
ഓരോ സിനിമയും ഓരോ പ്രേക്ഷകനും വ്യത്യസ്തമായ അനുഭവമാണ്. ഓരോരുത്തരും തങ്ങളുടേത് മാത്രമായ ജീവിതാനുഭവങ്ങളും അറിവുംകൊണ്ടാണ് സിനിമയുമായി അഥവാ കലയുമായി സംവദിക്കുന്നത്. അതുകൊണ്ടാണ് ആവിഷ്കാരത്തിനു ശേഷം കല ആസ്വാദകന്റേതായി മാറുന്നതും.
പ്രേക്ഷകന്റെ അനുഭവങ്ങളെന്ന പോലെതന്നെ ബാഹ്യമായ പരിതസ്ഥിതികളും ആസ്വാദനത്തെ സ്വാധീനിച്ചേക്കാം. ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച പ്രശസ്ത കൊറിയൻ സംവിധായകൻ കിം കിഡുക്കിന്റെ അവസാനചിത്രം 'കാൾ ഓഫ് ഗോഡി'ന്റെ പ്രദർശനത്തിനിടെ ഉണ്ടായ അത്തരമൊരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ.
ചിത്രത്തിന്റെ അവസാനഭാഗത്ത് ഒരു പ്രത്യേക നിമിഷത്തിൽ പ്രൊജക്ടറിന് മുന്നിലേക്ക് ഒരു ശലഭം പാറിവന്നതും അത് ദൃശ്യങ്ങളിൽ സൃഷ്ടിച്ച വ്യതിയാനം നൽകിയ അപൂർവാനുഭവവുമാണ് സനൽ വിവരിക്കുന്നത്. ശലഭം പാറിവന്നത് കാണാത്തവർ അത് സ്ക്രീനിലുണ്ടാക്കിയ പ്രതിഫലനം യഥാർത്ഥത്തിൽ സിനിമയിൽ ഉള്ളതാണെന്നാവും കരുതിയിരിക്കുകയെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം:
ഇന്ന് ന്യു തിയേറ്ററിൽ കിം കി ഡുക്ക് ന്റെ കാൾ ഓഫ് ഗോഡ് കണ്ടുകൊണ്ടിരുന്നപ്പോൾ രസകരമായ ഒരു അനുഭവമുണ്ടായി. തുടക്കം മുതൽ ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രം അവസാനഭാഗത്തേക്ക് എത്തുമ്പോഴേക്കും ഒരു സംഗീതത്തിന്റെ അകമ്പടിയോടെ ദൃശ്യങ്ങൾ കളറിലേക്ക് മാറുന്നുണ്ട്. കൃത്യം അതെ സമയത്ത് തിയേറ്ററിന്റെ പിൻഭാഗത്ത് സീലിംഗിൽ നിന്ന് ഒരു ശലഭം താഴേക്ക് പതിയെ പാറിവീണു. പ്രോജക്റ്ററിന്റെ വെളിച്ചം അതിന്റെ നിഴൽ സ്‌ക്രീനിൽ വരച്ചു. തിയേറ്ററിൽ ഏറ്റവും പുറകിലായിരുന്നതിനാൽ എനിക്ക് ശലഭം വീഴുന്നതും സ്‌ക്രീനിൽ പതിയുന്ന അതിന്റെ നിഴലും കാണാൻ കഴിഞ്ഞു. ഒരു ത്രീ ഡി അനുഭവമായി ഒരു നിമിഷത്തേക്ക് സിനിമ മാറി. അടുത്ത നിമിഷം സിനിമയും യാഥാർഥ്യവും തമ്മിലുള്ള തിരിച്ചറിവ് സിനിമ നൽകിക്കൊണ്ടിരുന്ന രസച്ചരട് മുറിക്കുകയും അതിനേക്കാൾ രോമാഞ്ചമുണ്ടാക്കിയ മറ്റെന്തോ എന്നിൽ നിറയ്ക്കുകയും ചെയ്തു. മുൻ സീറ്റിൽ ഇരുന്നവർ ഒരിക്കലും സ്‌ക്രീനിൽ വീണ ശലഭനിഴൽ സംവിധായകൻ ഷൂട്ട് ചെയ്തതല്ല എന്ന് അറിഞ്ഞിട്ടുണ്ടാവില്ല. കാരണം സംഗീതത്തിന്റെ താളവുമായി അത്രമേൽ ഇഴുകിച്ചേർന്നായിരുന്നു അതിന്റെ ചലനം. ഏത് കോണിൽ നിന്നാണ് കാണുന്നത് എന്നതാണ് കാഴ്ചയുടെ മാജിക്കിനെ നിശ്ചയിക്കുന്നത് എന്നും സിനിമ എന്നത് ജീവനുള്ളതും ശരീരമില്ലാത്തതുമായ ഒരു മൂർത്തിയാണെന്നും തോന്നി.
Content Highlights: a moth in front of projector during Kim Ki Duk movie sanalkumar narrates rare experience
Published: 16 Dec 2022, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented