കിലോക്കണക്കിന് കഞ്ചാവും എം.ഡി.എം.എയുമൊക്കെയാണ് നമ്മുടെ ചെറുപ്പക്കാരില്‍നിന്ന് ഈയിടെയായി പിടിച്ചെടുക്കുന്നത്. അതിനര്‍ത്ഥം ലഹരിമരുന്നുപയോഗം ഒറ്റപ്പെട്ട സംഭവമല്ല, ആയിരക്കണക്കിന് യുവാക്കളും കുട്ടികളും അവ ഉപയോഗിക്കുന്നു എന്നാണ്. പ്രമുഖ മനഃശാസ്ത്രജ്ഞര്‍ പ്രശ്നത്തിന്റെ ഗൗരവത്തെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

To advertise here,

കുടുംബങ്ങളിലെ അന്ത:ച്ഛിദ്രവും അരക്ഷിതാവസ്ഥയും- ഡോ. ആര്‍. ജയപ്രകാശ് (പീഡിയാട്രിക്സ് പ്രൊഫസര്‍, ബിഹേവിയറല്‍ പീഡിയാട്രിക്സ് വിഭാഗം മേധാവി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്)

ലഹരിമരുന്ന് ഉപയോഗിക്കുന്ന ഭൂരിഭാഗം കുട്ടികളുടെയും വീടുകളില്‍ മോശക്കാരനായ അച്ഛനോ അമ്മാവനോ അപൂര്‍വമായെങ്കിലും ഒരു അപ്പാപ്പനോ (അച്ഛന്റെ പിതാവ്) ഉണ്ടാകാറുണ്ട്. ഇവിടെ ബിഹേവിയറയില്‍ പീഡിയാട്രിക്സില്‍ ചികിത്സ തേടി വരുന്ന കുട്ടികളില്‍ ഏതാണ്ട് 30-35 ശതമാനം പേരും അന്തഃച്ഛിദ്രം ബാധിച്ച കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. വേര്‍പിരിഞ്ഞ മാതാപിതാക്കള്‍, അച്ഛന്‍  ഉപേക്ഷിച്ചു പോയത്, കുടുംബത്തിനകത്തെ ആക്രമം എന്നിങ്ങനെ അരക്ഷിതാവസ്ഥയുള്ള കുടുംബങ്ങള്‍. കുടുംബബന്ധങ്ങളില്‍ പ്രശ്നങ്ങളുള്ള കുട്ടികള്‍. കുട്ടികള്‍ക്ക് ആശ്രയിക്കാവുന്ന ഒരു വ്യക്തിയുടെ അഭാവം പൊതുവേ ഉണ്ടാകും. അച്ഛന്റെയോ അമ്മയുടെയോ സ്ഥാനത്ത് നിര്‍ത്താവുന്ന ഒരാളിന്റെ കുറവ്, ശൂന്യത. ആ ശൂന്യതയിലേക്കാണ് സൗഹൃദങ്ങള്‍ കയറിവരുന്നത്. അക്കാലത്ത് രക്ഷകര്‍ത്താക്കളുടെ സ്വാധീനവും സജീവമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ കുട്ടികള്‍ സുഹൃത്തുക്കളുടെ ദുഃസ്വാധീനത്തില്‍ പെട്ടുപോകാനുള്ള സാധ്യത കുറയും.

placeholder
ഡോ. ആര്‍. ജയപ്രകാശ്

മദ്യത്തില്‍ തുടങ്ങിയിട്ടാകാം കുട്ടികള്‍ ലഹരിമരുന്നിലേക്ക് പോകുന്നത്. ഇക്കാലത്ത് മദ്യത്തിനൊപ്പം ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങുന്നവരും ഉണ്ട് മദ്യത്തിന് മുമ്പേ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുണ്ട്, എംഡിഎംഎ മാത്രം ഉപയോഗിക്കുന്ന കുട്ടികളെയും കണ്ടിട്ടുണ്ട്. ചെറുപ്പത്തിലെ ലഹരിമരുന്ന് ഉപയോഗം, പ്രത്യേകിച്ച് രാസലഹരി, വ്യക്തിത്വത്തെ തന്നെ മാറ്റിമറിക്കും. തലച്ചോറിലെ പ്രീ ഫ്രോണ്ടല്‍ ലോബിന് തകരാര്‍ സംഭവിക്കുന്നു. അത് വിശകലനശേഷി, തീരുമാനമെടുക്കല്‍ ശേഷി തുടങ്ങിയവയെ ബാധിക്കുന്നു. അവരുടെ അക്രമസ്വഭാവം പ്രവചനാതീതമാവുന്നു. കുടുംബബന്ധങ്ങളൊക്കെ അപ്രസക്തമാകുന്ന രീതിയില്‍ സ്വഭാവം മാറുന്നു.

പാരന്റിങിന്റെ പ്രാധാന്യം

'പെര്‍മിസ്സീവ് പാരന്റിംഗ്' വലിയൊരു പ്രശ്നമാണ്. കുട്ടികള്‍ ചോദിക്കുന്നതെന്തും സാധിച്ചു കൊടുക്കുന്നു. അതുപോലെ ഏകാധിപത്യപരമായ പാരന്റിംഗുമുണ്ട്. ഇത് രണ്ടും കുട്ടികളില്‍ അക്രമവാസനയും ആഗ്രഹിച്ചത് നടന്നില്ലെങ്കില്‍ എന്തും ചെയ്യാനുള്ള പ്രേരണയും വളര്‍ത്തും. കുട്ടികള്‍ മുതിര്‍ന്നു വരുമ്പോള്‍ അവര്‍ക്ക് അവരുടെ കാര്യങ്ങള്‍ സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമൊക്കെയുള്ള അവസരങ്ങള്‍ കുറയുന്നു. ആധുനിക സാങ്കേതികവിദ്യകളും കുടുംബാന്തരീക്ഷത്തെ ബാധിക്കുന്നുണ്ട്. വീട്ടിനുള്ളില്‍ ഓരോരുത്തരും ഓരോ മൊബൈലുമായി സ്വന്തം ലോകത്ത് മുഴുകിയിരിക്കുകയാണ്. തമ്മില്‍ത്തമ്മില്‍ കാര്യമായ ആശയവിനിമയമില്ല. അത് വലിയ ശൂന്യത സൃഷ്ടിക്കുന്നു. ചില രക്ഷിതാക്കള്‍ ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ കളിക്കാന്‍ കൊടുക്കും, അല്ലെങ്കില്‍ വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കും. പക്ഷേ, കുട്ടികള്‍ മുതിരുമ്പോള്‍ അത് നടക്കില്ല. ആ ശൂന്യതയിലേക്കാണ് സുഹൃത്തുക്കള്‍ വരുന്നത്.

പ്രശ്നത്തെ നിയന്ത്രണാധീനമാക്കാന്‍

ഇപ്പോള്‍ നടക്കുന്ന പോലീസ്, എക്സൈസ് നടപടികള്‍ ശക്തിയായി തുടരണം. പക്ഷേ, ഇത്തരത്തിലുള്ള ഏതെങ്കിലും നടപടി കൊണ്ട് മാത്രം പരിഹാരമാവില്ല. അതിന് ബഹുമുഖമായ ഇടപെടലുകള്‍ വേണ്ടിവരും. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ഒക്കെ ഇടപെടലുകള്‍ ഉണ്ടാവണം. നല്ല രീതിയില്‍ ബോധവത്കരണം നടത്തണം. കുടുംബാന്തരീക്ഷം മെച്ചപ്പെടുത്താന്‍ ശരിയായ രീതിയിലുള്ള ഇടപെടലുകള്‍ വേണ്ടിവരും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാറ്റം വരണമെങ്കില്‍ കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ ഫലപ്രദമായി ഇടപെടണം. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ചൂരല്‍ തിരിച്ചു നല്‍കൂ, കുട്ടികള്‍ ശരിയായിക്കോളും എന്ന് പറയുന്നവരുണ്ട്. വിഡ്ഢിത്തമാണത്. ജനാധിപത്യപരമായ റെസ്പോണ്‍സിബിള്‍ പാരന്റിങ്, ശിശുസൗഹൃദമായ ശിശുപരിപാലനം എന്ന രീതിയിലേക്ക് മാറാന്‍ വലിയ തോതില്‍ ക്യാമ്പയിന്‍ നടത്തേണ്ടി വരും. കേരളത്തിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും ഈ രീതിയിലുള്ള ബോധവല്‍ക്കരണവും പരിശീലനവും നല്‍കണം. അതിനായി വലിയ സാമൂഹിക ഇടപെടല്‍ നടത്തിയാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഈ പ്രശ്നത്തെ ഫലവത്തായി നിയന്ത്രിക്കാന്‍ കഴിയും.

ഇത് നമ്മുടെ അതിജീവനത്തിന്റെ പ്രശ്നം -ഡോ. മോഹന്‍ റോയ് (മനഃശാസ്ത്ര വിഭാഗം മേധാവി,കൊല്ലം മെഡിക്കല്‍ കോളജ്)

വര്‍ധിക്കുന്ന ലഹരി ഉപയോഗം സമൂഹം എന്ന നിലയ്ക്ക് കേരളം വളരെ കരുതലോടെ വീക്ഷിക്കേണ്ട കാര്യമാണ്. നമ്മുടെ ജനസംഖ്യ 2036 ആകുമ്പോള്‍ 3.7 കോടിക്കും 3.8 കോടിക്കുമിടയില്‍ സ്ഥിരമായേക്കും എന്ന് കരുതപ്പെടുന്നു. നിലവിലുള്ള ജനസംഖ്യയെ നിലനിര്‍ത്താനുള്ള രീതിയില്‍ കുട്ടികള്‍ ജനിക്കുന്നില്ല സംസ്ഥാനത്ത്. കുടിയേറ്റം പോലുള്ള പ്രശ്നങ്ങള്‍ വേറെയും. അങ്ങനെ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനക്ഷമമായ കര്‍മശേഷിയുടെ കാര്യത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഗണ്യമായ ഇടിവാണുണ്ടായിരിക്കുന്നത്, ഏതാണ്ട് രണ്ടു ലക്ഷത്തോളം പേരുടെ കുറവ്. അങ്ങനെ കുറയുന്ന യുവാക്കളില്‍ ആണ് ലഹരി ഉപയോഗം കൂടുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാര്‍ത്ഥി രാഷ്ട്രീയകക്ഷികളുടെ നേതാക്കളും ഈ ലഹരി ഇടപാടുകളില്‍ പിടിക്കപ്പെടുന്ന വാര്‍ത്തകള്‍ ഉത്കണ്ഠ വര്‍ധിപ്പിക്കുന്നു. പിടിച്ചവരെ മാത്രമേ നമ്മള്‍ അറിയുന്നുള്ളൂ. പിടിക്കപ്പെടാത്തവര്‍ ഇനിയുമുണ്ടാകും. ഇവര്‍ നേതാക്കളും ഭരണാധികാരികളും ആവുന്ന കാലത്ത് എന്തായിരിക്കും സാഹചര്യം?

placeholder
ഡോ. മോഹന്‍ റോയ്


ഈയിടെ കാണുന്ന മിക്കവാറുമുള്ള കുറ്റകൃത്യങ്ങളിലും ലഹരിക്ക് പങ്കുണ്ട്. ലഹരി ഉപയോഗം കാരണം യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ കുറയുന്ന ജനസംഖ്യവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ തെളിയുന്നത് അപകടകരമായ പ്രത്യാഘാതങ്ങളാണ്. തല്‍ക്കാലത്തെ ഒരു പ്രശ്നത്തിനപ്പുറം നാടിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന ഗുരുതരപ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇത്. ഒരു സമൂഹം എന്ന നിലയില്‍ കേരളത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കാവുന്നത്ര വലിയ പ്രശ്നമായിരിക്കുന്നു.

തല്ലുകൂടുന്ന കുട്ടികളെ പിടിച്ചുമാറ്റാന്‍ ഭയക്കുമ്പോള്‍

റോഡുവക്കില്‍ തല്ലുകൂടുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റാന്‍ പോലും കണ്ടുനില്‍ക്കുന്നവര്‍ തയ്യാറാകുന്നില്ല. അതല്ലേ കോഴിക്കോട്ട്‌ ഷഹബാസിന്റെ മരണത്തിനു കാരണമായത്? പിടിച്ചുമാറ്റാന്‍ പോയാല്‍ തങ്ങള്‍ക്കും കുത്തു കിട്ടുമെന്ന് ഭയം കൊണ്ടല്ലേ ആരും ഇടപെടാത്തത്? കുട്ടികളുടെ കയ്യില്‍ ആയുധമുണ്ടെന്നു നമ്മള്‍ ഭയക്കുന്ന അവസ്ഥയാണ് കാരണം. കണ്‍മുന്നിലുണ്ടാവുന്ന പ്രശ്നത്തില്‍നിന്നു മാറി നില്‍ക്കുന്ന ആള്‍ക്കാരുടെ കൂട്ടത്തെ കൂടിയാണ് ലഹരി സൃഷ്ടിക്കുന്നത്. ഇപ്പോള്‍തന്നെ സംവേദനക്ഷമത വളരെ കുറഞ്ഞ സമൂഹമായി നമ്മള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. അനുകമ്പയും സഹതാപവും ഇല്ലാത്ത സമൂഹം. അത് അപകടകരമാണ്.

ലഹരിമരുന്നിനെതിരായ യുദ്ധം ഓരോ വ്യക്തിയും അവനവന്റെ പ്രശ്നമായി കരുതി പോരാടിയാലെ വിജയിക്കാനാവൂ. വിദൂരഭാവിയില്‍ മറ്റാര്‍ക്കോ ഉണ്ടാകാനിടയുള്ള ദുരന്തമായല്ല, നമ്മുടെ വീട്ടില്‍ എത്തിക്കഴിഞ്ഞ പ്രശ്നമായി കരുതണം. അതിനായി, ഉത്തരവാദിത്തപ്പെട്ട എല്ലാവരും ചേര്‍ന്ന്- ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ- ദീര്‍ഘകാല പദ്ധതി ഉണ്ടാക്കുകയും നടപ്പാക്കുകയും വേണം. കൃത്യമായി ഇടവേളകളില്‍ പുരോഗതി വിലയിരുത്തണം. ഭരണം മാറിയാല്‍ പദ്ധതി നിര്‍ത്തിപ്പോവുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്. സ്‌കൂളുകളിലെ സ്വഭാവവൈകല്യമുള്ള കുട്ടികളെ കണ്ടെത്തണം. കുടുംബങ്ങളില്‍ പാരന്റിംഗ് ശരിയായി നടക്കുന്നുവെന്ന്‌ ഉറപ്പുവരുത്തണം. ഒരു കുട്ടി വീട്ടില്‍ നിന്നിറങ്ങി സ്‌കൂളിലെത്തും വരെയുള്ള വഴികളില്‍ സമൂഹത്തിന്റെ കണ്ണുണ്ടാവണം. സ്‌കൂള്‍ സംരക്ഷണ സമിതികള്‍ ഉണ്ടാവണം, കുട്ടികള്‍ പോകുന്ന കടകളും മറ്റ് സ്ഥാപനങ്ങളും നിരീക്ഷിക്കപ്പെടണം. വ്യക്തിപരമായ താല്പര്യമെടുത്ത് ഓരോരുത്തരും മുന്നിട്ടിറങ്ങണം. മറ്റൊരു യുദ്ധം പോലെയല്ല ഇത്. പിഴവ് വന്നാല്‍ പരിഹരിച്ച് തിരിച്ചുവരാനുള്ള മാര്‍ഗ്ഗം ഇതിലില്ല.

ലഹരി ഉപയോഗത്തെ നോര്‍മലൈസ് ചെയ്യുന്നവര്‍- ഡോ. എല്‍സി ഉമ്മന്‍ (കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, കൊച്ചി)

യുവതലമുറയിലെ ലഹരി ഉപയോഗം വളരെ നോര്‍മലാണ്, അപാകത ഒന്നുമില്ല എന്ന രീതിയില്‍ കാണുന്നവരുണ്ട്‌. ചിലര്‍ ഇതിനെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി കാണുന്നു. ലഹരിമരുന്നിന്റെ കാരിയര്‍മാരോ വിതരണക്കാരോ ആകുമ്പോള്‍ കിട്ടുന്ന വരുമാനം, പെട്ടെന്ന് പണമുണ്ടാക്കാന്‍ ഉള്ള അവസരം എന്നിവയും പ്രേരണ ചെലുത്തുന്നു. ഇന്നത്തെ തലമുറയ്ക്ക് അമിത ചെലവാണ്. 20 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മറ്റു വരുമാനമാര്‍ഗ്ഗങ്ങള്‍ ഉണ്ടാവുകയില്ല. വീട്ടില്‍നിന്ന് പണം വാങ്ങുന്നതിനും പരിധിയുണ്ടാകുമല്ലോ. അതിനാല്‍ പണം ഉണ്ടാക്കാന്‍ ഉള്ള മാര്‍ഗമായി ഇതിനെ തെരഞ്ഞെടുക്കാറുണ്ട്. ലഹരി, സര്‍ഗാത്മകത വര്‍ദ്ധിപ്പിക്കുമെന്ന് കേട്ട് ഇതിലേക്ക് വരുന്നവരുണ്ട്. ചില സിനിമകള്‍ കഞ്ചാവ് വലിച്ചിട്ട് എഴുതിയതാണ് എന്നൊക്കെ വിശ്വസിച്ച്‌ അതിന്റെ പിറകെ ഹ്രസ്വചിത്രം പിടിക്കാനും തിരക്കഥ എഴുതാനും നടക്കുന്നവരുണ്ട്.

ലഹരി ഉപയോഗത്തിന്റെ മാരകഫലങ്ങള്‍

ലഹരി ഉപയോഗം ദൂരവ്യാപകമായ, ഭയാനകമായ പ്രത്യാഘാതങ്ങള്‍- വ്യക്തിപരവും സാമൂഹികവും കുടുംബപരവുമായവ- ഉണ്ടാക്കുന്നു. ലഹരിമരുന്നുകള്‍ വ്യക്തികളില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള വാസന ഉണ്ടാക്കുകയും അക്രമോത്സുകത വളര്‍ത്തുകയും ചെയ്യുന്നു. പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്സ് എന്ന തലച്ചോറിന്റെ മുന്‍ഭാഗത്തെ ലഹരി ബാധിക്കുന്നു. ശരി- തെറ്റുകളെ വിവേചിച്ചറിയാന്‍ കെല്‍പ്പ് നല്‍കുന്ന ഭാഗമാണിത്. ആരോടെങ്കിലും ദേഷ്യമോ വൈരാഗ്യമോ ഉണ്ടെങ്കിലും ഒരാള്‍ അക്രമത്തിന് മുതിരാതിരിക്കുന്നത് പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ബോധ്യം കൊണ്ടാണ്. ഇത്തരത്തിലുള്ള നിയന്ത്രണം തരുന്നത് ഈ ഭാഗമാണ്. ലഹരി അകത്തു ചെല്ലുമ്പോള്‍ അക്രമവാസനയെ നിയന്ത്രിക്കുന്ന ആ 'ബ്രേക്ക്' നഷ്ടപ്പെടുന്നു. പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കാതെ എടുത്തുചാടുന്നതിനും തോന്നുംപോലെ പ്രവര്‍ത്തിക്കുന്നതിനുള്ള ത്വര ഉണ്ടാകുന്നു. എല്ലാവിധ പഠനങ്ങളും സൂചിപ്പിക്കുന്നത് ലഹരി ഉപയോഗിക്കുന്നവരില്‍ അക്രമവാസന കൂടുതലാണെന്നു തന്നെയാണ്. അപകടസാധ്യത വളരെ കൂടിയ പ്രവൃത്തികളില്‍ ഏര്‍പ്പെടാനുള്ള പ്രവണതയും ലഹരി ഉപയോഗിക്കുന്ന കുട്ടികളില്‍ ഉണ്ടാവുന്നു.

placeholder
ഡോ. എല്‍സി ഉമ്മന്‍

'പിയര്‍ പ്രഷറും' ലഹരി ഉപയോഗത്തിന് കാരണമാവുന്നുണ്ട്. തന്റെ കൂട്ടുകാരൊക്കെ ലഹരി  ഉപയോഗിക്കുമ്പോള്‍ മാറിനില്‍ക്കുന്നത് അഭിമാനക്ഷതമായി കരുതാം. വ്യക്തിത്വവൈകല്യങ്ങള്‍ ഉള്ളവരിലും മറ്റും ലഹരി ഉപയോഗിക്കാനുള്ള പ്രവണത ഉണ്ടാകാം. വിഷാദവും ഉത്കണ്ഠയും മറികടക്കാന്‍ ലഹരിയെ ആശ്രയിക്കുന്നവരുണ്ട്. ഹൈപ്പര്‍ ആക്ടിവിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവരും കൗമാരപ്രായം എത്തുമ്പോള്‍ പരീക്ഷണാര്‍ത്ഥം ലഹരി ഉപയോഗം ആരംഭിക്കാനുള്ള സാധ്യതയുണ്ട്.

മൂല്യച്യുതി- കുട്ടികളിലും മാതാപിതാക്കളിലും

ഇന്ന് പാരന്റിങ്ങില്‍ ഏറെ മാറ്റം വന്നിരിക്കുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും അവരുടെ കാഴ്ചപ്പാടിലും ഏറെ മൂല്യച്യുതി സംഭവിച്ചിരിക്കുന്നു. പണ്ടുകാലത്ത് മാതാപിതാക്കള്‍ കൃത്യമായ ചട്ടങ്ങള്‍ വെച്ചിരുന്നു, അത് കുട്ടികള്‍ പാലിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളോട് കൂടുതല്‍ സൗഹൃദത്തോടെ ഇടപെടുന്നവരാണ്, പലയിടത്തും സ്വാതന്ത്ര്യം വളരെ അമിതമാണ്. അതുകാരണം മൂല്യങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങി എന്നത് വസ്തുതയാണ്. പഴയകാലത്തെപ്പോലെ മൂല്യങ്ങളില്‍ അധിഷ്ഠിതമായ കുട്ടികളെ വളര്‍ത്തല്‍രീതി തിരിച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. മാതാപിതാക്കളിലുമുണ്ട്‌ ഈ മൂല്യച്യുതി. എല്ലാവരും ഏറെക്കുറെ സ്വാര്‍ത്ഥരാണ്. സ്വന്തം കാര്യം മാത്രം നോക്കുന്നു, അനുകമ്പ തീരെയില്ല. അതുതന്നെയാണ് അടുത്ത തലമുറയും കണ്ടുപഠിക്കുന്നത്. ലഹരി ഉപയോഗം വര്‍ധിക്കുന്നതിന്റെ ഒരു കാരണം ഇതാണ്.