തിരുവനന്തപുരം:  ശുചീകരണതൊഴിലാളി ജോയിയുടെ മരണത്തോടെ പ്രധാന ചര്‍ച്ച ആമയിഴഞ്ചാന്‍തോട്ടിലെ മാലിന്യമാണ്. റെയില്‍വേ പ്ലാറ്റ് ഫോമിന് അടിയിലെ ടണലിലെ മാലിന്യം നീക്കം ചെയ്യാത്തതിനെതിരേ നഗരസഭ രംഗത്തുവന്നു. നഗരസഭയുടെ വാദങ്ങള്‍ തള്ളി റെയില്‍വേയും മാധ്യമങ്ങളുടെ മുന്നിലെത്തി.  

To advertise here,

എന്താണ് മാലിന്യനീക്കത്തില്‍ സംഭവിച്ചത്? പരിശോധിക്കാം- ശുചീകരണത്തൊഴിലാളി ജോയി പെട്ടുപോയത് ഈ മാലിന്യം കുമിഞ്ഞുകൂടിയ ആമയിഴഞ്ചാന്‍ തോട്ടിലാണ്. ഈ മാലിന്യക്കൂമ്പാരമാണ് ജോയിയുടെ ജീവന്‍ കവര്‍ന്നെടുത്തത്. അതുകൊണ്ടുതന്നെ ജോയിയുടെ മരണം മാലിന്യ സംസ്കരണത്തിലെ അപാകതയിലേക്കുള്ള ചൂണ്ടുവിരല്‍കൂടിയാണ്. ആരാണ് ഇതിന്റെ യഥാര്‍ത്ഥ ഉത്തരവാദി? 

ജോയിക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസമായത് റെയിവേ പ്ലാറ്റ് ഫോമിന് അടിയിലൂടെ കടന്നുപോകുന്ന ടണലിലെ വലിയ മാലിന്യക്കൂമ്പാരമാണ്. ഈ മാലിന്യ നിക്ഷേപം നീക്കംചെയ്യേണ്ടത് റെയില്‍വേ തന്നെയാണ്. ഇതിനായി മൂന്നുതവണ നഗരസഭ സെക്രട്ടറി മെയ് ഏഴിനും പതിനേഴിനുമാണ് നോട്ടീസ് നല്‍കിയത്. ഒടുവില്‍ കഴിഞ്ഞമാസം പത്തൊമ്പതിന് മുന്നറിയിപ്പ് നോട്ടീസും നല്‍കി. പക്ഷെ, റെയില്‍വേ തിരിഞ്ഞുനോക്കിയില്ല. ഇത് റെയില്‍വേ പരസ്യമായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നിഷേധിച്ചെങ്കിലും നഗരസഭ റെയില്‍വേക്ക് മൂന്നുതവണ നോട്ടീസ് നല്‍കിയതിന്റെ തെളിവുകളും പുറത്തുവന്നു.

ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കംചെയ്യുന്നത് സംബന്ധിച്ച ഈ തര്‍ക്കം ജോയിയുടെ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടയില്‍ തന്നെ തുടങ്ങിയിരുന്നു. ആമയിഴഞ്ചാന്‍ തോടിന്റെ ശുചീകരണത്തിന് റെയില്‍വേയുടെ സഹകരണംകൂടി ആവശ്യമാണ്. എന്നാല്‍, റെയില്‍വേയുടെ വാദവും പരിശോധിക്കപ്പെടേണ്ടതാണ്. ഈ ടണലിലേക്ക് എത്തുന്ന മാലിന്യം കോര്‍പ്പറേഷന്റെ പരിധിയില്‍നിന്ന് ഒഴുകിവരുന്നവയാണ്. അത് തടയുന്നതിന് വേണ്ട നടപടി കാര്യക്ഷമമാക്കേണ്ടത് നഗരസഭയാണ്. അതിനുള്ള നടപടികള്‍ അവരുടെ ഭാഗത്തുനിന്നുമുണ്ടാകണം.

റെയില്‍വേയുടെ ഭാഗത്തേക്ക് പ്രവേശിക്കുമ്പോഴേക്കും തോടിന്റെ വീതി കുറയുന്നത് വലിയ വെല്ലുവിളിയാണ്. ഇവിടെ മാലിന്യം കെട്ടിക്കിടന്ന് കല്ലുപോലെ കട്ടിയാകുന്നത് വെള്ളമൊഴുക്ക് തടയുന്നു. ഈ സമയത്ത് മഴയത്ത് വലിയതോതില്‍ വെള്ളമെത്തുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇത് കൃത്യമായി മാറ്റേണ്ടതുണ്ട്. അതിന് റെയില്‍വേയുടെ സഹകരണവും ആവശ്യമാണ്. ആമയിഴഞ്ചാന്‍ തോട്ടില്‍ മാത്രമല്ല റെയില്‍വേയുടെ അനാസ്ഥ. അതിന് ഈ ദൃശ്യങ്ങൾത്തന്നെ തെളിവ്-

placeholder
കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് മാലിന്യം മലപോലെ കൂട്ടിയിട്ടിരിക്കുന്നത് നഗരസഭാ സെക്രട്ടറി ചോദ്യംചെയ്യുന്നു.

കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് മാലിന്യം മലപോലെ കൂട്ടിയിട്ട നടപടി നഗരസഭാ സെക്രട്ടറി ചോദ്യംചെയ്യുന്നതാണ് ദൃശ്യങ്ങളില്‍. കഴിഞ്ഞ മേയിലാണ് സംഭവം. നാട്ടുകാര്‍ക്ക് മാലിന്യം ബുദ്ധിമുട്ടായപ്പോള്‍ നഗരസഭ നോട്ടീസ് നല്‍കി. എന്നിട്ടും മാലിന്യം  നീക്കാന്‍ കൂട്ടാക്കാതിരിന്നതോടെയണ് സെക്രട്ടറി നേരിട്ടെത്തി റെയില്‍വേയോട് ക്ഷുഭിതനായത്. ഒട്ടും വൈകിയില്ല റെയില്‍വേ അധികൃതര്‍ മാലിന്യം നീക്കംചെയ്തു.

മാലിന്യ നീക്കത്തന് പുറമെ തോട്ടിലേക്ക് മാലിന്യം എത്തുന്നത് തടയേണ്ടത് കോര്‍പ്പറേഷന്റെ ഉത്തരവാദിത്വമാണ്. തോട്ടിലെ മാലിന്യ നിക്ഷേപത്തിന് പൊതുജനങ്ങളും ഉത്തരവാദികളാണ്. തോട്ടിലേക്ക് പ്ലാസ്റ്റ്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നതിന് ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടെങ്കിലും അതിനെതിരെ നടപടി ഉണ്ടാകുന്നില്ല. ബോധവത്കരണം മാത്രം മതിയാകില്ല ഇതിന്. നഗരസഭ ചുമതലപ്പെടുത്തുന്നവര്‍ പോലും ആമയിഴഞ്ചാന്‍ തോട്ടില്‍ രാത്രിയില്‍ മാലിന്യം തള്ളാറുണ്ട്. 

ഇതിനിടെ, ആറ്റുകാല്‍ കാലടി ബണ്ട് റോഡില്‍ കോര്‍പറേഷന്‍റെ സ്വന്തം ലോറിയില്‍ ജീവനക്കാര്‍ മാലിന്യം കിള്ളിയാറ്റിന്റെ തീരത്ത് തള്ളുന്ന ദൃശ്യങ്ങള്‍പുറത്തുവന്നു. വഴിയാത്രക്കാരനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മഴയില്‍ മാലിന്യം മുഴുവന്‍ കിളളിയാറ്റിലേക്ക് ഒലിച്ചിറങ്ങും. ഇത്തരം സംഭവങ്ങള്‍
 ഉള്ളപ്പോള്‍ ജനങ്ങളെയും റെയില്‍വേയെയും മാത്രം എങ്ങനെ കുറ്റംപറയാന്‍ സാധിക്കും. ഇതാണ് തലസ്ഥാന നഗരത്തില്‍ നടക്കുന്നത്. മഴക്കാലത്തെ വെള്ളപ്പൊക്ക ഭീഷണിയും രോഗഭീഷണിയും മാത്രമല്ല ശുചികരണത്തിനിറങ്ങുന്നവരുടെ ജീവനുമെടുക്കുന്നതാണ് നഗരത്തിലെ മാലിന്യ പ്രശ്നം.