
തിരുവനന്തപുരം: 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപനവേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് കാണികളുടെ കൂവൽ. മേളയിൽ സീറ്റ് കിട്ടാതെ സിനിമ കാണാൻ സാധിക്കാതിരുന്ന ചിലരാണ് കൂവിയത്. സംസാരത്തിനിടെ ഇതിനുള്ള മറുപടിയും രഞ്ജിത് നൽകി.
ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് പുരോഗമിക്കവേ സംവിധായകൻ രഞ്ജിത് സംസാരിക്കാനായി എഴുന്നേറ്റപ്പോഴാണ് കാണികൾക്കിടയിൽ നിന്ന് കൂവലുയർന്നത്. ഇതോടെ കൂവൽ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത് തിരിച്ചടിച്ചു. അതൊരു സ്വാഗത വചനമാണോ കൂവലാണോ എന്ന് മനസിലായില്ല എന്നുപറഞ്ഞുകൊണ്ടാണ് രഞ്ജിത് സംസാരം തുടങ്ങിയത്. ഞാൻ സംസാരിക്കാൻ തുടങ്ങുമ്പോൾ കൂവാൻ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു മാധ്യമപ്രവർത്തകനായ സൂഹൃത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. കൂവിത്തെളിയുക തന്നെ വേണം, നല്ല കാര്യമാണെന്ന് താൻ മറുപടി പറഞ്ഞെന്നും രഞ്ജിത് വ്യക്തമാക്കി.
"കൂവലൊന്നും പുത്തരിയല്ല.1976-ൽ എസ്.എഫ്.ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് അതൊന്നും ഒരു വിഷയമല്ല. അതിനാരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. ഈ സദസിനോടാണ് നന്ദി പറയാനുള്ളത്. വേദിയിലെ യുവാക്കളാണ് 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഭംഗിയായി അവസാനിപ്പിക്കാൻ കാരണം. മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിന് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററുകളിൽ വരും. അപ്പോൾ എത്രപേർ കാണാനുണ്ടാവുമെന്ന് നമുക്ക് കാണാം." രഞ്ജിത് കൂട്ടിച്ചേർത്തു.
ചലച്ചിത്രമേളയിൽ 'നൻപകൽ നേരത്ത് മയക്കത്തി'ന്റെ ആദ്യപ്രദർശനത്തിൽ റിസർവ് ചെയ്തിട്ടും സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് ഡെലിഗേറ്റുകൾ പ്രതിഷേധിച്ചിരുന്നു. ബഹളമുണ്ടായതിനെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ഇതിനെതിരേ ഫെസ്റ്റിവൽ ഓഫീസിനു മുന്നിൽ ഉൾപ്പെടെ പ്രേക്ഷകർ പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ ചർച്ച നടത്താനോ റിസർവേഷൻ പോരായ്മകൾ പരിഹരിക്കാനോ ചെയർമാൻ തയ്യാറായില്ലെന്ന ആരോപണവും ഡെലിഗേറ്റുകൾ ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സമാപന സമ്മേളനത്തിലും രഞ്ജിത്തിനെതിരേ കൂവലുയർന്നത്.
നൻപകലിന്റെ മറ്റു പ്രദർശനങ്ങളിലും സനൽകുമാർ ശശിധരന്റെ 'വഴക്ക്' എന്ന ടോവിനോ ചിത്രത്തിന്റെ പ്രദർശനത്തിലും റിസർവേഷനെ ചൊല്ലി ഡെലിഗേറ്റുകളും സംഘാടകരും തമ്മിൽ തർക്കമുണ്ടായി. ഇതേത്തുടർന്ന് ടോവിനോയ്ക്ക് മുന്നിൽ ഉൾപ്പെടെ പ്രേക്ഷകർ പ്രതിഷേധിച്ചിരുന്നു.
Content Highlights: ranjith's speech in iffk 2022, 27th iffk, protest against ranjith iffk 2022
Published: 16 Dec 2022, 08:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented