ഇന്ത്യൻ സിനിമയിലെ താരഗോപുരമാരെന്ന ചോദ്യത്തിന് സർവസമ്മതമായ ഒരേയൊരുത്തരം; അമിതാഭ് ബച്ചൻ


കെ.വി. സജയ്

ഇന്ത്യൻ സിനിമയിലെ താരഗോപുരമാരെന്ന ചോദ്യത്തിന് സർവസമ്മതമായ ഒരേയൊരുത്തരം അമിതാഭ് ബച്ചൻ എന്നാണ്. ശാരീരികം കൂടിയായ ഉയരം അഭിനയമികവിലൂടെ ­കലാകാരൗന്നത്യമായും ബച്ചൻ മാറ്റി. ഈ ശോഭനമായ വാർധക്യഋതുവിലും അനന്യമായൊരു താരസാന്നിധ്യമാണ് ഈ ­ദീർഘകായന്റേത്.

അമിതാഭ് ബച്ചൻ | ഫോട്ടോ: പി.ടി.ഐ

രളകാമുകനും കവിയും ക്ഷുഭിതനായ ചെറുപ്പക്കാരനും ഷഹൻ ഷായും വൃദ്ധനുമായി അഭിനയത്തിന്റെയും ജീവിതത്തിന്റെയും ഋതുഭേദങ്ങളിൽ പകർന്നാടിത്തെളിഞ്ഞ കലാകാരവ്യക്തിത്വം. ആകാരവും ആഹാര്യവുംകൊണ്ടു മാത്രമല്ല, ശബ്ദവ്യതിയാനത്തിന്റെ സൂക്ഷ്മതകൾകൊണ്ടും അഭിനയിക്കുന്ന നാദാകാരൻ. ശരീരപ്രത്യക്ഷംമാത്രമല്ല, അശരീരിയായും സാന്നിധ്യമറിയിക്കുന്ന ഒരു പുരുഷശബ്ദംകൂടിയാകുന്നു, ബച്ചൻ. കവിയായ ഹരിവംശറായ് ബച്ചന്റെ പൈതൃകം ബച്ചനിൽ നെടുങ്കൻ ഡയലോഗുകളെ കവിതപോലെ ഉരുവിടുന്ന ഭാവാത്മകതയുടെ സ്വരവിന്യാസമായി സാഫല്യംപൂണ്ടു. ‘ഓ, സാഥീരേ...’ (മുക്വദ്ദർ കാ സിക്കന്ദർ, 1978) എന്ന ആ പ്രസിദ്ധഗാനരംഗത്തിൽ, സദസ്സിനോട് മന്ദ്രഗംഭീരമായി ആത്മനിവേദനം നടത്തിയതിനുശേഷമാണ്, ആ ആരോഹണത്തിന്റെ പാരമ്യത്തിലാണ്, ഭാഷണം ആലാപനമായിമാറുന്നത്. നാടകീയതയുടെ അധികശോഭയോടെ, അങ്ങനെ, ആ തീവ്രഗാനത്തിന്റെ ജ്വരപ്രവാഹം പ്രേക്ഷകഹൃദയങ്ങളെ പൊള്ളിച്ചുണർത്തുന്നു. ‘ബാസി’നും ‘ടെനറി’നുമിടയിലുള്ള ഗായകശബ്ദവിതാനത്തെ, ‘ബാരിറ്റോൺ’ എന്നാണ് പശ്ചാത്യസംഗീതപദ്ധതിയിൽ വിവരിക്കാറ്. ബച്ചന്റെ ഘനസ്വരത്തിനും ഇതേ വിശേഷണമാണ് നൽകപ്പെടുന്നത്. അശരീരിയായി കേൾവിപ്പെട്ടാൽപ്പോലും ഏത് ഇന്ത്യക്കാരനും കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി തിരിച്ചറിയുന്ന ആ ശബ്ദവും അതിന്റെ വികാരപ്രസരണശേഷിയും കൂടിച്ചേർന്നാണ് അമിതാഭ് ബച്ചൻ എന്ന താരവിഗ്രഹത്തെ നിർമിച്ചത്.

തരുണമേഘഗർജനംബച്ചന്റെ താരാരോഹണത്തിനു വഴിയൊരുക്കിയത്, പക്ഷേ, മറ്റു രണ്ട് എഴുത്തുകാരും മറ്റുചില സംവിധായകരുമായിരുന്നു. ‘സഞ്ജീർ’ (ശൃംഖല, 1973), ‘ദീവാർ’ (ചുവർ, 1975), ‘ഷോലേ’ (കനൽപ്പൊരികൾ, 1975) എന്ന ചിത്രത്രയത്തിലൂടെയായിരുന്നു അത്. ഇന്ത്യൻ വാണിജ്യസിനിമയുടെ ചരിത്രത്തിൽ വെട്ടിത്തിളങ്ങുന്ന ഭാസുരാക്ഷരങ്ങളാൽ, ചിരസ്ഥായിയായി, മുദ്രണംചെയ്യപ്പെട്ട മൂന്നു പേരുകളാണവയെന്ന് നമുക്കറിയാം. ഇന്ത്യൻ ചലച്ചിത്രത്തിരയിൽ ‘ക്ഷുഭിതനായ ചെറുപ്പക്കാരൻ’ എന്ന നായകബിംബം, അമിതാഭിന്റെ ആൾവലുപ്പത്തിൽ, ആവിർഭവിച്ച ചരിത്രമുഹൂർത്തത്തിന്റെ അഭ്രസാക്ഷ്യംകൂടിയായിരുന്നു ആ തകർപ്പൻ പണംവാരിപ്പടങ്ങൾ. എഴുപതുകളുടെ ക്ഷുഭിതമായ ഇന്ത്യൻ രാഷ്ട്രീയകാലാവസ്ഥയുടെകൂടി ഉപോത്‌പന്നമായിരുന്നു ഈ താരോദയവും കഥാപാത്രനിർമിതിയും. ഇന്ത്യൻ രാഷ്ട്രീയജീർണതകളോട്‌ കലഹിക്കുന്ന തീക്ഷ്ണയൗവനാവതാരങ്ങളായിരുന്നു ബച്ചന്റെ ക്ഷുഭിതയുവനായക കഥാപാത്രങ്ങൾ. നഗരനായകന്മാരായിരുന്നു അവർ. ഗ്രാമീണപശ്ചാത്തലമുള്ള പ്രണയകഥകളുടെ ഹിന്ദി സിനിമയിലെ സുദീർഘപാരമ്പര്യത്തിനും അതോടെ അറുതിയായി. ‘അംബരചുംബികൾ, അഴുക്കിന്റെ ചേരികൾ’ എന്നൊരു നഗരനിർവചനം കാണാം ഒ.എൻ.വി.യുടെ ‘വീടുകൾ’ എന്ന കവിതയിൽ. ഇത്തരത്തിൽ നിർവചിക്കപ്പെട്ട നഗരമായിരുന്നു ഈ നടന്റെ ക്രുദ്ധയുവനായകന്റെയും ജീവിതപശ്ചാത്തലം. നഗരത്തിന്റെയും അനാഥത്വത്തിന്റെയും പട്ടിണിയുടെയും ഓരങ്ങളിൽനിന്ന് സമ്പന്നതയുടെ പ്രാകാരങ്ങളെ ഞെട്ടിക്കുന്ന തരുണമേഘഗർജനമായി അയാൾ ജ്വലിച്ചുയർന്നു.

‘സലിം ജാവേദ്’ എന്നപേരിൽ അറിയപ്പെട്ടിരുന്ന, സലിം ഖാനും ജാവേദ് അക്തറും ചേർന്നായിരുന്നു ഈ നായകനിർമിതിയുടെ രസതന്ത്രമൊരുക്കിയത്. സഞ്ജീറിലെ നായകകഥാപാത്രത്തിന്റെ പേര്, ‘വിജയ് ഖന്ന’ എന്നായിരുന്നു. ‘ദീവാറി’ൽ അത് ‘വിജയ് വർമ’ എന്നായി, ‘ഷോലേ’യിൽ ‘ജയ്’. കഥാപാത്രനാമങ്ങളുടെ ഈ നൈരന്തര്യം, കഥാപാത്രസ്വഭാവത്തിന്റെ അരക്കിട്ടുറപ്പിക്കൽകൂടിയായിരുന്നു. അങ്ങനെ അമിതാഭ് ബച്ചൻ, താരവും നടനുമെന്നനിലയിൽ വിജയത്തിന്റെ മഹാപര്യായങ്ങളിലൊന്നായിമാറി. എഴുപതുകളുടെ രണ്ടാം പകുതിയിൽ ഇതേ കുപിതനായകൻ, ‘കഭീ കഭീ’ എന്ന ചിത്രത്തിലൂടെ കവിയും കാമുകനുമായ കാല്പനികനായകനായും പകർന്നാടി.

ഉയിർപ്പിന്റെ പ്രഭു

‘ഉയിർപ്പിന്റെ പ്രഭു’ (Master of resurrection) എന്നാണ് ഒരു പ്രമുഖ പത്രപ്രവർത്തകൻ ഒരിക്കൽ അമിതാഭിന്റെ ചലച്ചിത്രജീവിതത്തെ വിശേഷിപ്പിച്ചത്. എൺപതുകളുടെ രണ്ടാം പകുതി, ആ നടന്റെ അപഹാരകാലമായിരുന്നു. ഇക്കാലം 1984 മുതൽ 1987 വരെ സുഹൃത്തും പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ പിന്തുണയോടെ എം.പി.യായി ബച്ചൻ, ഇന്ത്യൻ പാർലമെന്റിലുമെത്തി. ‘ഷഹൻ ഷാ’ എന്ന ചിത്രത്തിലൂടെ ഒരു രണ്ടാംവരവു നടത്തിയെങ്കിലും 1992-ൽ ഇറങ്ങിയ ‘ഖുദാ ഗവാ’യ്ക്കുശേഷം അഞ്ചുവർഷത്തേക്ക്‌ സിനിമാഭിനയത്തിൽനിന്നുതന്നെ വിട്ടുനിന്നു, ബച്ചൻ. 1996-ൽ ആരംഭിച്ച ‘അമിതാഭ് ബച്ചൻ കോർപ്പറേഷൻ’ എന്ന വ്യാപാരസംരംഭം വലിയ സാമ്പത്തികത്തകർച്ചയുടെ ഭീമഗർത്തത്തിലേക്കാണ് താരത്തെ വലിച്ചെറിഞ്ഞത്. അതിൽനിന്ന് അദ്ദേഹം കരകയറിയത്, ‘കോൻ ബനേഗാ ക്രോർപതി’ എന്ന ഗെയിം ഷോയുടെ ഉജ്ജ്വലനായ അവതാരകൻ എന്നനിലയിലായിരുന്നു.

പിന്നീട്, താരം എന്നനിലയിലും അഭിനേതാവ് എന്നനിലയിലും അവിരാമവും അചഞ്ചലവുമായ ജനപ്രീതിയുടെയും സാർവത്രികാംഗീകാരത്തിന്റെയും കനകപ്രഭയിലാണ് ഈ മാന്ത്രികവ്യക്തിത്വം, ഇന്നോളം പുലർന്നുപോരുന്നത്.

Content Highlights: amitabh bachchan at 80, amitabh bachchan birthday, amitabh bachchan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented