
കേരളകലാമണ്ഡലം നൃത്തവിഭാഗത്തില്‍ അധ്യാപനത്തിന് പതിറ്റാണ്ടുകള്‍ക്കുശേഷമാണ് പുരുഷന്‍ നിയമിക്കപ്പെട്ടത്. പ്രസിദ്ധനര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനാണ് ആ നിയോഗം. 1996 മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ മോഹിനിയാട്ടക്കളരിയില്‍ പഠിച്ച ഇദ്ദേഹം പോസ്റ്റ് ഡിപ്‌ളോമ നേടി. എം.ജി. സര്‍വകലാശാലയില്‍നിന്ന് എം.എ. മോഹിനിയാട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കലാമണ്ഡലത്തില്‍നിന്ന് പെര്‍ഫോമിങ് ആര്‍ട്സില്‍ എം.ഫില്ലും പിഎച്ച്.ഡി.യും നേടി. കാലടി സര്‍വകലാശാലയിലും ആര്‍.എല്‍.വി. കോളേജിലും അധ്യാപകനായിരുന്നു. മാതൃഭൂമി പ്രതിനിധി എം.കെ. കൃഷ്ണകുമാര്‍ ആര്‍.എല്‍.വി. രാമകൃഷ്ണനുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്
കലാമണ്ഡലത്തില്‍ താങ്കള്‍ അധ്യാപകനായി എന്നത് സമൂഹത്തിന് എന്തെങ്കിലും സന്ദേശം നല്‍കുന്നതായി തോന്നുന്നുണ്ടോ
സമൂഹത്തിന്റെ അടിത്തട്ടില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് അംഗീകാരങ്ങളും അവസരങ്ങളും അപ്രാപ്യമാണെന്ന ചിന്തയെ കുറച്ചെങ്കിലും തിരുത്താന്‍ ഇതു സഹായിച്ചേക്കും. പല കലാകാരരും എന്നോടു ചോദിക്കാറുണ്ട്, നമ്മള്‍ എത്ര നന്നായി ചെയ്താലും എന്തു കാര്യമെന്ന്. ഇപ്പോള്‍ എനിക്കുപറയാന്‍ സാധിക്കും ശരിയായ ആളുകള്‍ വരുമ്പോള്‍ ശരിയായ കാര്യങ്ങള്‍ നടക്കും. പക്ഷേ, ഇതത്ര എളുപ്പമാണെന്ന് പറയുന്നില്ല. അവഗണനകളും വിവേചനങ്ങളും അനുഭവിച്ചുതന്നെയാണ് മുന്നോട്ടുവന്നത്. വിശാല മനസ്സുള്ളവര്‍ വിചാരിച്ചാല്‍ വര്‍ഗ, വര്‍ണ, വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നതിന് ചെറിയ തെളിവാണിത്.
താങ്കള്‍ അധ്യാപകനായി എന്നത് കലാമണ്ഡലം വിദ്യാര്‍ഥികളില്‍ ഏതെങ്കിലും വിധത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമോ
നൃത്തത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ലിംഗ വിവേചനംകൂടിയുണ്ട്. കേരളത്തിനു പുറത്ത് പുരുഷ നര്‍ത്തകര്‍ക്ക് വലിയ സ്വീകാര്യതയുണ്ടെങ്കിലും ഇവിടെ സ്ഥിതി അതല്ല. അതിനാല്‍ എന്റെ അവസരം ഈ കാര്യത്തിലും പ്രയോജനപ്പെട്ടേക്കും. കേരളത്തിലെ പുരുഷ നര്‍ത്തകര്‍ക്കുള്ള അംഗീകാരംകൂടിയാണിത്. ഭാവിയില്‍ നൃത്തരംഗത്തേക്ക് കൂടുതല്‍ പുരുഷ അധ്യാപകരും ആണ്‍കുട്ടികളും വരാന്‍ ഇത് പ്രേരണയായേക്കും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുകയാണ് വേണ്ടത്, വെവ്വേറെ വിദ്യാലയങ്ങളിലല്ല എന്നു പറയുന്നത് കലാപഠനത്തിലും ബാധകമാവട്ടെ. ലിംഗസമത്വം വരട്ടെ.
സാംസ്‌കാരിക ഉന്നമനമുള്ളതെന്നു പറയുന്ന കേരളത്തില്‍ ഏതുവിധം വിവേചനമാണ് കലാരംഗത്ത് നിലനില്‍ക്കുന്നത്
സാധാരണ കലാകാരനായി/ കലാകാരിയായി തുടരുമ്പോള്‍ കുഴപ്പമൊന്നുമില്ല. മുഖ്യധാരയിലേക്ക് വരുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുമ്പോള്‍ സ്ഥിതി മാറും. അപ്പോള്‍ വര്‍ഗവും വര്‍ണവും എല്ലാം വിവേചനത്തിനു കാരണമാവും. അതു കൊണ്ടുമാത്രം കലയെ അവഗണിക്കും. പലതരം വിയോജിപ്പുകള്‍ ഉയരും. ചിലരുടെ സ്വാര്‍ഥചിന്താഗതിയായിരിക്കാം കാരണം. പക്ഷേ, അത് നമ്മെ വേദനിപ്പിക്കുന്ന വിധം യഥാര്‍ഥമാണ്. കലാരംഗത്തുനിന്ന് മാറിപ്പോകാന്‍പോലും പ്രേരിപ്പിക്കുന്നതാണിത്. ഈ ചിന്താഗതിയെല്ലാം മാറട്ടെയെന്ന് ആഗ്രഹിക്കാം.
നിറത്തെക്കുറിച്ച് മുതിര്‍ന്ന ഒരു കലാകാരി താങ്കളെ പരിഹസിച്ചത് ഇപ്പോഴും മനസ്സില്‍ നീറ്റലായി ശേഷിക്കുന്നുണ്ടോ? അത് സമൂഹത്തില്‍ ഗുണപരമായ ചര്‍ച്ചയ്ക്ക് അവസരമുണ്ടാക്കിയില്ലേ
അന്നും ഇന്നും എനിക്ക് വ്യക്തിപരമായ വിഷമമോ അപമാനമോ തോന്നിയിട്ടില്ല. എന്നാല്‍, എന്നെപ്പോലെയുള്ള അനേകം പേര്‍ക്ക് അത് പ്രയാസമുണ്ടാക്കും എന്നതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. നിയമനടപടി സ്വീകരിച്ചത്. ഒപ്പം നില്‍ക്കാന്‍ ഏറെപ്പേര്‍ ഉണ്ടായി എന്നത് ആശ്വാസമായി. ഒരു വ്യക്തി, അവരുടേതായ ഭാഷയില്‍ എന്നോടുള്ള എതിര്‍പ്പ് തുറന്നു പറഞ്ഞുവെന്നു മാത്രം; പറയാതെ ഉള്ളില്‍ ഇത്തരം വിശ്വാസം സൂക്ഷിക്കുന്നവര്‍ ഏറെയുണ്ട് നമുക്കുചുറ്റും. പല സ്ഥാപനങ്ങളിലും ആ വിശ്വാസക്കാരുണ്ട്. എന്നോട് പല കുട്ടികളും പല സന്ദര്‍ഭങ്ങളില്‍ പരാതിപറഞ്ഞിട്ടുണ്ട്, വിവേചനപരമായി മാര്‍ക്ക് കുറയ്ക്കുന്നുവെന്ന്. അതിനാല്‍, വരുംതലമുറയ്ക്കു വേണ്ടിയാണ് ഞാന്‍ നടപടിക്കു തയ്യാറായത്. എന്റെ കറുപ്പിനെക്കുറിച്ച് ഞാന്‍ വേവലാതിക്കൊള്ളുന്നില്ല. ഇത്തരം വിവേചനത്തില്‍ വിശ്വസിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ; നിങ്ങള്‍ കലയുടെ മികവിനെ പരിശോധിക്കുക, വിമര്‍ശിക്കുക. അല്ലാതെ, അവരുടെ വര്‍ഗത്തെയും വര്‍ണത്തെയും വിലയിരുത്തരുത്. യഥാര്‍ഥ സംസ്‌കാര സമ്പന്നര്‍ അങ്ങനെ ചെയ്യില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.
കലാരംഗത്ത് എന്റേത് സ്വന്തം വഴിയാണ്. സ്വന്തം വിലാസവും ഉണ്ട്. ഏറെക്കാലമായി ഉള്ളതാണത്. എന്നാല്‍, മണിച്ചേട്ടന്‍ എനിക്കൊരു പാഠപുസ്തകമാണ്. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു പോകുന്നതെങ്ങനെ എന്നു പഠിപ്പിക്കുന്ന പുസ്തകം. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ മുറിവ് എനിക്കിപ്പോഴും നീറ്റലാണ്. അദ്ദേഹവും പലവിധ വിവേചനങ്ങള്‍ അനുഭവിച്ചയാളാണ്. മിമിക്രിരംഗത്തും അഭിനയരംഗത്തും. എന്നാല്‍, ഞങ്ങള്‍ തീയില്‍ മുളച്ചവരാണ്, വെയിലത്ത് വാടില്ല.
Content Highlights: rlv ramakrishnan interview
Published: 18 Jan 2025, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented