'നാലു വയസ്സുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, എന്നെ തിരികെ ഗര്‍ഭപാത്രത്തിനകത്താക്കി വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി പുറത്തേക്ക് കൊണ്ടുവരാന്‍ കഴിയുമോ എന്ന്. കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ജീവിക്കുന്നത് അത്ര നല്ലതല്ലാത്ത നിറമുള്ള ആളെന്ന ആഖ്യാനത്തിനടിയില്‍ കുഴിച്ചുമൂടപ്പെട്ടാണ്. ആ ആഖ്യാനത്തെ കറുപ്പില്‍ സൗന്ദര്യമോ മൂല്യമോ കാണാത്ത, വെളുത്ത നിറത്തെയും വെളുത്ത മനസ്സുകളെയും വെളുത്തതും നല്ലതും സമ്പൂര്‍ണ്ണവുമായ എല്ലാത്തിനെയും ഇഷ്ടപ്പെടുന്ന ഞാന്‍ നിരുപാധികം അംഗീകരിക്കുകയും ചെയ്തു. വെളുത്ത നിറമല്ലാത്തതിനാല്‍ ഞാന്‍ അത്രത്തോളം വരില്ല എന്ന ബോധ്യത്തോടെ, ഏതെങ്കിലും തരത്തില്‍ പരിഹാരം ചെയ്യണം എന്ന വിചാരത്തോടെ.
'കറുപ്പിന്റെ പാരമ്പര്യത്തില്‍ ആഹ്ളാദിച്ച എന്റെ മക്കള്‍ എത്തുംവരെ അങ്ങനെയായിരുന്നു. ഞാന്‍ ഒട്ടും കാണാത്തിടത്ത് അവര്‍ സൗന്ദര്യം കണ്ടെത്തിക്കൊണ്ടേയിരുന്നു. കറുപ്പ് അടിപൊളിയാണെന്ന് അവര്‍ കരുതി, എന്നെയും അതു കാണാന്‍ അവര്‍ സഹായിച്ചു.
കറുപ്പ് മനോഹരമാണെന്ന്
കറുപ്പിന് വിസ്മയപരമായ ചന്തമുണ്ടെന്ന്
എനിക്ക് കറുപ്പ് ഇഷ്ടവും അഭിമാനവുമാണെന്ന്'
മനസ്സു നീറ്റുന്ന കരുത്തുറ്റ ഈ വരികള്‍ കവി കൂടിയായ സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്നാണ്. സംസ്ഥാനസര്‍ക്കാരിലെ ഏറ്റവും വലിയ പദവി വഹിക്കുന്ന വ്യക്തിക്കു പോലും നേരിടേണ്ടി വരുന്ന ലിംഗ, വര്‍ണവിവേചനത്തെ കുറിച്ചുള്ള കുറിപ്പ് സമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. തന്റെ മുന്‍ഗാമിയായിരുന്ന ഭര്‍ത്താവ് ഡോ. വേണുവുമായുള്ള താരതമ്യങ്ങളില്‍ ഇരുവരുടെയും തൊലിനിറം കടന്നുവരുന്നത് എത്രത്തോളം വേദനാജനകമാണെന്ന് അവര്‍ വെളിപ്പെടുത്തുന്നു. തൊലിനിറത്തിലെ വ്യത്യാസം പോലെയാണ് ഇരുവരുടെയും നേതൃത്വത്തിലുള്ള ഭരണം എന്നാണ് ആക്ഷേപം.
നമ്മുടെ നവോത്ഥാന, പുരോഗമന കേരളം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തൊലിനിറത്തിന്റെയും ജാതിയുടെയും പേരില്‍ ഇപ്പോഴും ആള്‍ക്കാരെ മാറ്റിനിര്‍ത്തുകയും തരംതാഴ്ത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട് എന്നത് അത്രയ്ക്ക് ഞെട്ടിക്കുന്ന വാര്‍ത്തയല്ല. നമ്മുടെ പൊതുവ്യവഹാരത്തില്‍ നിര്‍ദോഷ ഹാസ്യത്തിന്റെയയും തമാശയുടെയും വേഷത്തില്‍ ക്രൂരമായ ഇത്തരം അപഹസിക്കലുകള്‍ പതിവ് കാഴ്ചയാണ്. സമാനമായ കഴിവുകളുള്ള രണ്ടു പേരില്‍ വെളുത്തയാളിന് കൂടുതല്‍ പരിഗണനയും അംഗീകാരവും കിട്ടുന്ന സാഹചര്യം ഇപ്പോഴുമുണ്ട്! ശാരദ പറഞ്ഞതുപോലെ പുതിയ തലമുറ ഇത്തരം മുന്‍വിധികളില്‍ നിന്ന് ഏറെക്കുറെ മോചിതരാണെന്നത് ആശ്വാസകരമാണ്. എങ്കിലും സ്ഥായിയായ മാറ്റമുണ്ടാകണമെങ്കില്‍ സ്‌കൂള്‍ തലം തൊട്ട് പരിഷ്‌കരണം വേണ്ടിയിരിക്കുന്നു.
നൂറുശതമാനം സാക്ഷരത മൈനസ് അവബോധമില്ലായ്മ
ഇന്ത്യയിലേക്കും ഏറ്റവും പുരോഗമനമുള്ള സംസ്ഥാനം എന്ന സ്വയം അഭിമാനിക്കുന്ന കേരളം വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ഉന്നമനത്തിന്റെയും സൂചികയായി നൂറുശതമാനം സാക്ഷരത എടുത്തുകാട്ടാറുണ്ട്. പക്ഷേ, അതിന്റെ മറവില്‍ ജാതിയുടെയും മതത്തിന്റെയും തൊലിനിറത്തിന്റെയും വസ്ത്രധാരണത്തിന്റെയും എന്തിന്, ഭാഷാസ്വാധീനത്തിന്റെയും വിദ്യാഭ്യാസയോഗ്യതയുടെയും പേരില്‍ പോലും വിധിക്കുകയും ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്ന തരത്തിലെ പിന്തിരിപ്പന്‍ മനോഭാവങ്ങള്‍ പതിയിരിക്കുന്നു. ശാരദയുടേത് തീര്‍ച്ചയായിട്ടും ഒറ്റപ്പെട്ട അനുഭവമല്ല. ബുധനാഴ്ച ഒരഭിമുഖത്തില്‍ ശാരദ പറഞ്ഞു, കേരളം പുരോഗമനത്തിലേക്കുള്ള യാത്രയിലാണെന്നും ചിലപ്പോഴൊക്കെ ഉണ്ടാവുന്ന ഇടര്‍ച്ചകളാണ് ഇത്തരം സംഭവങ്ങളെന്നും. ഒരു ചുവട് മുന്നോട്ടും രണ്ട് ചുവട് പിന്നോട്ടും എന്നാവരുതേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
കറുത്ത നിറത്തെ അപകര്‍ഷതയുമായി തുലനം ചെയ്യുന്ന ഒരു മാനസികാവസ്ഥ സര്‍വ്വവ്യാപിയാണ്. കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്ന പഴഞ്ചൊല്ലില്‍ പോലുമുണ്ട് ഒരു ജനതയെന്ന നിലയ്ക്ക് മലയാളികളുടെ മനസ്സില്‍ അടിയുറച്ചിരിക്കുന്ന മുന്‍വിധി. ശാരദയുടെ കാര്യത്തിലെന്ന പോലെ നമ്മുടെയുള്ളില്‍ വളരെ കുട്ടിക്കാലത്തെ ഇടിച്ചു കയറുന്ന/ കയറ്റുന്ന മുന്‍വിധികള്‍ പിന്നെ ഇറങ്ങിപ്പോവുന്നില്ല. അതുണ്ടാക്കുന്ന മുറിവുകളും. 'ജനിച്ചപ്പോള്‍ തനിത്തങ്കത്തിന്റെ നിറമായിരുന്നു, പിന്നെയാണ് അവള്‍ കറുത്തുപോയത്' എന്നു ഒരു മുത്തശ്ശി നിഷ്‌കളങ്കമായി പറയുമ്പോള്‍ അതുണ്ടാക്കുന്ന ഓളങ്ങള്‍ എത്ര കാലം നിലനില്‍ക്കും, എത്ര തലമുറ നീളും എന്ന് ആരും ആലോചിക്കുന്നുണ്ടാവില്ല. ഈ അപകര്‍ഷതയും അരക്ഷിതാവസ്ഥയുമുണ്ടാക്കുന്ന മാനസികാഘാതം എത്ര വലുതാണെന്നത് വ്യക്തമാണല്ലോ. കറുപ്പിന് ഏഴഴക് പോലെയുള്ള പ്രയോഗങ്ങള്‍ മിക്കപ്പോഴും ഒട്ടും ആത്മാര്‍ത്ഥതയില്ലാതെയാണ് മലയാളി പറയുക.
കേരളത്തിലെ വിദ്യാഭ്യാസസമ്പ്രദായത്തിന് സമൂഹത്തില്‍ രൂഢമൂലമായിട്ടുള്ള സാംസ്‌കാരിക പക്ഷപാതങ്ങളെയും മുന്‍വിധികളെയും ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നത് വ്യക്തമാണ്. കേരളത്തിലെ സ്ത്രീ സാക്ഷരത വളരെ ഉയര്‍ന്നതാണെങ്കിലും ജോലി ചെയ്യുന്നവര്‍ 20 ശതമാനം മാത്രമാണ്, ദേശീയതലത്തില്‍ 25 ശതമാനമാണ്. 2024-ല്‍ പുറത്തിറങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയിലെ പുരുഷ മേധാവിത്വത്തിന്റെയും സംവിധാനത്തിന്റെ തന്നെ ഭാഗമായിരിക്കുന്ന സ്ത്രീവിരുദ്ധതയുടെയും ഇരുണ്ട കഥകളാണ് വെളിച്ചത്താക്കിയത്. നിരവധി വിദ്യാര്‍ത്ഥികളെ ശരീരഭാരത്തിന്റെയും രൂപത്തിന്റെയും പേരില്‍ പരിഹസിക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് 2022-ല്‍ ബോഡി ഷെയ്മിങിനെതിരെ കേരള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രചാരണം നടത്തിയിരുന്നു.
കലാഭവന്‍ മണിയും വിനായകനും മറ്റു ചിലരും
നിറത്തെ ജാതിയുമായി ബന്ധിപ്പിക്കുന്ന പ്രവണത ഇപ്പോഴുമുണ്ട്. മേല്‍ജാതിക്കാര്‍ക്ക് വെളുത്ത നിറം, കീഴ്ജാതികള്‍ക്ക് കറുപ്പ്. കലാഭവന്‍ മണിയെയും വിനായകനെയും പോലെ ഇരുണ്ട നിറമുള്ള നടന്മാര്‍ പലപ്പോഴും പരിഹസിക്കപ്പെട്ടതിനും പിന്നില്‍ ഈ രണ്ടു ഘടകങ്ങളുമുണ്ട്. പ്രതിഭയും കഠിനാധ്വാനവും കൊണ്ട് ഉയര്‍ന്നുവന്ന കലാഭവന്‍ മണി പില്‍ക്കാലത്ത് നായകവേഷത്തിലും തിളങ്ങിയിരുന്നു. എങ്കിലും കറുത്ത നിറത്തിന്റെ പേരില്‍ വേണ്ട രീതിയില്‍ അംഗീകരിക്കപ്പെട്ടില്ലെന്നും ജാതിയുടെ പേരില്‍ വിവേചനം നേരിട്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ചലച്ചിത്ര താരസംഘടനയായ അമ്മയിലെ ഒരു പ്രബലസംഘം തന്നെ ജാതിയുടെ പേരില്‍ ഒതുക്കി എന്ന് മണി ആരോപിച്ചിട്ടുണ്ട്. 2015-ലെ ഒരു അഭിമുഖത്തില്‍ 'കറുത്ത പയ്യന്‍' എന്ന് വിളിച്ചത് തന്നെ ശരിക്കും വേദനിപ്പിച്ചു എന്ന് മണി പറയുകയുണ്ടായി.
അഭിനയമികവു കൊണ്ട് വിനായകന്‍ ഭാഷാതീതമായ പ്രശസ്തി കൈവരിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും തൊലിനിറത്തിന്റെ പേരില്‍ പരിഹസിക്കപ്പെടാറുണ്ട്. 'ട്രാന്‍സി'ലെ വിനായകന്റെ രൂപം കണ്ടാല്‍ 'കുളിച്ചിട്ട് വര്‍ഷങ്ങളായ പോലെ തോന്നുന്നു' എന്നാണ് 2020-ല്‍ ഒരാള്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റുചെയ്തതത്. മലയാള സിനിമയിലെ നായികമാരുടെയും അനുഭവം മറ്റൊന്നല്ല. പൊതുവേ ഗോതമ്പ് നിറമുള്ള, വെളുത്ത നായികമാര്‍ക്കാണ് മാര്‍ക്കറ്റ്. 'ഉറൂബിന്റെ രാച്ചിയമ്മ' എന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഇരുണ്ട നിറക്കാരിയായ നായികയെ അവതരിപ്പിക്കാന്‍ നിശ്ചയിച്ചത് പാര്‍വതി തിരുവോത്തിനെയായിരുന്നു. തീരുമാനത്തില്‍ ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മലയാള സിനിമയില്‍ നായികാവേഷം കെട്ടാന്‍ ഇരുണ്ട നിറം ഇപ്പോഴും ബാധ്യതയാണ്, സംശയം വേണ്ട. കറുപ്പിനെ ആഘോഷിക്കുന്ന, 'കറുപ്പു താന്‍ എനക്കു പുടിച്ച കളറ്'എന്ന് പാടുന്ന, കറുത്ത നിറക്കാരായ നിരവധി നായകനടന്‍മാരുള്ള തമിഴ് സിനിമയില്‍ പക്ഷേ, ഇരുണ്ടനിറമുള്ള നായികമാര്‍ക്ക് ക്ഷാമമാണ്!
കേരളത്തിന്റെ വിനോദ ടെലിവിഷന്‍ രംഗം നോക്കുക, പ്രത്യേകിച്ച് കോമഡി ഷോകള്‍. മനുഷ്യത്വവിരുദ്ധമായ പക്ഷപാതങ്ങളെയും മുന്‍വിധികളെ പെരുപ്പിക്കുന്ന കാഴ്ചയാണ് മിക്കവയിലും. നര്‍മ്മത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നത് പലപ്പോഴും ക്രൂരതയിലേക്ക് വഴിമാറുന്നു. തൊഴില്‍, നിറം, ശരീരത്തിന്റെ വലിപ്പം, 'വിദ്യാഭ്യാസക്കുറവ്' എന്നിവയൊക്കെ മുനവച്ച പരിഹാസത്തിന് ഇരയാകുന്നു. പ്രേക്ഷകര്‍ അത് കൈയ്യടിച്ച് സ്വീകരിക്കുന്നത് വേദനാജനകമാണ്.
വര്‍ണവിവേചനത്തിന്റെ പിന്നാമ്പുറം
കറുത്ത നിറത്തിന് പുരാതന ഇന്ത്യയില്‍ തൊട്ടുകൂടായ്മ ഉണ്ടായിരുന്നതായി തോന്നുന്നില്ല. ഹിന്ദു ദൈവങ്ങളായ കൃഷ്ണനും രാമനും കാളിയുമൊക്കെ കറുത്ത നിറമുള്ളവരായാണ് ഇതിഹാസ, പുരാണങ്ങളില്‍ കാണുന്നത്. കൃഷ്ണന്‍ നീലമേഘം പോലെ ഇരുണ്ടവനാണ് (നീലമേഘശ്യാമന്‍). മഹാഭാരതത്തിലെ നായികയായ ദ്രുപദപുത്രി പാഞ്ചാലി 'കൃഷ്ണ'യാണ്. തിളങ്ങുന്ന കറുത്ത നിറമുള്ള സൗന്ദര്യധാമം. കേരളത്തിന്റെ ദ്രാവിഡപാരമ്പര്യത്തില്‍ വളരെ സ്വാധീനം ചെലുത്തിയ സംഘ സാഹിത്യത്തില്‍ (ക്രിസ്തുവര്‍ഷത്തിന് 300 വര്‍ഷം മുമ്പു മുതല്‍ 600 വര്‍ഷം) കറുത്ത നിറം വാഴ്ത്തപ്പെട്ടിരുന്നു. സംഘസാഹിത്യത്തില്‍ കറുപ്പുനിറത്തെ സൗന്ദര്യത്തിന്റെയും ശക്തിയുടെയും അടയാളമായി വാഴ്ത്തിയിരുന്നു.
വെള്ളക്കാരുടെ കാലത്താണ് വെളുത്ത നിറം മേല്‍ക്കോയ്മയുടെ അടയാളമായി അടിച്ചേല്‍പ്പിക്കപ്പെട്ടതെന്ന് കരുതുന്നു ഒരു വിഭാഗം ഗവേഷകര്‍. തദ്ദേശീയരിലെ അടിമ മനോഭാവം അരക്കിട്ടുറപ്പിക്കാന്‍ അപകര്‍ഷത കുത്തിച്ചെലുത്തേണ്ടത് അവരുടെ നിലനില്‍പ്പിന്റെ ആവശ്യമായിരുന്നു്. ഇന്ത്യന്‍ മനസ്സിന്റെ അടിത്തട്ടില്‍ ഈ മനോഭാവം കുഴിച്ചിടുന്നതില്‍ ബ്രിട്ടീഷുകാര്‍ വിജയിച്ചു, ആ അപകര്‍ഷതയെ കോടികള്‍ കൊയ്യുന്ന ബിസിനസാക്കി മാറ്റുന്നതില്‍ സൗന്ദര്യ വ്യവസായികളും പരസ്യക്കാരും. രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിലേക്ക് കുതിക്കുന്ന ഇക്കാലത്തും ഇത്തരം പിന്തിരിപ്പന്‍ ചിന്താഗതികളില്‍ നിന്നും മോചനം നേടാന്‍ ശരാശരി ഇന്ത്യക്കാരനാവാത്തതിന് ജാതിസമ്പ്രദായവും ഒരു പരിധി വരെ കാരണമാവുന്നുണ്ട്.
പിന്‍തൊഴി: സംഘ സാഹിത്യകാലത്ത് തമിഴ് രാജാക്കന്‍മാര്‍ യവനരെ- ഗ്രീസിലും റോമിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ളവര്‍- അംഗരക്ഷകരായി നിയോഗിച്ചിരുന്നു. സംഘകാല കൃതിയായ പെരുംപാണരുപാട്ടൈയില്‍ തടിമിടുക്കുള്ള യവന പോരാളികള്‍ കോട്ടകള്‍ക്കും കൊട്ടാരങ്ങള്‍ക്കും കാവല്‍ നില്‍ക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. വണിക്കുകളും കരകൗശല വിദഗ്ധരും യോദ്ധാക്കളുമൊക്കെയായി ആയിരക്കണക്കിന് യവനര്‍ തമിഴകത്തുണ്ടായിരുന്നു. (മുസിരിസടക്കം കേരളത്തിന്റെ ചില ഭാഗങ്ങളും അതില്‍ പെട്ടിരുന്നു.) സമുദ്രങ്ങളെ കീഴടക്കിയ പരാക്രമശാലികളായ മന്നന്‍മാരുടെയും അതിസമ്പന്നരായ വ്യാപാരികളുടെയും ദ്രാവിഡ സുന്ദരിമാരുടെയും മിനുപ്പുള്ള കറുപ്പുനിറം കണ്ട് അവിടത്തെ പണിക്കാരായ വെള്ളക്കാര്‍ക്ക് അസൂയയും അപകര്‍ഷതയും തോന്നിക്കാണുമോ?
Content Highlights: Kerala`s Chief Secretary saradha muraleedharan exposes colorism`s impact in society
Published: 26 Mar 2025, 07:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented