
"ഞങ്ങള്‍ക്ക് മുന്നിലുള്ളത് ഒരു ജീവനാണ്, അയാളെ രക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതിനുവേണ്ടി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ കണ്ണിന് മുന്നിലെത്തുന്ന മനുഷ്യവിസര്‍ജമോ പ്ലാസ്റ്റിക്ക് കെട്ടുകളോ മൃഗങ്ങളുടെ ജഡമോ ഒന്നും ഞങ്ങളെ ബാധിക്കില്ല. ഞങ്ങള്‍ എന്തിനും സജ്ജരാണ്..സങ്കടമെന്തെന്നാല്‍ ആ ജീവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതാണ്.." മാലിന്യക്കൂമ്പാരമായിരുന്ന ആമയിഴഞ്ചാന്‍ തോട്ടില്‍ കുടുങ്ങിയ ജോയി എന്നയാളെ കണ്ടെത്താനായി മലിനജലത്തില്‍ മണിക്കൂറുകളോളം ഇറങ്ങിനിന്ന് നടത്തിയ മൂന്ന് ദിവസം നീണ്ട കഠിനമായ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് പറയുകയാണ് ഫയര്‍ഫോഴ്‌സ് ഓഫീസറായ ഷാഫി. തിരുവനന്തപുരം ഫയര്‍ സ്റ്റേഷനിലെ ഓഫീസറായ ഷാഫി. എം ആയിരുന്നു ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ക്രൂ ലീഡര്‍.
ജൂലായ് 13, ശനിയാഴ്ച രാവിലെ 10.55 ഓടെയായിരുന്നു ഫയര്‍ സ്റ്റേഷനിലേക്ക് ഫോണ്‍കോള്‍ വന്നത്. റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ സര്‍വീസിനടുത്ത് ഒരാള്‍ കുടുങ്ങിക്കിടക്കുന്നുവെന്നായിരുന്നു കോള്‍. അങ്ങോട്ട് പോകുമ്പോള്‍ എവിടെയാണ് ആള്‍ കുടുങ്ങിയതെന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. തോട്ടിലെ മാലിന്യം വൃത്തിയാക്കുന്നതിനിടെയായിരുന്നു ജോയ് എന്ന ആള്‍ കുടുങ്ങിപ്പോയത്. ഒരു സൂപ്പര്‍വൈസറും രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ജോയിയും ഉള്‍പ്പെടുന്ന സംഘമായിരുന്നു തോട് വൃത്തിയാക്കാനായി ഇറങ്ങിയത്. കൂടെയുള്ള രണ്ട് പേര്‍ ചായ കുടിക്കാനോ മറ്റോ മുകളിലേക്ക് കയറിയപ്പോള്‍ ജോയി തോടിന്റെ അക്കരെഭാഗത്ത് പിടിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ കനത്ത മഴ പെയ്യുന്നുണ്ട്. നല്ല മഴയ്‌ക്കൊപ്പം തോട്ടിലെ വെള്ളവും കൂടി വന്നപ്പോള്‍ ജോയ് മറ്റേഭാഗത്തേക്ക് നീന്തിയെത്താനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ, കരയില്‍ പിടികിട്ടുന്നതിന് മുന്‍പ് ഒഴുക്കില്‍പെട്ട് വേസ്റ്റിനുള്ളിലേക്ക് പോവുകയായിരുന്നു.

തോടിനുള്ളിലെ മാലിന്യമല
വിവരം അറിഞ്ഞ ഉടനെ റെസ്‌ക്യൂ ടീമിലെ ഞാനുള്‍പ്പെടെ കുറച്ചുപേര്‍ തോട്ടിലേക്കിറങ്ങി. മൂന്ന് പേര്‍ വീതമാണ് ഇറങ്ങി പരിശോധിച്ചത്. ആദ്യം മാലിന്യത്തില്‍ കുറേ പരിശോധിച്ചു. പരിശോധിക്കാന്‍ പറ്റാത്തത്രയും കനപ്പെട്ട മാലിന്യമായിരുന്നു തോട്ടിലുണ്ടായിരുന്നത്. വേസ്റ്റ് നിറച്ച് കെട്ടിവെച്ച നൂറുകണക്കിന് ചാക്കുകള്‍, പ്ലാസ്റ്റിക്ക് കുപ്പികള്‍, കുട്ടികള്‍ ഉപയോഗിക്കുന്ന നാപ്ക്കിനുകൾ, തുണിമാലിന്യം, മൃഗങ്ങളുടെ ജഡം, കോഴി മാലിന്യം, പോരാത്തതിന് മനുഷ്യവിസര്‍ജ്യവും. കടുത്ത ചാരനിറത്തിലുള്ള വെള്ളം മഴവെള്ളം കൂടി ഒഴുകിയെത്തുമ്പോള്‍ കലക്കവെള്ളമായി മാറുന്നു. വെള്ളത്തിനടിയില്‍ പരിശോധിക്കാന്‍ ഫയര്‍ ഫോഴ്‌സിന്റെ തന്നെ സ്‌കൂബ ടീമിനെ വിളിച്ചു. അവര്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാമത്തേയും മൂന്നാമത്തേയും പ്ലാറ്റ്‌ഫോമിനിടയിലൂടെ തോട് കടന്നുപോവുന്ന ഭാഗത്ത് നാല്‍പ്പത് മീറ്ററോളം നീളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭൂഗര്‍ഭ അറയുള്ള ഇടുങ്ങിയ ഭാഗമായതിനാല്‍ ഇവിടെ തിരച്ചില്‍ നല്ല ബുദ്ധിമുട്ടായിരുന്നു. സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടായിട്ടുപോലും സ്‌കൂബ ടീമിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ചാക്കുകെട്ടിന് മാലിന്യമായിരുന്നു അതിന്റെയുള്ളില്‍ കെട്ടിക്കിടന്നിരുന്നത്.

അതിനിടയ്ക്ക് ടെക്‌നോപാര്‍ക്കില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് സംഘം റോബോട്ടുമായി സഹായത്തിനെത്തി. ഇത് ഉപയോഗിച്ച് തിരച്ചില്‍ നടത്തിയപ്പോള്‍ മനുഷ്യശരീരത്തിന്റെ പിന്‍ഭാഗം പോലെയൊന്ന് കണ്ടെത്തിയിരുന്നു. സ്‌കൂബ ടീം ഇവിടേയും വിശദമായ പരിശോധന നടത്തിയപ്പോഴാണ് അത് ശരീരഭാഗമല്ലെന്നും മാലിന്യചാക്കാണെന്നും മനസ്സിലായത്. ഒരു മനുഷ്യന്റെ അത്രയും ഉയരത്തിലായിരുന്നു പലയിടത്തും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ടായിരുന്നത്. അതുകൊണ്ട് മിക്കപ്പോഴും ഞങ്ങളുടെ ടീമിന് തിരഞ്ഞ് മുന്നോട്ടുപോകാന്‍ പറ്റുന്നുണ്ടായിരുന്നില്ല. മാലിന്യം നീക്കാതെ രക്ഷാപ്രവര്‍ത്തനം നടക്കില്ലെന്ന് മനസ്സിലായതോടെ അതിനുള്ള നടപടികള്‍ ആരംഭിച്ചു. കൊല്ലത്ത് നിന്നും എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും സ്‌കൂബ ടീം ഉള്‍പ്പെടെയുള്ള കൂടുതല്‍ പേര്‍ സംഭവസ്ഥലത്തേക്കെത്തി.
എത്ര മാറ്റിയിട്ടും തീരത്തത്രയും മാലിന്യമായിരുന്നു ഇതിനുള്ളില്‍ കെട്ടിക്കിടക്കുന്നുണ്ടായിരുന്നത്. ഇത് മാറ്റാന്‍ ഞങ്ങള്‍ മറ്റൊരു ശ്രമം നടത്തിയത് അണകെട്ടി വെള്ളം തടയുന്നതായിരുന്നു. കുറച്ചുനേരം വെള്ളം തടഞ്ഞുവെച്ച് പിന്നീട് ആ തടസ്സം മാറ്റുമ്പോള്‍ വെള്ളത്തിന് ഫോഴ്‌സ് ഉണ്ടാകുമല്ലോ, ആ ശക്തമായ ഒഴുക്കില്‍ മാലിന്യം കുറേ ഒലിച്ചുപോവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, അതൊന്നും അത്ര ഫലവത്തായില്ല. രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ട് ദിവസവും നല്ല മഴയായിരുന്നു. ആദ്യദിവസം ഞങ്ങളെത്തുമ്പോള്‍ കഴുത്തറ്റമായിരുന്നു വെള്ളം. വെള്ളം പൊങ്ങിയപ്പോള്‍ ഇതിനൊപ്പം വേസ്റ്റും പൊങ്ങിവരികയും അടിയില്‍കൂടെ ജോയിയുടെ മൃതദേഹം ഒഴുകിപ്പോയിട്ടുണ്ടാവുമെന്നാണ് തോന്നുന്നത്. ഫയര്‍ഫോഴ്‌സ് സംഘം തോടൊഴുകുന്ന എല്ലാഭാഗത്തുനിന്നും തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ഒടുവില്‍ മൂന്നാമത്തെ ദിവസം കുടുങ്ങിപ്പോയിടത്ത് നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്തുവെച്ചാണ് ജോയിയുടെ മൃതദേഹം കിട്ടിയത്.

150ല്‍ പരം ഫയര്‍ സര്‍വീസുകാരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. ഇതില്‍ 41 പേരാണ് വെള്ളത്തിലിറങ്ങിയുള്ള തിരച്ചിലിനിറങ്ങിയിരുന്നത്. ഇവരെല്ലാം ഇപ്പോള്‍ മെഡിക്കല്‍ സംഘം പറഞ്ഞതുപ്രകാരമുള്ള നിരീക്ഷണത്തിലും ചികിത്സയിലുമെല്ലമാണ് എല്ലാവരുമുള്ളത്. മാലിന്യത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ എലിപ്പനി പോലെയുള്ളവയെ പ്രതിരോധിക്കാനുള്ള ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിച്ചിരുന്നു. രൂക്ഷമായ ദുര്‍ഗന്ധത്തിന്റേയും അറപ്പുളവാക്കുന്ന കാഴ്ചകളുടേയും ഇടയിലായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി പത്തും പന്ത്രണ്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടാണ് ഒരു തുള്ളി വെള്ളമോ ബ്രെഡ്ഡോ ഒക്കെ കഴിക്കുന്നത്. ഒന്നാമത് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ദാഹമോ വിശപ്പോ ഒന്നുമില്ല, പിന്നെ ഈ മാലിന്യത്തിനിടയില്‍ നിന്ന് കഴിക്കാന്‍ പറ്റില്ല. വെള്ളം വേണമെങ്കില്‍ തോട്ടിലെ വെള്ളത്തിന് പുറത്തുനില്‍ക്കുന്ന ആരെങ്കിലും മുഖവും വായയും തുടച്ചുതന്ന് വെള്ളമൊഴിച്ച് തരണം. രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ടി ബിസ്‌ക്കറ്റും ബ്രഡ്ഡും വെള്ളവുമെല്ലാം എത്തിച്ചിരുന്നു. പക്ഷേ, ആ സമയത്ത് ഒന്നും കഴിക്കാന്‍ തോന്നിയില്ല. ആദ്യ ദിവസം രാവിലെ 11 മണിക്ക് എത്തിയ ഞങ്ങള്‍ രാത്രി എട്ട് മണിയൊക്കെ ആയപ്പോഴാണ് ഒരു തുള്ളി വെള്ളമെങ്കിലും കുടിച്ചത്.

മിഷന് ശേഷം സീ ബാത്ത്, മെഡിക്കല്‍ പരിശോധന
ജോയിയുടെ മൃതദേഹം കിട്ടിയതിന് ശേഷം മിഷനില്‍ പങ്കെടുത്ത എല്ലാവരും മെഡിക്കല്‍ പരിശോധനയ്ക്കായി പോയി. ഇ.എന്‍.ടി, ജനറല്‍ മെഡിസിന്‍, സ്‌കിന്‍ സ്‌പെഷ്യലിസ്റ്റ് എന്നിവരെയാണ് കണ്ടത്. ഡോക്ടര്‍മാര്‍ പറഞ്ഞതിനുശേഷം എല്ലാവരും ഉപ്പുവെള്ളത്തില്‍ കുളിക്കാനായി കോവളത്ത് കടലിലേക്ക് പോയിരുന്നു. ഇത്തരം മിഷനുകളില്‍ ഇതാണ് അതിന്റെ രീതി. ഇനി വരുംദിവസങ്ങളിലും പരിശോധനയുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ പരിശോധനയ്‌ക്കെത്താനാണ് നിര്‍ദേശം കിട്ടിയിരിക്കുന്നത്. മൂന്ന് ദിവസവും രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഡെറ്റോളില്‍ മുങ്ങിക്കുളിയായിരുന്നു. കലാമിന്‍ ലോഷന്റെ ശരീരത്തില്‍ മുഴുവന്‍ തേക്കാനാണ് പറഞ്ഞിരിക്കുന്നത്. പലര്‍ക്കും ഇപ്പോഴും ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വിട്ടുപോവാത്തതുപോലെയാണുള്ളത്. ഇതിനോടകം തന്നെ ചൊറിച്ചല്‍, നീറ്റല്‍ പോലെയുള്ള അസ്വസ്ഥതകള്‍ ആരംഭിച്ചവരുമുണ്ട്.


ജീവന്‍പണയം വെച്ചിട്ടാണ് ഇതിനിറങ്ങുന്നത് എന്നൊക്കെ ഞങ്ങള്‍ക്കുമറിയാം. പക്ഷേ, ഞങ്ങളെ സംബന്ധിച്ച് ഒരു ജീവനാണ് മുന്നിലുള്ളത്. മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറയുന്നത് വരെ അത് ഞങ്ങള്‍ക്ക് വിലപ്പെട്ട ജീവന്‍ തന്നെ, അത് മനുഷ്യനായാവും മൃഗമായാലും അങ്ങനെതന്നെയാണ്. അതുകൊണ്ടാണ് ഒരാള്‍ വെള്ളത്തിലകപ്പെട്ടുവെന്ന് പറയുമ്പോള്‍ അത് മലിനജലമാണോ മലവെള്ളമാണോ എന്നൊന്നും നോക്കാതെ ഞങ്ങളിറങ്ങുന്നത്. നാളെ എന്തെങ്കിലും അസുഖം വരുമോ ശരീരത്തിന് ദുര്‍ഗന്ധമുണ്ടാവുമോ എന്നൊന്നും ആ സമയത്ത് ചിന്തിക്കില്ല, ചിന്തിക്കാന്‍ പറ്റില്ല. ഫയര്‍ഫോഴ്‌സിലെ എല്ലാവരും അങ്ങനെതന്നെയായിരിക്കും. എന്തിനും സജ്ജമായാണ് ഞങ്ങള്‍ സദാസമയവുമുള്ളത്. അങ്ങനെ ചെയ്യുന്നതില്‍ സന്തോഷവും സംതൃപ്തിയുമാണുള്ളത്. ഫയര്‍ഫോഴ്‌സിലെ ഓരോ അംഗവും അങ്ങനെ തന്നെ. അതാണ് ഞങ്ങളുടെ കര്‍ത്തവ്യം എന്ന് എല്ലാവരും ഒരുപോലെ തിരിച്ചറിയുന്നു.
ചിത്രങ്ങള്‍: ബിജു വര്‍ഗീസ്/ മാതൃഭൂമി





+2
Content Highlights: fireforce Officer shares experience Tragic Rescue Effort in Thiruvananthapuram canal accident death
Published: 16 Jul 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented