
കാംപസില്‍ നടന്ന ആള്‍ക്കൂട്ട വിചാരണയില്‍ സാക്ഷര കേരളം തലതാഴ്ത്തി നിന്നുപോയ എക്കാലത്തേയും ഭീതിദ സംഭവമായിരുന്നു 2005 ഒക്ടോബര്‍ 21 ന് കോട്ടയത്തെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷണില്‍ നടന്നത്. വെറും ആള്‍ക്കൂട്ട വിചാരണയ്ക്കപ്പുറം ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ആദ്യ സംഭവവും ഇതായിരുന്നു. ഈയടുത്ത് ആലുവയിലെ അഞ്ചുവയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ സംഭവമടക്കം നിരവധി കോളിളക്കം സൃഷ്ടിച്ച കേസുകള്‍ തെളിയിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി.മോഹന്‍ രാജായിരുന്നു അന്ന് കോട്ടയം എസ്.എം.ഇ കോളേജിലെ കേസിലും ഹാജരായിരുന്നത്. സംഭവത്തെ കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നതിങ്ങനെ.
ഒരു മുറിയിലേക്ക് റാഗ് ചെയ്യാന്‍ നിര്‍ബന്ധിച്ച് വിളിപ്പിച്ചതായിരുന്നു സംഭവത്തിന്റെ തുടക്കം. അവര്‍ പറയുന്നത് പോലെ ചെയ്താല്‍ പെട്ടെന്ന് വിടുമെന്നും അല്ലെങ്കില്‍ ഉപദ്രവിച്ച് കളയുമെന്നും കൂടെയുള്ളവര്‍ പറഞ്ഞപ്പോഴാണ് ഈ കുട്ടി അവരുടെ മുറിയിലേക്ക് പോയത്. പക്ഷെ മൂന്ന് വിദ്യാര്‍ഥികള്‍ ആ കുട്ടിയെ പീഡിപ്പിക്കുന്ന അവസ്ഥയിലേക്കെത്തുകയായിരുന്നു. ആദ്യമൊന്നും ഈ സംഭവം കുട്ടി പുറത്തു പറഞ്ഞിരുന്നില്ല. പക്ഷെ അപ്പോഴേക്കും വലിയ ട്രോമയില്‍ അകപ്പെട്ടുപോയിരുന്നു. കുറെ ദിവസങ്ങള്‍ക്ക് ശേഷം ഈ വിദ്യാര്‍ഥി വീണ്ടും ക്ലാസിലെത്തിയ സമയത്ത് എന്തോ കാര്യത്തിന് അന്ന് തന്നെ ഉപദ്രവിച്ച മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പെട്ടെന്ന് ക്ലാസിലേക്ക് കയറി വന്നു. അവരെ കണ്ടതോടെ കുട്ടി ക്ലാസില്‍ ബോധം കെട്ട് വീഴുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ച് മാനസികാരോഗ്യ വിദഗ്ധര്‍ ചോദിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം ആദ്യമായി അവരോട് പറയുന്നത്. തുടര്‍ന്ന് വലിയ നിയമ പോരാട്ടത്തിന് ശേഷം മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കാന്‍ കഴിഞ്ഞതായും അഡ്വ.മോഹന്‍ രാജ് ഓര്‍ക്കുന്നു.
വലിയ വെല്ലുവിളിയായിരുന്നു കേസ്. മാനസികാസ്വാസ്ഥ്യമുള്ളത് കൊണ്ട് കുട്ടി കള്ളം പറയുന്നുവെന്നായിരുന്നു അന്ന് പ്രതിഭാഗം വാദിച്ചത്. പക്ഷെ പീഡനമായിരുന്നു യഥാര്‍ഥ കാരണമെന്ന് തെളിയാക്കാനായി. എല്ലാ വിഷയത്തിലും 90 ശതമാനത്തോളം മാര്‍ക്ക് നേടിയ മിടുക്കി കുട്ടിയായിരുന്നു അവള്‍. സാമ്പത്തികമില്ലാത്തത് കൊണ്ടുമാത്രമായിരുന്നു നഴ്സിങ്ങിന് വന്നത്. ഇങ്ങനെ അപ്രതീക്ഷിതമായി ആള്‍ക്കൂട്ട വിചാരണയ്ക്കോ റാഗിങ്ങിനോ ഒക്കെ ഇരയാവുന്ന കുട്ടികള്‍ക്കുണ്ടാവുന്ന മാനസികാഘാതം ചിന്തിക്കാവുന്നതിനും അപ്പുറത്താണെന്നും അന്തസ്സിന് കളങ്കമേല്‍ക്കുക എന്നതാണ് ഒരു വ്യക്തിയെ ഏറ്റവും വേദനിപ്പിക്കുന്നതെന്നും മോഹന്‍ രാജ് ചൂണ്ടിക്കട്ടുന്നു.

- ആള്‍ക്കൂട്ട വിചാരണയുടെ മനശ്ശാസ്ത്രം
എന്റെ മകനെ പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോ മൂന്ന് ദിവസമായി ആഹാരം കഴിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് കിട്ടിയത്. കുറച്ചുവെള്ളമെങ്കിലും അവനെ കൊല്ലാന്‍ നേരം കൊടുക്കാമായിരുന്നല്ലോ..? ഞാന്‍ അവന് ഭക്ഷണം കൊടുക്കാനും പഠിപ്പിക്കാനുമാണ് ഈ പ്രായത്തിലും ഗള്‍ഫില്‍ ജോലി ചെയ്യുന്നത്.-വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നിന്ന് ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട രണ്ടാം വര്‍ഷ ബി.വി.എസ്.സി വിദ്യാര്‍ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥന്റെ പിതാവ് ടി.ജയപ്രകാശ് നെഞ്ചുപൊള്ളുന്ന വേദനയില്‍ കേരളത്തോട് പറഞ്ഞ വാക്കുകളാണിത്. എന്താണ് ഈ അതിക്രൂരതയക്ക് ആ കുട്ടികളെ നയിച്ചതെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.
രണ്ട് ബെല്‍റ്റുകള്‍ മുറിഞ്ഞ് തീരും വരെ, കഴുത്തില്‍ ഇലക്ട്രിക് വയറിട്ട് വലിച്ച് ശ്വാസം മുട്ടിച്ച്, നിലത്ത് വീണപ്പോള്‍ ചവിട്ടികൂട്ടി, വിദ്യാര്‍ഥികളുടെ മുന്നിലിട്ട് നഗ്നരാക്കി മര്‍ദിച്ച് കൊലപ്പെടുത്താന്‍ മാത്രം എന്തു കുറ്റമാണ് ആ 22 വയസ്സുകാരന്‍ ചെയ്തത് എന്ന ചോദ്യത്തിന് ഇതുവരെ ആര്‍ക്കും ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെയാണ് ഇത്തരം ആള്‍ക്കൂട്ട മര്‍ദനത്തിന് പിന്നിലെ മാനസികാവസ്ഥയെ കുറിച്ച് ചര്‍ച്ചയാവുന്നത്. നടന്നുപോവുമ്പോള്‍ കാലൊന്ന് തട്ടി ചോരവരുന്നത് കാണുമ്പോള്‍ പോലും തലചുറ്റല്‍ വരുന്ന ചില ആളുകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. കാരണം അത്രമാത്രമേയുള്ളൂ സാധാരണ മനുഷ്യന്റെ സഹനശേഷി. മനുഷ്യനെ മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത് ഈയൊരു മാനസികാവസ്ഥയാണെന്ന് പറയുന്നു കോഴിക്കോട് ചേതന സെന്റര്‍ ഫോര്‍ ന്യൂറോസൈക്കാട്രറിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.എന്‍ സുരേഷ് കുമാര്‍. ഇവിടെയാണ് പൂക്കോട്ട് സര്‍വകലാശാലയിലെ ആള്‍ക്കൂട്ടക്കൊലയെ നമ്മള്‍ വിലയിരുത്തേണ്ടത്.
- മോബ് സൈക്കോളജി
ഇത്തരം ആള്‍ക്കൂട്ട മര്‍ദനത്തിന് കാരണമാകുന്ന അവസ്ഥയെ മോബ്‌സൈക്കോളജിയെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഏതെങ്കിലും ഒരു വ്യക്തി തുടങ്ങിവെക്കുകയും അത് പിന്നീട് മറ്റുള്ളവര്‍ ഏറ്റെടുക്കുകയും ചെയ്യുന്ന അവസ്ഥ. ഒരാള്‍ തുടങ്ങിവെച്ച കാര്യം മറ്റുള്ളവര്‍ ഏറ്റെടുക്കുമ്പോഴേക്കും അനിയന്ത്രിതമായ അവസ്ഥയിലേക്ക് മാറും. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നിലും ഇത്തരം മോബ്‌സൈക്കോളജിയാണെന്ന് ചൂണ്ടിക്കാട്ടുന്നു സുരേഷ് കുമാര്‍.
മോബ്‌സൈക്കോളജിയെന്ന് പറയുമ്പോഴും ഇത് തുടങ്ങിവെക്കുന്ന ഏതെങ്കിലും ഒരു വ്യക്തിയുണ്ടാവും. ഇത്തരം ആക്രമണങ്ങള്‍ കണ്ട് ആനന്ദം കൊള്ളുന്ന അതില്‍ സന്തോഷം കണ്ടെത്തുന്ന വ്യക്തിത്വത്തിന് ഉടമായിരിക്കും ഇയാള്‍. അക്രമണത്തിന് ഇരയായ ആള്‍ കൊല്ലപ്പെടുമ്പോഴോ അല്ലെങ്കില്‍ അയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുമ്പോഴോ തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ച സന്തോഷത്തിലുമായിരിക്കും ഇയാള്‍. അല്ലാതെ സാധാരണ വ്യക്തിത്വമുള്ള മനുഷ്യര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരക്കാരെ സാഡിസ്റ്റിക് പേഴ്‌സണാലിറ്റി എന്നാണ് പറയുന്നത്. അതായത് വ്യക്തിത്വ വൈകല്യമുള്ളവര്‍. ഇര എത്രകണ്ട് വേദനക്കുന്നോ അത്രകണ്ട് സന്തോഷം ലഭിക്കുന്ന സ്വഭാവക്കാരാവും ഈ വ്യക്തികള്‍. സമാനമാണ് ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റിയുള്ള വ്യക്തികള്‍. പുതിയകാലത്ത് വലിയൊരു വിഭാഗത്തിന് ഈ സ്വഭാവ വൈകല്യമുണ്ടെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. സമൂഹ്യവിരുദ്ധ സ്വാഭാവ വൈകല്യമുള്ളവര്‍ എന്ന് വേണമെങ്കില്‍ മലയാളത്തില്‍ നമുക്കതിനെ പറയാം.
മറ്റുള്ളവര്‍ക്കെതിരേ നടത്തുന്ന ക്രൂരമായ ഉപദ്രവങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവരാണ്- ഈ സ്വഭാവക്കാരും. വലിയ രീതിയിലുള്ള ലഹരി ഉപയോഗം, ജയില്‍ശിക്ഷ, സമൂഹത്തിന് മുന്നില്‍ വില്ലനായി നില്‍ക്കുക, എന്നിവയെല്ലാമാണ് ഇത്തരക്കാര്‍ അഭിമാനത്തോടെ കാണുന്നത്. എവിടെ എത്തിയാലും ഇങ്ങനെയുള്ള ആളുകള്‍ പെട്ടെന്ന് സമാന മനസ്‌കരെ ചേര്‍ത്ത് ഗ്രൂപ്പുണ്ടാക്കും. അതില്‍ നിന്ന് വരുന്ന മോബ് സൈക്കോളജിയാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്നത്.
പൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ കാര്യത്തിലാണെങ്കില്‍ പോലും ഇത്തരം മോബ് സൈക്കോളജി കൃത്യമായി സംഭവിച്ചത് നമുക്ക് കാണാന്‍ കഴിയും. വീട്ടിലേക്ക് പോയ വിദ്യാര്‍ഥി എറണാകുത്ത് എത്തിയിടത്ത് നിന്നുമാണ് അവര്‍ തിരിച്ചു വിളിച്ചത്. രണ്ടോ രണ്ടരയോ മണിക്കൂര്‍ കൊണ്ട് വീട്ടിലെത്തേണ്ട കുട്ടിയായിരുന്നു. അവിടെ നിന്നും തിരിച്ച് വയനാട് വരെ എത്തിച്ചതിന്റെ പുറകില്‍ നടന്ന ഗൂഢാലോചന ഈ മോബ്‌സൈക്കോളജിയില്‍ നിന്നും രൂപപ്പെട്ടു വന്നതാണ്. ഇത്തരം അവസ്ഥയ്ക്ക് ലഹരി ഉപയോഗവും പ്രധാന കാരണമാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.
എല്ലാ മനുഷ്യരുടേയും ഉള്ളില്‍ ഇത്തരം സ്വഭാവ വൈകല്യം ഒളിഞ്ഞിരിക്കുന്നുണ്ടാവും. പക്ഷെ അത് എല്ലാവരും പുറത്തു കാണിക്കില്ല. കാരണം സിനിമയിലെ സെന്‍സര്‍ സംവിധാനം പോലെ ഇത്തരം സ്വഭാവ ദൂഷ്യങ്ങളെ പിടിച്ച് നിര്‍ത്താനുള്ള ശേഷി സാധാരണ വ്യക്തിയുടെ തലച്ചോറിനുണ്ടാവും. ഇതിന് പ്രധാന പങ്കുവഹിക്കുന്നത് തലച്ചോറിനുള്ളിലെ പ്രിഫ്രോണ്ടല്‍ ലോബ് എന്ന അവസ്ഥയാണ്. അമിതമായ ലഹരി ഉപയോഗം പ്രത്യേകിച്ച് എം.ഡി.എം.എ, എല്‍.എസ്.ഡി പോലുള്ളവയുടെ ഉപയോഗം ഈ പ്രീഫ്രോണ്ടല്‍ ലോബിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന സ്വഭാവം നമുക്ക് നല്‍കുന്നത് ഈ പ്രീഫ്രോണ്ടല്‍ ലോബിന്റെ പ്രവര്‍ത്തനമാണ്. ഇത് തടസ്സപ്പെടുന്നതോടെ എന്തും ചെയ്യാനുള്ള മാനസികാവസ്ഥ ഇത്തരക്കാര്‍ കാണിക്കുകയും ചെയ്യുന്നു-ഒരു തരത്തിലുള്ള സൈക്കോപാത്തായി മാറുകയും ചെയ്യും.

- കുറ്റകൃത്യങ്ങളുട നിസ്സാരവത്കരണം
ഇതില്‍ കുട്ടികളുടെ പ്രായത്തിനും പ്രധാന പങ്കുണ്ട്. കൗമാരത്തില്‍ നിന്നും യുവത്വത്തിലേക്ക് കടക്കുന്ന വിദ്യാര്‍ഥികളുടെ പ്രായമെന്നത് എന്തിനേയും സാഹസികമായി കാണുന്ന ഒരു സമയമാണ്. അവര്‍ ചെയ്ത് കൂട്ടുന്നതിനെ കുറിച്ചോ, അതിന്റെ അനന്തരഫലത്തെ കുറിച്ചോ ചിന്തിക്കാന്‍ തോന്നിപ്പിക്കാത്ത ഒരു സമയമാണത്. അതുകൊണ്ടാണ് തുടര്‍ച്ചയായി മര്‍ദിക്കുമ്പോഴും കെട്ടിത്തൂക്കുമ്പോഴും കമ്പിവടികൊണ്ട് അടിക്കുമ്പോഴുമൊന്നും അത് വരുത്തി വെക്കാവുന്ന വിനയെ കുറിച്ച് അവര്‍ ആലോചിക്കാതിരിക്കുന്നത്. ഇതിന് പുറമെ ഇത്തരം വയലന്‍സുകളെയെല്ലാം നിസ്സാരവത്കരിച്ചുകൊണ്ടാണ് പുതിയകാലത്ത് സിനിമകളും വീഡിയോ ഗെയിമുകളൊക്കെ വരുന്നത്. കഴിഞ്ഞ കുറച്ചുകാലത്തിനിടയ്ക്ക് പുറത്തിറങ്ങി വലിയ രീതിയില്‍ വിജയിക്കുന്ന സിനിമകള്‍, അത് ഏത് ഭാഷയിലായാലും ശരി, ആ സിനിമകള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി. കൂടുതലും വയലൻസ് ത്രില്ലറകളായിരിക്കുമത്. അതിന്റെ ഏറ്റവും വലിയ പ്രേക്ഷകര്‍ യുവജനങ്ങളായിരിക്കും. ഇത്തരം സിനികള്‍ അവരുടെ മനസ്സിലേക്ക് വലിയ സ്വാധീനമുണ്ടാക്കുന്നുണ്ട്.
ഇതിന് പുറമെ പുതിയകാലത്തെ പാരന്റിങ് സംവിധാനത്തില്‍ വന്ന മാറ്റവും പ്രധാന ഘടകമാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ പെടുന്ന പല കുട്ടികളുടേയും പശ്ചാത്തലം പരിശോധിക്കുമ്പോഴും ഭൂരിഭാഗം പേരും ഏതെങ്കിലും തരത്തിലുള്ള വ്യക്തിത്വ പ്രശ്‌നമുള്ള കുടുംബത്തില്‍ നിന്ന് വരുന്നവരാണെന്ന് കാണാന്‍ കഴിയും. അതായത് അമ്മയെ ഉപദ്രവിക്കുന്ന പിതാവിനെ കണ്ട് വളര്‍ന്നവര്‍, വീട്ടില്‍ എന്നും വഴക്കുള്ള കുടുംബത്തില്‍ നിന്നും വരുന്നവര്‍, പിരിഞ്ഞ് ജീവിക്കുന്ന അച്ഛനും അമ്മയും ഉള്ള കുടുംബത്തില്‍ നിന്നും വരുന്നവര്‍ അല്ലെങ്കില്‍ ഒരു തരത്തിലുള്ള സ്വാതന്ത്രവും അനുവദിക്കാത്ത രക്ഷിതാക്കളുള്ള കുടുംബത്തില്‍ നിന്നും വരുന്നവര്‍ എന്നിവരെല്ലാം ഇത്തരം പ്രശ്നങ്ങളില്‍ എത്തിപ്പെട്ടേക്കാം. ഇത്തരക്കാര്‍ നേരത്തെ പറഞ്ഞ മോബ്‌സൈക്കോളജിയെന്ന വ്യക്തിത്വ ദൂഷ്യമുള്ളവരുടെ ഗ്രൂപ്പില്‍ എളുപ്പം എത്തിപ്പെടുകയും അവരില്‍ പെട്ടെന്ന് ആകൃഷ്ടരാവുകയും ചെയ്യും.
- പാരന്റിങ്ങിലും വേണം മാറ്റം
പ്രധാനമായും രണ്ട് തരത്തിലുള്ള പാരന്റിങ് സംവിധാനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒതില്‍ ഒന്ന് പെര്‍മിസീവ് പാരന്റിങ്ങും മറ്റൊന്ന് പ്യൂണിറ്റീവ് പാരന്റിങ്ങുമാണ്. ഞാന്‍ കഷ്ടപ്പെട്ടത് പോലെ എന്റെ കുട്ടികള്‍ കഷ്ടപ്പെടാന്‍ പാടില്ലെന്നും പണമില്ലാത്തത് കൊണ്ട് എനിക്ക് ലഭിക്കാത്ത സുഖ സൗകര്യങ്ങളും മറ്റും എന്റെ കുട്ടികള്‍ക്ക് ലഭിക്കാതിരിക്കരുതെന്നും അവര്‍ എന്ത് വേണെങ്കിലും ചെയ്തുകൊള്ളട്ടെയെന്നും ചിന്തയുള്ള ഒരു തരം പാരന്റിങ് സംവിധാനമാണിത്. അത്തരം കുട്ടികള്‍ക്ക് ഒരു കണക്കുമില്ലാതെ പണം കൊടുക്കുന്നവരും എന്തുവേണെങ്കിലും വാങ്ങിച്ചുകൊടുക്കുന്നവരുമായിരിക്കും അവരുടെ രക്ഷിതാക്കള്‍. ഇങ്ങനെയുള്ള കുട്ടികള്‍ ഇത്തരം കുറ്റകൃത്യ ഗ്രൂപ്പുകളില്‍ കൂടുതലായി പെടുന്നത് കാണാം.
മറ്റൊന്ന് പ്യൂണിറ്റീവ് പാരന്റിങ് ആണ്. ഒരു തരത്തിലുള്ള സ്വാതന്ത്രവും അനുവദിക്കപ്പെടാത്ത കുട്ടികളായിരിക്കും ഈ വിഭാഗത്തില്‍ പെടുന്നത്. ഇത്തരക്കാര്‍ ഹോസ്റ്റലിലൊക്കെ എത്തിപ്പെടുമ്പോള്‍ പ്രത്യേകിച്ച് പ്രൊഫഷണല്‍ മേഖലയിലേക്ക് പഠിക്കാന്‍ വരുമ്പോള്‍ അവര്‍ പെട്ടെന്ന് മറ്റൊരു ലോകത്ത് തന്നെയായിരിക്കും എത്തിപ്പെടുക. വീട്ടില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് ചിന്തിക്കുന്നവരായിരിക്കും ഈ കുട്ടികള്‍. ഇവര്‍ ഹോസ്റ്റലുകളില്‍ എത്തിപ്പെടുന്നതോടെ സ്വാതന്ത്ര്യത്തിന്റെ മഹാസാഗരം തന്നെയായിരിക്കും അവര്‍ക്ക് മുന്നില്‍ തുറന്നുകൊടുക്കുന്നത്.
നമ്മുടെ കോളേജ് ഹോസ്റ്റലുകളില്‍ വാര്‍ഡന്‍മാരും മേല്‍നോട്ട ചുമതലയുള്ള മറ്റ് ജീവനക്കാരുമൊക്കെ പേരിന് മാത്രമായിരിക്കും. ഇത് ആരേയും പേടിക്കാതെ കഴിഞ്ഞുകൂടാനുള്ള സ്വതന്ത്രമാണ് ഈ കുട്ടികള്‍ക്ക് നല്‍കുന്നത്. ഹോസ്റ്റലുകള്‍ അങ്ങനെ വലിയ തോതിലുള്ള ലഹരി ഉപയോഗത്തിനും മദ്യപാനത്തിനും മറ്റ് അസാന്‍മാര്‍ഗിക പ്രവര്‍ത്തനം നടത്താനുമുള്ള ഇടമായി മാറുന്നു. ഹോസ്റ്റലുകള്‍ ഇടിമുറികളും അലിഖിത നിയമങ്ങളുള്ള കോടതികളായുമെല്ലാം മാറുന്നത് ഈ അനിയന്ത്രിത സ്വാതന്ത്ര്യം കൊണ്ടാണ്. അതുകൊണ്ടു തന്നെ ഇത് രണ്ടിനും ഇടയിലുള്ള പാരന്റിങ് സംവിധാനമാണ് ഏറ്റവും ഉചിതമെന്ന് പറയുന്നു ഡോ.പി.എന്‍ സുരേഷ് കുമാര്‍.

- തുറന്നിട്ട ജാലകം
1987-ല്‍ ആണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത് അശോകനും ജയറാമും പാര്‍വതിയുമെല്ലാം അഭിനയിച്ച ജാലകം എന്ന സിനിമ പുറത്തിറങ്ങുന്നത്. അശോകന്‍ എന്ന നടന്റെ എക്കാലത്തേയും കരിയര്‍ ബെസ്റ്റ് തന്നെയായിരുന്നു ജാലകം. ബന്ധുക്കളാല്‍ നിരന്തരം പ്രകോപിതനായി കോളേജില്‍ എപ്പോഴും പ്രശ്നക്കാരനായി മാറി ഒറ്റപ്പെട്ട് കഴിയന്ന കഥാപാത്രമാണ് സിനിമയിലെ അപ്പു. അവന്റെ ഏകാന്തതയേയും മാനസിക സംഘര്‍ഷത്തേയും കോളേജിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി തങ്ങളുടെ ലക്ഷ്യം നേടാനുള്ള ചട്ടുകമായി മാറ്റുന്നു. അതോടെ അവന്‍ കൂടുതല്‍ പ്രശ്‌നക്കാരനായി മാറുകയും ഒടുവില്‍ അബദ്ധത്തില്‍ ലൈബ്രറിയില്‍ വെച്ച് ഒരു നിരപരാധിയായ വിദ്യാര്‍ഥിയെ കുത്തുകയും ആ വിദ്യാര്‍ഥി കൊല്ലപ്പെടുന്നതോടെ അപ്പു കൊലപാതകിയായി മാറുകയും ചെയ്യുന്നതാണ് സിനിമ.
അശോകന്റെ അപ്പുവിലൂടെ നിസ്സഹായതയെ മുതലെടുക്കുന്ന ഇടതു വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ജാലകം. പുതിയ കാലത്ത് കലാലയങ്ങളില്‍ നിന്ന് ആള്‍ക്കൂട്ട മര്‍ദനങ്ങളുടേയും റാഗിങ്ങിന്റേയുമെല്ലാം വാര്‍ത്തകള്‍ നിരന്തരം ഉയര്‍ന്ന് വരികയും ഇതിനെല്ലാം പിന്നില്‍ ഏതെങ്കിലും വിദ്യാര്‍ഥി സംഘടനകള്‍ക്ക് പങ്കുണ്ടാവുകയും ചെയ്യുമ്പോള്‍ ജാലകം എന്ന സിനിമ ഇന്നും നല്‍കുന്നത് വലിയ ഉള്‍ക്കാഴ്ച തന്നെയാണ്.

കാംപസുകളിലെ ഇത്തരം നെറികേടുകളില്‍ ഏതെങ്കിലും ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തെ മാത്രം പ്രതിക്കൂട്ടില്‍ നിറുത്തുന്നതില്‍ കാര്യമില്ല. മാറേണ്ടത് രാഷ്ട്രീയം കോളേജുകളില്‍ നടപ്പിലാക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുലര്‍ത്തിവരുന്ന രീതിയാണ്. ജനാധിപത്യമെന്നത് കൊടിതോരണങ്ങളിലെ മുദ്രാവാക്യത്തില്‍ മാത്രം എഴുതിവെക്കാനുള്ളതല്ലെന്നും അത് പ്രാവര്‍ത്തികമാക്കാനുള്ളതാണെന്നു കൂടിയുള്ള ബോധ്യമുണ്ടാക്കാന്‍ കഴിഞ്ഞാലെ മറ്റ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് കൂടി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ആ കാംപസുകളില്‍ ഉണ്ടാവുകയുള്ളൂ.
പാര്‍ട്ടിക്ക് വേണ്ടി എന്തിനും തയ്യാറായി നില്‍ക്കുന്ന കുറേ അണികളെ സൃഷ്ടിച്ച് തങ്ങളുടെ മേല്‍ക്കോയ്മ കലാലയങ്ങളില്‍ സ്ഥാപിക്കുക എന്ന സ്വാര്‍ഥ താല്‍പര്യമല്ലാതെ വിദ്യാര്‍ഥികളെ പ്രബുദ്ധരാക്കണമെന്നോ, ഉചിതമായ രാഷ്ട്രീയ ബോധമുള്ള മനുഷ്യരാക്കണമെന്നോ ഇപ്പോഴുള്ള വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ, അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ആഗ്രഹമില്ല എന്ന ദുഃഖ സത്യം കാലങ്ങളായി നമ്മുടെ കാംപസുകളില്‍ നിലനില്‍ക്കുന്നുണ്ട്. കാംപസ് വിചാരണയുടെ ഇരകളായി ഇന്നും ആ ട്രോമയില്‍ നിന്ന് പുറത്തുവരാന്‍ കഴിയാത്ത ഒരുപാട് വിദ്യാര്‍ഥികള്‍ നമുക്ക് ചുറ്റിലുമുണ്ട്. ജീവിതവും സ്വപ്നവും നഷ്ടപ്പെട്ടവര്‍, ആത്മഹത്യയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍. അതുകൊണ്ടു തന്നെ ഇനിയെങ്കിലും 'കൊല്ലുന്ന കാംപസ് വിചാരണയ്ക്ക്' നമുക്ക് ഫുള്‍സ്റ്റോപ്പിടണം.

വിവാദമായ ചില കാംപസ് വിചാരണകള്‍
- 2005 ഒക്ടോബര്‍ 21- കോട്ടയം എസ്.എം.ഇ കോളേജിലെ വിദ്യാര്‍ഥിനി മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂര റാഗിങ്ങിനും കൂട്ടബലാത്സംഗത്തിനും ഇരയായി. മൂന്ന് വിദ്യാര്‍ഥികളെ കുറ്റക്കാരെന്ന് കണ്ടെത്തുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു.
- 2015 ഡിസംബര്‍ 1- കര്‍ണാടകയിലെ നഴ്സിങ് കോളേജില്‍ നിന്ന് കാംപസ് വിചാരണയ്ക്ക് ഇരയായി രാസലായനി കുടിപ്പിക്കപ്പെട്ട് ഗുരതരാവസ്ഥയിലായി
- 2016 വടകര ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ്. കോളേജിലെ രണ്ടാംവര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിനി അഷ്നാസ് ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് മാനസികാവസ്ഥ തകര്‍ന്ന് ആത്മഹത്യ ചെയ്തു
- 2017 തൃശ്ശൂര്‍ സ്വദേശി രാഗേഷ്(യഥാര്‍ഥ പേരല്ല) കോട്ടയം നാട്ടകം ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ നിന്ന് ക്രൂരമായ റാഗിങ്ങിന് ഇരയായി. വൃക്കകള്‍ക്ക് ഗുരുതമായി പരിക്കേറ്റു.
- 2017 വടകര വളയം കല്ലുനിര സ്വദേശി ജിഷ്ണുപ്രണോയ് പാലക്കാട് പാമ്പാടി കോളേജില്‍ നിന്ന് റാഗിങ്ങിന് ഇരയായി. തുടര്‍ന്ന് മരിച്ച നിലയില്‍ കാണപ്പെട്ടു.
- 2018 ആലപ്പുഴ മെഡിക്കല്‍ കോളജില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
- 2015 മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജില്‍ നിന്ന് മുഹമ്മദ് മുഹസിന്‍ ക്രൂരമായ റാഗിങ്ങിന് - ഇരയായി. സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനെതിരേ പരാതി നല്‍കിയതായിരുന്നു പ്രകോപനം. കണ്ണിന് ഗുരുതരമായി പരിക്കേറ്റു.
- 2021 മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി മഹേഷ് മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങ്ങില്‍ മനം നൊന്ത് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.
(കൊല്ലുന്ന കാംപസ് വിചാരണ പരമ്പര അവസാനിച്ചു)
പരമ്പര 1-കർണാടക കാമ്പസിൽ റാഗിങ്ങിൽ അന്നനാളം പൊളളിയ അശ്വതിക്ക് പറയാനുള്ളത്
പരമ്പര 2-മകന്‍ കൊല്ലപ്പെട്ടു, 'അമന്‍ മൂവ്‌മെന്റു'മായി പിതാവ്; റാഗിങ് വിരുദ്ധ നിയമത്തിന്റെ പിറവി
പരമ്പര 3-റാഗിങ് വൃക്ക തകര്‍ത്തു; 22-ാം വയസ്സില്‍ അഞ്ച് ഡയാലിസിസ്
Content Highlights: mob lynching and its psycological aspects
Published: 07 Mar 2024, 09:00 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented