തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള വേദിയിൽ നടന്ന പ്രതിഷേധവും തുടർന്നുണ്ടായ ബഹളവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്നുപേർക്കെതിരേ മ്യൂസിയം പോലീസ് സ്വമേധയാ കേസെടുത്തു. ഡെലിഗേറ്റ് പാസ് ഇല്ലാതെ പുറത്തുനിന്നെത്തി ബഹളംവെച്ചവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം സ്വദേശി കിഷോർ (25), തൃശ്ശൂർ സ്വദേശി നിഹാരിക (21), കൊല്ലം സ്വദേശി മുഹമ്മദ് ഹനീൻ (25) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

To advertise here,

തിങ്കളാഴ്ച വൈകീട്ട് 'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമ പ്രദർശിപ്പിച്ച ടാഗോർ തിയേറ്ററിലാണ് റിസർവേഷനുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായത്. സംഭവം അറിഞ്ഞെത്തിയ പോലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും പ്രതിഷേധം തുടർന്നതോടെയാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കൽ ഡെലിഗേറ്റ് പാസ് ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിയമവിരുദ്ധമായി കൂട്ടംചേർന്ന് സംഘർഷമുണ്ടാക്കിയതുൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. സ്‌റ്റേഷനിൽ വെച്ച് തങ്ങളെ പോലീസ് മർദിച്ചതായി അറസ്റ്റിലായവർ ആരോപിച്ചു.

അതേസമയം, ഇവർക്കെതിരേ ചലച്ചിത്ര അക്കാദമി പരാതിയൊന്നും നൽകിയിട്ടില്ലെന്ന് ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. പോലീസ് ഇടപെട്ടതിന് അവരുടേതായ കാരണമുണ്ടാകാമെന്നും പ്രതിഷേധം അടിച്ചമർത്തുന്നത് അക്കാദമിയുടെ നിലപാടല്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.