പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ഡിസംബര്‍ പതിനാറ്.. തെക്കന്‍ ഡല്‍ഹിയിലെ മുനിര്‍കയില്‍ രാത്രി സിനിമ കണ്ടിറങ്ങിയ പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചുപോവാനായി സുഹൃത്തിനൊപ്പം ഓട്ടോറിക്ഷ കാത്തിരിക്കുകയായിരുന്നു. സര്‍വീസില്‍ അല്ലാത്തൊരു ബസ് അവരുടെ സമീപത്ത് നിര്‍ത്തി സഹായം വാഗ്ദാനം ചെയ്തു, സമയം തെറ്റിയെത്തിയ സഹായം അപകടത്തിലേക്കാണെന്ന സൂചന തെല്ലും ഇല്ലാത്തതിനാല്‍ ഇരുവരും ബസ്സില്‍ കയറി യാത്ര ആരംഭിച്ചു. എന്നാല്‍ തെറ്റായ ദിശയിലേക്ക് പോവുന്ന ബസ്സ് തുടക്കത്തില്‍ തന്നെ അപായസൂചന നല്‍കി. പക്ഷെ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. തടയാന്‍ ശ്രമിച്ച ആണ്‍കുട്ടിയെ ബസ്സിലുണ്ടായിരുന്ന ആറ് പേര്‍ ചേര്‍ന്ന് ആക്രമിച്ചൊതുക്കി. പ്രതികൾ നിർഭയയെ ബസ്സിന്റെ പിന്നിലേക്ക്‌ വലിച്ചിഴച്ചു.  ഓരോരുത്തരായി പീഡിപ്പിച്ചു. സർവശക്തിയും ഉപയോഗിച്ച്‌ അവൾ എതിർത്തെങ്കിലും പ്രതികള്‍  മൃഗീയമായി അവളെ പിച്ചിചീന്തി. കൂട്ടബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനും ഇരയായ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ്‌ വടി കുത്തിയിറക്കി. ആന്തരികാവയവങ്ങള്‍ക്ക് പോലും പരിക്കേറ്റു. ആക്രമണത്തിന് ശേഷം മരണാസന്നയായ ആ പെണ്‍കുട്ടിയെ അവര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലുള്ള പെണ്‍കുട്ടിയെ വാഹനം കയറ്റി കൊലപ്പെടുത്താനും ശ്രമം നടന്നു. അവള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനേയും അവര്‍ ക്രൂരമായി ആക്രമിച്ച് റോഡരികില്‍ ഉപേക്ഷിച്ചു. വഴിയാത്രക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. ഇരുവരേയും ഉടന്‍ തന്നെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ തിരിച്ചുകിട്ടാനുള്ള സാധ്യതയില്‍ ഡോക്ടര്‍മാര്‍ അന്നേ സംശയം പ്രകടിപ്പിച്ചിരുന്നു. ചികിത്സദിവസങ്ങള്‍ പിന്നിട്ടു. വിദഗധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തോട് മല്ലടിച്ച് ഡിസംബര്‍ 29ന് അവള്‍ എന്നന്നേക്കുമായി ലോകത്തോട് വിടപറഞ്ഞു. 

To advertise here,

ആശുപത്രി കിടക്കയില്‍ അവള്‍ ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ പോയിക്കൊണ്ടിരിക്കെ പുറത്ത് അവള്‍ക്കുവേണ്ടിയുള്ള ഐക്യപ്പെടലുകളും സമരങ്ങളും പ്രതിഷേധജ്വാലകളും കൊടുമ്പിരി കൊള്ളുകയായിരുന്നു. ഫിസിയോതെറാപ്പിസറ്റായിരുന്ന ആ 23 വയസ്സുകാരിയെ, 'പേരില്ലാത്ത' ആ പെണ്‍കുട്ടിയെ ജനക്കൂട്ടം ഭയമില്ലാത്തവള്‍ എന്നര്‍ഥമുള്ള 'നിര്‍ഭയ എന്നുവിളിച്ചു. പീഡനത്തിനിരയാക്കപ്പെടുന്നവരുടെ പേര് വെളിപ്പെടുത്തരുതെന്ന് നിയമവ്യവസ്ഥ ഉണ്ടെന്നിരിക്കെ മാധ്യമങ്ങളും ആ പേരേറ്റുപിടിച്ചു. രാജ്യം പോലും ലജ്ജിച്ച് തലതാഴ്ത്തിപ്പോയ നിര്‍ഭയ കേസ് അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇടം നേടി. ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷയെ ചോദ്യം ചെയ്തും നിര്‍ഭയയ്ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ചര്‍ച്ചകള്‍ ശക്തമായി. പ്രതിഷേധം ആളിക്കത്തി. ആയിരക്കണക്കിന് ജനങ്ങള്‍ ഡല്‍ഹിയില്‍ തടിച്ചുകൂടി പ്രതിഷേധങ്ങള്‍ക്ക് തീകൊളുത്തി. രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള തെരുവുകളില്‍ ആയിരങ്ങള്‍ കൈകോര്‍ത്തുപിടിച്ച് ഐക്യപ്പെടലുകളുടെ, പ്രതിഷേധങ്ങളുടെ ആ ജ്വാലയേറ്റുവാങ്ങി. 

രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് ഉറക്കെ പ്രസ്താവിച്ചുകൊണ്ടുള്ള ആ പ്രതിഷേധം അന്നത്തെ മന്‍മോഹന്‍ സിങ് സര്‍ക്കാരിനേയും പിടിച്ചുലച്ചു. നിയമങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു. പ്രക്ഷോഭം നിയന്ത്രണാതീതമായതോടെ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് വര്‍മയുടെ മേല്‍നോട്ടത്തില്‍ ഒരു ജുഡീഷ്യല്‍ കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. അത് നയിച്ചത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള അതിവേഗ കോടതികളുടേയും ശക്തമായ നിയമങ്ങളുടേയും രൂപീകരണത്തിലേക്കായിരുന്നു. തുറിച്ചുനോട്ടം, വോയറിസം മനഃപൂര്‍വമുളളസ്പര്‍ശനം എന്നിവയേയും ലൈഗീക കൃറ്റകൃത്യങ്ങളിലുള്‍പ്പെടുത്തിക്കൊണ്ട് നിയമം പരിഷ്‌കരിക്കപ്പെട്ടു. 

നിര്‍ഭയ കേസിലെ ആറ് പ്രതികളേയും പോലീസ് അതിവേഗത്തിലാണ് പിടികൂടിയത്. പ്രതികളെ ജയിലിലാക്കിയെങ്കിലും മുഖ്യപ്രതിയായ ബസ് ഡ്രൈവര്‍ രാം സിങിനെ കൃത്യം നടന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ തിഹാറിലെ ജയിലഴിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റ് നാല് പ്രതികളെ 2020 മാര്‍ച്ചില്‍ വധശിക്ഷയ്ക്ക് വിധേയമാക്കി. പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ മൂന്ന് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് ശേഷം മോചിപ്പിച്ചു. 

ഉത്തര്‍പ്രദേശിലെ ദ്വാരക സ്വദേശികളാണ് നിര്‍ഭയയുടെ മാതാപിതാക്കളായ ആശാദേവിയും ബദ്രിനാഥ് സിങ്ങും. വൈകിയെങ്കിലും നീതി ലഭിച്ചുവെന്നായിരുന്നു പ്രതികളെ തൂക്കിലേറ്റിയതിനു പിന്നാലെ ആശാദേവി പ്രതികരിച്ചത്. ലൈംഗീക അതിക്രമത്തിന് വിധേയമാകുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ താന്‍ സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കും. തന്റെ ജീവിതം ഇനി അതിനുവേണ്ടിയായിരിക്കുമെന്നും അവര്‍ പറഞ്ഞു. മാര്‍ച്ച് 20ന് രാജ്യത്ത് നിര്‍ഭയ ദിവസമായി ആചരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിര്‍ഭയക്ക് നേരെയുളള നിര്‍ഭയമായ ആക്രമണം നടന്ന് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ആശാദേവി എന്ന പേര് നിര്‍ഭയയുടെ അമ്മ എന്ന വിശേഷണത്തില്‍ ഒതുങ്ങുന്ന ഒന്നായി മാത്രമല്ല അടയാളപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പോരാട്ടത്തിന്റെ പ്രതീകം കൂടിയായാണ്. 

നിര്‍ഭയയുടെ കൊലപാതകവും ആശാദേവിയുടെ പോരാട്ടവും ഇന്ത്യന്‍ നിയമത്തെ തന്നെ പരിഷ്‌കരിക്കുന്ന തരത്തിലുള്ളതായിരുന്നു. നിര്‍ഭയയ്ക്ക് നീതി ഉറപ്പാക്കാനുള്ള പോരാട്ടം സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെക്കുറിച്ചുളള ചര്‍ച്ചകളുടെ രീതിയെ തന്നെ പരിവര്‍ത്തനം ചെയ്തു. ആശാദേവിയുടെ ജീവിതവും അതോടെ മാറിമറിഞ്ഞു. വര്‍ഷങ്ങളോളം വീട്ടിനുള്ളില്‍ കുടുംബിനിയായി കഴിഞ്ഞിരുന്ന ആശാദേവി ഇന്ന് പൊതുധാരയിലേക്ക് ഇറങ്ങി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സജീവ സാമൂഹിക പ്രവര്‍ത്തകയാണ്.  'അതിജീവിതമാര്‍ക്ക് നീതി ഉറപ്പാക്കാനുള്ള പോരാട്ടത്തില്‍ ഞാനും അണിചേരും. എന്റെ മകള്‍ക്ക് ഞാന്‍ നല്‍കുന്ന ആദരമാണിത്..' നിര്‍ഭയയുടെ എട്ടാം ചരമവാര്‍ഷികത്തില്‍ ആശാദേവി മാധ്യമങ്ങള്‍ക്ക് മുന്നില്‍വെച്ചാണ് ഈ ഉറപ്പുനല്‍കിയത്. വാഗ്ദാനത്തില്‍ നിന്ന് തെല്ലും വ്യതിചലിക്കാതെ അവര്‍ പ്രവര്‍ത്തിക്കുകയാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി, ലൈംഗീക അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് നീതിയുറപ്പാക്കാന്‍ പോരാടുന്നവരുടെ കൂട്ടത്തില്‍ ഇന്ന് ആശാദേവിയും മുന്‍നിരയിലുണ്ട്. 

അനാമികയ്ക്ക് വേണ്ടി ആശ

2012ല്‍ ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 വയസ്സുകാരിക്ക് വേണ്ടിയാണ് ആശാദേവിയുടെ ഇപ്പോഴത്തെ പോരാട്ടം. അത്യപൂര്‍വമായ കേസ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേസില്‍ പ്രതിയെ തെളിവുകളില്ലെന്ന് കാണിച്ച് സുപ്രീം കോടതി വെറുതേവിട്ടിരുന്നു. അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് 2014ല്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചു. ഡല്‍ഹി ഹൈക്കോടതി ശിക്ഷ ശരിവെച്ചു. എന്നാല്‍ അപ്പീല്‍ സുപ്രീം കോടതിയിലെത്തിയതോടെ വ്യക്തമായ തെളിവുകളില്ലെന്ന് കാണിച്ച് പ്രതികളെ കോടതി മോചിതരാക്കി. അന്വേഷണത്തില്‍ പിഴവുള്ളതായും കോടതി നിരീക്ഷിച്ചു. കോടതി വിധിക്കെതിരേ വലിയ പ്രതിഷേധമാണ് പിന്നീട് ഉയര്‍ന്നത്. വര്‍ഷം പതിനായിരക്കണക്കിന് ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു രാജ്യത്ത് ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിക്ക് ലഭിക്കുന്ന നീതി എന്നാല്‍ ഇങ്ങനെയാണെന്നായിരുന്നു പത്തൊമ്പതുകാരിയുടെ മാതാപിതാക്കള്‍ വിധിയോട് പ്രതികരിച്ചത്. 

പത്തൊമ്പതുകാരിക്ക് നീതി ആവശ്യപ്പെട്ട് ആശാദേവിയുടെ നേതൃത്വത്തില്‍ പ്രതിഷേധസമരം അരങ്ങേറുകയാണിപ്പോള്‍. മെഴുകുതിരി തെളിയിച്ച് റാലി നടത്തി നിത്യവും അവര്‍ ദ്വാരകയില്‍ ഒത്തുകൂടുന്നു. നീതിക്ക് വേണ്ടി പോരാടുന്നു. കേസിലെ മൂന്ന് പ്രതികളേയും വെറുതേ വിട്ട വിധിക്കെതിരേ അവര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. എങ്കിലും കേസ് ആരും മറന്നിട്ടില്ലെന്ന് സൂചിപ്പിക്കാനാണ് അനാരോഗ്യം പോലും മറന്നുകൊണ്ട് ആശാദേവി രംഗത്തിറങ്ങിയിരിക്കുന്നത്. സുഹൃത്തുക്കളും പരിചയക്കാരും നാട്ടുകാരുമടക്കം നിരവധി പേരാണ് ദീപം തെളിയിച്ചുള്ള റാലികളില്‍ പങ്കെടുക്കുന്നത്. ചില ദിവസങ്ങളില്‍ പങ്കാളിത്തം കുറവായിരിക്കും, ചിലര്‍ പിന്തുണ അവസാനിപ്പിച്ച് തിരിച്ചുപോയി, പക്ഷെ ഞാന്‍ അവസാനിപ്പിച്ചിട്ടില്ല. ഇത് തുടരും. മോചിതരാക്കിയ വിധി കോടതി തിരുത്തണം. പ്രതികള്‍ ജയിലിലേക്ക് വീണ്ടും പോകണം'- ആശാദേവി പറഞ്ഞു. പ്രതികളെ മോചിപ്പിച്ച വിധിക്ക് പിന്നാലെ ആശാദേവി പത്തൊമ്പതുകാരിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിരുന്നു. ' എനിക്ക് നീതി ലഭിച്ചു, ഇനി നിര്‍ഭയയ്ക്കായി പോരാടേണ്ടതില്ല. പക്ഷെ  അന്ന് കോടതിമുറിക്കുള്ളില്‍ ഒറ്റയ്ക്കിരുന്ന് കരഞ്ഞ ആ കാലത്തെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു. മറ്റൊരാള്‍ക്കും  ഗതി ഉണ്ടാവരുത്. അതിനിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചതെന്നായിരുന്നു അവര്‍ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ കാലാവധിക്ക് മുന്‍പ് മോചിതരാക്കിയ കോടതി വിധിക്കെതിരേ സംഘടിപ്പിച്ച ഓണ്‍ലൈന്‍ കാമ്പെയ്‌നേയും ആശാദേവി പിന്തുണച്ച് രംഗത്തെത്തിയിരുന്നു. 

നിര്‍ഭയയുടെ പേരില്‍ ട്രസ്റ്റ്, പോരാട്ടം പെണ്‍മക്കള്‍ക്ക് വേണ്ടി

ലൈംഗിക അതിക്രമത്തിനിരയായി കൊല്ലപ്പെട്ട മകളുടെ പേരില്‍ ആശാദേവി ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. അതിജീവിതമാര്‍ക്ക് എല്ലാ സഹായവും നല്‍കാനായുള്ള ട്രസ്റ്റില്‍ വിരമിച്ച അഭിഭാഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരാണ് വളണ്ടിയമാര്‍മാരായി പ്രവര്‍ത്തിക്കുന്നത്.  അതിക്രമത്തെ അതിജീവിച്ചവര്‍ക്ക് വേണ്ടി നിയമോപദേശം മുതല്‍ എല്ലാത്തരം സഹായവും ട്രസ്റ്റ് നല്‍കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നൂറുകണക്കിന് കേസുകള്‍ ട്രസ്റ്റ് കൈകാര്യം ചെയ്തിട്ടുണ്ട്. 

പ്രതിഷേധസമരങ്ങളില്‍ ആശാദേവി മുന്‍പന്തിയിലുള്ളപ്പോള്‍ അത് പലപ്പോഴും പോലീസിനേയും അധികൃതരേയും ഒന്നുകൂടി ചിന്തിപ്പിക്കാറുണ്ടെങ്കിലും മകള്‍ കൊല്ലപ്പെട്ട് പത്ത് വര്‍ഷത്തിനിപ്പുറവും സ്ത്രീ സുരക്ഷയിലും മറ്റും അടിസ്ഥാനപരമായി മാറ്റം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ആശാദേവിയുടെ അഭിപ്രായം. നിര്‍ഭയ ആക്രമിക്കപ്പെട്ട 2012ല്‍ 24,923 ബലാത്സംഗ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. 2021ല്‍ അത് 31,677 ആണ്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ യാതൊരു കുറവും വന്നിട്ടില്ലെന്ന് ചുരുക്കം. നിയമം കടലാസില്‍ മാത്രം ഒതുങ്ങി. ഇത് ഇങ്ങനെ തുടരുകയാണെങ്കില്‍ നിയമത്തിലും നീതിയിലും ഞങ്ങള്‍ക്കുള്ള വിശ്വാസം തന്നെ നഷ്ടമാവും എന്നും അവര്‍ പറഞ്ഞു. 

കണ്ണീര്‍ നിലയ്ക്കാത്ത പത്ത് വര്‍ഷം

മകള്‍ മരിച്ച് പത്ത് വര്‍ഷം പിന്നിടുമ്പോഴും അമ്മയുടെ കണ്ണീര്‍ നിലച്ചിട്ടില്ല. മകളുടെ ഓര്‍മകള്‍ തിങ്ങിനിറയുമ്പോള്‍ അവര്‍ നിയന്ത്രണം വിട്ട് വിതുമ്പും, ചിലപ്പോള്‍ ആര്‍ത്തലച്ച് കരയും. ഡിസംബര്‍ പതിനാറ് പോലെയൊരു ദിവസം ആര്‍ക്കും നേരിടേണ്ടി വരരുത് എന്നാണ് ആശാദേവി പറഞ്ഞത്. ' ഫിസിയോതെറാപ്പിസ്റ്റ് കോഴ്‌സ് കഴിഞ്ഞ് ജോലിക്കായി ശ്രമിക്കുകയായിരുന്നു അവള്‍. ഒന്നുരണ്ട് സ്ഥലങ്ങളില്‍ ജോലിക്കായി ഇന്റര്‍വ്യൂ കഴിഞ്ഞിരുന്നു. ഒരു ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിച്ചു. ആശുപത്രിയില്‍ നിന്നുള്ള ഐഡി കാര്‍ഡ് വരെ അവള്‍ക്ക് ലഭിക്കുകയും ചെയ്തു. തിങ്കളോ ചൊവ്വയോ ജോലിക്ക് ചേരാനിരിക്കെയാണ് അവള്‍... ! 'അമ്മാ നിങ്ങളുടെ മകള്‍ ഇപ്പോള്‍ ഒരു ഡോക്ടറാണ്, സന്തോഷിക്കൂ അമ്മാ' എന്ന് അവള്‍ എപ്പോഴും പറഞ്ഞിരുന്നു. പക്ഷെ.. ആക്രമിക്കപ്പെട്ട ദിവസം സിനിമയ്ക്ക് പോയി മൂന്ന് നാല് മണിക്കൂറിനുള്ളില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് പറഞ്ഞാണ് അവള്‍ വീട്ടില്‍ നിന്നിറങ്ങിയത്. പക്ഷെ എത്രയോ മണിക്കൂറുകള്‍ കഴിഞ്ഞാണ് മകളെ കണ്ടത്, ചോരയില്‍ കുളിച്ച് ശരീരം മുഴുവന്‍ തകര്‍ന്ന നിലയില്‍.. ഒരു ദിവസം പോലും ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പോലും വിധിയെഴുതിയ അവസ്ഥയിലായിരുന്നു അവള്‍. അവളെ കണ്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് എവിടെ തുടങ്ങണം, എന്ത് ചെയ്യണം എന്ന് മനസ്സിലാവാത്ത സ്ഥിതിയായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. 12 ദിവസം അവള്‍ മരണവും ജീവിതവുമായി മല്ലിട്ടു. അവള്‍ ധീരയാണ്, അവള്‍ നിര്‍ഭയയാണ്. മരണക്കിടക്കയില്‍ അവള്‍ വെള്ളത്തിന് വേണ്ടി ചോദിച്ചുകൊണ്ടേയിരുന്നിരുന്നു. പക്ഷെ മകള്‍ക്ക് ഒരു സ്പൂണ്‍ വെള്ളം പോലും കൊടുക്കാന്‍ തനിക്കായില്ല. ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധമായി അത് അവശേഷിക്കുകയാണിപ്പോള്‍. ഇത്രയും വേദന തിന്ന് മരിക്കാന്‍ മാത്രം എന്ത് തെറ്റാണ് എന്റെ മകള്‍ ചെയ്തത് ! വേദനകൊണ്ട് അവള്‍ പുളയുന്നതിന് ദിവസങ്ങളോളം ഞാന്‍ സാക്ഷിയായിരുന്നു. അമ്മയെന്ന നിലയില്‍ ഞാനാകെ തകര്‍ന്നുപോയി. പക്ഷെ ആ വേദനയില്‍ നിന്നാണ് എനിക്ക് ഈ ശക്തി നേടാനായത്. അവള്‍ക്ക് നീതി ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ നിര്‍ഭയയ്ക്ക് വാക്കുനില്‍കിയിരുന്നു. അവളെ ഈ നിലയിലാക്കായവര്‍ക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം, അത് സാധിച്ചു.' ആശാദേവി പറഞ്ഞു. 

നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ വിചാരണവേളയില്‍ ഒരു ദിവസം പോലും ആശാദേവി കോടതികളിലെത്താതിരുന്നിട്ടില്ല. വീട് പാടെ മറന്നു. ഏഴ് വര്‍ഷം കോടതി മുറികള്‍ കയറിയിറങ്ങി. നീതിക്കായി പോരാടി. അവിടെ വിദ്യാഭ്യാസമോ ലോകവിവരമോ ഒന്നും അവര്‍ക്ക് തടസമായിരുന്നില്ല. വിദ്യാഭ്യാസം കൊണ്ട് എട്ടാംക്ലാസ്സുകാരിയായിരുന്നതിനാല്‍ കോടതിയുടെ സാങ്കേതിക കാര്യങ്ങള്‍ പലതും മനസ്സിലാക്കാന്‍ പോലും അവര്‍ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും അവരെ തന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിച്ചില്ല. കരഞ്ഞും വിങ്ങിപ്പൊട്ടിയും ചിലപ്പോള്‍ പൊട്ടിത്തെറിച്ചും അവര്‍ മാധ്യമങ്ങളില്‍, ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. ദൈന്യത നിറഞ്ഞ അവരുടെ മുഖം തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്തുണ ഒഴുകിയെത്തി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങളും സംഘടിപ്പിക്കപ്പെട്ടു. 

അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിങ്ങനെ നാല് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചപ്പോഴും അതിനെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു. വധശിക്ഷ കുറ്റകൃത്യം ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യില്ലെന്നായിരുന്നു ചില വാദങ്ങള്‍. എന്നാല്‍ ആശാദേവി ഇതിനെതിരേയും ശക്തമായി രംഗത്തെത്തി. 'എല്ലാവരും പ്രതികള്‍ക്ക് നല്‍കേണ്ട മാനുഷിക പരിഗണനയെക്കുറിച്ച് പറയുന്നു, അകാലത്തില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട എന്റെ മകള്‍ക്കുള്ള പരിഗണന എവിടെയാണ്, വധശിക്ഷ കൊണ്ട് ഒന്നും മാറില്ലായിരിക്കും. എന്നാല്‍ കൃത്യം ചെയ്യുന്നവര്‍ ഭയപ്പെടുമെങ്കിലും ചെയ്യും എന്ന പ്രതികരണത്താലാണ് അവര്‍ വിമര്‍ശനങ്ങളെ നേരിട്ടത്. 

മകള്‍ മരിച്ചു, പ്രതികള്‍ക്ക് എന്ത് ശിക്ഷ ലഭിച്ചാലും മകളെ തിരിച്ചുകിട്ടില്ലല്ലോ, അതുകൊണ്ട് കേസ് അവസാനിപ്പിക്കണമെന്ന് പലരും ആശാദേവിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അതൊന്നും കേട്ട് തളരാന്‍ ആ അമ്മ തയ്യാറായില്ല. ഇടയ്ക്ക് ഭയപ്പെട്ടെങ്കിലും നിയമപോരാട്ടം തുടര്‍ന്നു. "ഇത്രയും ക്രൂരമായ കൃത്യം ചെയ്തിട്ടും ഈ പ്രതികളെ തൂക്കിലേറ്റിയില്ലെങ്കില്‍ പിന്നെ ഏത് കുറ്റകൃത്യത്തിനാണ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കുക എന്നാണ് താന്‍ ആലോചിച്ചത്. എനിക്ക് മകളെ രക്ഷിക്കാനായില്ല. വധശിക്ഷ ഉറപ്പാക്കാനായാല്‍ ബാക്കി ജീവിതം സമാധാനത്തോടെ കഴിയാം എന്നാണ് താന്‍ ചിന്തിച്ചിരുന്നത്. ഇപ്പോള്‍ എനിക്ക് ആ രീതിയില്‍ സമാധാനിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ എന്റെ പോരാട്ടം നിലച്ചിട്ടില്ല. ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് വേണ്ടി, അതിജീവിതമാര്‍ക്ക് നീതി ഉറപ്പാക്കാനുള്ള പോരാട്ടത്തില്‍ ഞാന്‍ ഇനിയും ഉണ്ടാകും, ഏറ്റവും മുന്നില്‍ തന്നെ..." ആശാദേവി പറഞ്ഞു.