''ഒരു ആണിന്റെ കൂടെ പോയാലും വേണ്ടില്ലായിരുന്നു. ചത്താലും നിന്നെ അവളുടെ കൂടെ പോകാന്‍ സമ്മതിക്കില്ലെടി....''
ഒരു പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ഇരുപത്തൊന്നുകാരിയായ അഫീഫയ്ക്ക് അവളുടെ മാതാപിതാക്കളിൽനിന്ന് കേള്‍ക്കേണ്ടി വന്ന വാക്കുകളാണിത്. അഫീഫയുടെയും പങ്കാളി സുമയ്യയുടെയും പ്രണയം ഇരുവരുടെയും വീട്ടുകാർക്ക് ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല. ലെസ്ബിയൻ പ്രണയത്തിന്റെ പേരിൽ വീട്ടുകാരുടെ ശാരീരികമായും മാനസികവുമായുമുള്ള വേട്ടയാടലുകൾക്ക് കൂടുതലും ഇരയാകേണ്ടി വന്നത് അഫീഫയാണ്. ഹെട്രോ സെക്ഷ്വാലിറ്റി ശ്രേഷ്ഠമാണെന്ന് പറയപ്പെടുന്ന സമൂഹത്തില്‍ ഹോമോ സെക്ഷ്വാലിറ്റിയുടെ വര്‍ണങ്ങള്‍ പലപ്പോഴും മാഞ്ഞുപോകുന്നു. അത്തരത്തില്‍ മായ്ച്ചു കളയാന്‍ ശ്രമിച്ച ഒന്നാണ് അഫീഫയുടെയും സുമയ്യയുടെയും പ്രണയകഥ. തങ്ങള്‍ക്ക് നേരിടേണണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് സുമയ്യയും അഫീഫയും അവര്‍ക്ക് താങ്ങും തണലുമായി നിന്നവരും മനസ്സ് തുറക്കുന്നു....

To advertise here,

പ്രണയിനിക്കൊപ്പം ഇറങ്ങി, പിന്നീട് തള്ളിപ്പറയൽ, ഒടുവിൽ തിരിച്ചുവരവ്

"ഞാന്‍ മരിച്ചാല്‍ പോലും നിന്നെ അവളുടെ അടുത്തുവിടില്ല. സുമയ്യയെ ഞങ്ങള്‍ കൊല്ലുമെന്നൊക്കെ ഉമ്മ പറയുന്നത് കേള്‍ക്കുമ്പോഴാണ് ഞാന്‍ എന്റെ പ്രതികരണ മനോഭാവം ഉപേക്ഷിക്കുന്നത്. മാനസികമായി തളര്‍ത്തലായിരുന്നു അവര്‍ ചെയ്തിരുന്നത്. ഒരു തല്ല് കിട്ടിയിരുന്നെങ്കില്‍ എങ്ങനെയെങ്കിലുമൊക്കെ സഹിക്കായിരുന്നു. ഇത്തരം വാക്കുകള്‍..." അഫീഫയുടെ വാക്കുകള്‍ മുറിഞ്ഞു.  

"ഹേബിയസ് കോര്‍പ്പസ് കൊടുത്ത ഈ 15 ദിവസങ്ങളിലും അഫീഫ കോഴിക്കോട്ടെ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഹോസ്പ്പിറ്റലില്‍ കൊണ്ടുപോയ സമയത്ത് തനിക്കിവിടെ നില്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ സമ്മതമില്ലാതെ ഒരു ഇഞ്ചക്ഷന്‍ കുത്തിവെച്ചു. അതിനു ശേഷം രണ്ട് ദിവസം വരെ ബോധമില്ലാത്ത അവസ്ഥ. രണ്ട് ദിവസത്തിന് ശേഷം ഡോക്ടര്‍ പറഞ്ഞത് നീ ഈ ചെയ്യുന്നത് പ്രകൃതിവിരുദ്ധമാണ്, മരുന്നു കഴിച്ചാല്‍ മാറാവുന്ന പ്രശ്‌നം മാത്രമാണ് എന്നൊക്കെയാണ്." അഫീഫ പറയുന്നു.

കൺവെർഷൻ തെറാപ്പി എന്നപേരിലാണ്‌ ഇതു നടത്തുന്നത്.

placeholder
Afeefa
അഫീഫ

''സ്‌ട്രെസ്സ് എന്ന പേരിലാണ് അവര്‍ ചികിത്സ നടത്തിയത്. കോടതിയില്‍ ഹാജരാക്കുന്നത് വരെ ഞാന്‍ ഹോസ്പിറ്റലിലായിരുന്നു. മരുന്ന് കഴിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വീട്ടുകാരും സ്റ്റാഫും ചുറ്റും നില്‍ക്കുമായിരുന്നു. മരുന്നു കഴിക്കാന്‍ വിസ്സമതിച്ചാല്‍ ഇന്‍ഞ്ചക്ട് ചെയ്യും. കോടതിയില്‍ ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. വളരെ നിര്‍വികാരയായിരുന്നു. വീട്ടുകാരെ കണ്‍വിന്‍സ് ചെയ്യുന്ന രീതിയില്‍ പെരുമാറാന്‍ ഞാന്‍ ആവതും ശ്രമിച്ചു. ഉപ്പയും ഉമ്മയും മാത്രമല്ലാതെ ഒരുപാട് ബന്ധുക്കളും എന്നെ സുമയ്യയുടെ കൂടെ വിടാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. കൗണ്‍സലിങ്ങില്‍ പറഞ്ഞത് ഹോമോ സെക്ഷ്വാലിറ്റി ഒരു ഡിസോഡറാണെന്നാണ്. അതിനെ കുറിച്ചുളള ചില പുസ്തകങ്ങളും കാണിച്ചു. അവിടെ എന്നെ പോലുള്ള വേറെ ആരെലുമുണ്ടായിരുന്നോയെന്ന് പോലും എനിക്കറിയില്ല. ബോധം തീരെയില്ലായിരുന്നു. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഞാന്‍ എന്റെ വീട്ടുകാരെ മാക്സിമം വിശ്വസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. മരുന്നു കഴിക്കാതിരിക്കാന്‍ കുറേയേറെ ശ്രമിച്ചു. കുറേയെ കഴിഞ്ഞപ്പോള്‍ പറഞ്ഞു നോക്കി എനിക്ക് ഇങ്ങനെ നില്‍ക്കാന്‍ സാധിക്കില്ല ഉമ്മ എന്നൊക്കെ. അപ്പോഴൊക്കെ തിരിച്ചു കിട്ടിയിരുന്നത് ശകാരങ്ങളും ശാപവാക്കുകളും മാത്രമായിരുന്നു. സത്യം പറഞ്ഞാല്‍  മരുന്നു കഴിച്ചിരുന്ന സമയത്ത് ബോധമില്ലാത്ത അവസ്ഥയായിരുന്നു. പല കാര്യങ്ങളും തിരിച്ചറിയാനുള്ള ബോധമുണ്ടായിരുന്നില്ല.. അത്ര മാത്രം കാഠിന്യമുള്ള മരുന്നായിരുന്നു. തിരിച്ചു പറയാനുള്ളൊരു അവസരമില്ലായിരുന്നു. അതുകൊണ്ട് തല്ലൊന്നും കൊണ്ടില്ല. മരുന്നു കഴിക്കുക ഉറങ്ങുക എന്നത് മാത്രമായിരുന്നു റുട്ടീന്‍. കോടതിയില്‍ പോകുന്നേന് മുന്നേയും മരുന്ന് കഴിപ്പിച്ചിരുന്നു അതുകൊണ്ട് തന്നെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാന്‍. ഉമ്മയുടെ ഫോണില്‍ നിന്ന് മെസ്സേജ് അയച്ചത് ഉമ്മ പിടിച്ചു. അപ്പോള്‍ തന്നെ എന്നെ അവിടുന്ന് മാറ്റാനുള്ള പുറപ്പാടായി. ഇന്നും അന്ന് കഴിച്ച മരുന്നിന്റെ അസ്വസ്ഥതകളുണ്ട്. ശക്തമായ തലവേദന ഇടക്കിടെ വരും. മരുന്ന് കഴിച്ച് ഉറങ്ങി ഉറങ്ങി ഇരുന്നത് കൊണ്ടാവാം, ഇന്ന് എനിക്ക് ഉറങ്ങാന്‍ വലിയ ബുദ്ധിമുട്ടാണ്..." അഫീഫ പറയുന്നു

അഫീഫ തന്നെ വേണ്ടെന്ന് പറഞ്ഞപ്പോഴും പ്രതീക്ഷ കൈവെടിയാതെ സുമയ്യ

കോടതിയില്‍ വെച്ച് തന്നെ വേണ്ടെന്ന് പറഞ്ഞ് പോയപ്പോഴും അഫീഫയ്ക്ക് അത് സാധിക്കില്ലായിരുന്നുവെന്ന് താന്‍ തീര്‍ത്തു വിശ്വസിച്ചിരുന്നുവെന്നു പറയുന്നു സുമയ്യ. "കോടതിയില്‍നിന്ന് ഇറങ്ങി കഴിഞ്ഞ് അവള്‍ അയച്ച മെസ്സേജ് ആ ഉറപ്പ് ബലപ്പെടുത്തുന്നതായിരുന്നു. ജൂണ്‍ 9-നാണ് അഫീഫയോട് കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞത്. പക്ഷേ, അവളുടെ വീട്ടുകാരുടെ പ്രതിനിധി കോടതിയില്‍ ഹാജരായി കേസ് 19-ന് നീട്ടിവെച്ചു. അന്ന് അവിടെ വന്ന അഫീഫ നിര്‍വികാരയായാണ് നിന്നത്. എന്നെ നോക്കുകയോ തലയുയര്‍ത്തുകയോ ഒന്നും ചെയ്തിരുന്നില്ല. അവള്‍ വീട്ടുകാരോടൊപ്പം പോയി. അന്ന് വളരെ സങ്കടത്തോടെ അവിടെനിന്ന് ഇറങ്ങിയ എനിക്ക് പ്രതീക്ഷ വളരയെധികമുണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ക്ക് ചിറകെന്നൊണം എന്റെ ഫോണിലേക്ക് ജൂണ്‍ 24-ന് ഒരു മെസ്സേജ് വന്നു. വീട്ടില്‍ നില്‍ക്കാന്‍ പറ്റണില്ല, വലിയ ബുദ്ധിമുട്ടാണുണ്ടാകുന്നത്. അന്ന് വീട്ടുകാരുടെ കൂടെ പോയത് അവരുടെ ഭീഷണിക്ക് വഴങ്ങിയാണെന്നൊക്കെ അഫീഫ അവളുടെ ഉമ്മയുടെ ഫോണില്‍നിന്നും എനിക്ക് മെസ്സേജ് അയച്ചു. കോടതിയില്‍ വരുന്നതിന് മുന്നേ അവള്‍ ഒരു ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഡോസ് കൂടിയ മരുന്നുകളും കൊടുത്തിരുന്നു അത് കഴിച്ചു കഴിഞ്ഞാല്‍ തീര്‍ത്തും ബോധമില്ലാത്ത അവസ്ഥയാണ് ഉണ്ടാകുക. അന്ന് കോടതിയില്‍ വന്നപ്പോഴും ആ മരുന്ന് കഴിച്ചിരുന്നു. എന്നെ എങ്ങനെയെങ്കിലും വീട്ടില്‍നിന്നും ഇറക്കിത്തരണം. ഇതായിരുന്നു മെസ്സേജ്. ഞാന്‍ ഈ മെസ്സേജ് അപ്പോള്‍ തന്നെ വനജ കളക്ടിവിന് ഫോര്‍വേഡ് ചെയ്തു. അവരത് മലപ്പുറം എ.എസ്പിയെ അറിയിച്ചു. വനിത കമ്മീഷനെയും വനിത പ്രൊട്ടക്ഷന്‍ ഓഫീസറെയും അറിയിച്ചു." സുമയ്യ പറയുന്നു.

കാറിൽ ബലമായി അഫീഫയെ കൊണ്ടു പോകുന്ന വീഡിയോ വലിയ രീതിയിലായിരുന്നു പ്രചരിച്ചത്. എന്നാൽ, അഫീഫക്ക് മാനസികരോഗമാണെന്നും ആശുപത്രിയിൽ കൊണ്ടുപോവുകയാണെന്നു പറഞ്ഞ് അഫീഫയുടെ വീട്ടുകാർ പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന്  അന്നത്തെ സംഭവത്തെ ഓർത്തെടുത്തു സുമയ്യ പറഞ്ഞു.

''27 -ാം തിയതി അവളുടെ വീട്ടില്‍ പോയി ഓഫീസര്‍ കാര്യങ്ങള്‍ അന്വേഷിച്ചു. അവള്‍ കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞപ്പോള്‍ അവളെ വീട്ടില്‍നിന്നു മാറ്റി നിര്‍ത്താനായി ഓഫീസര്‍ തീരുമാനിച്ചു. പക്ഷേ അവളുടെ മാതാപിതാക്കളും ബന്ധുകളൊക്കെ അവളെ ഇവിടെനിന്നു കൊണ്ട് പോയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. നാട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മർദ്ദതന്ത്രത്തിൽ പെട്ട് രണ്ട് ഓഫീസര്‍മാർക്കും വന്ന പോലീസ്‌കാര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റിയില്ല. ഉമ്മയും ഉപ്പയും ഇവളെ കാറില്‍ ബലമായി വലിച്ചു കൊണ്ട് പോകുന്ന വീഡിയോയാണ് പ്രചരിച്ചിരുന്നത്. വളരെ ക്രൂരമായിരുന്നുവത്. മാനസികമായി പ്രശ്‌നമുള്ള കുട്ടിയാണ്. ആശുപത്രിയില്‍ കൊണ്ടു പോകണം. അത് കഴിഞ്ഞ് നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാമെന്നായിരുന്നു  പോലീസുകാരോട് ബന്ധു പറഞ്ഞത്. ആശുപത്രിയിലേക്കെന്ന് പറഞ്ഞു പോകുന്ന ആ കാർ പോലീസുകാർ പിന്തുടർന്നെങ്കിലും അവരുടെ കണ്ണ് വെട്ടിച്ചുകൊണ്ട് അവര്‍ അഫീഫയെ വേറൊരു ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടു പോയി. അവിടെയും പോലീസ് സെര്‍ച്ച് ചെയ്യുന്നുവെന്ന് മനസ്സിലാക്കിയ ഇവര്‍ പിന്നീടും അവിടുന്നു പോവുകയാണുണ്ടായത്.'' നടന്ന സംഭവത്തെ കുറിച്ച് സുമയ്യ വിശദീകരിച്ചു

ക്വട്ടേഷന്‍ ഭീഷണികൾ

അഫീഫയുടെ തിരിച്ചുവരവിനു ശേഷവും ഇരുവരുടെയും ജീവിതം ശാന്തമായിരുന്നില്ല. ക്വട്ടേഷൻ ഭീഷണികൾ നേരിടേണ്ടതായി വന്നു. കാറില്‍ കയറ്റി പോകുമ്പോള്‍ ആ കാറും അത് ഓടിച്ചിരുന്ന അവളുടെ ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ജാമ്യത്തിലിറക്കാന്‍ അഫീഫ സഹായിച്ചാല്‍ സുമയ്യയുടെ അടുത്ത് എത്തിക്കാമെന്ന  വാഗ്ദാനവുമായി നാട്ടിലുള്ള ഗഫൂർ എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ രംഗത്തെത്തി. അതിന്റെ അടിസ്ഥാനത്തിലാണ്  പിന്നീട് അഫീഫയ്ക്ക് സുമയ്യയുമായി ഒന്നിക്കാനായത്.

placeholder
സുമയ്യ

"വീട്ടുകാരെ കുറിച്ച് ഒരു പരാതിയുമില്ലെന്ന് അറിയിച്ചാല്‍ സുമയ്യയുടെ കൂടെ വിടാമെന്ന് ഗഫൂർ പറഞ്ഞു. വെളുപ്പിനു നാലു മണിക്ക് അഫീഫ പോലീസ് സ്റ്റേഷനില്‍ ഹാജരായി. പിന്നീട് സുമയ്യയെ മലപ്പുറം വനിത സെല്ലിലേക്ക് മാറ്റി. വുമന്‍സ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അവളുടെ മൊഴിയെടുത്തു.ആദ്യമൊക്കെ സഹായിക്കുന്ന രീതിയായിരുന്നു ഗഫൂറിന്. പതിയേ അയാളുടെ സ്വഭാവം മാറി തുടങ്ങി. ഈ പ്രണയജീവിതം ശരിയല്ലെന്നും ഇങ്ങനെ പോയാല്‍ സെക്‌സ് വര്‍ക്കിന് പോകേണ്ടി വരുമെന്നും ലഹരിക്ക് അടിമയാകുമെന്നൊക്കെ അയാൾ പറഞ്ഞു.  എവിടെ ചെന്നാലും നിങ്ങളെ തിരഞ്ഞ് കണ്ടുപിടിക്കും. വീട്ടുകാര്‍ക്കെതിരെയോ ഹോസ്പ്പിറ്റലിനെതിരെയോ ഒന്നും പറയാന്‍ പാടില്ല. തുടങ്ങിയ ഭീഷണികളും പിന്നാലെ വന്നു." സുമയ്യ പറഞ്ഞു

ഫോൺ വിളിച്ചും  ജോലി ചെയ്യുന്ന സ്ഥലത്തെ ഉടമയുടെ ഭാര്യയെ വിളിച്ചും ഭീഷണികൾ തുടർന്നു. ഇതൊക്കെ കണ്ടപ്പോഴാണ് മാധ്യമങ്ങളെ കാര്യങ്ങൾ അറിയിക്കാമെന്ന തീരുമാനത്തിലേക്ക് അഫീഫയും സുമയ്യയും എത്തുന്നത്. ഇപ്പോഴും ഒളിച്ചു ജീവിക്കേണ്ട അവസ്ഥയാണ് തങ്ങൾക്കെന്നും ഇരുവരും പറയുന്നു.

എല്ലായിടത്തും തഴയപ്പെട്ടപ്പോഴും താങ്ങായി കൂടെ നിന്നവരെയും ഇരുവരും എടുത്തു പറയുന്നുണ്ട്. മലപ്പുറം എ.എസ്പി, ദിശ ഓര്‍ഗനൈസേഷന്‍, വണ്‍ സ്റ്റോപ്പ് സെന്ററിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ രഹന, വുമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, വനജ കളക്ടീവ്, മന്ത്രി ആർ. ബിന്ദു, രേഖ രാജ് തുടങ്ങിയ ഒരുപാട് പേരുടെ ചേർത്തുവെക്കലിന്റെ ഫലമാണ് ഈ ജീവിതമെന്നും അവർ കൂട്ടിച്ചേർത്തു. ഇവരുടെ വിഷയത്തിൽ വളരെ സക്രിയമായ ഇടപെടലാണ് കൊണ്ടോട്ടി എ.എസ്പിയുടെ ഭാഗത്തു നിന്നുണ്ടായത്. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഈ കഠിനപ്രയാണത്തില്‍ സുമയ്യയ്ക്കും അഫീഫയ്ക്കും താങ്ങായിരുന്നു. ഇരുവരും ഒരുമിക്കും വരെ കൂടെ കൈപ്പിടിച്ചു നിന്ന കുറേയധികം പേരുണ്ടായിരുന്നു . 

മാറ്റം അത് താഴെത്തട്ടില്‍നിന്ന് തന്നെ വേണം

placeholder
gargi, activist
ഗാർഗി

''19-ന് അഫീഫ വീട്ടുകരുടെ കൂടെ പോവണമെന്ന് പറഞ്ഞപ്പോള്‍ പ്രതീക്ഷകള്‍ ഏറെക്കുറെ നഷ്ടപ്പെട്ടത് പോലെയായിരുന്നു.  പക്ഷേ 23-നും 24-നും സുമയക്ക് അഫീഫ അയച്ച മെസ്സേജുകളാണ് മുന്നോട്ട് പോകാന്‍ അവള്‍ക്ക് കരുത്തായത്.കണ്‍വേര്‍ഷന്‍ തെറാപ്പി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് അഫീഫ പറഞ്ഞിരുന്നു. നാലഞ്ച് മണിക്കൂറിനുള്ളില്‍ എന്റെ മെസ്സേജ് കണ്ടില്ലെങ്കില്‍ ഇവിടെ വന്നു രക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.  മെസ്സേജുകള്‍ നിലച്ചപ്പോള്‍ ഭയത്തോട് കൂടെയാണ് എ.എസ്പിയെ കോണ്ടാക്ട് ചെയ്തത്. അദ്ദേഹമാണ് വുമന്‍ പ്രൊട്ടക്ഷന്‍ ഓഫീസറെ ഉടനെ തന്നെ വിളിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടത്.. പിറ്റേ ദിവസം മലപ്പുറം വണ്‍ സ്‌റ്റോപ്പ് സെന്ററുടെ അഡ്മിനിസ്‌ട്രേറ്റ് ഓഫീസറും കുറിച്ച് പോലീസുകാരും ചേര്‍ന്നു അഫീഫ റെസ്‌ക്യു മിഷന്‍ എന്ന തരത്തില്‍ തന്നെ നീക്കങ്ങള്‍ നടത്തി. ആ വീഡിയോ പ്രചരിച്ചതോട് കൂടി കാര്യങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തി. മന്ത്രി ആര്‍. ബിന്ദുവും കൊണ്ടോട്ടി സ്റ്റേഷനില്‍ വിളിച്ച് ഫോളോ അപ് ചെയ്തു. പിറ്റേദിവസം അഫീഫയെ ഹാജരാക്കും എന്ന ആശ്വസത്തിലാണ് ഞങ്ങള്‍ അന്ന് ഉറങ്ങിയത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന പക്ഷപാതങ്ങളുടെ ഒരു ഭാഗം മാത്രമാണ് ഹോമോഫോബിയ. സമൂഹം നോര്‍മല്‍ എന്ന് വാദിക്കുന്ന ഹെട്രോ സെക്ഷ്വല്‍ വിവാഹങ്ങളില്‍ പോലും സ്ത്രീകള്‍ കഷ്ടതകള്‍ അനുഭവിക്കാറുണ്ട്. ഹോമോഫോബിയ മാത്രം മാറിയത് കൊണ്ട് എല്ലാ മാറുന്നില്ല മാറ്റം അത് താഴെത്തട്ടില്‍ നിന്ന് തന്നെ വേണം." വനജ കളക്ടീവ് അംഗമായ ഗാർഗ്ഗി വ്യക്തമാക്കി.

തുറന്ന ചര്‍ച്ചകള്‍ നടത്തേണ്ടതിന്റെ അനിവാര്യം

placeholder
Rekha Raj
രേഖാ രാജ്

''ഇപ്പോള്‍  ട്രാന്‍സ്ജെന്‍ഡര്‍ ആയിട്ടുള്ള ഒരുപാട് സെലെബ്രെറ്റിസും അവര്‍ക്ക് ഒരുപാട് അവസരങ്ങളും ഉണ്ട്. സര്‍ക്കാര്‍ തന്നെ പലതരം പരിപാടികള്‍ നടത്തുമുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി ആദ്യമായിട്ട് ഉണ്ടായ സംസ്ഥാനമാണ് ഇത്. അതുകൊണ്ട് തന്നെ വിസിബിലിറ്റി കൂടുതല്‍ ലഭിക്കുന്നു. പക്ഷേ, ഇതൊക്കെ പൂര്‍ണമായും സംഭവിച്ചെന്നോ അവരുടെ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമായന്നോ ഇതിനർഥമില്ല. സെക്ഷ്വാലിറ്റി എന്നതിനെ കുറിച്ച് വേണ്ടത്ര ചര്‍ച്ച കേരളത്തില്‍ നടക്കുന്നില്ല. സെക്ഷ്വാലിറ്റിയെ പ്രത്യുത്പാദനവുമായി ബന്ധപ്പെടുത്തി മാത്രമാണ് സമൂഹവും കുടുംബവും ചർച്ച ചെയ്യുന്നത്. ലൈംഗികത എന്നത് ഒരു സ്‌പെക്ട്രം ആണെന്നുള്ള ബോധം സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. ഇഷ്ടമുള്ള ആളുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഇണയെ തിരഞ്ഞെടുക്കാനും അവിടെ ജീവിക്കാനുമുള്ള ഒരു സാഹചര്യം ഉണ്ടാവേണ്ടതുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ അതില്ല എന്നുള്ളതാണ് സുമയ്യയുടെയും അഫീഫയുടെയും വിഷയം വീണ്ടും പഠിപ്പിക്കുന്നത്. നമ്മുടെ നാട്ടിൽ പ്രായപൂർത്തിയായ രണ്ടു പേരുടെ വിവാഹം തീരുമാനിക്കുന്നത് അച്ഛനും അമ്മയും  കാരണവന്മാരുമൊക്കെ ചേർന്നാണ്. കല്യാണം കഴിക്കുന്നു, കുട്ടികള്‍ ഉണ്ടാകുന്നു. എല്ലാ കാര്യങ്ങളും അഡ്മിനിസ്റ്റട്രേടീവും ഫിനാന്‍ഷ്യലും ഇമോഷണലുമായിട്ടുള്ള മുഴുവന്‍ സംഗതികളും കുട്ടികളുടെ മേല്‍ ചുമത്തിയാണ് വളര്‍ത്തുന്നത്. അങ്ങനെ ഇന്‍വെസ്റ്റ് ചെയ്ത് വളര്‍ത്തുന്നത് കൊണ്ട് തന്നെ അവര്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്ന് മാതാപിതാക്കള്‍ വാശി പിടിക്കുന്നു. കുട്ടികൾക്ക് പലപ്പോഴും തിരഞ്ഞെടുപ്പ് അവകാശങ്ങൾ ലഭിക്കുന്നില്ല. സ്വന്തമായി എടുക്കേണ്ട വിവാഹമെന്ന തീരുമാനത്തിന് വരെ കളക്ടീവ് സ്വഭാവം കൊടുക്കുകയാണ് കുടുംബം. ഹെട്രോ സെക്ഷ്വാലിറ്റിയെ പോലും ഉള്‍പ്പെടുത്തി തുറന്ന ചര്‍ച്ചകള്‍ നടത്തേണ്ടതിന്റെ അനിവാര്യത വര്‍ദ്ധിച്ചു വരികയാണ്. കണ്‍വേര്‍ഷന്‍ തെറാപ്പി പോലെ ഹീനമായ കാര്യങ്ങള്‍ ഇന്നും പല ആശുപത്രികളും ഡോക്ടര്‍മാരും പിന്തുടരുന്നത് ശ്രദ്ധയില്‍ പെടുത്തി ഡോക്ടര്‍മാര്‍ക്ക് കൗണ്‍സിലിങ്ങ് നടത്തേണ്ടതും ഓഡിറ്റ് ചെയ്യേണ്ടും അത്യാവശ്യമാണ്." രേഖ രാജ് പറയുന്നു.

രേഖ രാജ്
(എഴുത്തുകാരി, ആക്ടിവിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസര്‍)