പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണം കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമാണ്. റാഗിങ്ങിനെതിരേ നിയമങ്ങള്‍ നിലവിലില്ലേയെന്നാണ് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുകേൾക്കുന്ന പ്രധാന ചോദ്യം.
റാഗിങ്ങിനെതിരെ കേരളത്തില്‍ ശക്തമായ ഒരു നിയമമുണ്ട് അതാണ് കേരള റാഗിങ് നിരോധന നിയമം 1998. ഏത് നിയമമായാലും അവ നിര്‍മ്മിച്ചാല്‍ മാത്രം നടപ്പാവില്ല എന്ന് സിദ്ധാര്‍ത്ഥിന്റെ മരണം നമ്മളെ ഓര്‍മപ്പെടുത്തുന്നു. നടപ്പാക്കാന്‍ ബാധ്യതപ്പെട്ട അധികാരികള്‍ നിയമങ്ങള്‍ ശക്തമായി നടപ്പാക്കിയാല്‍ മാത്രമേ സമൂഹത്തിലെ ഇത്തരം വിപത്തുകള്‍ നിര്‍ത്തലാക്കാന്‍ സാധിക്കുകയുള്ളൂ. അത് പക്ഷേ ജീവന്‍ നഷ്ടപ്പെടുമ്പോള്‍ മാത്രം ചര്‍ച്ചയാകുകയും ചിന്തിക്കുകയും ചെയ്യേണ്ട കാര്യമല്ല.
റാഗിങ്ങിനെതിരേ വളരെ ശക്തമായ നിയമം തന്നെ നിലവിലുണ്ടെങ്കിലും അത് നടപ്പാക്കാന്‍ പറ്റാത്തതിന്റെ കാരണങ്ങള്‍ നിരവധിയാണ്. കോളേജിന്റെ റെപ്പ്യൂട്ടേഷന്‍, രാഷ്ട്രീയക്കാരുടെയും, അദ്ധ്യാപക സംഘടനയുടേയും, വിദ്യാര്‍ഥി യൂണിയനുകളുടേയും മറ്റും ഇടപെടലുകള്‍, കുട്ടികളുടെ ഭാവി നശിക്കാന്‍ ഇടവരുന്നത്, ഇത്തരം കാര്യങ്ങളാണ് ശക്തമായ നടപടികളില്‍ നിന്നും അധികൃതരെ പിന്തിരിപ്പിക്കുന്നത്. നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ഇത്തരം ഘടകങ്ങള്‍ ഒരു പരിധി കഴിഞ്ഞാല്‍ സമൂഹത്തെ കാര്യമായി ബാധിക്കും എന്നത് ഈ സംഭവം തെളിയിച്ചിരിക്കുന്നു.
കേരള റാഗിങ് നിരോധന നിയമം 1998
സാമൂഹിക വിപത്തായ റാഗിങ്ങിന് എതിരെ കേരള നിയമസഭ 1998 കൊണ്ടുവന്ന നിയമമാണ് കേരള റാഗിങ് നിരോധന നിയമം 1998. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് തടയുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. 1998 ലാണ് പാസാക്കിയതെങ്കിലും മുന്‍കാല പ്രാബല്യം നല്‍കിയത് വഴി 1997 ഒക്ടോബര്‍ 23 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് തടയുക എന്നതാണ് ഈ നിയമത്തിന്റെ ഉദ്ദേശം.
ആകെ 9 വകുപ്പുകള്‍ മാത്രമേ ഈ നിയമത്തില്‍ പറയുന്നുള്ളൂ എങ്കിലും അതില്‍ വളരെ ശക്തമായ നിബന്ധനകളും നിയന്ത്രണങ്ങളും അടങ്ങിയിരിക്കുന്നു.
19 വര്‍ഷം മുന്നേയാണ് കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച എസ്.എം.ഇ റാഗിങ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് (21 -10-2005). കോട്ടയം ഗാന്ധിനഗറില്‍ ഉള്ള എസ്എംഇ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ ആയിരുന്നു സംഭവം നടന്നത്. റാഗിങ്ങിന്റെ മറവില്‍ നടന്നത് റേപ്പ് ആണെന്നതാണ് ഈ കേസിന്റെ പ്രത്യേകത. ആറ് പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. കൂടാതെ കോളേജിന്റെ പ്രിന്‍സിപ്പൽ, ഡയറക്ടര്‍ എന്നിവര്‍ യഥാക്രമം ആറും ഏഴും പ്രതികളുമാക്കപ്പെട്ടു. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരവും (IPC), റാഗിങ് ആക്ട് പ്രകാരവും ആണ് പോലീസ് ഇതില്‍ കേസെടുത്തത്.
ഒന്നാം വര്‍ഷക്കാരിയായ ബി.എസ്.സി. നേഴ്‌സിങ്ങ് വിദ്യാര്‍ഥിനി തന്റെ ക്ലാസ് കഴിഞ്ഞ് വൈകുന്നേരം ഏകദേശം നാലുമണിയോടുകൂടി രണ്ടാം നിലയില്‍ നിന്നും കോണിപ്പടി ഇറങ്ങി വരുമ്പോള്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ പ്രതികള്‍ വഴിയില്‍ തടയുകയും അവളോട് മോശമായി പെരുമാറുകയും പരിഹസിക്കുകയും അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരിയെ റാഗിങ്ങിന് എന്ന വ്യാജേന ഒന്നാം നിലയിലുള്ള മുറിയിലെ ഹിസ്റ്റോപാത്തോളജി ലാബിലേക്ക് കൊണ്ടുപോയ ശേഷം വാതില്‍ അകത്തു നിന്ന് കുറ്റിയിടുകയും തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ന്ന ലഡ്ഡു ബലമായി കഴിപ്പിക്കുകയും ചെയ്തു. പിന്നീട് ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍ ലാബിലെ ബെഞ്ചില്‍ കിടത്തി പ്രായപൂര്‍ത്തിയാകാത്ത ആ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു. ആ സമയത്ത് നാല് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ പാത്തോളജി ലാബിനു മുന്നിലും, കോണിപ്പടിയിലും മറ്റാരും ലാബിന്റെ ഉള്ളിലേക്ക് കടക്കാതിരിക്കാനായി കാവല്‍ നില്‍ക്കുകയും ചെയ്തു. ഈ കേസില്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലും ഡയറക്ടറും സംഭവമറിഞ്ഞെങ്കിലും അതില്‍ അന്വേഷണം നടത്തുന്നതിലും പോലീസിനെയോ മജിസ്‌ട്രേറ്റിനെയും അറിയിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തു. അതിനാലാണ് ഇവര്‍ ഈ കേസില്‍ യഥാക്രമം ഏഴും എട്ടും പ്രതികളായി ചേര്‍ക്കപ്പെട്ടത്.
എല്ലാ പ്രതികളെയും പെണ്‍കുട്ടിയെയും ബ്രെയിന്‍ മാപ്പിങ്ങിനും പോളിഗ്രാഫ് ടെസ്റ്റിനും വിധേയമാക്കണം എന്ന ഒന്നാം പ്രതിയുടെ അപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയെങ്കിലും ഹൈക്കോടതി അനുവദിക്കുകയുണ്ടായി. അതിനെതിരെ പെണ്‍കുട്ടിയുടെ പിതാവും സര്‍ക്കാരും സുപ്രീംകോടതിയില്‍ ഒരു സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഇതില്‍ സുപ്രീംകോടതി ഹൈക്കോടതിയുടെ ഉത്തരവ് തള്ളിക്കളയുകയുണ്ടായി.
പെണ്‍കുട്ടിയെ വീണ്ടും പോളിഗ്രാഫ് പരിശോധനയ്‌ക്കോ ബ്രെയിന്‍ മാപ്പിങ് പരിശോധനയ്‌ക്കോ വിധേയമാക്കുന്നത് പ്രയോജനകരമല്ലെന്ന് ഞങ്ങള്‍ അഭിപ്രായപ്പെടുന്നു കാരണം അവള്‍ ഇതിനകം തന്നെ മതിയായ വേദന അനുഭവിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ പരിശോധന അവളുടെ മനോവേദന കൂടുതല്‍ വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. അത് കുട്ടി അനുഭവിക്കരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നവെന്നും സുപ്രിം കോടതി ഈ കേസില്‍ പറഞ്ഞു വയ്ക്കുകയുണ്ടായി.
ഈ കേസില്‍ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ രഞ്ജിത്ത് വര്‍ഗീസ്, ഷെറിന്‍ ഷംസുദ്ദീന്‍, ഷെഫീഖ് യൂസഫ് എന്നിവരെ കോടതി പത്തുവര്‍ഷം തടവിനും 20,000 രൂപ പിഴയും ശിക്ഷ വിധിക്കുകയുണ്ടായി. മറ്റുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കുകയും ചെയ്തു.
സംഭവം നടന്നിട്ട് 19 കൊല്ലം കഴിഞ്ഞിട്ടും ശക്തമായ ഒരു നിയമം നിലവില്‍ ഉണ്ടായിട്ടും റാഗിങ് എന്നത് ഇപ്പോഴും യാതൊരു കുറവും ഇല്ലാതെ ക്യാമ്പസുകളില്‍ നടന്നുവരുന്നു.
മെഡിക്കല്‍ കോളേജ് ക്യാമ്പസുകളും റാഗിങ്ങിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 2022 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോപീഡിക് പി.ജി. വിദ്യാര്‍ഥിയായ ഡോ. ജിതിന്‍ ജോയിക്ക് അവിടുത്തെ പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് മറ്റൊരു കോളേജിലേക്ക് പോകേണ്ടി വന്നത് സീനിയര്‍ പി.ജി ഡോക്ടര്‍മാരുടെ റാഗിങ് മൂലമാണ്. റാഗ് ചെയ്ത ഡോക്ടര്‍മാര്‍ക്ക് എതിരെ പോലീസ് റാഗിങ് നിരോധന നിയമം മൂലം കേസെടുക്കുകയും ഉണ്ടായി.
എന്താണ് റാഗിങ്?
ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, അധിക്ഷേപിക്കുക, അയാള്‍ക്ക് നാണക്കേട് ഉണ്ടാകാവുന്ന വിധത്തില്‍ പെരുമാറുക, പരിഹാസപാത്രമാക്കുന്ന രീതിയിലുള്ള തമാശകള്‍ കാണിക്കുക എന്നതും കൂടാതെ അയാള്‍ സാധാരണഗതിയില്‍ ചെയ്യാത്ത കാര്യങ്ങള്‍ അവരെക്കൊണ്ട് ചെയ്യിക്കുന്നതും റാഗിങ്ങിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. കളിയാക്കുന്നത്, വഴക്ക് പറയുന്നത്, വേദനിപ്പിക്കുന്നത് മുറിവേല്‍പ്പിക്കുന്നത് എല്ലാം റാഗിങ്ങിന്റെ പരിധിയില്‍ പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വിദ്യാര്‍ഥിക്ക് മാനസികമായും ശാരീരികമായും വിഷമം ഉണ്ടാക്കുന്ന ഏതൊന്നിനെയും റാഗിങ്ങിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. റാഗിങ് നടത്തുന്നത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ മാത്രമല്ല പുറത്തു വച്ചോ അയാള്‍ താമസിക്കുന്ന ഹോസ്റ്റല്‍ പോലുള്ള മറ്റ് സ്ഥലങ്ങളില്‍ വച്ചോ ഒക്കെ നടത്തുന്നതും റാഗിങ്ങിന്റെ പരിധിയില്‍ വരുന്നു.
ഏത് വിധത്തിലാണ് പരാതി നല്‍കേണ്ടത്?
വിദ്യാര്‍ഥിയോ മാതാപിതാക്കളോ രക്ഷകര്‍ത്താവോ അധ്യാപകനോ ആണ് പരാതി നല്‍കേണ്ടത്. ഏത് സ്ഥാപനത്തില്‍ വച്ചാണോ സംഭവിച്ചിരിക്കുന്നത് ആ സ്ഥാപനത്തിന്റെ തലവന്‍ അഥവാ ഹെഡ് ഓഫ് ദ ഇന്‍സ്റ്റിറ്റ്യൂഷനാണ് പരാതി നല്‍കേണ്ടത്. ഹെഡ് ഓഫ് ദ ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്നത് പ്രിന്‍സിപ്പലോ, പ്രധാന അധ്യാപകനോ അല്ലെങ്കില്‍ ആ ഇന്‍സ്റ്റിറ്റ്യൂഷന്റെ ചാര്‍ജുള്ള ഏതെങ്കിലും ഒരു വ്യക്തിക്കൊ ആണ് എന്നത് ഈ നിയമത്തിന്റെ വകുപ്പ് 2(a) പറയുന്നു.
പരാതിയില്‍ നടപടി സ്വീകരിക്കല്‍
റാഗിങ്ങിനെക്കുറിച്ചുള്ള ഒരു പരാതി ലഭിച്ചുകഴിഞ്ഞാല്‍ അതില്‍ ഏഴു ദിവസത്തിനകം അന്വേഷണം നടത്തേണ്ടതാണ്. പരാതി ശരിയാണെന്ന് ബോധ്യമായാല്‍ ആരോപണവിധേയനായ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്യുകയും പരാതി പോലീസിന് കൈമാറുകയും വേണം എന്ന് ഈ നിയമത്തിന്റെ വകുപ്പ് 6 (1) ല്‍ പറയുന്നു. പരാതിയില്‍ കഴമ്പില്ലെന്ന് ബോധ്യമായാല്‍ ഈ വിവരം പരാതിക്കാരനെ രേഖാമൂലം അറിയിക്കണം എന്നും വകുപ്പ് 6 (2) പറയുന്നു.
റാഗിങ്ങിന്റെ ശിക്ഷാവിധികള്‍
റാഗിങ് നടത്തിയ വിദ്യാര്‍ഥിക്ക് അത് തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ തടവ് ശിക്ഷയും 10,000 രൂപ പിഴ ശിക്ഷയായും വരെ ലഭിക്കുന്നതാണ്. കൂടാതെ പിന്നീട് വരുന്ന മൂന്ന് വര്‍ഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടര്‍ന്ന് പഠിക്കുവാന്‍ സാധിക്കുന്നതല്ലെന്ന് വകുപ്പ് 4, വകുപ്പ് 5 എന്നിവയില്‍ പറയുന്നു.
ഡീംഡ് അബെറ്റ്‌മെന്റ്
കേരള റാഗിങ് നിരോധന നിയമം സെക്ഷന്‍ 7 ലാണ് ഡീംഡ് അബെറ്റ്‌മെന്റിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഒരു പരാതി കിട്ടിയാല്‍ നടപടിയെടുക്കേണ്ട സ്ഥാപനത്തിന്റെ അധികാരി കൂടി ഇതിന്റെ ഭാഗമായി മാറുന്നു. പരാതിയില്‍ നടപടി എടുക്കാത്ത ഉത്തരവാദപ്പെട്ടവര്‍ ആരാണൊ അവര്‍ക്ക് രണ്ടുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വരെ കിട്ടാവുന്ന കുറ്റകൃത്യമാണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരികള്‍ കുറെക്കൂടി ജാഗ്രത കാണിക്കേണ്ടതാണ്.
2009ല്‍ റാഗിങ്ങില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് കേരള ഡി.ജി പി. ഒരു സര്‍ക്കുലര്‍ ഇറക്കുകയുണ്ടായി (സര്‍ക്കുലര്‍ നമ്പര്‍ 26/2009). ഇത് പ്രകാരം ഓരോ വിദ്യാഭ്യാസ സ്ഥാപനവും ചെയ്തിരിക്കേണ്ട സൗകര്യങ്ങളെ പറ്റി വ്യവസ്ഥ ചെയ്തിരിക്കുന്നു. ഈ സര്‍ക്കുലര്‍ പ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു ആന്റി റാഗിങ് കമ്മിറ്റി ഉണ്ടായിരിക്കേണ്ടതാണ്. ഇതില്‍ സിവില്‍ പോലീസ് അഡ്മിനിസ്‌ട്രേഷന്‍സ്, ലോക്കല്‍ മീഡിയ, എന്‍.ജി.ഒ എന്നിവയും കൂടാതെ പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂഷനിലെ അദ്ധ്യാപക പ്രതിനിധികള്‍, രക്ഷിതാക്കളുടെ പ്രതിനിധികള്‍, വിദ്യാർഥികളുടെ പ്രതിനിധികള്‍ എന്നിവയും ഉണ്ടായിരിക്കണം എന്ന് പറയുന്നു. സ്ഥലം സര്‍ക്കിള്‍ ഇന്‍പെക്ടറും ഈ കമ്മിറ്റിയില്‍ എക്‌സ് ഒഫീഷ്യോ മെമ്പറാണ്.
കൂടാതെ പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തില്‍ ഒരു ആന്റി റാഗിങ് സ്‌ക്വാഡ് രൂപീകരിക്കണമെന്നും പറയുന്നു. ഈ കമ്മിറ്റിയോട് സമയാ സമയങ്ങളിൽ ഹോസ്റ്റലിലും മറ്റു സ്ഥലങ്ങളിലും റാഗിങ് തടയാനായി കര്‍ശന പരിശോധനകള്‍ നടത്തുവാനായും സര്‍ക്കുലറില്‍ പറയുന്നുണ്ട്. കൂടാതെ റാഗിങ് ഒഴിവാക്കാനായുള്ള സുപ്രധാനമായ പല നിര്‍ദ്ദേശങ്ങളും സര്‍ക്കുലറില്‍ കാണാവുന്നതാണ്.
റാഗിങ്ങിനെതിരെയുള്ള നിയമം വളരെ ശക്തമാണ്. ഏതൊരു നിയമവും നടപ്പാവുന്നത് അത് നടപ്പാക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കുമ്പോളാണ്. നിയമ നിര്‍മാണം മാത്രം കൊണ്ട് കാര്യമില്ല അത് ഫലപദമായി നടപ്പാക്കുന്നുണ്ടോ എന്നു കൂടി ഗവര്‍മെന്റും അത് നടപ്പാക്കേണ്ട അധികാരികളും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നാം ഇനിയും പൂക്കോടുകള്‍ ആവര്‍ത്തിക്കപ്പെടും ഒരു പാട് സിദ്ധാര്‍ത്ഥന്മാർ ഇരകളാകും.
Content Highlights: What is Ragging and The Kerala prohibition of ragging act
Published: 06 Mar 2024, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented