വില്ലന് ശേഷം മോഹൻലാലും ബി.ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന ചിത്രം, പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം, സം​ഗീതമാന്ത്രികൻ എ.ആർ റഹ്മാൻ അതിഥി വേഷത്തിലെത്തുന്ന ചിത്രം, എല്ലാത്തിലുമുപരി ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകർ എന്നും കാണാൻ ഇഷ്ടപ്പെടുന്ന മാസും ക്ലാസും കോമഡിയും ചേർന്ന അവതാരത്തിൽ മോഹൻലാൽ എത്തുന്ന ചിത്രം.

To advertise here,

പ്രഖ്യാപന സമയം മുതൽ 'ആറാട്ട്'  ആരാധകരെ ആവേശം കൊള്ളിച്ചിരുന്നത് ഇതിനാലൊക്കെയാണ്. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും ടീസറും ട്രെയ്ലറുമെല്ലാം തരം​ഗമായി മാറുകയും ചെയ്തു. 'നെയ്യാറ്റിൻകര ​ഗോപൻ ആറാട്ടി'നായി ഫെബ്രുവരി 18ന് തീയേറ്ററുകളിലെത്തുന്ന വേളയിൽ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു.

മാസ് എന്റർടെയ്നർ

ഒരു മാസ് എന്റർടെയ്നറായിരിക്കും ആറാട്ട്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി എഴുതുന്ന ചിത്രമാണ്. അത് മാസ് തന്നെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ.പൂർണമായും വിപണി ലക്ഷ്യമാക്കിയ വലിയ ചിത്രമാണ്. കോവിഡ് കാലത്ത് അങ്ങനെയൊരു വലിയ ചിത്രം ഒരുക്കി തീയേറ്ററിൽ എത്തിക്കുക എന്നതായിരുന്നു വെല്ലുവിളി. കോവിഡിന്റെ ആദ്യ സമയങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ്. ഒരുപാട് ആർടിസ്റ്റുകളുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ചിത്രീകരണം നടത്താൻ തന്നെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. പ്രേക്ഷകരെ രസിപ്പിക്കുന്ന, മറ്റൊന്നും ചിന്തിക്കാതെ രണ്ടര മണിക്കൂർ‌ ആസ്വദിച്ച് കാണാനാവുന്ന, തീയേറ്റർ വിട്ട് ഒരു പുഞ്ചിരിയോടെ പുറത്തിറങ്ങാനാവുന്ന ഒരു ചിത്രം എന്ന നിലയിലാണ് ആറാട്ട് ഒരുക്കുന്നത്. 

പ്രേക്ഷകനിഷ്ടപ്പെടുന്ന മോഹൻലാൽ

പ്രേക്ഷകർ കാണാനിഷ്ടപ്പെടുന്ന മോഹൻലാലായിരിക്കും ആറാട്ടിലേത്. അദ്ദേഹം ഇതുപോലുള്ള ചിത്രങ്ങൾ കുറേ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ ചെറിയൊരു ഇടവേള സംഭവിച്ചിട്ടുണ്ട്. മോഹൻലാലിനെ നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ഫോർമാറ്റ് ഉണ്ടല്ലോ, കുറച്ച് തമാശയും ആക്ഷനും മാസും ഒക്കെ ചേർന്നുള്ളത്. അങ്ങനെയൊരാളാണ് നെയ്യാറ്റിൻകര ​ഗോപൻ.

ഇത്തരത്തിലുള്ള മോഹൻലാൽ ചിത്രങ്ങൾ ഏറെ ആസ്വദിക്കുന്ന ആളാണ് ഞാനും. പക്ഷേ അങ്ങനെയൊന്ന് ഇറങ്ങിയിട്ടും നാളുകളേറെയായി. അദ്ദേഹവും അത് തന്നെയാണ് ഞങ്ങളോട് പറഞ്ഞത്. ഈ കൊറോണക്കാലത്ത് എല്ലാവരും നിരാശയിലിരിക്കുമ്പോൾ നല്ല പ്ലസന്റായുള്ള, യാതൊന്നും ആലോചിക്കാതെ കാണാവുന്ന ഒരു തട്ടുപൊളിപ്പൻ പടം ചെയ്യാമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ആ ആലോചനയിൽ നിന്നാണ് ആറാട്ട് ഒരുങ്ങിയത്. പൂർണമായും മോഹൻലാലിന് വേണ്ടി ഒരുക്കിയ ചിത്രമാണിത്. വില്ലന് വേണ്ടിയാണ് ഒടുവിൽ ഞങ്ങൾ ഒന്നിച്ചത്. ഒരു മാസ് ചിത്രമാണ് വില്ലനിൽ നിന്ന് ആളുകൾ പ്രതീക്ഷിച്ചത്. എന്നാലത് അവർക്ക് കിട്ടിയില്ല. ചിത്രത്തിന്റെ അവതരണരീതിയിലും മറ്റും എന്റെ ജഡ്ജ്മെന്റ് തെറ്റിയതായിരിക്കാം. ആ സിനിമ എന്തെന്നുള്ളത് ഞാൻ നേരത്തെ വ്യക്തമാക്കണമായിരുന്നു. എന്നാൽ,  അതിൽ നിന്നും തീർത്തും വ്യത്യസ്തമായി മാസ് എന്റർടെയ്നർ തന്നെയായിരിക്കും ആറാട്ട്. നിങ്ങൾ കണ്ട ട്രെയ്ലറിന്റെ അതേ എനർജി ചിത്രത്തിലുടനീളം ഉണ്ടാകും. 

നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ട് തീയേറ്ററിൽ മാത്രം

രണ്ട് തരത്തിലുള്ള പ്രേക്ഷകരുണ്ട് സിനിമയ്ക്ക്, ചിലർ രണ്ടര മണിക്കൂർ ആസ്വദിച്ച് സിനിമ കാണാൻ ഇഷ്ടപ്പെടുന്നവർ, വേറൊന്ന് സീരിയസായി സിനിമ ആസ്വദിക്കുന്നവർ. ബഹുഭൂരിപക്ഷവും സിനിമ കണ്ട് സന്തോഷമായി തീയേറ്റർ വിട്ടിറങ്ങാൻ ആ​ഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് ആറാട്ട് തീയേറ്റിൽ മാത്രമേ പ്രദർശിപ്പിക്കൂ എന്ന തീരുമാനം എടുത്തത്. ഇത് തീയേറ്ററിന് വേണ്ടി ഒരുക്കിയ ചിത്രമാണ്. തീയേറ്ററിൽ മാത്രം കാണേണ്ട ചിത്രമാണ്. ഓടിടി എന്ന ഓപ്ഷൻ ഞങ്ങൾ ചിന്തിച്ചിട്ട് പോലുമില്ല.

സം​ഗീത മാന്ത്രികന്റെ സാന്നിധ്യം

കഥയിലെ പ്രധാന ഘടകമാണ് എ.ആർ റഹ്മാന്റെ അതിഥി വേഷം. വളരെ ബുദ്ധിമുട്ടായിരുന്നു റഹ്മാനെ ചിത്രത്തിന്റെ ഭാ​ഗമാക്കാൻ. ആദ്യം അദ്ദേഹത്തെ സമീപിച്ചപ്പോൾ താത്പര്യമില്ല ഞാനങ്ങനെ ചെയ്യാറില്ലെന്ന മറുപടിയാണ് റഹ്മാന്റെ ടീമും നൽകിയത്. അങ്ങനെയാണ് ഞങ്ങൾ നടൻ റഹ്മാനെ സമീപിക്കുന്നത്. ഇരുവരും അടുത്ത ബന്ധുക്കളാണല്ലോ. നമ്മുടെ വളരെ അടുത്ത സുഹൃത്താണ് നടൻ റഹ്മാൻ. അദ്ദേഹം ചെന്നാണ് എആർ റഹ്മാനോട് സംസാരിക്കുന്നത്. അങ്ങനെ എആർ റഹ്മാൻ ഓൺലൈൻ മീറ്റിങ്ങിന് സമ്മതം അറിയിച്ചു. മീറ്റിങ്ങിൽ അദ്ദേഹത്തെ കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ നിബന്ധനകളെല്ലാം സ്വീകരിച്ച ശേഷമാണ് എആർ റഹ്മാൻ സിനിമയുടെ ഭാ​ഗമാവുന്നത്. കുറച്ച് പാടുപെട്ടു റഹ്മാന്റെ അതിഥി വേഷത്തിനായി.

ചിത്രം ഫെബ്രുവരി 18ന് തീയേറ്ററുകളിലെത്തുകയാണ്. ഒരു അവകാശവാദങ്ങളുമില്ല, നിങ്ങൾ കാലാകാലങ്ങളായി കണ്ടുവരുന്ന മാസ് എന്റർടെയ്റുകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി, അത് നിങ്ങളെ എന്റർടെയ്ൻ ചെയ്യിച്ചാൽ എനിക്ക് സന്തോഷം അത്രയേ ഉള്ളൂ..

Content Highlights : B Unnikrishnan Interview Mohanlal Aaraattu Movie Udaykrishna AR Rahman