ന്യൂഡൽഹി: ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ 15-കാരിയുടെ ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട വാദത്തിനിടെ കോടതിയിൽ നാടകീയ സംഭവങ്ങൾ.
ഗർഭസ്ഥശിശുവിന് 30 ആഴ്ച പ്രായമായെന്നും കുറച്ചുകൂടി കാത്തിരുന്നാൽ ആരോഗ്യമുള്ള കുഞ്ഞ് ജനിക്കുമെന്നും അപ്പോൾ ദത്തുനൽകാമെന്നും എയിംസിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി.) ഐശ്വര്യാ ഭാട്ടി വൈകാരികമായി വാദിച്ചു. ഇപ്പോൾ ഗർഭച്ഛിദ്രത്തിന് മുതിർന്നാൽ ഭ്രൂണം ജീവനോടെ പുറത്തുവരാൻ സാധ്യതയുണ്ടെന്നും അതു പെൺകുട്ടിക്ക് ജീവിതകാലംമുഴുവൻ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്നും എ.എസ്.ജി. പറഞ്ഞു.
എന്നാൽ, ആഗ്രഹിക്കാത്ത ഗർഭധാരണം അടിച്ചേൽപ്പിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയുമടങ്ങിയ ബെഞ്ച് പറഞ്ഞു. ‘അവളൊരു കുട്ടിയാണ്. ഈസമയം പഠിക്കാൻ പോകേണ്ടവളാണ്. അവളോടാണ് നമ്മൾ അമ്മയാകാൻ പറയുന്നത്. ജീവിതകാലം മുഴുവൻ അവൾക്കിതിന്റെ ആഘാതം നൽകാനാകില്ല. ദത്തുനൽകാനാണെങ്കിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ കുട്ടികളുണ്ട്.’ -ബെഞ്ച് പറഞ്ഞു.
അമ്മയുടെ അഭിപ്രായമാണ് വലുതെന്ന് വ്യക്തമാക്കിയ കോടതി തീരുമാനമെടുക്കാനുള്ള അവകാശം ആശുപത്രിക്കില്ലെന്ന് ചൂണ്ടിക്കാട്ടി. ‘മെഡിക്കൽ സേവനം നൽകൽമാത്രമാണ് എയിംസിന്റെ ചുമതല. പൗരരെ ബഹുമാനിക്കണം. പെൺകുട്ടിയെയും കുടുംബത്തെയും കാര്യങ്ങളറിയിച്ച് അവരോട് ശരിയായ തീരുമാനമെടുക്കാൻ പറയണം. ഗർഭം തുടരാൻ ആഗ്രഹിക്കുന്നങ്കിൽ അങ്ങനെയാകട്ടെ. മറിച്ചാണെങ്കിൽ എല്ലാ പ്രത്യാഘാതങ്ങളും ബോധ്യപ്പെടുത്തി ഗർഭച്ഛിദ്രം നടത്തണം’. കോടതി നിർദേശിച്ചു.
ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗർഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ നൽകുന്നതെന്ന് കോടതി വിമർശിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടി ബലാത്സംഗത്തിനിരയായതാണെന്ന് ചൂണ്ടിക്കാട്ടി ഭ്രൂണവും കുട്ടിയും തമ്മിലുള്ള പോരാട്ടമാണിതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഇപ്പോഴത്തെ ഘട്ടത്തിൽ കുട്ടിയും കുട്ടിയും തമ്മിലാണതെന്ന് എയിംസിലെ ഡോക്ടർ കോടതിയിൽ പറഞ്ഞു. ജനിക്കാത്ത കുട്ടിയും ജനിച്ച കുട്ടിയും തമ്മിലുള്ള കേസാണിതെന്ന് ബെഞ്ച് മറുപടി നൽകി.
പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ബന്ധത്തിലാണ് പെൺകുട്ടി ഗർഭിണിയായത്. മാനസികമായി തകർന്ന പെൺകുട്ടി പലതവണ ആത്മഹത്യശ്രമം നടത്തി. നിയമപരമായ കാലയളവ് പിന്നിട്ടതോടെയാണ് ഗർഭച്ഛിദ്രത്തിന് അനുമതിതേടി കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്.
Content Highlights: The Supreme Court prioritized the minor's mental and physical well-being over fetal rights., Court clarified that medical institutions cannot dictate reproductive choices for survivors., The bench emphasized that the victim's consent is paramount in cases of unwanted pregnancy., The ruling addresses the traumatic impact of forced pregnancy on minors.
Published: 01 May 2026, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented