
ഡിജിറ്റല്‍ യുഗത്തിലും നവമാധ്യമങ്ങളുപയോഗിക്കാതെ കടലാസും പേനയും ഉപയോഗിച്ച് പഠനം മുന്പോട്ട് പോകണമെന്ന് ശഠിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം സ്കൂള്‍. പേനയും കടലാസും മാത്രം ഉപയോഗിച്ച് മാധ്യമ മുകുളങ്ങളെ വിരിയിച്ചെടുക്കാമെന്ന അധികൃതരുടെ നവഭാവനയില് വലഞ്ഞതാവട്ടെ വിദ്യാര്‍ത്ഥികളും. വിവിധ സാമ്പത്തിക ചുറ്റുപാടുകളില്‍നിന്ന് വരുന്ന സ്വന്തമായി കംപ്യൂട്ടര്‍ പോലുമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ് ക്ലബില്‍ ജേണലിസം പഠിക്കാനുള്ള ഏക ആശ്രയം ഒരേയൊരു കമ്പ്യൂട്ടറാണ്. പ്രസ് ക്ലബ്ബിലെ 40 വിദ്യാര്‍ത്ഥികളുടെ പഠനം ഈ ഒരു കമ്പ്യൂട്ടറിനെയും രണ്ട് ക്യാമറകളെയും മാത്രം കേന്ദ്രീകരിച്ചാണ്. പ്രസ് ക്ലബിന് താഴെയുള്ള ക്ലാസില്‍നിന്ന് മുകളിലത്തെ നിലയിലുള്ള ഓഡിറ്റോറിയത്തിലേക്ക് മാറ്റിയപ്പോള്‍ മുതലുള്ള ദുരിതത്തിനെതിരേ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സമരമുഖത്താണ്.
രണ്ട് ബാച്ചുകളിലായി നടന്നിരുന്ന ക്ലാസുകള്‍ ഒരൊറ്റ ബാച്ചാക്കി അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഫെബ്രുവരിയില്‍ ചുട്ടുപൊളളുന്ന വെയിലില്‍ അലുമിനിയം ഷീറ്റിന് കീഴില്‍ ക്ലാസിലിരിക്കാനുള്ള ബുദ്ധിമുട്ട് ആദ്യമേ ജേണലിസം വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാനേജ്മെന്റ് കണ്ണടച്ചതോടെ പ്രതിഷേധം കനക്കുകയായിരുന്നു.
ഒടുവിൽ പ്രതീക്ഷയ്ക്ക് വക നല്‍കിയത് അന്നത്തെ ഡയറക്ടര്‍ ജോണ്‍ മേരിയാണ്. പഴയ പടി രണ്ടു ബാച്ചുകളായി തിരിച്ച് പ്രശ്നത്തിന് താത്കാലിക പരിഹാരം അദ്ദേഹം കണ്ടു. മറ്റ് ആവശ്യങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാമെന്ന ഡയറക്ടറുടെ ഉറപ്പിന്മേല് താത്കാലികമായി സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ പ്രതികാര നടപടിയെണ്ണോണം ജേണലിസം സ്കൂളിന്റെ ഡയറക്ടര്‍ ജോണ്‍ മേരിയെ കാലാവധി കഴിഞ്ഞുവെന്ന മുടന്തന്‍ ന്യായം ചൂണ്ടിക്കാട്ടി പിരിച്ചുവിടുകയാണ് പ്രസ് ക്ലബ് അധികൃതര്‍ ചെയ്തത്.
സംഭവത്തെ കുറിച്ച് ഡയറക്ടര്‍ ജോണ്‍ മേരി പറയുന്നതിങ്ങനെ.....
"മൂന്ന് വര്‍ഷത്തെ കാലാവധിയാണ് നിയമനവേളയില്‍ അനുവദിച്ചിരുന്നത്. 2021 മേയിലാണ് ജോയിന്‍ ചെയ്തത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും പിരിച്ചു വിടുകയാണെന്ന് നോട്ടീസ് നല്‍കുകയാണ് ചെയ്തത്. ഇലക്ട്ഡ് സെക്രട്ടറിയുടെ അധികാരങ്ങള്‍ സ്വയം ഏറ്റെടുത്ത് ജോയിന്റ് സെക്രട്ടറിയാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയത്. നിയമവിരുദ്ധമായുള്ള പിരിച്ചുവിടല്‍ ചോദ്യം ചെയ്തിട്ടുണ്ട്, മറുപടി ലഭിച്ചിട്ടില്ല", ജോണ്‍ മേരി പ്രതികരിച്ചു.
താന്‍ ജോയിന്‍ ചെയ്തപ്പോള്‍ ലൈബ്രറിയിൽ ഏഴോ എട്ടോ കംപ്യൂട്ടര്‍ മാത്രമാണുണ്ടായിരുന്നതെന്നും ജോണ്‍മേരി പറയുന്നു.
"സബ് കമ്മിറ്റി രൂപീകരിച്ച് എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങള്‍ വേണമെന്ന പട്ടിക മാനേജ്മെന്റിന് നല്‍കിയിരുന്നു. നിലവിലുള്ള പല കമ്പ്യൂട്ടറുകളും നന്നാക്കിയെടുക്കാന്‍ കഴിയാത്തതാണ്. എന്നാല്‍ നന്നാക്കാനുള്ള പോംവഴികള്‍ നിര്‍ദേശിച്ചുവെങ്കിലും നടപ്പാക്കിയില്ല. ന്യൂസ് റൂം പോലെയുള്ള സൗകര്യങ്ങളുടെ കുറവുമുണ്ട്. ആകെയുള്ള ക്യാമറയിലാകട്ടെ മൈക്കും വര്‍ക്ക് ചെയ്യില്ല", ജോൺമേരി കൂട്ടിച്ചേർത്തു.
പി.ജി ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്സിന്റെ മാത്രമല്ല, ഫോട്ടോ ജേണലിസം കോഴ്സുകള്‍ക്ക് പോലും അടിസ്ഥാന സൗകര്യമില്ലാത്ത സ്ഥാപനമാണിതെന്ന് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പറയുന്നു. കേരളത്തിലെ ഏറ്റവും നല്ല ജേണലിസം സ്കൂളായി തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ മാറ്റിയെടുക്കുമെന്ന് പറഞ്ഞു വന്ന ഭരണ സമിതിയുടെ ശരിക്കുള്ള ചൂട് വിദ്യാര്ത്ഥികളറിഞ്ഞത് ഏഴ് മാസമാണ്.
വിദ്യാര്‍ത്ഥികളുടെ ദുരിതം മനസിലാക്കി ഒപ്പം നിന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഏറെ മാസങ്ങളായുള്ള വേതനം ബാക്കിയാണ്. ഓണറേറിയം പോലെയുള്ള ആനുകൂല്യങ്ങള്‍ ഇപ്പോഴും കുടിശ്ശികയായി തുടരുന്നു. രണ്ട് ബാച്ചുകളിലായി മുമ്പ് നടന്ന ക്ലാസുകളില്‍ ഇതുവരെ അറ്റന്‍ഡ്സ് ((രജിസ്റ്റര്‍ ഉണ്ടായാലെ രേഖപ്പെടുത്താന്‍ പറ്റു) പോലും രേഖപ്പെടുത്തിയിട്ടില്ല. മാര്‍ക്കര്‍ പെന്‍ പോലെയുള്ളവയ്ക്ക് അഡ്മിഷന് സമയത്ത് തുക ഈടാക്കിയിരുന്നെങ്കിലും ഇത്തരം വസ്തുക്കള്‍ ക്ലാസില്‍ നിന്ന് അന്യം നിന്നിട്ട് കാലം കുറെയായി. കുടിവെള്ളം പോലുമില്ലാതിരുന്ന സമയങ്ങള്‍ പോലുമുണ്ടായിരുന്നുവെന്ന് പറയുന്നു ജേണലിസം വിദ്യാര്‍ത്ഥിയായ ഷാഹിന്‍ മുഹമ്മദ്. അടുത്തിടെ പ്രതിഷേധത്തെതുടർന്നാണ് അതിനൊരു പരിഹാരമായത്.
ഡിജിറ്റല്‍ ലോകത്തിന്റെ പല സാധ്യതകളും വിലയിരുത്തുന്ന നവമാധ്യമ കാലത്തും ലൈബ്രറിയില്‍ പോലുമുള്ളത് പ്രവര്‍ത്തന രഹിതമായ 12-ഓളം കമ്പ്യൂട്ടറുകളാണ്. വിവിധ സാമ്പത്തിക ചുറ്റുപാടുകളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പേഴ്സണല്‍ കമ്പ്യൂട്ടർ പോലെയുള്ള സംവിധാനങ്ങളുണ്ടാകില്ല. അതിനാൽ തന്നെ പ്രാക്ടിക്കൽ വർക്കിന്റെ ഭാഗമായി ന്യൂസ് സ്റ്റോറികള്‍ ടൈപ്പ് ചെയ്യാനും മറ്റും കുട്ടികൾക്ക് കഴിയുന്നില്ല. പല ആനുകാലിക പ്രസിദ്ധീകരണങ്ങളും ഒരു വര്‍ഷത്തിലേറെയായി ലൈബ്രറിയില്‍ ലഭ്യമല്ല. ഇതിന് ഉള്‍പ്പെടെയുള്ള തുക ഫീസ് കൈപ്പറ്റിയിട്ടുണ്ട് താനും. എന്നാല്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കായി ഇവിടെ നിന്ന് തുക വിനിയോഗിക്കുന്നുണ്ടെന്നാണ് മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ പക്ഷം.
വിദ്യാര്‍ത്ഥികളുടെ നിരന്തരമായുള്ള ബുദ്ധിമുട്ടുകള്‍ പലതും സ്റ്റാഫ് കമ്മിറ്റി മാനേജിങ് കമ്മിറ്റിയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് മുമ്പില്‍ യാതൊരുവിധ ആവശ്യവും ഉന്നയിച്ചിട്ടില്ലെന്നാണ് മാനേജിങ് കമ്മിറ്റിയുടെ പക്ഷം. തുടര്‍ന്ന് സ്റ്റാഫ് കമ്മിറ്റിയുടെ അടുത്തെത്തിയപ്പോള്‍ തങ്ങള്‍ സമര്‍പ്പിച്ച നിവേദനങ്ങളുടെയും മറ്റും തെളിവ് കാണിച്ചു. ഇതോടെ വിദ്യാര്‍ത്ഥികള്‍ ആശയക്കുഴപ്പത്തിലായി.
ക്ലീനിംഗ് സ്റ്റാഫ് പോവുകയാണെന്ന് മാസങ്ങള്‍ക്ക് മുമ്പേ മുന്‍കൂട്ടി അറിയിച്ചിട്ടും പുതിയ ക്ലീനിംഗ് സ്റ്റാഫിനെ നിയമിച്ചിട്ടില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. അതിനാല്‍ ബാത്ത്റൂം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിനിയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. തങ്ങളുടെ നേതൃത്വത്തില്‍ പ്രസ് ക്ലബ്ബിന്റെ മാനേജിംഗ് കമ്മിറ്റിയും സ്കൂള്‍ ഓഫ് ജേണലിസത്തിന്റെ സ്റ്റാഫ് കമ്മിറ്റിയും ചേര്‍ന്നൊരു ചര്‍ച്ചയാണ് നിലവില്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.
അതേസമയം, സമരം ചെയ്യുന്നത് ബാഹ്യ ശക്തികളുടെ ഇടപെടല്‍ കൊണ്ടാണെന്നും അല്ലാതെ സൗകര്യപ്രശ്നങ്ങളല്ല കാരണമെന്നും പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്. കുട്ടികളുടെ സമരത്തിലേക്ക് നയിച്ചത് ഡയറക്ടറെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: students of Trivandrum press club in protest against management
Published: 01 Jun 2022, 04:05 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented