ചതെന്ന് പറയപ്പെടുന്നു.
ജപ്പാനിലെ ക്രിസ്മസ് കെഎഫ്സി മീൽ
ജപ്പാൻ പലപ്പോഴും വ്യത്യസ്തതകൾക്ക് പേരു കേട്ടൊരു രാജ്യമാണ്. എന്നിരുന്നാലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ജപ്പാനിൽ ക്രിസ്മസ് ആഘോഷങ്ങൾ വിരളമാണ്. ഉണ്ടെങ്കിൽ പോലും ആഢംബരങ്ങളൊട്ടുമില്ലാതെയാണ് അവർ ആഘോഷിച്ചു പോകുന്നത്. ക്രിസ്മസ് സമ്മാനങ്ങൾ കൈമാറി ആശംസങ്ങളും അറിയിക്കുന്നതാണിവരുടെ ക്രിസ്മസ്. എന്നിരുന്നാലും ക്രിസ്മസ് ദിനത്തിൽ ജപ്പാനിലെ ജനങ്ങളെല്ലാം ഒരു റെസ്റ്റോറന്റിലേക്ക് പോകും. കെൻഡെക്കി ഫ്രൈഡ് ചിക്കൻ കഴിക്കാനായിട്ടാണ് പോകുന്നത്. ചുരുക്കി പറഞ്ഞാൽ നമ്മുടെയൊക്കെ കെഎഫ്സി. ഇതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. 1974 ൽ ജപ്പാനിൽ ഒരു പോൾട്രി ക്ഷാമമുണ്ടായി. ആ സമയങ്ങളിൽ ക്രിസ്മസിന് കെഎഫ്സി ഒരു ഓഫർ മുന്നോട്ട് വെച്ചിരുന്നു. വിദേശികളെ ലക്ഷ്യമിട്ട് ഒര ക്രിസ്മസ് മീൽ ഒരുക്കിയിരുന്നു. കെഎഫ്സി നല്ല രീതിയിൽ തന്നെ അവർക്ക് ഈ സമയത്ത് മാർക്കറ്റിങ്ങ് ലഭിച്ചു. അന്നു മുതൽക്കാണ് ജപ്പാനിലെ ജനങ്ങൾക്ക് ക്രിസ്മസിന്റെ അഭിഭാജ്യഘടകമായി കെഎഫ്സി മാറിയത്. ഇന്നത്തെ സമയത്ത് അവിടെ പോയൊരു ക്രിസ്മസ് മീൽ കഴിക്കണമെങ്കിൽ പ്രീബുക്ക് ചെയ്യേണ്ട അവസ്ഥയാണ്. അത്രയ്ക്കും തിരക്കാണ്.
ചിലന്തിവലകളിൽ അലങ്കരിച്ച ഉക്രെയനിലെ ക്രിസ്മസ് ട്രീ
ഉക്രെയിനിലെ ക്രിസ്മസ് ആഘോഷങ്ങൾ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളിൽ എടുത്തു കളയാൻ പറ്റാത്തൊരു ഘടകമാണ് ക്രിസ്മസ് ട്രീകൾ. വളരെ ആകർഷകമായാണ് ലോകമെമ്പാടും ക്രിസ്മസ് ട്രീകൾ അലങ്കരിക്കുന്നത്. പക്ഷേ ഉക്രെയിനിലെ ക്രിസ്മസ് ട്രീകളുടെ ഡിസൈൻ സാധാരണ ക്രിസ്മസ് ട്രീകളിൽ നിന്നും വേറിട്ടു നിൽക്കുന്നവയാണ്. ചിലന്തിവല ഉപയോഗിച്ചാണ് ഇവിടുത്തുകാർ ക്രിസ്മസ് ട്രീകൾ ഒരുക്കുന്നത്. യാഥാർത്ഥ ചിലന്തിവലകൾ അവയുടെ മാതൃകയാണ് ഉപയോഗിക്കുന്നത്. ഇതിനു പിന്നിൽ പൗരാണികപരമായ ഒരു കഥയുണ്ട്. പണ്ടൊരു വിധവയായ സ്ത്രീയും അവരുടെ കുട്ടികളും ആ നാട്ടിൽ താമസിച്ചിരുന്നു. അടുത്ത വീടുകളിലൊക്കെ ക്രിസ്മസിന് ട്രീകൾ സുന്ദരമായി അലങ്കരിച്ച് വെച്ചിരിക്കുന്നത് പോലെ പാവപ്പെട്ട ഈ സ്ത്രീക്കും കുട്ടികൾക്കും ചെയ്യാൻ സാധിച്ചിരുന്നില്ല. അവർ അത്രമേൽ ദരിദ്രരായിരുന്നു. എന്നിരുന്നാലും അലങ്കാരങ്ങൾ ഒന്നും ഇല്ലാത്തൊരു ക്രിസ്മസ് ട്രീ അവരുടെ പൂന്തോട്ടത്തിലുണ്ടായിരുന്നു. പക്ഷേ അത് ഭംഗിയായി അലങ്കിരിക്കാനുള്ള പണമൊന്നും അവരുടെ കൈവശമില്ലായിരുന്നു. ഇങ്ങനെ വിഷമിച്ചരുന്ന അവർ ഒരു ദിവസം ഉറക്കമുണർന്ന് നോക്കിയപ്പോൾ മുറ്റത്ത് കണ്ടത് ചിലന്തി വല കൊണ്ട് അലങ്കരിച്ച മനോഹരമായ ക്രിസ്മസ് ട്രീകളാണ്. ഇത് വെറും ചിലന്തിവലകളായിരുന്നില്ല സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ചതായിരുന്നു. രാവിലെ ആയതുകൊണ്ട് സൂര്യന്റെ പ്രഭാവത്തിൽ ആ ക്രിസ്മസ് ട്രീ തിളങ്ങിയിരുന്നു. അന്ന് മുതൽക്കാണ് ഈ ആചാരം അവർ പിന്തുടരാൻ ആരംഭിച്ചത്. ഇത്തരത്തിൽ ക്രിസ്മസ് ട്രീകൾ അലങ്കരിച്ചാൽ ഭാഗ്യം വന്നു ചേരുമെന്നും വിശ്വാസമുണ്ട്.
ചെരുപ്പെറിഞ്ഞ് ചെക്ക് റിപബ്ലിക്കിലെ സ്ത്രീകൾ
ഇവിടെ ക്രിസ്മസ് ദിനത്തിൽ സ്ത്രീകൾക്കിടയിൽ ഒരാഘോഷമുണ്ടായിരുന്നു. കതകിന് എതിർവശമായി സ്ത്രീകൾ തിരിഞ്ഞു നിൽക്കും എന്നിട്ട് തോളിന് പിറകിൽ കൂടെ ഇവർ ഷൂസ് വലിച്ചെറിയും. ഈ ഷൂ ചെന്ന് വീഴുന്നത് കതകിനെ ലക്ഷ്യം വെച്ചാണെങ്കിൽ ആ വർഷം അവരുടെ വിവാഹം നടക്കുമെന്നാണ്. അതല്ല ഹീലാണ് പോയിന്റ് ചെയ്യുന്നതെങ്കിൽ ആ വർഷം വിവാഹം നടക്കില്ലെന്നമാണ് പറയപ്പെടുന്നത്.
ജർമ്മനിയിലെ ക്രിസ്മസ് പിക്കിളും സമ്മാനവും
ക്രിസ്മസ് ട്രീ അലങ്കാരത്തിനായി ജർമ്മനിയിൽ ക്രിസ്മസ് പിക്കിൾ ഉപയോഗിച്ചിരുന്നു. ഇതൊരു അലങ്കാര വസ്തുവാണ്. ഇത് ക്രിസ്മസ് ട്രീയിൽ ഒളിപ്പിച്ചുവെക്കും. എന്നിട്ട് ഇത് ചെരിയ കുട്ടികളോട് കണ്ടെത്താനായി ആവശ്യപ്പെടും. ഏത് കുട്ടിയാണ് ഇത് ആദ്യം കണ്ടെത്തുന്നത് അവർക്ക് സാധാരണ ക്രിസ്മസ് സമ്മാനങ്ങള്ക്ക് പുറമേ ഒരു സമ്മാനം കൂടെ നൽകുമായിരുന്നു.
മാലിന്യങ്ങളിൽ ചെകുത്താനെ നിർമ്മിക്കുന്ന ഗ്വാട്ടിമാല ജനത
ഗോട്ടിമാലയിലെ ക്രിസ്മസ് ആഘോഷങ്ങൾ വേറിട്ടു നിൽക്കുന്നു. വീട്ടിലെ മാലിന്യങ്ങളും ആവശ്യമില്ലാത്ത വസ്തുക്കളും ഒന്നിച്ചു കൂട്ടി ചേർത്തു ആ നാട്ടിലെ ആളുകളെല്ലാം ഒന്നിച്ച് ഒരു ചെകുത്താന്റെ രൂപം നിർമ്മിക്കും. ഈ രൂപത്തിനെ ഇവർ അഗ്‌നിക്കിരയാക്കും. തീർത്തും വ്യത്യസ്തമായ ഒരാചാരമല്ലേ. അത് പണ്ട് കാലങ്ങളിൽ നടത്തി കൊണ്ടിരുന്നത് ഒക്ടോബറിലാണ്. കാലങ്ങൾ കഴിഞ്ഞാണ് ഇത് ക്രിസ്മസ് ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായത്.
Content Highlights: fascinating Christmas traditions from around the globe
Published: 23 Dec 2025, 06:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented