മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്രയുടേതായി രാജ്യാന്തര ഭാഷകളടക്കം ഇരുപത്തി അയ്യായിരത്തോളമോ, അതിലേറെയോ ഗാനങ്ങളുണ്ട്. ഓർമ്മയുറച്ച കാലം മുതൽ കേൾക്കുന്ന ആ മധുരനാദത്തിൽ ഏറ്റവും പ്രിയതരമായതൊന്നിനെ എങ്ങനെ തിരഞ്ഞെടുക്കും?

To advertise here,

ആ പാട്ടുകൾ കുട്ടിക്കാലത്തിൻ്റെ കളങ്കമറ്റ സ്വരസ്മരണകളാണ്. കൗമാരത്തിൻ്റെ മധുര രഹസ്യങ്ങളാണ്. ഇപ്പോഴും  തീരാത്ത  യൗവനത്തിൻ്റെ കിനാപ്പൊരുളുകളാണ്, ആത്മാവിൽ ജീവോന്മാദം നിറയ്ക്കുന്ന അനന്തവും അപരിമേയവുമായ രസരാഗങ്ങളാണ്. സംഗീതമെന്ന ധ്യാനത്തിലൂടെ താദാത്മ്യത്തിൻ്റെ രഹസ്യപഥങ്ങൾ ഏതൊരു സാധാരണക്കാരിക്കും സാധ്യമാക്കിയ ഇഷ്ടഗായികയുടെ തേൻ മധുരമുള്ള ശബ്ദത്തിൻ്റെ അസാധ്യമാസ്മരികതയെപ്പറ്റി, അല്ലെങ്കിൽ അവർ പാടിയ ഒരു പാട്ടിനെപ്പറ്റി എഴുതാൻ തുനിഞ്ഞപ്പോൾ അലമാലകൾ പോലെ ഒരായിരം പാട്ടുകൾ നെഞ്ചിൽ തിരയായ് പതഞ്ഞു.  ആഴമളക്കാനാവാത്ത ആ സ്വരമാധുരി പിന്നെയും വിസ്മയിപ്പിച്ചു. ഒരു ഗാനത്തിനായി കടലിൽ തപ്പുന്നതെങ്ങനെ?എങ്ങനെ കണ്ടെടുക്കും ഒറ്റയൊരൊന്നിനെ?

കൂട്ടുകാരോട് സ്വകാര്യമായി ചോദിച്ചു. എത്രയോ പാട്ടുകളാണവർ പലവിധ തിരക്കിലും ഓടി വന്ന് ഓർമ്മിപ്പിച്ചത്. വിവിധ ഭാഷകളിലെ സിനിമാ ഗാനങ്ങൾ കൂടാതെ, ലളിതഗാനങ്ങൾ, ഭക്തിഗാനങ്ങൾ, കവിതകൾ, കീർത്തനങ്ങൾ അങ്ങനെ മഹനീയമായ ഏതൊക്കെത്തരം ചിത്ര ഗീതങ്ങൾ. പുടമുറിക്കല്യാണം, തളിരിലയിൽ, ആയിരം കണ്ണുമായ്, പൂ വേണോ, ചെമ്പരത്തിപ്പൂവേ, പാടറിയ, ഉയിരേ,ചലിയേ , ഇന്ദ്രനീലിമയോലും, നെറ്റിയിൽ പൂവുള്ള, ചന്ദനം മണക്കുന്ന, കണ്ണാം തുമ്പി, ഒളിച്ചിരിക്കാൻ, താരം വാൽക്കണ്ണാടി നോക്കി, ചീരപ്പൂവുകൾക്കുമ്മ കൊടുക്കുന്ന, മലർഗൾ കേട്ടേൻ, നീ മായും നിലാവോ, തളിർ വെറ്റിലയുണ്ടോ, രാജഹംസമേ, ആടിക്കാറിൻ മഞ്ചൽ, ആറ്റു നോറ്റുണ്ടായൊരുണ്ണീ, ഉണ്ണീ വാവാവോ, ഓമനത്തിങ്കൾ കിടാവോ, മഞ്ഞിൻ്റെ മറയിട്ടോർമ്മകൾക്കുള്ളിൽ തുടങ്ങി എത്രയോ എത്രയോ എത്രയോ പാട്ടുകൾ.. എല്ലാം പറയുന്നില്ല. തുടങ്ങിയാൽ തീരില്ല. ചീരപ്പൂവുകൾക്കുമ്മ കൊടുക്കുമീ എന്ന ഗാനത്തിൻ്റെ വരികളും ചിത്രയുടെ ശബ്ദവും ചേരുമ്പോഴുള്ള മാർവലസ് കോമ്പിനേഷൻ അതുല്യമെന്നാണ് തൻ്റെ ഇഷ്ടഗാനത്തെ അഭിഭാഷക പി.എം. ആതിര വിശേഷിപ്പിച്ചത്.

ഷീല ജോണി ചിത്രയുടെ ദൂരദർശൻ ഗാനങ്ങളുടെ നൊസ്റ്റാൾജിയ ഓർത്തെടുത്തപ്പോൾ, ഇന്ദ്രനീലിമയോലും, ഇന്ദുപുഷ്പം ചൂടി എന്നീ പാട്ടുവരികളുടെ മാദകത്വം, പ്രണയം, കാമം, തൃഷ്ണ, ആഗ്രഹം, നിഷ്കളങ്കത, മനോഹര പദങ്ങൾ എന്നിവയാണ് അവ തൻ്റെ പ്രിയപ്പെട്ട ചിത്ര ഗീതങ്ങളാവാനുള്ള കാരണമെന്ന് എഴുത്തുകാരി നന്ദിനി മേനോൻ പറഞ്ഞു. മാധ്യമ പ്രവർത്തകനും ഗായകനുമായ സാബു ടി .ജോൺ "മഞ്ഞിൻ്റെ മറയിട്ടൊരോർമ്മ " തൻ്റെ കോളേജ് കാലത്തെ സ്ഥിരം കേൾക്കുന്ന ചിത്ര ഗാനമായതിൻ്റെ നൊസ്റ്റാൾജിയ പങ്കുവെച്ചു.വാർമഴവില്ലേ കരീം അയിനിപ്പുള്ളിയെ ചിത്രമുഗ്ദ്ധനാക്കിയപ്പോൾ, ഒമർ ഷെരീഫിനെ പിന്തുടർന്ന ഗാനം കുടജാദ്രിയില്‍ എന്നതാണ്..ആറ്റു നോറ്റുണ്ടായൊരുണ്ണിയിലെ ചിത്രയുടെ ഗാനത്തിലെ വിങ്ങുന്ന മധുര മാതൃത്വം ഡോക്ടർ ദീപ്തി വിജയൻ്റെ പ്രിയ ഗാനമായെങ്കിൽ നിഷ രാജഗോപാൽ എടുത്തു പറഞ്ഞത് സോഷ്യൽ മീഡിയ അടുത്ത കാലത്തും തരംഗമാക്കിയ രാജഹംസമേ എന്ന പാട്ടാണ്.

അങ്ങനെ അവർക്കും എനിക്കും പ്രിയപ്പെട്ട ചിത്രയുടെ അനേകമനേകം ഇഷ്ട ഗാനങ്ങളിൽ ഇന്നിവിടെ പറയാനായി ഒരു ഗാനമെടുത്താൽ അത് രാജശിൽപ്പി എന്ന ചിത്രത്തിലെ " അറിവിൻ നിലാവേ... "എന്ന എക്കാലവും അങ്ങേയറ്റം പ്രിയപ്പെട്ട പാട്ടാണ് .ഓ.എൻ.വി. കുറുപ്പ് രചിച്ച്, രവീന്ദ്രൻ മാസ്റ്റർ സംഗീതം പകർന്ന് കെ.എസ് ചിത്ര പാടി, ഭാനുപ്രിയ അഭിനയിച്ചു ജീവിച്ച ഈ ഗാനം ഒരുകാലത്ത് എത്രയോ പ്രാവശ്യം വാക്മാനിലും ടേപ്പ് റെക്കോർഡറിലും മടുക്കാതെ കേട്ടു നടന്നതായിരുന്നു

ജന്മാന്തര പ്രണയകഥയാണ് ചിത്രത്തിൻ്റേത്. പെൺകുട്ടിക്കാലത്ത് ഈ പാട്ട് കേൾക്കുമ്പോൾ ആത്മാക്കളുടേയോ, അതീന്ദ്രിയ ജീവിത രഹസ്യങ്ങളുടേയോ ശാസ്ത്രീയത പറയുന്ന പുസ്തകങ്ങൾ ഞാൻ പരിചയിച്ചിട്ടില്ല. ഇന്നും പുനർജന്മത്തെക്കുറിച്ച് വിശ്വാസമില്ല, പക്ഷേ ആധികാരികമായി പ്രപഞ്ച രഹസ്യങ്ങളുടെ അപാരതകളെക്കുറിച്ച് ഒന്നും പറയാനുമറിയില്ല. ട്വിൻ ഫ്ളെയിം ( Twin flame) സങ്കൽപ്പത്തെക്കുറിച്ച് ഇന്ന് ധാരാളം സിനിമകളും നോവലുകളും കഥകളുമുണ്ട്. 2020ൽ ഞാനെഴുതിയ പ്രസിദ്ധീകരിക്കാത്ത ചെറുനോവലിൻ്റെയും വിഷയം ഇതായിരുന്നു. 

പ്ലേറ്റോയുടെ സിമ്പോസിയയുടെ തുടക്കം ഈ വിഷയത്തിലാണ്.അത് ഏകദേശം ഇങ്ങനെയാണ്. ഗ്രീക്ക് മിത്തോളജി പ്രകാരം മനുഷ്യർക്ക് വളരെപ്പണ്ട് രണ്ടു മുഖവും നാലു കൈകാലുകളുമുണ്ടായിരുന്നു. അവർ അറിവിലും ശക്തിയിലും ഒരു ശരീരത്തിലൊതുങ്ങാത്തവരെന്ന് കണ്ട സൃഷ്ടികർത്താവ് ആ ആത്മാവിനെ രണ്ടായിപ്പകുത്ത് രണ്ടു ശരീരങ്ങളിൽ നിക്ഷേപിച്ചു. ആ ആത്മാവ് നിക്ഷേപിച്ച രണ്ടു പേർ  ചിലപ്പോൾ ജന്മങ്ങളോളം തമ്മിൽ കാണാതെ, ജനിച്ച് മരിക്കും. ഏതെങ്കിലും ജന്മത്തിൽ പക്ഷേ അവർ കാണും. എങ്ങനെയൊക്കെയോ പരസ്പരം തിരിച്ചറിയും. ഒന്നിച്ച് ചേരാനവർക്ക് പലപ്പോഴും കർമ്മബന്ധങ്ങൾ തടസമാണ്. അവർ ഒന്നിച്ചു ചേർന്നാലോ അൽഭുതങ്ങൾ സംഭവിക്കും ട്വിൻ ഫ്ളെയിം എന്ന സങ്കൽപ്പം ഉദാത്തമാണ്. എല്ലാ പ്രേമങ്ങളും ട്വിൻ ഫ്ളെയിം ബന്ധങ്ങളാവില്ല. സോൾമേറ്റ്സ്, ട്വിൻ ഫ്ളെയിം ആവില്ല.
ചില മനുഷ്യരോട് കണ്ടോ, കാണാതെയോ പെട്ടന്ന് തോന്നുന്ന പ്രത്യേക അടുപ്പം, കാലങ്ങളോളം അവരെ അറിയാമെന്ന തോന്നൽ, പരസ്പരമുള്ള മാനസികപ്പൊരുത്തം, പെട്ടന്നുള്ള വേർപിരിയൽ, വേദനയുടെ താണ്ടാനാവാത്ത കടലുകൾ, മറ്റൊരു ബന്ധവും അവർക്ക് പകരം വെക്കാനാവാത്ത പ്രതിസന്ധി, വിചാരിച്ചാലും അവരിലേക്ക് മറ്റെയാൾക്ക് എത്താൻ സാധിക്കാതിരിക്കുക. ചിലപ്പോൾ മാത്രം കൂടിച്ചേരൽ സാധ്യമാവുക... ട്വിൻ ഫ്ളെയിം യൂണിവേഴ്സ് വലുതാണ്.

ഇന്ത്യക്കാരുടെ അർദ്ധനാരീശ്വര സങ്കൽപ്പവും രാധാമാധവ പ്രണയവും ഇതല്ലാതെ മറ്റൊന്നല്ല. സിനിമയിലെ ലാലിൻ്റെ ശംഭു എന്ന കഥാപാത്രം മരിച്ചു പോയ ഭാര്യ ഉമയുടെ ഓർമയിൽ ജീവിക്കുന്ന ശിൽപ്പിയാണ്.അതേ ഉമയുടെ പുനർജന്മമാണ് ദുർഗ്ഗ എന്ന ഭാനുപ്രിയയുടെ കഥാപാത്രം... തൻ്റെ പുരുഷനെ, തിരിച്ചറിഞ്ഞ ദുർഗ്ഗയെ അറിവില്ലായ്മ കൊണ്ട് ശംഭു പലവട്ടം തിരസ്ക്കരിക്കുന്നുണ്ട്. അവളാകട്ടെ സിനിമയിൽ പറയുന്നതുപോലെ എല്ലാ ശിലകളിലും ശില്പങ്ങൾ കാത്തിരിക്കുന്നുണ്ട്, ശില്പിയുടെ വരവിനായി എന്ന മട്ടിൽ അയാൾക്കായി മാത്രം പിറന്നവളാണ്.

തിരസ്ക്കാരത്തിൻ്റെ അപമാനത്തിലും വേദനയിലും കരുത്തയും സ്ഥിരചിത്തയുമായ സ്ത്രീ അങ്ങേയറ്റം ഉലയുന്നുണ്ട്. പ്രേമം, അഹന്തയില്ലാതെ യാചിക്കാൻ വിവേകമതിയായ അവൾക്ക് മടിയില്ല. കാരണം, സ്നേഹം അഹങ്കാരമല്ല അത് ഭൂമിയോളം ക്ഷമയർഹിക്കുന്ന, താഴ്ന്നു കൊടുക്കുന്ന, ദൈവ വിചാരമെന്ന ജ്ഞാനമുള്ളതുകൊണ്ടാണ്.

"സ്മൃതി നിലാവിൻ കണിക തേടി തിരുമുൻപിൽ നിൽപ്പൂ
അറിയാത്തതെന്തേ..... "
എന്ന വരികൾ കേൾക്കുമ്പോൾ ആത്മാംശം തോന്നാത്തവരുണ്ടാവില്ല. കാരണം കിട്ടാത്തതോ, നിഷേധിച്ചതോ, ഉപേക്ഷിച്ചതോ ആയ ആ വികാരം അനുഭവിക്കാത്ത മനുഷ്യരുണ്ടോ?

ഒരു പാട്ട് കേൾക്കുമ്പോൾ ധമനികളിലൂടെ വിഷാദ ഹർഷങ്ങൾ പതഞ്ഞൊഴുകുന്നുവെങ്കിൽ,
ഒരു പാട്ട് കേൾക്കുമ്പോൾ ആത്മാവിൻ്റെ നിഗൂഢ വിചാര സ്പർശത്തിൽ ഉലയ്ക്കപ്പെട്ടെങ്കിൽ,
ഒരു പാട്ടുകേൾക്കുമ്പോൾ ഇന്ദ്രിയങ്ങളുടെ കൊട്ടിയടച്ച വാതിലുകൾ തുറക്കപ്പെടുന്നുവെങ്കിൽ,
എൻ്റെ നീ എവിടെ എന്നോർത്ത് ഒന്നിനുമല്ലാതെ പിടയുന്നുവെങ്കിൽ,
ഗാനം പാടിത്തന്ന ഒരാൾ, ആ മധുരശബ്ദം നമ്മളിൽ എത്രയോ പ്രഭാപൂരമായ വിളക്കാണ് തെളിയിച്ചു വെച്ചത്..

ചിത്രയുടെ ഗാനങ്ങളിൽ എനിക്ക് ഒരു പക്ഷേ ഏറ്റമിഷ്ടമുള്ളത് ഇതാവില്ല. പക്ഷേ ആലാപന മികവിലെ ഭാവതീവ്രത കൊണ്ടും പ്രേമഭക്തി എന്ന ഉദാത്തവും ഉന്മത്തവുമായ ലോകവികാരത്താലും കേൾവിക്കാരെ സംഗീതം തിരയടിക്കുന്ന അനന്ത സാഗരത്തിലേക്ക്, ഒഴുക്കിവിടാൻ കെൽപ്പുള്ള അപൂർവ ഗാനങ്ങളിലൊന്നാമതായി ഇതിനെ തോന്നിയിട്ടുണ്ട്.. നാദാനുഗൃഹീതയായ അവരെ ആത്മഭാവങ്ങളുടെ ചിരകാല ഗായികയായി നെഞ്ചിൽ വാഴിച്ചിരുത്താൻ വേറെന്ത് കാരണം വേണം...!

( എഴുത്തുകാരിയും അഭിഭാഷകയുമാണ് ലേഖിക )