ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ശാരീരികാവശതകള്‍ മറന്ന് പാര്‍ലമെന്റംഗങ്ങളും നിയമസഭാംഗങ്ങളുമെത്തി. പാര്‍ലമെന്റ് മന്ദിരത്തിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, മുസ്ലിം ലീഗ് അംഗം പി.വി. അബ്ദുള്‍ വഹാബ്, ഒഡിഷ നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രദീപ്ത കുമാര്‍ നായിക് എന്നിവരാണ് വീല്‍ ചെയറില്‍ വോട്ടുചെയ്യാനെത്തിയത്.

To advertise here,

കഴിഞ്ഞവര്‍ഷം കോവിഡ് ബാധിച്ച മന്‍മോഹന്‍ അതിനെത്തുടര്‍ന്നുള്ള ശാരീരികാവശതയില്‍നിന്ന് പൂര്‍ണമുക്തനായിട്ടില്ല. വോട്ടുചെയ്ത ശേഷം ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ബാലറ്റ് പെട്ടിയില്‍ നിക്ഷേപിച്ചത്. സഹോദരന്‍ രാം ഗോപാല്‍ യാദവിനൊപ്പമാണ് മുലായം വോട്ട് ചെയ്യാനെത്തിയത്.

ഒഡിഷ നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രദീപ്ത കുമാര്‍ നായിക് ആശുപത്രിയില്‍നിന്ന് ഓക്‌സിജന്‍ സിലിന്‍ഡറുമായാണ് വോട്ടെടുപ്പ് കേന്ദ്രത്തില്‍ എത്തിയത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായതിനാലാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ വോട്ടുചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവസരമൊരുക്കിയത്.

കോഴിക്കോട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ വഹാബ് വോട്ടെടുപ്പില്‍ പങ്കെടുക്കാനായി തിങ്കളാഴ്ച രാവിലെയാണ് ഡല്‍ഹിയിലെത്തിയത്. കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമനും ആര്‍.കെ. സിങ്ങും കോവിഡ് പ്രതിരോധത്തിനുള്ള പി.പി.ഇ. കിറ്റ് ധരിച്ചാണ് വോട്ടുചെയ്തത്.

വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രാഷ്ട്രപതി തിരഞ്ഞടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ വരണാധികാരി പി.സി. മോദി പത്രസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി വിവിധ സംസ്ഥാനങ്ങളിലെ ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയില്‍ എത്തിച്ചേരും. വിമാനത്താവളങ്ങളില്‍നിന്ന് പാര്‍ലമെന്റ് മന്ദിരംവരെ അവ എത്തിക്കാന്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി പോലീസ്, സി.ആര്‍.പി.എഫ്. എന്നിവയെ പ്രധാന കേന്ദ്രങ്ങളില്‍ വിന്യസിച്ചു. വ്യാഴാഴ്ച രാവിലെ 11 മുതല്‍ പാര്‍ലമെന്റ് മന്ദിരത്തിലെ 63-ാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍.