
ഈശോമിശിഹാ മനുഷ്യരക്ഷയ്ക്കായി സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് മനുഷ്യസ്വഭാവം സ്വീകരിച്ച് ഇറങ്ങിവന്നതിന്റെ ഓർമ്മയാചരിക്കുന്ന ക്രിസ്മസ് ദിനത്തിൽ എല്ലാവർക്കും തിരുപ്പിറവിയുടെ മംഗളങ്ങളും പ്രാർഥനകളും നേരുന്നു. ക്രിസ്മസ് നമ്മെ വീണ്ടും വീണ്ടും നൈർമല്യത്തിലേക്കും വിശുദ്ധിയിലേക്കും കൈപിടിച്ചുനടത്തുന്ന തിരുനാളാണ്. ദൈവം മനുഷ്യനിലേക്ക് ഇറങ്ങിവന്ന സുദിനം. മനുഷ്യനെ ദൈവസന്നിധിയിലേക്ക് ഉയർത്തിയ ദിവസം. സ്വർഗവും ഭൂമിയും ഒന്നാകുന്ന തിരുനാൾ. ദൈവത്വവും മനുഷ്യത്വവും ഒന്നുചേർന്ന ദൈവപുത്രനിൽ പാരിലെ പരിശുദ്ധത്രിത്വവും ഭൂവിലെ മനുഷ്യകുലവും ഒന്നാവുകയാണ്.
അവർ അവനെ സ്വീകരിച്ചില്ല
പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയും കെണികളിൽനിന്ന് മനുഷ്യനു രക്ഷ സാധ്യമാക്കാൻ ദൈവം വാഗ്ദാനങ്ങളുടെ പൂർത്തീകരണമായി ഭൂമിയിൽ അവതരിച്ചു. ഈശോയുടെ മനുഷ്യാവതാരം രേഖപ്പെടുത്തുമ്പോൾ സുവിശേഷങ്ങൾ എടുത്തുപറയുന്ന ഒരു കാര്യമാണ് സത്രത്തിൽ അവർക്ക് സ്ഥലം ലഭിച്ചില്ല എന്നത്. ലൂക്കാ സുവിശേഷകൻ പറയുന്നു: ‘‘അവിടെയായിരിക്കുമ്പോൾ അവൾക്കു പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞൂൽപുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല’’ (ലൂക്കാ 1, 6-7). ഈ വസ്തുത യോഹന്നാൻ ശ്ലീഹായും പറയുന്നുണ്ട്: ‘‘അവൻ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല’’ (യോഹന്നാൻ 1, 11). ഓരോ ക്രിസ്മസിനും സവിശേഷമായവിധത്തിൽ ഈശോ നാമോരോരുത്തരുടെയും ഹൃദയമാകുന്ന വാതിലിൽ മുട്ടുന്നുണ്ട്. മറിയവും ഔസേപ്പും ഇരുപതു നൂറ്റാണ്ടുകൾക്കുമുൻപ് സത്രങ്ങളുടെ വാതിലുകളിൽ മുട്ടിയതുപോലെ ഈശോ ഇന്ന് നമ്മുടെ ഹൃദയവാതിലുകളിൽ മുട്ടുന്നു. അന്ന് മറിയത്തിനും ഔസേപ്പിനും മുന്നിൽ വാതിലടച്ചവരെ ഇന്നും നാം അപ്രകാരം അനുസ്മരിക്കുന്നു - ‘‘ഈശോയ്ക്കുമുന്നിൽ വാതിലുകൾ കൊട്ടിയടച്ച സത്രം സൂക്ഷിപ്പുകാർ.’’ ഇന്ന് നാം ഈശോയ്ക്കുവേണ്ടി വാതിലുകൾ തുറക്കാതിരുന്നാൽ ‘‘ലോകനാഥനു ഹൃദയവാതിലുകൾ തുറക്കാതിരുന്നവർ’’ എന്ന് ഭാവിതലമുറകൾ നമ്മെയും കുറ്റപ്പെടുത്തും. ‘‘നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂർണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്കു സാധിക്കും’’ (റോമാ 12, 2) - നമ്മുടെ ഹൃദയങ്ങൾ തുറക്കാൻ ഈശോ നൽകുന്ന എളുപ്പവഴി പൗലോസ് ശ്ലീഹായുടെ ഈ വാക്കുകളിലുണ്ട്. ലോകത്തിന്റെ വഴികളിൽ നീങ്ങാതെ, മനസ്സിനെ നവീകരിച്ച് നന്മ എന്തെന്നു വിവേചിച്ചറിഞ്ഞ്, അതു ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഈ ക്രിസ്മസ് കാലം നമ്മെ സഹായിക്കട്ടെ. നമ്മുടെ മാത്രമല്ല, നമ്മുടെ കുടുംബത്തിന്റെയും നമ്മോട് ചേർന്നിരിക്കുന്ന ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ ഈശോ പിറക്കാൻ നമ്മുടെ രൂപാന്തരീകരണം കാരണമാകട്ടെ.
തിരസ്‌കൃതരുടെ തിരുനാൾ
‘ഇല്ല... ഇടമില്ല...’ എന്ന വാക്കുകളാണ് ഈശോയ്ക്കുള്ള താരാട്ടായി ലോകമൊരുക്കിയത്. പിറവിയിൽമാത്രമല്ല, ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഇല്ലായ്മകളുടെ നൊമ്പരമറിഞ്ഞു മുന്നേറിയതിനാലാണ് തന്റെ ശിഷ്യത്വത്തിലേക്കുള്ള ക്ഷണത്തിൽ ‘‘കുറുനരികൾക്കു മാളങ്ങളും ആകാശപ്പറവകൾക്കു കൂടുകളുമുണ്ട്; എന്നാൽ, മനുഷ്യപുത്രനു തലചായ്ക്കാൻ ഇടമില്ല’’ (മത്തായി 8, 20) എന്നു മിശിഹാ ഓർമ്മപ്പെടുത്തുന്നത്. തിരസ്കാരത്തിന്റെ സ്വാഗതഗാനം കേട്ട് ഭൂമിയിൽ അവതരിച്ചവൻ അവഗണിക്കപ്പെട്ടവരിലേക്കും പാർശ്വവത്കൃതരിലേക്കും ഇറങ്ങിനടന്നു; അളവില്ലാതെ സ്നേഹം ചൊരിഞ്ഞു. ‘‘അന്ധകാരത്തിൽ സ്ഥിതിചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു’’ (മത്തായി 4, 16) എന്നു ദിവ്യശിശുവിന്റെ തിരുപ്പിറവിയെ വി. ഗ്രന്ഥം വിശേഷിപ്പിക്കുന്നു. അവഗണനയുടെ ദുഃഖവും അനീതിയുടെ വേദനയും പേറുന്നവർക്ക് ക്രിസ്മസ് പ്രത്യാശയുടെ സന്ദേശമാണ്. നമുക്കായി ഒരു രക്ഷകൻ പിറന്നിരിക്കുന്നെന്ന മാലാഖയുടെ സദ്‌വാർത്തയിൽ ‘ദൈവം എന്നെ സ്നേഹിക്കുന്നു’ എന്ന തികച്ചും വ്യക്തിപരമായ സന്ദേശവും ഉൾച്ചേർന്നിരിക്കുന്നു.
സുരക്ഷിതത്വത്തിന്റെ ഇടങ്ങളെ കൈയൊഴിഞ്ഞ് വേദനിക്കുന്നവരിലേക്കും അശരണരിലേക്കും ഇറങ്ങി നടക്കുമ്പോഴാണ് നമ്മിലും ദൈവം പിറക്കുന്നത്; മനുഷ്യാവതാരം ഇന്ന് യാഥാർഥ്യമാകുന്നത്. ‘‘മറ്റുള്ളവരുടെ കഷ്ടപ്പാടുകൾക്ക് ആശ്വാസം നൽകുന്നതിനോ മെച്ചപ്പെട്ട ജീവിതം നയിക്കാൻ അവരെ സഹായിക്കുന്നതിനോ താത്പര്യം കാണിക്കാതെ മിശിഹായുമായുള്ള വ്യക്തിബന്ധം തേടിയാൽ അതു ദൈവത്തെ പ്രീതിപ്പെടുത്താൻ ഉപകരിക്കുമോ? നാം ജീവിക്കുന്ന സമൂഹത്തിലെ പ്രത്യാഘാതങ്ങൾ അവഗണിച്ചുകൊണ്ട് ഒരു സ്വകാര്യ ആത്മീയതയിൽ കുടുങ്ങിക്കിടന്നാൽ, നമ്മെ അത്രയേറെ സ്നേഹിച്ച ഹൃദയത്തിന് അത് പ്രീതികരമാകുമോ?’’ എന്ന ഫ്രാൻസിസ് പാപ്പായുടെ ചോദ്യങ്ങൾ ആത്മീയതയുടെ പ്രാവർത്തികതലത്തെ ഉയർത്തിക്കാട്ടുന്നു. ഈ ചോദ്യങ്ങളോടുള്ള പ്രത്യുത്തരത്തിൽ വിശ്വാസം പ്രവർത്തനനിരതമാകുന്നു. സ്നേഹത്തിൽ പ്രവർത്തനനിരതമാകുന്ന വിശ്വാസമാണ് സുപ്രധാനമെന്ന (ഗലാ. 5, 6 ) വി. പൗലോസിന്റെ മൊഴികളുടെ പ്രസക്തി തെളിയുന്നു.
(ഫ്രാൻസിസ് മാർപാപ്പ കർദിനാൾ ജോർജ് കൂവക്കാടിനെ കർദിനാൾ പദവിയിലേക്കുയർത്തിയത് ഈ മാസം ഏഴിനാണ്)
Content Highlights: Celebrate Christmas! Reflect on Jesus` birth, God`s love, and our salvation
Published: 25 Dec 2024, 06:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented