കോഴിക്കോട്: തിരിച്ചടികളുടെ ആഘാതത്തിൽനിന്ന് കരകയറാനും നഷ്ടപ്പെട്ട ജനകീയാടിത്തറ പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ട് സി.പി.എം. നടത്തിയ വിപുലീകൃത സംസ്ഥാന സമിതി യോഗം പലനിലയ്ക്കും അസാധാരണമായിരുന്നു. സിപിഎമ്മിൽ പതിവില്ലാത്ത വിധത്തിലുള്ള അഴിച്ചുപണികളാണ് നടന്നത്. സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഭാഗികമായി പുനഃസംഘടിപ്പിച്ചു. സാധാരണഗതിയിൽ പാർട്ടി സമ്മേളനങ്ങളിലോ പ്ലീനങ്ങളിലോ മാത്രം നടക്കാറുള്ള ഇത്തരം നടപടികൾ സിപിഎമ്മിലെ അസാധാരണ നടപടിയാണ്.

To advertise here,

ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റികളിൽനിന്ന് ഉയർന്നുവന്ന വിമർശനങ്ങൾ വിപുലീകൃത സമിതിയിൽ ചൂണ്ടിക്കാണിച്ചതോടെ കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലുകളുണ്ടാവുകയായിരുന്നു. വീഴ്ചകൾ തുറന്നുസമ്മതിക്കുന്ന റിപ്പോർട്ട് പാർട്ടി സെക്രട്ടറി എം.എ. ബേബിയുടേയും അഞ്ച് പി.ബി. അംഗങ്ങളുടേയും സാന്നിധ്യത്തിലാണ് അംഗീകരിക്കപ്പെട്ടത്. തിരുത്തൽ നടപടികൾ അനിവാര്യമാണെന്ന ഈ തിരിച്ചറിവാണ് സംഘടനാ തലപ്പത്തെ പുനഃസംഘടനയ്ക്ക് വഴിതുറന്നത്. 

ഇതുപ്രകാരം സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും വൻ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. പാർട്ടി അണികൾക്കിടയിൽ വലിയ ജനസ്വാധീനമുണ്ടായിട്ടും മുൻകാലങ്ങളിൽ തഴയപ്പെടുകയും ഒതുക്കപ്പെടുകയും ചെയ്‌തെന്ന് ആരോപിക്കപ്പെട്ടിരുന്ന പി. ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതാണ് ശ്രദ്ധേയമായ മാറ്റം. പ്രവർത്തകർക്കിടയിലെ അദ്ദേഹത്തിന്റെ സ്വാധീനം വരുംകാലങ്ങളിൽ പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിനു പിന്നിൽ.

രണ്ടാം തലമുറയിൽനിന്ന് എം.ബി. രാജേഷ് കൂടി സെക്രട്ടറിയേറ്റിൽ ഇടംപിടിച്ചു. തിരുവനന്തപുരത്തുനിന്നുള്ള പ്രമുഖ നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടിയേയും ജോൺ ബ്രിട്ടാസ് എം.പി.യേയും സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത് പാർട്ടിയുടെ നയരൂപവത്കരണത്തിനും ആശയപ്രചാരണത്തിനും പുതുതലമുറയുടെ ശക്തിപകരും.

മുതിർന്ന നേതാക്കളായ ഡോ. ടി.എം. തോമസ് ഐസക്കിനേയും ടി.പി. രാമകൃഷ്ണനേയും സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കിയതാണ് ശ്രദ്ധേയമായ മറ്റൊരു നടപടി. സാങ്കേതികമായി കേന്ദ്ര കമ്മിറ്റി അംഗങ്ങളായതുകൊണ്ടുതന്നെ അവർക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കാൻ തടസ്സമില്ലെങ്കിലും  സമിതിയിൽനിന്ന് ഒഴിവാക്കപ്പെട്ടത് പാർട്ടിയുടെ ദിശാമാറ്റത്തെ സൂചിപ്പിക്കുന്നു. ടി.പി. രാമകൃഷ്ണനെ എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. പി. രാജീവിനാണ് പുതിയ ചുമതല.

നേതൃതലത്തിലെ വീഴ്ചകൾക്ക് കടുത്ത അച്ചടക്കനടപടിയും ശാസനയും നേരിടേണ്ടിവന്നെന്നതാണ് ഈ വിപുലീകൃത യോഗത്തിന്റെ ഏറ്റവും നിർണായകമായ വശം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മാധ്യമങ്ങളോടുള്ള പെരുമാറ്റവും നീണ്ട പ്രസംഗശൈലിയും പ്രസ്താവനകളും പാർട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കിയെന്ന് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും കുറ്റപ്പെടുത്തിയിരുന്നു.

ഒരു സംസ്ഥാന സെക്രട്ടറിക്കെതിരേ ശാസനയുണ്ടാകുന്നത് സംഘടനാ ചരിത്രത്തിൽ അപൂർവമാണ്. കണ്ണൂർ തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ ഭാര്യ പി.കെ. ശ്യാമളയെ നിശ്ചയിച്ചതിൽ സെക്രട്ടറിയെന്ന നിലയിൽ ജാഗ്രത പുലർത്തിയില്ലെന്ന വിമർശനമുയർന്നു. ഇതോടെ എം.വി. ഗോവിന്ദനെ പാർട്ടി ശാസിച്ചു. കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി പാർട്ടിയേയും ഭരണത്തേയും നയിച്ച പിണറായി വിജയന്റെ ശൈലിക്കെതിരേയും വലിയ വിമർശനമുണ്ടായി.

ഒൻപത് പുതുമുഖങ്ങളെയാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളായി ഉൾപ്പെടുത്തിയത്. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രസ്ഥാനങ്ങളിൽനിന്നുള്ള എം. വിജിൻ, പി.എസ്. സഞ്ജീവ്, ജെയ്ക് സി. തോമസ്, എം. ശിവപ്രസാദ്, ആദർശ് എം. സജി തുടങ്ങിയ യുവനേതാക്കളെ അപെക്സ് ബോഡിയിലെത്തിച്ചത് ജെൻ-സി തലമുറയോട് കൃത്യമായി സംവേദനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ എൻ. സുകന്യ, സുബൈദ ഇസ്ഹാഖ്, ഒ.എസ്. അംബിക എന്നിവരേയും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പ്രഭാ വർമയേയും കമ്മിറ്റിയിലെത്തിച്ചു.