വര : ദ്വിജിത്ത്
സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസിവിഭാഗമായ പണിയര്‍ വംശനാശത്തെ നേരിടുകയാണ്. പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം അപകടകരമാംവിധം കുറയുന്നു. മരിക്കുന്നവരില്‍ നാലിലൊരാള്‍ക്ക് പ്രായം അമ്പതില്‍ താഴെയാണ്. 1960-കളിലാണ് രാജ്യത്ത് ഇതിന് തുല്യമായ മരണനിരക്ക് ഉണ്ടായിരുന്നത്. മദ്യാസക്തിയും ജനിതകരോഗങ്ങള്‍ക്കുമൊപ്പം സാമൂഹികമായി മാറ്റിനിര്‍ത്തുന്ന സംവിധാനങ്ങളുമാണ് ഇതിനുകാരണം. ഒരു പതിറ്റാണ്ടുമുമ്പുമുതല്‍ത്തന്നെ പട്ടികവര്‍ഗവകുപ്പ് ഈ കാര്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, നിഷ്‌ക്രിയരായി നിശ്ശബ്ദമായ ഒരു വംശഹത്യക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാരും സംവിധാനങ്ങളും. പണിയരെക്കുറിച്ച് മാതൃഭൂമി നടത്തിയ പഠനത്തിലൂടെ...
''എല്ലാവരും മരിച്ചുപോയി, എങ്ങനെയൊക്കെയോ... അതോണ്ട് ചെമ്മി (മൂപ്പന്‍) ഇല്ല, മരിപ്പുവന്നാല്‍ വേറെ ഊരില്‍നിന്നു ചെമ്മിയെ വിളിക്കും...'' -മനുഷ്യന് സാധ്യമായ ഏറ്റവും തീവ്ര നിസ്സംഗതയില്‍നിന്നാണ് കോക്കുഴി മൂപ്പന്‍ പണിയകോളനിയിലെ ബാലന്‍ സംസാരിച്ചത്. ഒരു വലിയകുടുംബമെന്നോണം കഴിയുന്ന ഊരില്‍ വാര്‍ധക്യമെത്തും മുമ്പേ സമപ്രായക്കാരായിരുന്ന ഒട്ടേറെപ്പേര്‍ മരിച്ചു. പുകയിലയും ചവച്ച് അടുത്തിരുന്ന ഞേണനും തലകുലുക്കി, -തന്റെ അച്ഛനായിരുന്നു ഊരിലെ അവസാനത്തെ ചെമ്മി. ലഹരിയുടെ മയക്കത്തില്‍ അയാള്‍ വീണ്ടും നിശ്ശബ്ദനായി. ബാലന്റെയും ഞേണന്റെയും വാക്കുകള്‍ പണിയരുടെ പതിറ്റാണ്ടുകളായുള്ള അനുഭവങ്ങളുടെ തുടര്‍ച്ചയാണ്. ആദിവാസികള്‍ക്കിടയിലെ പിന്നാക്കക്കാരായ പണിയര്‍, നരവംശപരമായി ഏറെ പ്രാധാന്യമുള്ള വിഭാഗം, വംശനാശത്തിന്റെ വക്കിലാണ്. അമ്പതെത്തുംമുമ്പേ പുരുഷന്മാരില്‍ വലിയൊരു ശതമാനം മരിക്കുന്നു. വയനാട്ടിലെ പണിയരുടെ ആയുര്‍ദൈര്‍ഘ്യവുമായി ബന്ധപ്പെട്ട് മാതൃഭൂമി നടത്തിയ പഠനത്തില്‍, മരിക്കുന്ന പണിയരില്‍ 25.6 ശതമാനത്തിനും അമ്പതുവയസ്സില്‍ താഴെയാണ് പ്രായം. ദേശീയ ശരാശരിപ്രകാരം 17.19 ശതമാനംപേര്‍ മാത്രമാണ് അമ്പത് വയസ്സിനുമുമ്പ് മരിക്കുന്നത്.
1965-ലാണ് പണിയരുടേതിന് തുല്യമായ മരണനിരക്ക് രാജ്യത്തുണ്ടായിരുന്നത്. കൗമാരം മുതലുള്ള മദ്യാസക്തിയും പുകയില ഉപയോഗവും ശാരീരിക-മാനസികാരോഗ്യ തകര്‍ച്ചയിലേക്ക് എത്തിക്കുകയാണ്. ഇതിനൊപ്പം ജനിതകമായി കൈമാറുന്ന അരിവാള്‍രോഗം (സിക്കിള്‍സെല്‍ അനീമിയ) പോലുള്ളവയും ആയുസ്സ് ചുരുക്കുന്നു.

# ആരാണ് പണിയര്‍?
പണിയെടുക്കുന്നവര്‍ എന്നാണ് പണിയര്‍ എന്ന വാക്കിനര്‍ഥം. ഇപ്പിമലയില്‍ അലഞ്ഞുതിരിഞ്ഞ ആണിനെയും പെണ്ണിനെയും ജന്മി പിടിച്ചെടുത്തു പണിക്കാരാക്കിയെന്നാണ് പണിയഭാഷയിലെ പാട്ടിലൂടെ കൈമാറുന്ന ഉത്പത്തിക്കഥ. അടിമച്ചന്തകളിലെ അടിമത്തത്തില്‍നിന്ന് മോചനം നേടിയെങ്കിലും ഇപ്പോഴും ആശ്രയത്വവും വിധേയത്വവും തുടരുകയാണ്. കേരളത്തിലെ ആദിവാസിവിഭാഗങ്ങളില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള വിഭാഗമാണ് പണിയര്‍ (21.77 ശതമാനം.). വയനാട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായി അവര്‍ അധിവസിക്കുന്നു. പണിയരില്‍ 74.49 ശതമാനം പേരും വയനാട്ടില്‍ത്തന്നെയാണ് ജീവിക്കുന്നത്. കര്‍ഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമാണിവര്‍. സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട സൂചികകളില്‍ ഏറ്റവും പിന്നാക്കംനില്‍ക്കുന്ന വിഭാഗംകൂടിയാണ് പണിയര്‍.
# അമ്പതിനുമുമ്പേ മരണമെത്തുന്നു
ഈ പഠനത്തിനായി 2022 മേയ് ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെ വയനാട്ടിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും രജിസ്റ്റര്‍ചെയ്ത മരണവിവരങ്ങളാണ് ശേഖരിച്ച് പരിശോധിച്ചത്. 3090 പരേതരുടെ വിവരങ്ങള്‍ ശേഖരിച്ച് വര്‍ഗീകരിച്ച് ക്രോഡീകരിച്ചതില്‍ 363 പണിയരാണ് ഈ കാലത്ത് മരിച്ചതായി കണ്ടെത്തിയത്. ഇതില്‍ 93 പേരും അമ്പതു വയസ്സിനുതാഴെയുള്ളവരാണ്. പത്തുവയസ്സില്‍ത്താഴെ വരുന്ന ആറു കുട്ടികളും ഉള്‍പ്പെടുന്നു.
അര്‍ബുദവും ശ്വാസകോശസംബന്ധമായ രോഗങ്ങളുമാണ് പണിയരുടെ അകാലമരണങ്ങള്‍ക്കുപിന്നിലെ പ്രധാനകാരണം. ഇതിനൊപ്പംതന്നെ അപകടകരമാംവിധം ഉയര്‍ന്ന ആത്മഹത്യനിരക്കും. പഠനത്തില്‍, മരണകാരണം സ്ഥിരീകരിച്ച 56 മുതിര്‍ന്നവരില്‍ ഇരുപതുപേരും ആത്മഹത്യചെയ്യുകയായിരുന്നു. ചെറിയ വാക്തര്‍ക്കങ്ങളില്‍ പോലും മരണത്തില്‍ അഭയം തേടുകയാണ് പണിയര്‍. മാനസികാരോഗ്യത്തകര്‍ച്ചയുടെ വ്യക്തമായ സൂചനയാണിത്.
# നിശ്ശബ്ദതയുടെ ഒരു പതിറ്റാണ്ട്
കേരളത്തിലെ പ്രതിശീര്‍ഷ ആയുര്‍ദൈര്‍ഘ്യം 74 വയസ്സായിരിക്കുമ്പോള്‍ ആദിവാസികള്‍ക്കിടയില്‍ ഇത് 60-ല്‍ താഴെയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് മരിച്ച ആദിവാസി വിഭാഗത്തില്‍പ്പെട്ടവരില്‍ 53 ശതമാനം പേരും അറുപത് വയസ്സിനുതാഴെയുള്ളവരാണ്. പിന്നാക്കക്കാരില്‍ പിന്നാക്കക്കാരായ പണിയരെ സംബന്ധിച്ചാണെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരവും. 2013-ല്‍ പട്ടികവര്‍ഗവികസന വകുപ്പ് നടത്തിയ ആദിവാസികളുടെ സാമൂഹിക - സാമ്പത്തിക സര്‍വേയില്‍ത്തന്നെ പണിയര്‍ വംശനാശത്തിലേക്ക് അടുക്കുന്നതായി പറയുന്നു. ആദിവാസിവിഭാഗങ്ങള്‍ക്കിടയില്‍ത്തന്നെ ഏറ്റവുംകുറഞ്ഞ ജനനനിരക്കും കുറഞ്ഞ ആയുര്‍ദൈര്‍ഘ്യവും പണിയര്‍ക്കിടയിലാണ്. പണിയരില്‍ 28.26 ശതമാനംപേര്‍ മതിയായ ചികിത്സ ലഭിക്കാതെയും 28.94 ശതമാനം പേര്‍ മദ്യപാനത്തിന്റെയും ഫലമായി മരിച്ചു. ഇത് സംസ്ഥാനത്തെ ഏറ്റവുംഉയര്‍ന്ന നിരക്കാണ്. ആദിവാസികളില്‍ ഏറ്റവുമധികം കിടപ്പുരോഗികളും പണിയര്‍ക്കിടയിലാണ്. ഫലമെന്നോണം, വൃദ്ധരെയും കുട്ടികളെയും സംരക്ഷിക്കേണ്ട 15-നും 64-നും ഇടയില്‍ പ്രായമുള്ളവരുടെ ചുമതലാഭാരം (dependency ratio) സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ പണിയരിലാണ്- 56.09 ശതമാനം. എന്നാല്‍, ഇതേ പ്രായക്കാരിലാണ് മരണനിരക്ക് ഇപ്പോള്‍ ഉയരുന്നത്.
2013-ല്‍, ഒരു പതിറ്റാണ്ടുമുമ്പുള്ള പട്ടികവര്‍ഗവകുപ്പിന്റെ ഈ കണ്ടെത്തലുകളില്‍പ്പോലും കൂടുതല്‍ പഠനങ്ങളോ ഇടപെടലുകളോ വകുപ്പ് ഇതുവരെ നടത്തിയിട്ടില്ല. എന്‍.ജി.ഒ.കളും നിശ്ശബ്ദര്‍. ഉത്പത്തിചരിത്രത്തില്‍നിന്നു തുടങ്ങുന്ന അനാഥത്വവും അപകര്‍ഷവും പേറി, ചെമ്മി മരിച്ചാല്‍ തുടര്‍ന്ന് സ്ഥാനമേറ്റെടുക്കാന്‍ യോഗ്യനായ പുരുഷനില്ലാത്ത, ഗോത്രാര്‍ഥങ്ങളില്ലാത്ത ആള്‍ക്കൂട്ടമായി പണിയ ഊരുകള്‍ മാറുകയാണ്. സന്ധ്യമയങ്ങിയാല്‍ തുടിയുടെയും ചീനിയുടെയും താളത്തിനൊപ്പം പാട്ടും കയവ്വുംകളിയും നടന്ന ഊരുകളില്‍ മദ്യപരുടെ ബഹളങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. പൊതുസമൂഹത്തിന്റെ കുറ്റകരമായ മൗനത്തില്‍ പണിയരുടെ വംശഹത്യയാണ് നിശ്ശബ്ദമായി നടക്കുന്നത്.
(തുടരും)
Content Highlights: paniya tribe, social, series
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..