കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതിവിവേചനമെന്ന ആരോപണം വിവാദമാകുന്നു. ക്ഷേത്രത്തില്‍ കഴകം തസ്തികയില്‍ കഴിഞ്ഞ ഫെബ്രുവരി 24-ന് നിയമിക്കപ്പെട്ട പിന്നാക്ക സമുദായാംഗമായ തിരുവനന്തപുരം ആര്യനാട് സ്വദേശി ബി.എ. ബാലുവിനെ ദേവസ്വം ഓഫീസ് ജോലിക്കായി മാറ്റിനിയമിച്ചതാണ് വിവാദമായത്. ഇത് ജാതി വിവേചനമാണെന്ന് പരാതിയുയര്‍ന്നു, പ്രതിഷേധങ്ങള്‍ക്കും കാരണമായി. വിവാദത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് മനുഷ്യാവകാശക്കമ്മിഷന്‍. വിവാദത്തോട് സര്‍ക്കാരും ബന്ധപ്പെട്ട സംഘടനകളും ശിവിഗിരി മഠവും പ്രതികരിക്കുന്നു 

To advertise here,

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകപ്രവൃത്തികള്‍ 

മാലകെട്ടിക്കൊടുക്കുക, പൂജയ്ക്കുള്ള പൂവൊരുക്കുക, പൂജാപാത്രങ്ങള്‍ കഴുകുക, അമ്പലം തുറക്കുകയും അടയ്ക്കുകയും ചെയ്യുക, വിശേഷദിവസങ്ങളില്‍ ഭഗവാന്‍ പുറത്തേക്ക് എഴുന്നള്ളുന്ന വേളയില്‍ വിളക്കുപിടിക്കുക. 

നിലപാട് അംഗീകരിക്കാനാവില്ല - ഒ.ആര്‍. കേളു, പിന്നാക്കവിഭാഗക്ഷേമ മന്ത്രി 

കൂടല്‍മാണിക്യം ദേവസ്വത്തില്‍ പിന്നാക്കക്കാരനെ കഴകംചുമതലയില്‍നിന്ന് മാറ്റിയത് അംഗീകരിക്കാനാകില്ല. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡുവഴി നിയമാനുസൃതമായി നടത്തിയ നിയമനമാണിത്. തന്ത്രിമാരെടുത്ത നിലപാട് മതേതരകേരളത്തിന്റെ പുരോഗമന നിലപാടുകള്‍ക്കെതിരാണ്. മനുവാദികള്‍ക്ക് പ്രോത്സാഹനമേകുന്ന ഇത്തരം നിലപാടുകള്‍ കേരളത്തിന്റെ സാംസ്‌കാരിക ബോധത്തിന് എതിരാണ്. ജാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ തൊഴിലില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് ഏതവസ്ഥയിലും തെറ്റാണ്.

ബാലു ഒന്നാം സ്ഥാനക്കാരന്‍ - അഡ്വ. സി.കെ. ഗോപി, ദേവസ്വം ചെയര്‍മാന്‍ 

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാത്യധിക്ഷേപം നടന്നതായി അറിവില്ല. ഇതുവരെ അത്തരത്തില്‍ ഒരു പരാതിയും രേഖാമൂലം ലഭിച്ചിട്ടില്ല. അങ്ങനെ അധിക്ഷേപം നടന്നെന്ന് ബോധ്യപ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കും. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്വഴി നിയമനം നേടിയ ബാലു ഇപ്പോള്‍ അവധിയിലാണ്. തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ ജോലിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതിസന്ധി നേരിട്ടിരുന്നോ എന്ന് വിശദീകരണം തേടും. സര്‍ക്കാര്‍ നിയമനം നടത്തിയ കഴകം ജോലിയില്‍ത്തന്നെ ബാലുവിനെ നിയമിക്കാനാണ് ദേവസ്വത്തിന് താത്പര്യമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. 

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആദ്യത്തെ കഴകതസ്തികയിലെ നിയമനമാണ് ബാലുവിന്റേത്. പരീക്ഷയും അഭിമുഖവും നടത്തി ഒന്നാംസ്ഥാനം നേടിയാണ് ബാലു എത്തിയത്. കഴകം തസ്തികനിയമനത്തില്‍ പത്തുമാസത്തേക്ക് കഴകപ്രവൃത്തികളും ബാക്കി രണ്ടുമാസം ദേവസ്വം നിശ്ചയിക്കുന്ന മറ്റുജോലികളും ചെയ്യണമെന്നാണ് നിര്‍ദേശം. ഈ രണ്ടുമാസം മാത്രമാണ് പരമ്പരാഗത കഴകക്കാര്‍ക്ക് അവകാശം. 

പാരമ്പര്യ കഴകക്കാരെ സംരക്ഷിക്കുകയാണ് ലക്ഷ്യം - വാരിയര്‍ സമാജം 

പാരമ്പര്യമായി കഴകപ്രവൃത്തി ചെയ്യുന്നവരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് വാരിയര്‍ സമാജം. പാരമ്പര്യമായി ചെയ്തുവരുന്ന കാരായ്മ ജീവനക്കാരെ സംരക്ഷിക്കണം. അവര്‍ക്ക് ജോലിസ്ഥിരത ഉറപ്പുകൊടുക്കണം. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ മാലകെട്ട്, വിളക്കുപിടിക്കല്‍ മുതലായ ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി അവകാശികളായ വാരിയര്‍ സമുദായാംഗങ്ങള്‍ നിര്‍വഹിച്ചിരുന്നതാണ്.  ഇക്കാര്യത്തില്‍ ജാതീയതല്ല, അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും വാരിയര്‍ സമാജം വ്യക്തമാക്കി. സമാജം ഭാരവാഹികള്‍ ജോലിചെയ്യുന്ന പലക്ഷേത്രങ്ങളിലും മറ്റുവിഭാഗക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അതൊന്നും എതിര്‍ത്തിട്ടില്ല.

ജാതിയുടെപേരില്‍ മാറ്റിനിര്‍ത്തിയാല്‍ തെറ്റ് - കെ. രാധാകൃഷ്ണന്‍ എം.പി.

കഴകത്തിന്റെ ജോലിചെയ്യുന്നതിനാണ് പത്തുമാസത്തേക്ക് ഒരാളെ നിയമിച്ചത്. അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. അത് നിഷേധിക്കുന്ന നിലപാട് ശരിയല്ല. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡാണ് റിക്രൂട്ട്‌മെന്റ് നടത്തിയത്. അതില്‍ ഇടപെടാന്‍ തന്ത്രിക്ക് അവകാശമില്ല. ജാതിവിവേചനം നടന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം. മനുവാദസിദ്ധാന്തം പുനഃസ്ഥാപിക്കുന്ന ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. അതിനെ പിന്തുണയ്ക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങളെ തള്ളിപ്പറയണം. 

ജാതിയല്ല വിഷയം, പാരമ്പര്യ അവകാശമാണ് - തന്ത്രിമാര്‍ 

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതീയതയല്ല വിഷയമെന്നും പാരമ്പര്യ അവകാശമാണെന്നും തന്ത്രിമാര്‍ പറഞ്ഞു. കൂടല്‍മാണിക്യം ദേവസ്വംനിയമത്തിന്റെ ലംഘനമാണ് കഴകംതസ്തിക നിയമനത്തില്‍ ദേവസ്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കഴകം, മേല്‍ശാന്തി, കീഴ്ശാന്തി, മൂസ് ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിയമപ്രകാരം അക്കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം തന്ത്രിമാര്‍ക്കാണ്. ഈ നിയമനങ്ങള്‍ പരീക്ഷനടത്തി ആളെവെക്കാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് ഒരവകാശവുമില്ല. അതിന് വിരുദ്ധമായിട്ടാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. 

പാരമ്പര്യ അവകാശികള്‍ നല്‍കിയ കേസില്‍ ഹൈക്കോടതി ഹിയറിങ് ഫെബ്രുവരി 25-ന് തുടങ്ങുമെന്നറിഞ്ഞ് തിരക്കുപിടിച്ച് 24-ന് ഉച്ചയ്ക്കുശേഷം പെട്ടെന്നാണ് കഴകപ്രവൃത്തിയില്‍ ആളെ നിയമിച്ചത്. രാവിലെ കഴകപ്രവൃത്തിക്കുവന്ന താത്കാലിക ജീവനക്കാരനായ പാരമ്പര്യ അവകാശിയായ അംഗത്തെ  മുന്നറിയിപ്പോ നോട്ടീസോ നല്‍കാതെ വൈകീട്ടുമുതല്‍ ജോലിക്കുവരേണ്ടെന്നും താക്കോലും മറ്റ് സാധനങ്ങളും തിരിച്ചുനല്‍കാനുമായിരുന്നു അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശിച്ചത്. 

ഇത് തെറ്റാണ്. തൊഴിലവകാശങ്ങള്‍ക്ക് എതിരാണത്. ദേവസ്വത്തില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് തന്ത്രിമാരുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് സമ്മര്‍ദം ചെലുത്തിയതെന്നും തന്ത്രിമാര്‍ വ്യക്തമാക്കി.  ക്ഷേത്രത്തിലെ വിവിധ ചുമതലകളില്‍ പാരമ്പര്യ അവകാശികളുണ്ട്. അവരെല്ലാം മുന്നാക്കജാതിക്കാരല്ല. ക്ഷേത്രത്തിലെ എല്ലാ പാരമ്പര്യ അവകാശങ്ങളും നിലനിര്‍ത്തണമെന്നാണ് തന്ത്രിമാരുടെ നിലപാട്. 

നടപടി അധാര്‍മികം - സ്വാമി സച്ചിദാനന്ദ, പ്രസിഡന്റ്, ശിവഗിരി മഠം

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകത്തിന് പിന്നാക്കസമുദായക്കാരനെ നിയോഗിച്ചതില്‍ പ്രതിഷേധിച്ച് സമരത്തിനിറങ്ങിയ തന്ത്രിമാരുടെ നടപടി അധാര്‍മികമാണ്. ക്ഷേത്രത്തിലെ വൈദികകര്‍മത്തിനല്ല, മാലകെട്ടുന്നതിനുപോലും പിന്നാക്കക്കാരെ നിയമിക്കാന്‍പാടില്ലെന്ന് ശഠിക്കുന്നവര്‍ക്ക് ഇനിയും നേരംപുലര്‍ന്നിട്ടില്ല. പിന്നാക്കക്കാരനെ കഴകസ്ഥാനത്തുനിന്ന് മാറ്റി ശുദ്ധിക്രിയ നടത്തിയെന്നുകേട്ടു.
വാസ്തവത്തില്‍ അത് നടത്തിയവരുടെ ഹൃദയത്തിലാണ് ശുദ്ധിക്രിയ നടത്തേണ്ടത്. 

ക്ഷേത്രനിയമനങ്ങളില്‍ അയിത്തം ആചരിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ടായിട്ടും സ്വതന്ത്രവും അല്ലാത്തതുമായ ചില ദേവസ്വങ്ങള്‍ ജാതിചിന്ത വെച്ചുപുലര്‍ത്തുന്നത് സ്വയംനാശത്തിനാണെന്ന് ഇവര്‍ അറിയുന്നില്ല. കോടതിവിധിയെപ്പോലും മാനിക്കാത്ത മാമൂല്‍വിശ്വാസികളെ സര്‍ക്കാര്‍ മാതൃകാപരമായി ശിക്ഷിക്കണം

പിന്നില്‍ കുലംകുത്തികള്‍ - വെള്ളാപ്പള്ളി നടേശന്‍, എസ്.എന്‍.ഡി.പി. യോഗം, ജനറല്‍ സെക്രട്ടറി

ഹിന്ദുവിന്റെ ഐക്യം  തകര്‍ക്കാന്‍ ഗൂഢലക്ഷ്യവുമായി നടക്കുന്ന ചില കുലംകുത്തികളാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിനു പിന്നിലെന്ന് എസ്.എന്‍.ഡി.പി. യോഗം, ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്നാക്കക്കാരന് ക്ഷേത്രത്തില്‍ കഴകക്കാരനാകാന്‍ പറ്റാത്ത സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഹിന്ദുഐക്യം കാലഘട്ടം ആവശ്യപ്പെടുന്നതാണ്. ഹിന്ദുക്കളെ ഒന്നായി കാണാനുള്ള മനസ്സുണ്ടാകണം. 

രാജവാഴ്ചയും രാജഭരണവും അവസാനിച്ചിട്ടും ജാതിവിവേചനത്തിന്റെ ദുഷ്ടതയുമായി നടക്കുന്നവരെ ഭരണാധികാരികള്‍ നിലയ്ക്കുനിര്‍ത്തണം. സമൂഹനന്മയ്ക്കായി ആചാരങ്ങള്‍വരെ മാറ്റുമ്പോഴാണ് ചിലര്‍ ജാതിവിവേചനത്തിന്റെ അസ്ഥിപഞ്ജരവുമായി ഇറങ്ങിയിരിക്കുന്നത്. തന്ത്രിസ്ഥാനം മന്ത്രിസ്ഥാനമല്ല. പിന്നാക്കക്കാരന് കഴകക്കാരനായി നിയമനം നല്‍കിയ ഭരണാധികാരികള്‍തന്നെ അതു ചെയ്യാനുള്ള അവസരവുമൊരുക്കണം. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം.

വിവാദം അജ്ഞതമൂലം - യോഗക്ഷേമസഭ

ഈഴവവിഭാഗത്തില്‍പ്പെട്ടയാളെ കഴകത്തിന് നിയോഗിച്ചതല്ല, മറിച്ച് കാരായ്മ അവകാശമുള്ളവരെ നിയമവിരുദ്ധമായി നീക്കിയതാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിലെ യഥാര്‍ഥപ്രശ്‌നമെന്ന് യോഗക്ഷേമസഭ. ഇതുമറച്ചുവെച്ച് തെറ്റായ പ്രചാരണത്തിലൂടെ തന്ത്രിമാരെയും ബ്രാഹ്‌മണസമുദായത്തെ ഒന്നാകെയും കരിതേച്ച് കാണിക്കാനുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണെന്നും സഭ അറിയിച്ചു.

കഴകക്കാരന്‍ അവിടെത്തന്നെ ജോലിചെയ്യണം - മന്ത്രി വി.എന്‍. വാസവന്‍, ദേവസ്വം വകുപ്പ് മന്ത്രി 

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം നിയമങ്ങളനുസരിച്ച് നിയമിച്ച കഴകക്കാരന്‍ ആ തസ്തികയില്‍ അവിടെത്തന്നെ ജോലിചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി വി.എന്‍. വാസവന്‍. 
തന്ത്രിമാരുടെ വിയോജിപ്പിനെത്തുടര്‍ന്ന് അദ്ദേഹത്തെ ക്ഷേത്രത്തില്‍നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല. നവോത്ഥാനനായകര്‍ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണില്‍ ജാതിയുടെ പേരില്‍ ഒരാളെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. കാലഘട്ടത്തിന് യോജിച്ച സമീപനമല്ല തന്ത്രിമാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം നിയസഭയില്‍ പറഞ്ഞു. 

കൂടല്‍മാണിക്യം ആക്ടും, റഗുലേഷനും പ്രകാരം ക്ഷേത്രത്തിലെ കഴകം ജോലികള്‍ നിര്‍വഹിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങളും ഉത്തരവുകളുമുണ്ട്. ഇതനുസരിച്ച്  1025+ഡി.എ.  ശമ്പള സ്‌കെയിലുള്ള കഴകം തസ്തികയിലേക്ക് പാരമ്പര്യമായി തന്ത്രി നിര്‍ദേശിക്കുന്ന വ്യക്തിയെയും 1300-1880 ശമ്പള സ്‌കെയിലുള്ള കഴകത്തെ നേരിട്ടുള്ള നിയമനംവഴി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് മുഖേനയുമാണ് നിയമിക്കേണ്ടത്. രണ്ടാമത്തെ കഴകം തസ്തികയില്‍ 2025 ഫെബ്രുവരിവരെ 24-ന് റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി നിയമിതനായ ബാലു എന്നയാള്‍ കഴകം ജോലി ചെയ്യുന്നതിലാണ് തന്ത്രിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. 

ജാതീയമായി ആരും ഒന്നും പറഞ്ഞിട്ടില്ല, ഓഫീസ് ജോലി താത്പര്യം - ബി.എ. ബാലു     

തന്നോട് ജാതീയമായി ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന് ബി.എ. ബാലു 'മാതൃഭൂമി'യോട് പറഞ്ഞു. പത്തുദിവസം ജോലി ചെയ്തതിനിടയില്‍ ഒരിക്കല്‍പ്പോലും അത്തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍, തനിക്ക് താത്പര്യം അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശിച്ച ദേവസ്വം ഓഫീസിലെ അറ്റന്‍ഡര്‍ ജോലിയാണ്. അവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഓഫീസ് ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ദേവസ്വം ഭരണസമിതിയോട് അഭ്യര്‍ഥിക്കുമെന്നും ബാലു പറഞ്ഞു. 

ഫെബ്രുവരി 24-നാണ് ബാലു ജോലിക്ക് ചേര്‍ന്നത്. ആറാംതീയതിയാണ് ജോലി ക്രമീകരണ ഉത്തരവ് ലഭിച്ചത്. തന്ത്രിമാര്‍ പരാതിയുമായി വന്ന സാഹചര്യത്തില്‍ ഒരു തീരുമാനം വരുന്നതുവരെ താത്കാലികമായി ഓഫീസിലേക്ക് മാറ്റിക്കൊണ്ടായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ്. നേരത്തേ തിരുവനന്തപുരത്ത് രണ്ടുക്ഷേത്രങ്ങളില്‍ താത്കാലിക കഴകപ്രവൃത്തി ചെയ്തിട്ടുള്ള ആളാണ് ബാലു. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷകള്‍ നേരത്തേ എഴുതിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു നിയമനം. 

മനുഷ്യാവകാശക്കമ്മിഷന്‍ കേസെടുത്തു

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതിവിവേചനം നടക്കുന്നതായുള്ള പരാതിയില്‍ മനുഷ്യാവകാശക്കമ്മിഷന്‍ കേസെടുത്തു. കൊച്ചിന്‍ ദേവസ്വം കമ്മിഷണറും കൂടല്‍മാണിക്യം എക്‌സിക്യൂട്ടീവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശക്കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴകം ജോലികള്‍ക്ക് നിയമിച്ച ഈഴവ സമുദായത്തില്‍പ്പെട്ട ആളെ മാറ്റിനിര്‍ത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി.