
ഇന്നലെയും ഇന്നും നാളെയും...അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ് ക്വിയർ സമൂഹം. ഇനിയും ആ പോരാട്ടം തുടരേണ്ടി വരുമെന്നാണ് ഇപ്പോഴും നമ്മുടെ നിയമ സംവിധാനങ്ങൾ വ്യക്തമാക്കുന്നതും. ഫ്‌ളാറ്റില്‍നിന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച ഗേ പങ്കാളിയുടെ മൃതദേഹത്തിനായി എറണാകുളത്തെ ആശുപത്രി മോർച്ചറിക്ക് കീഴിൽ ഇപ്പോഴും കാത്തിരിക്കുകയാണ് പങ്കാളി. രക്തബന്ധമല്ലാത്തതിന്റെ പേരിൽ, വിവാഹത്തിന് നിയമ സാധുത ഇല്ലാത്തതിന്റെ പേരിൽ തന്റെ പങ്കാളിയുടെ മൃതദേഹത്തിന് വേണ്ടി നിയമപോരാട്ടം നടത്തുകയാണ് ഒരു ക്വിയർ യുവാവ്.
ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കളമശ്ശേരിയിലെ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് ഗേ ആയ മനു(34) പരിക്കേൽക്കുന്നത്. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലും പിന്നാലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലായിരിക്കെ നാലാം തീയതി മനു മരിച്ചു. അപകടത്തിൽപ്പെട്ട വിവരമടക്കം മനുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും ആരും ആശുപത്രിയിലെത്തിയിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്. പിന്നീട് മരണ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിക്കുകയായിരുന്നു. ചികിത്സക്കായി ചെലവായ ഒന്നര ലക്ഷം രൂപ കെട്ടിവെക്കാനില്ലാത്തതിനാലാണ് മൃതദേഹം ഏറ്റുവാങ്ങാത്തതെന്ന് ബന്ധുക്കൾ പറഞ്ഞതോടെ സുഹൃത്തുക്കൾ പണം കെട്ടിവെക്കാമെന്ന് അറിയിച്ചു. പക്ഷേ മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാകാതെ ബന്ധുക്കൾ മടങ്ങുകയായിരുന്നു. ഇതോടെ മനുവിന്റെ പങ്കാളിയായ ജെബിൻ മൃതദേഹം ഏറ്റുവാങ്ങി മതാചാര പ്രകാരമുള്ള ചടങ്ങുകൾ നടത്തി സംസ്കരിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും രക്തബന്ധമല്ലാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ മൃതദേഹം വിട്ടു നൽകുന്നില്ല. ഇതോടെ തന്റെ ജീവിത പങ്കാളിയുടെ മൃതദേഹം വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കോട്ടയം മുണ്ടക്കയം സ്വദേശിയും മനുവിന്റെ പങ്കാളിയുമായ ജെബിൻ.


മനുവിന്റെ മൃതദേഹം കോടതി പഠിക്കാനായി വിട്ടുകൊടുക്കാനാണ് വിധിക്കുന്നതെങ്കിൽ ഞാനടക്കമുള്ള ക്വിയർ വ്യക്തികൾ അനാഥരാവുകയാണെന്നാണ് നിയമം പറഞ്ഞുവെക്കുന്നത്. കേരളത്തിലെ ഓരോ ക്വിയർ ജീവിതത്തെയും 'അൺക്ലെയിം' ചെയ്യുകയായിരിക്കും ചെയ്യുന്നത്. ഓരോ ക്വിയർ ജീവിതത്തേയും 'അൺക്ലെയിംഡ്' ആക്കുകയാണ് നമ്മുടെ നിയമസംവിധാനങ്ങൾ.
ഇത് കറുത്ത നീതി- അഡ്വ. പദ്മലക്ഷ്മി
ലെസ്ബിയനോ ഗേയോ ആയ ഒരു വ്യക്തി മരിച്ചാൽ പ്രോട്ടോക്കോൾ പ്രകാരം ആരും ഏറ്റെടുക്കാൻ എത്തിയിട്ടില്ലെങ്കിൽ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കുമെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. മൃതശരീരം മറവുചെയ്യുവാനുള്ള അവകാശം എന്നത് ഓരോ വ്യക്തിയുടേയും മൗലികാവകാശമാണ്. എന്നാൽ എന്തുകൊണ്ടാണ് താൻ ഉൾപ്പെടെയുള്ള ക്വിയർ വ്യക്തികൾക്ക് അത് നിഷേധിക്കപ്പെടുന്നതെന്നാണ് ചോദ്യം. ഓരോ ക്വിയർ മനുഷ്യനും മരിച്ച് കഴിഞ്ഞാൽ 'അൺ ക്ലെയിംഡ് ബോഡി' ആവുകയാണ് ചെയ്യുന്നത്. ഈ വിഷമത്തോടെയാണ് ഇന്ന് കോടതിയിറങ്ങിയത്.
മനുവിന്റെ കാര്യത്തിൽ നമ്മുടെ സമൂഹത്തിലുള്ള കുറച്ച് നല്ല മനുഷ്യരുടെ സഹായം കൊണ്ട് ആശുപത്രിയിൽ കെട്ടിവെക്കേണ്ടുന്ന തുക ശേഖരിക്കാൻ സാധിച്ചു. ആണും പെണ്ണുമല്ലാത്ത ഒരുത്തന്റെ കൂടെ പോയവന്റെ മൃതദേഹം ഒരു ലക്ഷം രൂപ കൊടുത്ത് വാങ്ങേണ്ടതിന്റെ ആവശ്യമില്ലെന്നാണ് മനുവിന്റെ മരണവാർത്ത അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിയ ബന്ധുക്കൾ പറഞ്ഞത്. ഞങ്ങൾക്ക് ആ ബോഡി വേണ്ട എന്നാണ് അവർ പറഞ്ഞത്. കൂടാതെ ഇക്കാര്യം ആശുപത്രി അധികൃതരെ രേഖാമൂലം അറിയിക്കാതെയാണ് അവർ മടങ്ങിയത്. അപ്പോൾ ആർക്കാണ് നീതി കിട്ടേണ്ടത്? തന്റെ പങ്കാളിയുടെ മൃതദേഹത്തിനായി കാത്തിരിക്കുന്ന വ്യക്തിക്കൊപ്പമാണോ അതോ മൃതദേഹത്തോടുപോലും മനുഷ്യപ്പറ്റില്ലാതെ പെരുമാറിയവരോടാണോ എന്നാണ് ചോദിക്കാനുള്ളത്.

'
നാളെ ഒരു ലെസ്ബിയനോ ഗേയോ ആയ ഒരു വ്യക്തിമരിച്ചാൽ അത് 'അൺ ക്ലെയിംഡ്' ബോഡി ആവുകയാണ്. ഇത്തരമൊരു അവസ്ഥ ഇനി ഒരു വ്യക്തിക്കും ഉണ്ടാകരുതെന്നാണ് ഞങ്ങളുടെ ആവശ്യം. ഒരു മനുഷ്യന്റെ ഹ്യുമാനിറ്റിയെ പരിഗണിക്കാൻ കഴിയുന്നില്ലെങ്കിൽ കറുത്ത നീതിയെന്നേ വിശേഷിപ്പിക്കാൻ സാധിക്കില്ല. - അഡ്വ.പദ്മലക്ഷ്മിയാണ് ജെബിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന്റെയടക്കം വിശദീകരണം തേടി. ചൊവ്വാഴ്ച വിഷയം വീണ്ടും പരിഗണിക്കും. മാൻഡമസ് റിട്ട് ഹർജിയാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായിട്ടില്ല- കളമശ്ശേരി സി.ഐ.
അപകട മരണമാണോ അതോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷണത്തിലാണ്. എന്നാൽ മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇൻക്വസ്റ്റ് നടപടികൾ പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്ന് കളമശ്ശേരി സി.ഐ. മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഇൻക്വസ്റ്റ് നടത്തുന്നതിനായി മരിച്ച വ്യക്തിയുടെ ബന്ധുക്കളാരെങ്കിലും ഉണ്ടാകണം. അവരോട് ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം അവർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളമശ്ശേരി സി.ഐ. പറഞ്ഞു.

മാര്യേജ് ഇക്വാലിറ്റി വിഷയം ചർച്ച ചെയ്തപ്പോഴും എല്ലാ കാലത്തും ക്വിയർ സമൂഹം പോരാടിയത് ഇത്തരം പ്രശ്നങ്ങൾക്കെതിരേ ആയിരുന്നു. മാര്യേജ് ഇക്വാലിറ്റിയല്ല ഇവിടെത്തെ വിഷയം മനുഷ്യാവകാശമാണ്. ഇത്രയും കാലം ഒരുമിച്ച് ജീവിച്ച രണ്ട് ഗേ കപ്പിൾസ്. അതിൽ ഒരാൾ മരിച്ചപ്പോൾ കൂടെയുള്ള മറ്റേ ആൾ ആരുമല്ലാതെയാകുന്ന അവസ്ഥ. 'അൺ ക്ലെയിംഡ്' ആകുന്ന സാഹചര്യം. മനുഷ്യത്വ വിരുദ്ധവും ക്വിയർ ഫോബിയയുമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളൊന്നും നമ്മുടെ ജുഡീഷ്യറിക്കോ ഭരണ സംവിധാനങ്ങൾക്കോ മനസിലാകുന്നില്ലായെന്നുള്ളത് നിരാശയും ക്വിയർ സമൂഹത്തോടുള്ള സമീപനത്തിന്റെ ഉദാഹരണവുമാണ്.

ഒരു ക്വിയർ വ്യക്തിയുടെ മൃതദേഹം വീട്ടുകാർ പോലും ഏറ്റെടുക്കാൻ തയാറാകുന്നില്ലായെന്ന് പറയുമ്പോൾ അതിന് തയാറായി ഒരു സമൂഹവും അയാളുടെ പങ്കാളിയും ഉണ്ട്. എന്നാൽ അതിനെ എതിർക്കുകയാണ് നമ്മുടെ നിയമ സംവിധാനം. വിവാഹമെന്ന സാങ്കേതികത്വത്തിൽ വരില്ലെന്ന കാരണമാണ് കോടതിയിൽ നിന്ന് പോലും ഉയരുന്നത്. മൃതദേഹം ഏറ്റെടുക്കാൻ പങ്കാളിയും സുഹൃത്തുക്കളും ഉണ്ടെന്നിരിക്കെ 'അൺക്ലെയിംഡ്' എന്നാക്കി മൃതദേഹം പഠിക്കാൻ വിട്ടുകൊടുക്കാമെന്നാണ് ഹൈക്കോടതിയിൽ പോലും ഉയരുന്ന വാദം. എങ്ങനെയാണ് നമുക്ക് ആരുമില്ലെന്ന് പറഞ്ഞ് നമുക്ക് ഇഷ്ടമില്ലാതെ നമ്മുടെ ബോഡി പഠിക്കാൻ വിട്ടുകൊടുക്കേണ്ടവരായി മാറുന്നുവെന്നതാണ്. ഇത് എങ്ങനെ അംഗീകരിക്കാൻ സാധിക്കുമെന്നാണ് ചോദിക്കാനുള്ളത്. വീട്ടുകാരില്ലെങ്കിലും നമുക്ക് ആൾക്കാരുണ്ട്. എങ്ങനെയാണ് ഒരു ഭരണകൂടത്തിന് നമ്മുടെ ഇഷ്ടങ്ങളേയും ബന്ധങ്ങളേയും പ്രണയത്തേയുമെല്ലാം നിഷേധിക്കാൻ സാധിക്കുക. ഇത് ഭരണകൂടത്തിന്റെ പരാജയമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.
Content Highlights: jebin approaches high court to releasing his gay partner manu's dead body
Published: 06 Feb 2024, 08:13 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented