പത്തനംതിട്ട: നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ചർച്ചകളിൽ നിറഞ്ഞ ആറന്മുള വിമാനത്താവള പദ്ധതിക്ക് ടേക്ക് ഓഫിന് മുമ്പേ തിരശ്ശീല. വിമാനത്താവളത്തെക്കുറിച്ച് സർക്കാർ ആലോചിച്ചിട്ടേയില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ച ചർച്ചകൾക്ക് തത്കാലത്തേക്കെങ്കിലും വിരാമമായി.

To advertise here,

കടമ്മനിട്ട മൗണ്ട് സിയോൻ എൻജിനിയറിങ് കോളേജിൽ എയ്‌റോനോട്ടിക്കൽ കോഴ്‌സ് ആരംഭിച്ചപ്പോൾ, വിദ്യാർഥികൾക്കു പഠനത്തിനുവേണ്ടി എന്ന പേരിൽ കോളേജ് ഉടമ എബ്രഹാം കലമണ്ണിൽ ആറന്മുളയിൽ എട്ടേക്കർ നെൽവയൽ വാങ്ങിയതാണ് വിമാനത്താവളത്തിന്റെ ആദ്യനീക്കമായത്. പിന്നീട് 232 ഏക്കൽ വയൽകൂടി അദ്ദേഹം വാങ്ങി.

2010-ൽ കെ.ജി.എസ്. ഗ്രൂപ്പ് എന്ന വിമാനത്താവള കമ്പനിക്ക് സ്ഥലം വിറ്റു. 2011-ലാണ് 232 ഏക്കർ ഉൾപ്പെടെ ആറന്മുളയിലെ ജനവാസ പ്രദേശങ്ങൾ ചേർത്ത് വ്യവസായമേഖലയായി പ്രഖ്യാപിച്ചത്. ഇതിനെതിരേ പള്ളിയോട-പള്ളിവിളക്ക് സംരക്ഷണ സമിതി ആരംഭിച്ച വിമാനത്താവള വിരുദ്ധസമരം ആറന്മുള പൈതൃക ഗ്രാമകർമ്മ സമിതിയും വിമാനത്താവളവിരുദ്ധ ഏകോപനസമിതിയും ഏറ്റെടുത്തു. ഇതോടെ വലിയ പ്രക്ഷോഭങ്ങൾ നടന്നു. ആറന്മുളയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ, തണ്ണീർത്തടങ്ങൾ, കുടിയൊഴിപ്പിക്കൽ, പൈതൃകം എന്നിവയൊന്നും മനസ്സിലാക്കാതെയുള്ള പദ്ധതി എന്നായിരുന്നു ആരോപണം.

2014-ൽ ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധതിക്കുള്ള എല്ലാ അനുമതികളും റദ്ദാക്കി. സുപ്രീംകോടതിയും ഇതു ശരിവെച്ചതോടെയാണ് വിമാനത്താവളം സംബന്ധിച്ച ചർച്ചകൾ അവസാനിച്ചത്. എന്നാൽ, കഴിഞ്ഞയാഴ്ച എബ്രഹാം കലമണ്ണിലിന്റെ നിർദേശപ്രകാരം, ഡൽഹിയിലെ സ്വകാര്യകമ്പനി ഇവിടെ ഡ്രോൺ സർവേ നടത്തിയെന്ന വിവരം പുറത്തുവന്നതോടെ വീണ്ടും വിവാദമുയർന്നു. യു.ഡി.എഫ്. സർക്കാർ വന്നതോടെ വിമാനത്താവളത്തിന് അനുകൂല നിലപാടുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

എന്നാൽ, പദ്ധതിയെക്കുറിച്ച് സർക്കാർ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ മറ്റ് ചോദ്യങ്ങൾക്ക് പ്രസക്തിയില്ലാതായി.

അതേസമയം, പദ്ധതിപ്രദേശത്ത് ഡ്രോൺ സർവേ നടത്തിയിട്ടില്ലെന്ന് എബ്രഹാം കലമണ്ണിൽ മാതൃഭൂമിയോട് പ്രതികരിച്ചു. നടത്തിയെന്നും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നുമാണ് കഴിഞ്ഞയാഴ്ച അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. 'പദ്ധതിക്കായി സർക്കാരിനെ സമീപിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥലം കണ്ടിട്ടുമില്ല. ലൊക്കേഷനും ദിശയും അൽപ്പം മാറ്റിയാൽ അവിടെത്തന്നെ വിമാനത്താവളം പണിയാവുന്നതേയുള്ളൂ.

അതിനുവേണ്ടിയാണ് ഡ്രോൺ സർവേ ആലോചിച്ചത്. നടത്തിയില്ല. പി.പി.പി. (പൊതു സ്വകാര്യപങ്കാളിത്തം) മാതൃകയിൽ ചെയ്യാനേ താത്പര്യമുള്ളൂ. പത്തനംതിട്ട ജില്ലയിൽ ഒരു വിമാനത്താവളം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.