പ്രതീകാത്മക ചിത്രം
" ഒടുവിൽ ഇന്ന് പാമ്പും കോണിയും കളിക്കാനെങ്കിലും കഴിഞ്ഞു"- സംവിധായകൻ ലിജു കൃഷ്ണനിൽനിന്ന് ബലാത്സംഗം നേരിട്ട കേസിലെ പെൺകുട്ടി കടുത്ത ശാരീരിക- മാനസികവ്യഥകളിലൂടെ കടന്നുപോവുമ്പോൾ, ആശുപത്രി വാർഡിലെ ചുമരിൽ അവള്‍ എഴുതിയ വരികളാണിത്. അതും മൂന്നു ദിവസം മുമ്പ്. പാമ്പും കോണിയും പോലുള്ള നിസ്സാരമായ കളി കളിച്ചുതീര്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് ഇന്നത്തെ അവളുടെ നേട്ടം. ബലാത്സംഗത്തിനു ശേഷം ട്രോമയിൽ വീണുപോവുന്ന പെണ്‍കുട്ടികളില്‍ പലരും ഭക്ഷണം കഴിക്കാനോ വ്യക്തിശുചിത്വം പുലര്‍ത്താനോ കഴിയാത്ത അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അവരുടെ ചെറിയ നേട്ടങ്ങള്‍ പോലും കുറിച്ചിടാന്‍ തെറാപ്പിസ്റ്റ് പറയും. അതിന്റെ ഭാഗമായി ഇനിയും അതിജീവിച്ചിട്ടില്ലാത്ത ആ പെൺകുട്ടി ആുപത്രിച്ചുമരില്‍ കുറിച്ചതാണിത്. ഒറ്റയ്ക്ക് കുളിക്കാന്‍ കഴിയുന്നതും പല്ലു തേക്കാന്‍ കഴിയുന്നതുംവരെ മനസ്സിലുള്ളതെല്ലാം രേഖപ്പെടുത്തി സ്വയം ആത്മവിശ്വാസം നല്‍കി ജീവിതത്തെ കൈവിടാതിരിക്കാനുള്ള പെടാപ്പാടിലാണ് ഈ പെണ്‍കുട്ടി. പാമ്പും കോണിയും തനിക്ക് കളിച്ചു തീര്‍ക്കാനായെന്നും അതില്‍ താന്‍ വിജയിച്ചെന്നും ആവേശത്തോടെയാണ് അവള്‍ പറയുന്നത്. ആ വിജയവും പ്രയത്‌നവും മനസ്സിലാക്കണമെങ്കില്‍ അവള്‍ കടന്നുപോയ വഴികളും അനുഭവിച്ചു തീര്‍ത്ത യാതനകളും മനസ്സിലാക്കേണ്ടതുണ്ട്.
.jpeg?$p=37155f7&&q=0.8)
സംഭവശേഷം പി.ടി.എസ്.ഡി.( പോസ്റ്റ്‌ട്രോമാറ്റിക് സ്ട്രസ് ഡിസോര്‍ഡർ)യിലായ പെണ്‍കുട്ടിക്ക് പലപ്പോഴും ശുചിമുറിയിൽ പോവാനും ഒന്നെഴുന്നേറ്റ് നടക്കാനും സുഹൃത്തുക്കളുടെ സഹായം വേണം.'ചില നേരങ്ങളില്‍ അവളാകെ ഡൗണ്‍ ആകും. ഒപ്പം നിന്ന് മാനസ്സികമായി ശക്തി പകരുക, വേണ്ട സഹായങ്ങള്‍ ചെയ്യുക എന്നതേ ഞങ്ങള്‍ക്കു മുന്നിലുള്ളൂ.'എന്തിനും ഏതിനും തുണയായി ഒപ്പം നില്‍ക്കുന്ന ആ രണ്ട് സുഹൃത്തുക്കള്‍ ആശുപത്രി വാര്‍ഡില്‍വെച്ച് പറഞ്ഞു.
60 കിലോ ഗ്രം ഭാരമുണ്ടായിരുന്ന പെണ്‍കുട്ടി അതിക്രമശേഷം 30 കിലോ വരെ എത്തി. രണ്ട് തവണ ആത്മഹത്യാശ്രമവും നടത്തി. ആ അവസ്ഥയില്‍നിന്ന് ഇപ്പോൾ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കാനുള്ള കെല്‍പിലേക്ക് ഈ പെണ്‍കുട്ടി എത്തിയത് ആശുപത്രിയിലെ പരിചരണത്തിനു ശേഷമാണ്. ഡ്യൂട്ടിയുടെ ഭാഗമായി പരിചരിക്കാനെത്തിയ ഹൗസ് സര്‍ജന്‍മാരുംഅവൾക്ക് നിസീമമായ പിന്തുണയാണു നൽകുന്നത്.
'എന്നെ മൃഗസമാനമായി, നിഷ്ഠൂരമായി റേപ് ചെയ്ത ലിജു കൃഷ്ണ അവന്റെ സിനിമയുടെ റിലീസിലേക്കും പ്രമോഷന്‍ പണികളിലേക്കും കടക്കുമ്പോള്‍ ഞാനിവിടെ ആശുപത്രി കിടക്കയിലാണ്. കോടതി വിചാരണ തുടങ്ങിയിട്ടു പോലുമില്ല. എവിടെ എന്റെ നീതി...?'
ആ ചെറുശരീരത്തില്‍നിന്ന് ഉയരാവുന്ന അത്രയും ഉച്ചത്തിൽ പെണ്‍കുട്ടി ചോദിക്കുന്നു. ഇറങ്ങാന്‍ പോവുന്ന സിനിമക്കെതിരേ നിലകൊള്ളണമെന്ന നിലപാടൊന്നും പെൺകുട്ടിക്ക് ഇല്ല. പക്ഷെ, സിനിമയിലെ സംവിധായക ക്രഡിറ്റില്‍നിന്ന് ലിജു കൃഷ്ണയെ നീക്കം ചെയ്യണമെന്നാണ് ആവശ്യം.
.jpg?$p=2922c1a&&q=0.8)
'അന്നത്തെ ആക്രമത്തിനു ശേഷം ഞാനാകെ ബ്ലാക്ക്ഔട്ട് ആയ അവസ്ഥയിലായിരുന്നു. ആക്രമത്തിനു ശേഷം എന്നെ എന്റെ വീടിനു മുന്നില്‍ കൊണ്ട് ചെന്നിറക്കുമ്പോള്‍ മുകളിലേക്കുള്ള കോണി പോലും കയറാന്‍ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. വേച്ച് വേച്ചാണ് വീട്ടിലെത്തിയത്. ഇരുട്ടിനെയും വെളിച്ചത്തെയും ഭയന്നാണ് വരുംദിവസങ്ങള്‍ കഴിച്ചു കൂട്ടിയത്. വിശപ്പില്ലായ്മ അതിന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നു. എപ്പോഴും ഓക്കാനം വരുന്ന പ്രതീതി. എന്തെങ്കിലും കഴിച്ചാല്‍ തന്നെ ദഹിക്കാത്ത പ്രശ്‌നവുമുണ്ടായി. രണ്ട് വര്‍ഷക്കാലം ഭൂരിഭാഗം സമയവും കട്ടത്തൈരും പാലും കഴിച്ചാണ് ഞാന്‍ ജീവിച്ചത്. ഇടക്ക് പഴങ്ങള്‍ കഴിക്കാന്‍ ശ്രമിച്ചെങ്കിലും ഓറഞ്ചൊക്കെ അത് പോലെ തന്നെ ദഹിക്കാതെ വയിറ്റീന്നു പോയി', അവള്‍ കണ്ണീരോടെ പറഞ്ഞു. കുറെ നേരം നിശബ്ദത മാത്രം.
Also Read
'അനുഭവിച്ച ആ നിമിഷം മാത്രമല്ല നാം റേപ് ചെയ്യപ്പെടുന്നത്. ഓരോ നിമിഷവും ആ ആക്രമം ആലോചിച്ചും അത് റീലിവ് ചെയ്തും മനസ്സ് തകര്‍ന്ന് ജീവിച്ചു മരിക്കുകയാണ് ഞാന്‍. ജീവിച്ചു മടുത്തിട്ടില്ല. പക്ഷെ, എന്റെ ജീവിതം മുഴുവനും ഇപ്പോള്‍ മടുപ്പുകള്‍ മാത്രമേയുള്ളൂ. ഓരോ സെക്കന്റും ഒരുതരം വല്ലാത്ത മരവിപ്പും വേദനയുമാണെനിക്ക്'. ഇത്രയും പറഞ്ഞ് എങ്ങോട്ടെന്നില്ലാതെ കണ്ണുമിഴിച്ചിരുന്നു അവള്‍. കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. ഒപ്പം നിന്ന സുഹൃത്തുക്കള്‍ കൈ മുറുകെ പിടിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. കണ്ടിരിക്കുന്നവരുടെ കണ്ണുകളും കലങ്ങി.
ആ നിശബ്ദത ഭേദിച്ച് അവളുടെ സുഹൃത്ത് തുടര്‍ന്നു: 'ആശുപത്രിയില്‍ ഷൂവോ ഹീല്‍സോ ഇട്ട് ആരെങ്കിലും നടക്കുന്ന ശബ്ദം കേട്ടാല്‍ അവളാകെ അസ്വസ്ഥയാകും. റേപ് സമയത്ത് അവന്‍ മുഖത്തടിച്ചതാണ് ഓർമ്മ വരിക. അപ്പുറത്താരെങ്കിലും സിഗരറ്റ് വലിക്കുന്ന മണം കേട്ടാല്‍ മുഖത്തേക്ക് സിഗരറ്റ് പുകയൂതിയ അക്രമിയെയാണ് ഓര്‍മ്മ വരുന്നത്, ആ തരത്തിലാണ് ബലാത്സംഗാനന്തരമുള്ള അവളുടെ ജീവിതം കടന്നു പോകുന്നത്."
.jpeg?$p=d5cdc2e&&q=0.8)
ഹീലിങ്ങ് തെറാപ്പിയിലേക്കും കൗണ്‍സിലിങ്ങിലേക്കും കടക്കണമെങ്കില്‍ ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ട്. ഇതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശപ്പില്ലായ്മയ്ക്കും ഉറക്കകുറവിനും വയറ്റീന്ന് പോവാത്തതിനുമെല്ലാം പലവിധ മരുന്നുകള്‍ കഴിക്കുന്നുണ്ട്. അങ്ങനെയാണ് നഷ്ടപ്പെട്ട 30 കിലോയില്‍ നിന്ന് കുറെയേറെ അവളുടെ ശരീരം തിരിച്ചുപിടിച്ചത്. വ്യക്തിശുചിത്വം സൂക്ഷിക്കാന്‍ പറ്റാത്ത മാനസ്സികാവസ്ഥയായതിനാല്‍ മുട്ടറ്റം വരെയുണ്ടായിരുന്ന മുടി തോള്‍ വരെ ആശുപത്രിക്കാര്‍ വെട്ടിയൊതുക്കിയിരുന്നു
അവളെ ആശുപത്രിയിലെത്തിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്ത ഡോക്ടര്‍ പറയുന്നതിതാണ്: "സംഭവശേഷം ശാരീരികമായും മാനസികമായും വളരെയേറെ പ്രശ്‌നങ്ങളാണ് അവളിലുണ്ടായത്. ആദ്യമുണ്ടായത് അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡറായിരുന്നു. താന്‍ റേപ് ചെയ്യപ്പെട്ടു എന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. അത് പിന്നെ വിഷാദത്തിന്റെ ചില അവസ്ഥാന്തരങ്ങളിലെത്തിച്ചു. അക്രമിയുടെ ഭാഗത്ത് നിന്നുള്ള പലവിധ സമ്മര്‍ദ്ദങ്ങളും ആ സമയത്താണുണ്ടായത്. എന്താ ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ. രണ്ട് വര്‍ഷം ഈ അവസ്ഥയിലൂടെയാണ് പെണ്‍കുട്ടി കടന്നു പോയത്". തീര്‍ത്തും അപരിചിതനായ വ്യക്തിയില്‍ നിന്നല്ലാതെ പരിചയമുള്ള ആളുകളില്‍നിന്ന് ലൈംഗികാതിക്രമങ്ങള്‍ ഉണ്ടാവുമ്പോഴാണ് ഇരകള്‍ ഇത്തരം അവസ്ഥകളിലെത്തുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
ഡോക്ടര്‍ അവളെ കാണുമ്പോള്‍ ട്രോമ അധികമായി ശരീരം മുഴുവന്‍ വേദനിക്കുന്ന അവസ്ഥയിലായിരുന്നു:
"സമ്മര്‍ദ്ദം കൂടി ശരീരത്തിന്റെ പല ഭാഗങ്ങളിലും തീവ്രമായ വേദന അനുഭവിക്കുന്ന അവസ്ഥയിലായിരുന്നു അവളപ്പോള്‍. ശരീരഭാരം ക്രമാതീതമായി നഷ്ടപ്പെടല്‍, വയറിളക്കം, വിശപ്പില്ലായ്മ, വയറ് സംബന്ധമായ വലിയ ബുദ്ധിമുട്ടുകള്‍, മൂഡ് സ്വിങ്‌സ് തുടങ്ങിയ പ്രശ്‌നങ്ങൾ അലട്ടി. ഇരിക്കാനും നടക്കാനും ബാത്ത്‌റൂമില്‍ പോകാനും പരസഹായം വേണ്ടി വരുന്ന അവസ്ഥയിലായിരുന്നു. ശാരീരികമായി മെച്ചപ്പെട്ടാലേ തുടര്‍ന്നുള്ള ഹീലിങ്ങിനായി പെണ്‍കുട്ടിയെ തയ്യാറാക്കാന്‍ കഴിയുമായിരുന്നുള്ളൂ. ശാരീരികമായി തീരെ നല്ല അവസ്ഥയിലല്ലാത്തതിനാലാണ് അഡ്മിറ്റ് ചെയ്യാനായി ഞാന്‍ റഫര്‍ ചെയ്യുന്നത്." ഡോക്ടര്‍ പറഞ്ഞു.

സിനിമയുടെ സംവിധായക ക്രഡിറ്റില്‍നിന്ന് പ്രതിയുടെ പേരെടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് സി.ബി.എഫ്.സിക്കും മറ്റും പെണ്‍കുട്ടി കത്തെഴുതിയിട്ടുണ്ട്. ഇതുവരെ മറുപടി കിട്ടിയിട്ടില്ല. രണ്ടു വര്‍ഷത്തിലധികമായി റേപ്പ് റീലിവ് ചെയ്ത്, അതികഠിനമായ ശാരീരിക അവസ്ഥകളിലൂടെ കടന്നു പോകുന്ന പെൺകുട്ടിക്ക് ഒരാവശ്യമേയുള്ളൂ, കോടതിയും വിചാരണയും കടന്ന് വൈകി നീതിയെത്തുംവരെ നടക്കേണ്ട ചില നീതികളുണ്ട്. അത് പ്രതിയുടെ പേര് അയാൾ സംവിധാനം ചെയ്ത പടവെട്ട് സിനിമയുടെ ക്രഡിറ്റ് ലൈനില്‍നിന്ന് എടുത്ത് കളയുക എന്നതാണ്. അതിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടുകയാണവള്‍. സെപ്റ്റംബർ ആദ്യവാരമാണ് സിനിമയുടെ റിലീസ്.
മൂന്ന് മണിക്കൂര്‍ നേരത്തെ സംസാരത്തിനു ശേഷം യാത്ര പറയാനൊരുങ്ങുമ്പോള്‍ പെൺകുട്ടി പറഞ്ഞതിതാണ്: "ഓരോ ദിവസവും മരിച്ചു ജീവിക്കുന്ന ഞാന്‍ വിചാരണയ്ക്കായി കാത്തിരിക്കുകയാണ്. വിചാരണ തുടങ്ങുമ്പോഴേക്ക് സംസാരിക്കാനും സംഭവങ്ങള്‍ കോടതിക്കു മുമ്പാകെ തുറന്നു പറയാനും കഴിയണമെങ്കില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടേണ്ടതുണ്ട്. ആ വിചാരണ കാലയളവു വരെ ജീവന്‍ പിടിച്ചു വെക്കണമെന്നുണ്ട്. അതിനിടെ അവന്റെ സിനിമ ഇറങ്ങും. ഞാനിവിടെ ആശുപത്രിക്കിടക്കയില്‍ ഓരോ നിമിഷവും മനസ്സില്‍ റേപ് ചെയ്യപ്പെട്ട് ആ നശിച്ച നിമിഷങ്ങള്‍ ഓർത്ത് അതിനെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ അവനവിടെ സിനിമയുടെ റിലീസ് തിരക്കിലായിരിക്കും. ആ ദിവസങ്ങളിലൂടെ ഞാനെങ്ങനെ കടന്നു പോകുമെന്നറിയില്ല".
ഒരു പക്ഷെ താന്‍ മരിച്ചാല്‍തന്നെ ഇത്ര നാളും സഹായിച്ച് ഒപ്പം നിന്ന തന്റെ രണ്ട് സുഹൃത്തുക്കള്‍ തനിച്ചാവുമെന്നും അവര്‍ക്കത് താങ്ങാന്‍ കഴിയില്ലെന്ന വേദനയും അവള്‍ മുന്നറിയിപ്പെന്ന വണ്ണം പങ്കുവെച്ചു.
Content Highlights: Liju Krishna Rape case survivor hospitalised,social,mathrubhumi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..