പാരിസ് ഫാഷന്‍ വീക്കില്‍ ലോറിയലിനുവേണ്ടി റാമ്പില്‍ ചുവടുവെച്ചുകൊണ്ട് വീണ്ടും ഫാഷന്‍ ലോകത്തെ താരമായി ഐശ്വര്യാ റായ്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത മനോഹരമായ ഷര്‍വാണിയില്‍ അതീവസുന്ദരിയായാണ് ഐശ്വര്യ റാമ്പിലെത്തിയത്. പാരിസ് ഫാഷന്‍ വീക്കിലെ ഗ്രീന്‍ റൂമില്‍ നിന്നുള്ള ഐശ്വര്യാ റായിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

To advertise here,

ക്വീര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ആദിത്യ മദിരാജുവുമായുള്ള ഐശ്വര്യയുടെ സംഭാഷണമാണ് വീഡിയോയിലുള്ളത്. ആദിത്യ തന്നെയാണ് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സ്വവര്‍ഗാനുരാഗികളായ ആദിത്യയും ജീവിതപങ്കാളി അമിത് ഷായും തമ്മില്‍ വിവാഹിതരാകാന്‍ കാരണമായത് താനാണെന്ന് ആദിത്യയില്‍ നിന്ന് കേട്ടതോടെ ഐശ്വര്യാ റായ് അമ്പരക്കുന്നത് വീഡിയോയില്‍ കാണാം.

'ഞങ്ങളുടെ ഹൃദയങ്ങളുടെ രാജകുമാരി. നിങ്ങളെ കണ്ടുമുട്ടുകയെന്നത് ഞങ്ങളുടെ സ്വപ്‌നമായിരുന്നു. ഇത് അവിശ്വസനീയമാണ്.' എന്ന ക്യാപ്ഷനോടെയാണ് ആദിത്യ ഐശ്വര്യാ റായ്‌ക്കൊപ്പമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജീവിതപങ്കാളിയായ അമിത് ഷായെ ആദിത്യ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ടായിരുന്നു.

'നിങ്ങളോട് എനിക്കൊരു കാര്യം പറയാനുണ്ട്. ഞാനും എന്റെ ഭര്‍ത്താവും ഒന്നിക്കാന്‍ കാരണം നിങ്ങളാണ്' എന്ന് ആദിത്യ ഐശ്വര്യ റായ്‌യോട് പറയുന്നത് വീഡിയോയില്‍ കാണാം.ഇത് കേട്ട ഐശ്വര്യ 'എന്ത്' എന്ന് ചോദിച്ചുകൊണ്ട് ഞെട്ടി. തുടര്‍ന്ന് ആദിത്യ കാര്യം വിശദീകരിച്ചു.

'ഞാനും എന്റെ ഭര്‍ത്താവും ഞങ്ങളുടെ ആദ്യ ഡേറ്റില്‍ രണ്ട് മണിക്കൂറോളമാണ് സംസാരിച്ചത്. അന്ന് അവന്‍ പറഞ്ഞത് എന്താണെന്ന് അറിയാമോ, 'ഞാന്‍ നിന്നെ വിവാഹം ചെയ്യാന്‍ കാരണം നിനക്ക് ഐശ്വര്യാ റായിയെ ഇഷ്ടമായതിനാലാണ്' എന്നാണ്. അമിത് എന്നാണ് അവന്റെ പേര്. ഇത് ഞങ്ങളുടെ മകള്‍ യാന.' -ഫോണില്‍ ചിത്രങ്ങള്‍ കാണിച്ചുകൊണ്ട് ആദിത്യ ഐശ്വര്യയോടായി പറഞ്ഞു.

മകള്‍ക്ക് എത്ര വയസായെന്ന് ഐശ്വര്യ ചോദിച്ചപ്പോള്‍ രണ്ടരയെന്ന് ആദിത്യ മറുപടി പറഞ്ഞു. ദൈവം കരുണയുള്ളവനാണ് എന്നാണ് യാന എന്ന വാക്കിന്റെ ഹീബ്രു ഭാഷയിലെ അര്‍ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിനേത്രി, നര്‍ത്തകി, സ്ത്രീ എന്നീ നിലകളിലെല്ലാം അതിശയിപ്പിച്ച വ്യക്തിയാണ് നിങ്ങള്‍ എന്നും ഐശ്വര്യയോട് ആദിത്യ പറഞ്ഞു.

തന്നോടുള്ള സ്‌നേഹത്തിന് നന്ദി പറഞ്ഞ ഐശ്വര്യ, വിവാഹത്തിന്റെ കഥ മനോഹരമായിരുന്നുവെന്നും ആദിത്യയോട് പറഞ്ഞു. മകളെ അനുഗ്രഹിക്കുന്നുവെന്നും ആദിത്യയോടും അമിത്തിനോടും ഒരുപാട് സ്‌നേഹമെന്നും പറഞ്ഞ ഐശ്വര്യാ റായ് അദ്ദേഹത്തിന് സമ്മാനമായി ഒരു ലിപ്സ്റ്റിക്ക് കൊടുത്തു. ആദിത്യ പങ്കുവെച്ച വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.