ദ്രൗപദി മുർമു| Photo: PTI
ജൂലൈ 18-ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിന് വിജയിക്കാന്‍ വേണ്ട വോട്ടുമൂല്യം 5,43,216 ആയിരിക്കും. ഇത് ലഭിക്കാനായി ഇലക്ട്രല്‍ കോളേജിന്റെ നിലവിലെ ആകെ വോട്ടുമൂല്യമായ 10,86,431-നെ രണ്ടുകൊണ്ട് ഹരിച്ച് ദശാംശസംഖ്യ ഒഴിവാക്കി ഒന്നുകൂടി കൂട്ടേണ്ടതാണ്. അതായത്, രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് ജയിക്കണമെങ്കില്‍ 50 ശതമാനത്തിന് തൊട്ടുമുകളില്‍ വോട്ടു നേടേണ്ടതായിവരും എന്ന് ചുരുക്കം.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നപ്പോള്‍ എന്‍.ഡി.എ സഖ്യത്തിന് ലോക്സഭയില്‍ നിന്നും സംസ്ഥാന നിയമസഭകളില്‍ നിന്നുമുള്ള ആകെ വോട്ടുമൂല്യം 5,26,420 ആയിരിക്കുമെന്നാണ് അന്ന് പുറത്തുവന്ന കണക്കുകള്‍ നല്കിയ സൂചന. ഇതില്‍ ബി.ജെ.പി എം.എല്‍.എ മാരുടെ മാത്രം വോട്ടുമൂല്യം 1.85 ലക്ഷവും എം.പി മാരുടേത് 2.74 ലക്ഷവുമാണ്. ശേഷിച്ച 67,000- ഓളം വോട്ടുമുല്യം ഘടകകക്ഷികളുടെ പങ്കാളിത്തത്തിലൂടെയാണ് എന്‍.ഡി.എ സഖൃത്തിന് ലഭിക്കുന്നത്. അങ്ങനെയെങ്കില്‍ ഭരണകക്ഷി സഖ്യത്തിന് ഇലക്ടറല്‍ കോളേജിന്റെ ആകെ വോട്ടുമൂല്യത്തിന്റെ 48.45 ശതമാനം മാത്രമേ ഉറപ്പിക്കാനാകൂ. എങ്കിലും, എന്‍.ഡി.എ സഖ്യത്തിന് അവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ വിജയതീരത്തെത്തിക്കാന്‍ ഇലക്ടറല്‍ കോളേജിന്റെ 1.56 ശതമാനമോ അതിലധികമോ വോട്ടുമൂല്യംകൂടി നേടേണ്ടതായിവരും. ഇതില്‍ നിന്ന് ഭരണകക്ഷിക്ക് കുറവുള്ള വോട്ടുമൂല്യം ഏകദേശം പതിനേഴായിരത്തില്‍ താഴെ മാത്രമാണ്. ഇത് ഇലക്റല്‍ കോളേജിന്റെ ആകെ വോട്ടുമൂലൃത്തിന്റെ 1.56 ശതമാനവും, ഭൂരിപക്ഷത്തിനാവശ്യമായ വോട്ടുമൂല്യത്തിന്റെ 3.11 ശതമാനവുമാണ്. എന്നാല്‍, ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വവും രാഷ്ട്രീയ അടിയൊഴുക്കുകളും മഹാരാഷ്ട്രയിലടക്കം നടന്ന രാഷ്ട്രീയ നാടകങ്ങളും ഭരണപ്രതിപക്ഷ കക്ഷികളുടെ ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുമൂല്യത്തിന്റെ ഘടനതന്നെ മാറ്റിമറിച്ചിരിക്കുന്നു എന്ന് പിന്നീട് നടന്ന സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു.
കലങ്ങിമറിഞ്ഞ രാഷ്ട്രീയ സമവാക്യങ്ങള്‍
Also Read
ഒന്നിലധികം സംസ്ഥാനങ്ങളില്‍ സാന്നിദ്ധ്യമുള്ള രാഷ്ട്രീയകക്ഷികള്‍ ദേശീയതലത്തില്‍ രാഷ്രീയ വൈരത്തിലാണെങ്കില്പോലും പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ ബാന്ധവത്തിലേര്പ്പെടുന്നതും ഒരുപക്ഷേ ഭരണത്തില്‍പോലും പങ്കാളിയാകുന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സര്‍വ്വസാധാരണമാണ്. ഈ സാഹചര്യത്തില്‍, ഒരു രാഷ്ട്രീയപാര്‍ട്ടി ദേശീയ തലത്തില്‍ ഏത് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കണമെന്ന് പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ പ്രതിഫലനം സംസ്ഥാന ഘടകങ്ങളില്‍ വ്യത്യസ്ത തരത്തിലായിരിക്കും. ഇത് പലപ്പോഴും ജനപ്രതിനിധികളെയും നേതൃത്വത്തെയും വലിയ ആശയകുഴപ്പത്തിലേക്ക് നയിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട വൈരുധ്യങ്ങള്‍ നിറഞ്ഞ സംഭവവികാസങ്ങള്‍ പല സംസ്ഥാനങ്ങളില്‍നിന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇത് ഇലക്ടറല്‍ കോളേജിന്റെ വോട്ടുമൂല്യം ഏതു സ്ഥാനാര്‍ഥിക്കു അനുകൂലമാകുമെന്ന് പ്രവചിക്കുന്നത് കൂടുതല്‍ ശ്രമകരമായ പ്രക്രിയയാക്കി മാറ്റും.
രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കായി ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ബിജു ജനതാദള്‍ (ബി.ജെ.ഡി), യുവജന ശ്രമിക റയ്തു കോണ്‍ഗ്രസ് പാര്‍ട്ടി (വൈ.എസ്സ്.ആര്.സി.പി), എ.ഐ.ഡി.എം.കെ, അകാലിദള്‍, ബി.എസ്.പി എന്നിവരും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, താരതമ്യേന ചെറു പാര്‍ട്ടികളായ തെലുഗുദേശം, അകാലിദള്‍, ശിരോമണി അകാലിദള്‍ എന്നീ കക്ഷികളും എന്‍.ഡി.എ സ്ഥാനാര്‍ഥിക്കൊപ്പമാണ്. ഇതില്‍ ബി.ജെ.ഡിയുടെ പിന്തുണ എന്‍.ഡി.എക്ക് ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചതിനാല്‍ അവരുടെ വോട്ടുമൂല്യമായ 31,705 കൂടി ദ്രൌപതിക്ക് ലഭിക്കും. ഈ വോട്ടുമൂല്യം കൊണ്ടുമാത്രം എന്‍.ഡി.എ സഖ്യത്തിന് പ്രതിപക്ഷമുയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാം. കൂടാതെ, വൈ.എസ്പ്.ആര്.സി.പിയുടെ 45,798 വോട്ടുകളും എന്‍.ഡി.എ യുടെ ബാലറ്റ് ബോക്സിലേക്ക് വീഴുമെന്നുറപ്പായി. ഈ രണ്ടു കക്ഷികളുടെ വോട്ടുമൂല്യം ആകെ ഇലക്ടറല്‍ കോളേജിന്റെ 7.1 ശതമാനം മാത്രമാണെങ്കില്കൂടി നിലവിലെ സാഹചര്യത്തില്‍ ഭരണകക്ഷിയെ സംബന്ധിച്ച് ഇത് അമൂല്യമായ വോട്ടുകളാണ്. എ.ഐ.ഡി.എം.കെ, ബി.ജെ.ഡി, വൈ.എസ്സ്.ആര്.സി.പി എന്നീ കക്ഷികള്‍ കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിലും എന്‍.ഡി.എ പക്ഷത്തായിരുന്നു നിലയുറപ്പിച്ചിരുന്നത്. അങ്ങനെയെങ്കില്‍ എന്‍.ഡി.എ സഖ്യം നിലവില്‍ സുരക്ഷിത തീരത്ത് എത്തിയതായി അനുമാനിക്കാം.
മഹാരാഷ്ട്രയില്‍ ശിവസേനയിലെ വലിയൊരു വിഭാഗത്തെ ഒപ്പംകൂട്ടി മുഖ്യമന്ത്രി പദത്തിലെത്തിയ ഏകനാഥ് ഷിന്‍ഡെയുടെയും ഏതാനും സ്വതന്ത്രന്മാരുടെയും വോട്ട് എന്‍.ഡി.എ അക്കൌണ്ടിലേക്ക് കൈമാറും. സംസ്ഥാനത്തെ ഭരണമാറ്റം ബി.ജെ.പിയ്ക്ക് ഗുണകരമാവുകയും ഷിന്‍ഡെയുടെ കുടെ നില്ക്കുന്നവരുടെ വോട്ട് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് നഷ്ടപ്പെടുകയും ചെയ്യും. ഫലത്തില്‍, മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വോട്ടമുല്യം വര്‍ദ്ധിപ്പിക്കുന്നതിന് ഹേതുവാകും.
പ്രതിപക്ഷപാര്‍ട്ടികളുടെ മുന്പിലെന്ത്?
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയെ മത്സരിപ്പിക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പതിനേഴ് പ്രതിപക്ഷപാര്‍ട്ടികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമായത്. മറ്റൊരു മുഖ്യകക്ഷിയായ ടി.ആര്.എസ്സ് യശ്വന്ത് സിന്‍ഹയ്ക്ക് അനുകൂലമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. മമതാ ബാനര്‍ജി പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്ക്കുവേണ്ടി തുടക്കംമുതല്‍ മുന്നിലുണ്ടെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ്സിലെ ഒരുപറ്റം ജനപ്രതിനിധികള്‍ ദ്രൌപതി മുര്‍മുവിനായി വാദിക്കുന്നുവെന്നത് ചില അടിയൊഴുക്കിന്റെ ആദ്യ സൂചനയാണ്. പ്രതിപക്ഷ ഐകൃനിരയില് മമതാ ബാനര്‍ജി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ജെ.ഡി.എസ് അദ്ധ്യക്ഷന്‍ എച്ച്.ഡി ദേവഗൌഡ പിന്നീട് നിലപാട് മാറ്റുകയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദ്രൌപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത് പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
ഡല്‍ഹിയിലെയും പഞ്ചാബിലെയും ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി അവരുടെ നിലപാട് ഇതുവരെ വൃക്തമാക്കിയില്ല. അവരുടെ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവരുടെ വോട്ടമൂല്യം പ്രസക്തമല്ലാത്തതിനാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലത്തിന്റെ ഗതിയെ സ്വാധീനിക്കാന്‍ പര്യാപ്തമല്ല. മാത്രമല്ല, ചിത്രം ഇപ്പോള്‍ തന്നെ വ്യക്തമായതിനാല്‍ ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണയുടെ സ്വാധീനശക്തി തീര്‍ത്തും ഇല്ലാതായിരിക്കുന്നു. ചുരുക്കത്തില്‍, ഒരുവശത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം എന്‍.ഡി.എയ്ക്ക് അപ്രതീക്ഷിത പിന്തുണ വന്നുചേരുമ്പോള്‍ മറുവശത്ത് എന്‍.ഡി.എ ഇതര സഖ്യകക്ഷികള്‍ക്ക് പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ വോട്ടുമൂല്യ ചോര്‍ച്ചയുണ്ടായാലും അത്ഭുതപ്പെടാനില്ല. അതുകൊണ്ട്, ദ്രൌപതി മുര്‍മുവിന്റെ വോട്ടുമൂല്യം 69 ശതമാനത്തിനു മുകളിലേക്ക് ഉയരും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന വാദം.
ആയതിനാല്‍, ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ ദ്രൌപതി മുർമുവിന്റെ വിജയം ഏതാണ്ട് സുനിശ്ചിതമാണെന്ന് വിലയിരുത്താം. സ്ത്രീ എന്ന പരിഗണനയും സാമൂഹിക പശ്ചാത്തലവും കക്ഷി.രാഷ്ട്രീയത്തിനതീതമായി അവര്‍ക്ക് കൂടുതല്‍ വോട്ടമൂല്യം സമാഹരിക്കാന്‍ സ്വരൂപിക്കാന്‍ സഹായിക്കും. ഇന്ത്യന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവം പരിഗണിച്ച് എതിര്‍ചേരിയിലുള്ളവര്‍ പോലും വോട്ടുചെയ്യ സംഭവങ്ങള്‍ നിരവധിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ചില കോണ്‍ഗ്രസ്സ് എം.എല്‍.എ മാര്‍ രാംനാഥ് കോവിന്ദിനായി വോട്ടുചെയ്യതാണ് ഇതില്‍ ഏറ്റവും അവസാനത്തെ ഉദാഹരണം. ഇത്തരം അടിയൊഴുക്കുകള്‍ മുര്‍മുവിന്റെ സാധ്യത ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു എന്നുവേണം കരുതാന്‍. എങ്കിലും, പ്രതിപക്ഷ സ്ഥാനാര്‍ഥി വിജയിച്ചില്ലെങ്കില്‍ കൂടി അവരുടെ ഐക്യശ്രമങ്ങള്‍ക്കും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ഈ രാഷ്ട്രപതി തിരഞ്ഞെടുപ്പ് വേദി പുത്തനുണര്‍വ്വ് പകര്‍ന്നേക്കാം.
ഉപസംഹാരം
നാല് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ഈ ലേഖന പരമ്പരയില്‍ രാജ്യത്തിന്റെ പതിനഞ്ചാമത് പ്രഥമപൗരനെ കണ്ടെത്താനുള്ള നടപടിക്രമങ്ങളും പിന്തുടരുന്ന രീതി ശാസ്ത്രത്തിലെ വൈകല്യങ്ങളെയും ചൂണ്ടികാട്ടുന്നു. അതിലുപരിയായി, സ്ഥിതിവിവരകണക്കുകളുടെയും, രാഷ്ദ്രീയപാര്ട്ടികളുടെ പിന്തുണയുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രപതി കസേരയിലേക്ക് ആര് അവരോധിക്കപ്പെടും എന്ന സാധ്യതാ പഠനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.
ഇതിനായി നിയോഗിക്കപ്പെട്ട ഇലക്റല്‍ കോളേജിന്റെ വോട്ടുമൂല്യം നിശ്ചയിക്കുന്നത് ഇപ്പോഴും 1971 സെന്‍സസ് അടിസ്ഥാനമാക്കിയ ജനസംഖ്യാ കണക്കുകളാണ്. അതിനാല്‍, കഴിഞ്ഞ അഞ്ച് ദശാബ്ദക്കാലത്ത് രാജ്യത്തുണ്ടായ ജനസംഖ്യാ വിസ്ഫോടനത്തിന്റെ പ്രതിഫലനമോ അത്തരം ജനസംഖ്യാ വളര്‍ച്ചക്ക് ആനുപാതികമായി നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കുമുള്ള ജനപ്രതിനിധികളുടെ പ്രാതിനിധ്യത്തിലും ഉണ്ടാകേണ്ടിയിരുന്ന വര്‍ദ്ധനവ് ഇലക്റല്‍ കോളേജിന്റെ വോട്ടുമുല്യത്തില് പ്രതിഫലിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഇത് കാലാകാലങ്ങളായി രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പിന്തുടര്ന്നുവരുന്ന രീതിശാസ്ത്രത്തിന്റെ ഗൌരവതരമായ ന്യൂനതയാണെന്നുള്ള വാദം വ്യതൃസ്ത കോണുകളില്‍ നിന്ന് ഇപ്പോള്‍ തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ കക്ഷികളും രാഷ്ട്രമീമാംസാ വിദഗ്ധരും എന്തിനേറെ, തിരഞ്ഞെടുപ്പ് കമ്മീഷന് പോലും ഇലക്റല്‍ കോളേജിന്റെ യഥാര്‍ത്ഥ വോട്ടുമൂലൃത്തെപറ്റി അജ്ഞത പുലര്‍ത്തുന്നു എന്നത് ആശ്ചര്യത്തോടെ മാത്രമേ നോക്കിക്കാണാന്‍ സാധിക്കുകയുള്ളു. ഈ വസ്തുതകളുടെ വെളിച്ചത്തില്‍, മുന്‍കാല രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലെ ഇലക്റല്‍ കോളേജിന്റെ വസ്തുനിഷ്ടമായ വോടടുമൂല്യം (1971-2017) രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചയുടെ കൂടി പശ്ചാത്തലത്തില്‍ ഇവിടെ തിട്ടപ്പെടുത്തിയിരിക്കുന്നു. കൂടാതെ, ഭാവി രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ ഇലക്ടറല്‍ കോളേജിന്റെ വോട്ടുമുല്യത്തിന്റെ പ്രവണത എന്തായിരിക്കും (2022 - 2047) എന്ന ധാരണകൂടി ഇവിടെ പകര്‍ന്നു നല്കുന്നു.
ഭരണകക്ഷി സ്ഥാനാര്‍ത്ഥിയായി മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണ്ണര്‍ ദ്രൗപതി മുര്‍മുവും, പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മുന്‍ ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹയെയും നിശ്ചയിച്ചതിലൂടെ കടുത്ത മത്സരമായിരിക്കും രാഷ്ട്രപതി സ്ഥാനത്തേക്ക് നടക്കുക എന്നതായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, സ്ത്രീയെന്ന പരിഗണനയും അവര്‍ വളര്‍ന്ന സാമൂഹികസാമ്പത്തിക പരിതഃസ്ഥിതിയും ഇപ്പോള്‍ തന്നെ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചതും ശ്രീമതി.മുര്‍മുവിന് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ നല്കുന്ന സൂചന. ജൂലൈ 21-ന് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുമ്പോള്‍ റെയ്യിന കുന്നിലെ രാഷ്ട്രപതി ഭവനിലേക്ക് ദ്രൗപതി മുര്‍മു നടന്നുകയറുമെന്ന് നിസംശയം പറയാം.
(ലേഖകര്‍ ഡോ. ജെ. രത്നകുമാര്‍ ന്യൂഡല്‍ഹി സ്പീക്കേര്‍സ് റിസേര്‍ച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ റിസേര്‍ച്ച് ഫെല്ലോയും ഡോ. കെ.പി. വിപിന്‍ ചന്ദ്രന് കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക ഗവണ്മെന്റ് വനിതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..