ന്യൂഡല്‍ഹി: ഗാസിയാബാദില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവം നിര്‍ഭയയെ ഓര്‍മിപ്പിക്കുന്നുവെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍. അതിക്രൂരവും അസ്വസ്ഥതപ്പെടുത്തുന്നതുമാണ് ഈ റിപ്പോര്‍ട്ട്. കേസിലെ എല്ലാ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണം. ഇവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും വനിതാകമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. 

To advertise here,

ഒക്ടോബര്‍ 16-നായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. സഹോദരന്റെ പിറന്നാളാഘോഷത്തിന് പോകാനായി റോഡിന് സമീപത്ത് ഓട്ടോറിക്ഷയ്ക്കായി കാത്തുനിന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കുകയായിരുന്നു. കയ്യും കാലും കെട്ടി ബലാത്സംഗത്തിനിരയാക്കുകയും സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് അടിച്ചുകയറ്റുകയും ചെയ്തു. രണ്ട് ദിവസത്തോളം ക്രൂരപീഡനത്തിനിരയാക്കിയതിനുശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു. അഞ്ച് പേരുള്ള സംഘമാണ് കൃത്യത്തിന് പിന്നിലുള്ളത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. 

പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണണെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചു. ഡല്‍ഹിയിലെ സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷസംബന്ധിച്ച ആശങ്കയും വനിതാകമ്മീഷന്‍ പങ്കുവെച്ചു.