കേരള രാഷ്ട്രീയ മണ്ഡലത്തിലോ തിരഞ്ഞെടുപ്പുകാലത്തോ അധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന മേഖലയല്ല ലക്ഷദ്വീപ്. എന്നാല്‍, ഇന്ത്യയാകെ ഉറ്റുനോക്കുന്ന ഒരു പ്രദേശമായി ഈ തിരഞ്ഞെടുപ്പുകാലത്ത് ലക്ഷദ്വീപ് രാഷ്ട്രീയം മാറി മറിഞ്ഞത് ഇക്കഴിഞ്ഞ നാല് വര്‍ഷക്കാലത്തിനിടെയാണ്. 2020-ല്‍ അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേല്‍ രംഗപ്രവേശനം ചെയ്തതോടെ പൊതുവെ ശാന്തമായ ജീവിതം നയിച്ചിരുന്ന ലക്ഷദ്വീപിലെ രാഷ്ട്രീയ- സാമൂഹിക സാഹചര്യം പ്രക്ഷുബ്ദമായി.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

രണ്ടിലധികം കുട്ടികളുള്ളവരെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് അയോഗ്യരാക്കാനുള്ള ചട്ടം, ആന്റി ഗുണ്ട ആക്ട്, ബീഫ് നിരോധനം എന്നിവ അധികാരത്തിലേറി അധികം താമസിയാതെ തന്നെ നടപ്പാക്കാന്‍ ഒരുങ്ങിയതോടെ ലക്ഷദ്വീപ് അന്തരീക്ഷം ചൂടുപിടിച്ചു. സാമൂഹികമാധ്യമങ്ങളിലാകെ ചര്‍ച്ച ചെയ്യപ്പെട്ട സേവ് ലക്ഷദ്വീപ് കാമ്പയിന്റെ തുടക്കം അങ്ങനെയായിരുന്നു. പ്രതിഷേധവും സമരവും ശീലമില്ലാതിരുന്ന ലക്ഷദ്വീപുകാര്‍ സമരത്തിലേക്ക് കടന്നു. ദാദര്‍ നഗര്‍ ഹവേലിയിലും മറ്റും സ്വന്തം തീരുമാനങ്ങള്‍ നടപ്പിലാക്കിയ പ്രഫുല്‍ ഖോഡ പട്ടേലിനെ സംബന്ധിച്ച് ലക്ഷദ്വീപ് കീറാമുട്ടിയായത് ജനങ്ങളുടെ രാഷ്ട്രീയബോധ്യം കൊണ്ടാണ്. കേരളവുമായുള്ള ബന്ധവും ദ്വീപുകാരുടെ രാഷ്ട്രീയ ചരിത്രബോധവും അവര്‍ക്കുള്ള കേരളത്തിന്റെ പിന്തുണയും പട്ടേല്‍ കൊണ്ടു വന്ന പല നിയമങ്ങളെയും പ്രതിരോധത്തിലാക്കി. ഹൈക്കോടതിയെ സമീപിച്ച് പല ഉത്തരവുകളിലും ദ്വീപുകാര്‍ സ്റ്റേവാങ്ങി.

പതിറ്റാണ്ടുകളായി ദ്വീപുകാര്‍ കൈവശം വെച്ച പണ്ടാരഭൂമിയില്‍ അവകാശം പറഞ്ഞു കൊണ്ടുള്ള പട്ടേലിന്റെ വരവും അവരുടെ ഭൂമിപിടിച്ചെടുക്കാനുള്ള കരുനീക്കങ്ങളും ദ്വീപുജനതയുടെ വിശ്വാസം നഷ്ടപ്പെടുത്തിയ പ്രധാന സംഗതികളാണ്. 3000-ത്തോളം താത്ക്കാലിക ജീവനക്കാരുടെ പിരിച്ചുവിടല്‍ ദ്വീപിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ താറുമാറാക്കി. സര്‍ക്കാര്‍ നല്‍കുന്ന ശമ്പളവുമായി ബന്ധപ്പെട്ട സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന ദ്വീപില്‍ തൊഴില്‍നഷ്ടം വലിയ ആഘാതമാണ് സൃഷ്ടിച്ചത്. തൊഴില്‍നഷ്ടം മൂലം കേരളത്തിലേക്ക് പലായനം ചെയ്തവര്‍, മീന്‍വാങ്ങാന്‍ പോലും ശേഷി നഷ്ടപ്പെട്ടതോടെ മത്സ്യത്തൊഴിൽ ഉപേക്ഷിച്ചവര്‍, ഭൂമി നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ ജീവിക്കുന്നവര്‍, ക്ഷയിക്കുന്ന ആരോഗ്യമേഖല, ചികിത്സ കിട്ടാതെ പോകുന്ന മനുഷ്യര്‍ എന്നിവയെല്ലാം ദ്വീപുജനതയുടെ രാഷ്ട്രീയബോധത്തിലുണ്ട്. എന്‍.ഡി.എ. മുന്നണി സ്ഥാനാര്‍ഥി എന്‍.സി.പി. അജിത് പവാര്‍ വിഭാഗം നേതാവായ ടി.പി. യൂസസഫ് നേരിടുന്ന പ്രധാന പ്രശ്‌നവും ഇതുതന്നെ.

placeholder
ഹംദുള്ള സെയ്ദ് പ്രചാരണത്തിനിടെ | ANI

നിലവിലെ എം.പി. ശരത്പവാര്‍ പക്ഷത്തുള്ള പി.പി. മുഹമ്മദ് ഫൈസലും കോണ്‍ഗ്രസ്സ് സഥാനാര്‍ഥിയായ ഹംദുല്ല സഈദും തമ്മിലാണ് യഥാർത്ഥത്തിൽ മത്സരം നടന്നത്. കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപുകാരോട് ചെയ്യുന്ന അവഗണനയും മനുഷ്യാവകാശ ലംഘനങ്ങളും ആയിരുന്നു എന്‍.സി.പിയുടെയും കോണ്‍ഗ്രസ്സിന്റെയും പ്രചരണായുധം.  'സ്വയം പര്യാപ്തമായ ലക്ഷദ്വീപിന് വേണ്ടി ജനാധിപത്യഭരണം' എന്നതാണ് എന്‍.സി.പിയുടെ മുദ്രാവാക്യം. ഒന്നുകില്‍ നിയമസഭ അല്ലെങ്കില്‍ ഓട്ടോണമസ് ബോഡി എന്നതാണ് ആവശ്യം. ഏപ്രിൽ 19-നായിരുന്നു ലക്ഷദ്വീപിലെ പോളിങ് കഴിഞ്ഞ നാലു വർഷക്കാലത്തിനിടെ ദ്വീപുകാർ നേരിട്ട മനുഷ്യാവകാശ പ്രശ്നങ്ങളും അവകാശനിഷേധങ്ങളും വോട്ടായി മാറുമെന്നതിൽ സംശയമില്ല.

ഗ്രാമസഭകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയുമെല്ലാം കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ഇതുവരെ പട്ടേല്‍ തയ്യാറായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളോ ഗ്രാമസഭകളോ നിലവില്‍ ഇല്ലാത്തതിനാല്‍ തന്നെ ജനഹിതമോ ജനാധപത്യമോ വിദൂരമാണ് ദ്വീപുകാരെ സംബന്ധിച്ച്. തദ്ദേശവാസികളില്‍നിന്ന് ഭൂമി പിടിച്ചെടുക്കുന്നത് തടയാന്‍ കഴിയാത്തതും ഗ്രാമസഭകളുടെ അഭാവം മൂലമാണ്. പഞ്ചായത്തോ ജനങ്ങളോ ആവശ്യപ്പെടാതെ പഞ്ചായത്ത് റഗുലേഷന്‍ നിയമം അഡ്മിന്‍ ഭേദഗതി ചെയ്തത് കോടതിയില്‍ ചോദ്യം ചെയ്തത് എന്‍.സി.പിയാണ്. മുഹമ്മദ് ഫൈസലിനെതിരായ ക്രിമിനല്‍ കേസും അതിലെ കോടതി വിധിയും എം.പി. സ്ഥാനം നഷ്ടമായതുമാണ് കോൺഗ്രസ്‌ പ്രചരണായുധമാക്കിയത് 

ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിച്ചുള്ള അഡ്മിന്‍ ഉത്തരവുകള്‍ക്കെതിരേ ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ എന്‍സിപിക്കും കോണ്‍ഗ്രസ്സിനുമായത് കോടതി വിധികളിലൂടെയാണ്. അതില്‍ ചില പ്രധാന ഇടപെടലുകള്‍.:

  1. ആയിരക്കണക്കിനു പേരുടെ ഭൂമി നഷ്ടപ്പെടാന്‍ സാധ്യതയുള്ള പണ്ടാരഭൂമി വിഷയത്തിലെ കോടതി സ്റ്റേ.
  2. കടകളുടെ ലൈസന്‍സ് ഇല്ലാതാക്കുന്ന പുതിയ ഉത്തരവിനെതിരേ സ്റ്റേ വാങ്ങി
  3. കടപ്പുറത്തെ മത്സ്യതൊഴിലാളി ഷെഡ്ഡുകള്‍ പൊളിച്ചു നീക്കാനുള്ള നോട്ടീസില്‍ സ്റ്റേ.
  4. ജനവാസമില്ലാത്ത ബംഗാരം സുഹേലിയിലെ ഷെഡ്ഡുകള്‍ പൊളിക്കാനുള്ള നീക്കം തടഞ്ഞു

ബീഫ് നിരോധിക്കാനുള്ള ശ്രമം, രജിസ്‌ട്രേഷന്‍ റഗുലേഷന്‍, കോര്‍പറേറ്റീവ് സൊസൈറ്റി റെഗുലേഷന്‍, ലക്ഷദ്വീപ് ലാന്‍ഡ് ഡെവലപമെന്റ് അതോറിറ്റി റെഗുലേഷന്‍, എക്‌സൈസ് നിയമം, പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആകിടിവിറ്റി ആക്ട് റഗുലേഷന്‍ തുടങ്ങിയ റഗുലേഷനിലാണ് ലക്ഷദ്വീപിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ സ്റ്റേ വാങ്ങിയത്.

placeholder
എൻസിപി സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന നിലവിലെ എംപി മുഹമ്മദ് ഫൈസൽ

ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ഭരണം അവസാനിച്ചിട്ട് ആറ് മാസം കഴിഞ്ഞു. ഇതുവരെയും തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. വഖഫ് ബോര്‍ഡ്, ഖാദി ബോര്‍ഡ്, സര്‍വീസ് സൊസൈറ്റികളിൽ സർവീസ് സൊസൈറ്റി ഫെഡറേഷന്‍. മത്സ്യ തൊഴിലാളി സൊസൈറ്റികള്‍, ബാംബു ബോര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനം നിലച്ചു. കുറ്റകൃത്യങ്ങൾ തീരെ കുറഞ്ഞ ലക്ഷദ്വീപില്‍ കോടികള്‍ മുടക്കി ജയില്‍ പണിയാനുള്ള പദ്ധതി ദ്വീപിനെ സഹായിക്കാനുള്ള ഉദ്ദേശത്തിലല്ല എന്നത് ജനങ്ങള്‍ക്ക് വ്യക്തമായറിയാം. രാഷ്ട്രപതി തറക്കല്ലിട്ട ആശുപത്രിയുടെ പണി പൂര്‍ത്തിയാക്കാതെയും നിലവിലെ ആശുപത്രികളെ വികസിപ്പിക്കാതെയും സ്വകാര്യ ആശുപത്രികള്‍ കൊണ്ടുവരാനുള്ള ശ്രമവും ഇക്കാലയളവില്‍ അഡ്മിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.

ദ്വീപിലുള്ള ഉത്തരേന്ത്യക്കാരുടെ വ്യവസായ താത്പര്യം വ്യക്തമാക്കുന്ന ചില നീക്കങ്ങളായിരുന്നു ഇവ. ഈ രണ്ട് വിഷയങ്ങളിലും നിലവിലെ എം.പിയുടെ ഭാഗത്തു നിന്നാണെങ്കിലും കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്നാണെങ്കിലും ശക്തമായ എതിര്‍പ്പ് തന്നെയാണ് ഉയര്‍ന്നു വന്നത്.