കൊച്ചി: കോളേജ് ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ട ഏഴുലക്ഷം നഷ്ടപരിഹാരത്തുക പിന്‍വലിക്കാന്‍ കുടുംബത്തിന് ഹൈക്കോടതിയുടെ അനുമതി.
നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടതിനെതിരേ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലെ തീര്‍പ്പിന് വിധേയമായി തുക പിന്‍വലിക്കാനാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ഹര്‍ജിയിലെ തീര്‍പ്പിന് വിധേയമെന്ന് വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹര്‍ജിയില്‍ കക്ഷിചേര്‍ന്ന സിദ്ധാര്‍ഥന്റെ മാതാവ് എം.ആര്‍. ഷീബ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദികളായവര്‍ ഇപ്പോഴും മനുഷ്യത്വ രഹിതമായിട്ടാണ് പെരുമാറുന്നതെന്ന് ഇതില്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് മകനെ നഷ്ടപ്പെട്ടതിനെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ട നഷ്ടപരിഹാരത്തിലൂടെ പരിഹരിക്കാം എന്നതരത്തിലാണ് അവര്‍ പ്രചാരണം നടത്തുന്നത്.
ഏഴുലക്ഷം നഷ്ടപരിഹാരം കൊണ്ട് നികത്താവുന്നതല്ല തങ്ങള്‍ക്കുണ്ടായ നഷ്ടമെന്ന് സിദ്ധാര്‍ഥന്റെ അമ്മ വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ക്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 2024 ഓക്ടോബര്‍ ഒന്നിലെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഉത്തരവ് ചോദ്യം ചെയ്യാന്‍ വൈകിയതിനെ തുടര്‍ന്നാണ് ഏഴുലക്ഷം ഹൈക്കോടതിയില്‍ കെട്ടിവയ്ക്കാന്‍ സര്‍ക്കാരിനോട് നേരത്തേ നിര്‍ദേശിച്ചത്.
ബിജെപി നേതാവ് സന്ദീപ് വാചസ്പതി നല്‍കിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മിഷന്‍ സിദ്ധാര്‍ഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. മൂന്നാം കക്ഷിയുടെ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത് തെറ്റാണെന്നതടക്കമുള്ള വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.
Content Highlights: pookode college sidharthan death parents can withdraw compensation says kerala high court
Published: 09 Aug 2025, 07:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented