
യാഥാർഥ്യമായിരുന്ന ഒരു അടിയന്തരാവസ്ഥയുടെയും യാഥാർഥ്യമായിക്കൊണ്ടിരിക്കുന്ന മറ്റൊരു അടിയന്തരാവസ്ഥയുടെയും നടുവിലാണ് നാം ജീവിക്കുന്നത്. ഇതിൽ ആദ്യത്തേതിന്റെ 48-ാം വാർഷികമാണ് ജൂൺ 25-ന് കടന്നുപോയത്. രണ്ടാമത്തേതിന്റെ കാലഗണന ബുദ്ധിമുട്ടാണ്. കാരണം, അത് ഇനിയും ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നാൽ, അത് അനുഭവവേദ്യമാണു താനും. മിലൻ കുന്ദേരയുടെ ഒരു പ്രയോഗത്തെ (feeling the absence of a person who is present) തലതിരിച്ചിട്ടാൽ ഉണ്ടാകുന്ന അവസ്ഥ. ഈ ‘സത്യാനന്തര അടിയന്തരാവസ്ഥ’ പ്രസരിപ്പോടെ നമ്മുടെ ജീവിതത്തെ തൊട്ടുനിൽക്കുന്നു; പ്രഖ്യാപിക്കാതെത്തന്നെ.
ആദ്യത്തേത് ജനാധിപത്യത്തെ ഇരുട്ടിൽ നിർത്തി വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ചെങ്കിൽ, രണ്ടാമത്തേത് ജനാധിപത്യത്തിന്റെ തുറസ്സിൽ അത് നിഷേധിക്കുന്നു. എതിരിന്റെ കതിരിനെ ഒരു മറയുമില്ലാതെ അറത്തുമാറ്റി ജനാധിപത്യത്തെ ഏകപക്ഷീയമാക്കുന്നു. ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ അർജുനന് ഉപദേശമെല്ലാം നൽകിയിട്ട് പറയുന്നൊരു വാചകം ഓർമവരുന്നു: ‘‘യഥേച്ഛസി തഥാ കുരു’’ - സമഗ്രമായാലോചിച്ചശേഷം ഹിതമെന്ന് തോന്നുന്നതെന്തോ, അത് ചെയ്യുക. പക്ഷേ, ഗീതാകാരൻ അർജുനന് നൽകുന്ന ചിന്താസ്വാതന്ത്ര്യം ജനങ്ങൾക്ക് നൽകാൻ ഭരണകൂടം തയ്യാറല്ല! അവർക്കിഷ്ടം ആത്മഭാഷണമാണ്.
ഭരണകൂടമൗനവും മാധ്യമസ്വാതന്ത്ര്യവും
മറുവശത്ത്, പല സാമൂഹികപ്രശ്നങ്ങളിലും ഭരണകൂടം മൗനം ദീക്ഷിക്കുന്നു. വനിതാ ഗുസ്തിതാരങ്ങളുടെ സമരവും മണിപ്പുർ കലാപവും ഇതിന്റെ അവസാന ഉദാഹരണങ്ങളാണ്. ഇക്കാര്യങ്ങളിൽ പ്രധാനമന്ത്രിയുടെ മൗനം വാചാലമാണ്. സംസ്ഥാനങ്ങളിലെ സ്ഥിതിയും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെ. ഇത് ഒരു പ്രത്യയശാസ്ത്ര പ്രശ്നമല്ല, ഭരണവർഗപ്രശ്നമാണെന്ന് വ്യക്തം. ആര് ഭരിച്ചാലും സ്വന്തം പോരായ്മകളെക്കുറിച്ച് സ്വയം പ്രതികരിക്കുകയുമില്ല, മറ്റുള്ളവർ ചൂണ്ടിക്കാട്ടിയാൽ അതൊട്ടു പൊറുക്കുകയുമില്ല.
പോരായ്മകൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ എത്ര മാധ്യമ പ്രവർത്തകരെയാണ് ഇന്ത്യൻ ഭരണകൂടം ജയിലിലടച്ചത്? എത്രപേരെയാണ് രാജ്യദ്രോഹക്കേസുകളിൽ കുടുക്കിയത്? ബർക്കാ ദത്ത് (എൻ.ഡി.ടി.വി.) മുതൽ ശ്യാം മീരാ സിങ് (ആജ്തക്ക്) വരെയുള്ള എത്ര മാധ്യമപ്രവർത്തകർക്കാണ് ജോലി ഉപേക്ഷിക്കേണ്ടി വന്നത്? ഏപ്രിൽ- സെപ്റ്റംബർ 2022 കാലയളവിൽ മാത്രം 83 മാധ്യമ സ്വാതന്ത്ര്യ ലംഘനം നടന്നു എന്നാണ് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെളിപ്പെടുത്തൽ. ഇതിനു പുറമേയാണ് കോവിഡ് കാലത്ത് 228 മാധ്യമപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ഇത്തരമൊരു സാഹചര്യത്തിൽ മാധ്യമ സ്വാതന്ത്ര്യപ്പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 161 ആയതിൽ അദ്‌ഭുതപ്പെടാൻ എന്തിരിക്കുന്നു?
നിർഭാഗ്യവശാൽ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലും മാധ്യമപ്രവർത്തനം വെല്ലുവിളി നിറഞ്ഞതായിരിക്കുന്നു. മാധ്യമപ്രവർത്തകർക്കെതിരേയുള്ള പോലീസ് നടപടിയും സൈബർ ആക്രമണങ്ങളും മുറയ്ക്ക് നടക്കുന്നു. ചില കേസുകളുടെ സ്വഭാവം തന്നെ നമ്മെ അന്ധാളിപ്പിക്കുന്നു: കേസിലെ പ്രതിയുമായി പോലീസ് സംഘം സഞ്ചരിച്ചത് റിപ്പോർട്ട് ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ തടസ്സപ്പെടുത്തലാവുന്നു; വാർത്ത റിപ്പോർട്ട് െചയ്യുന്നത് ഗൂഢാലോചനയാവുന്നു; ചില പോലീസുദ്യോഗസ്ഥരുടെ പേരുപറയാൻ മാധ്യമപ്രവർത്തകരുടെ മേൽ സമ്മർദമുണ്ടായി എന്നുവരെ ആരോപണം ഉയർന്നിരിക്കുന്നു! മാധ്യമ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം ഉദാഹരണങ്ങൾ ഇനിയുമുണ്ട്. ‘‘ഡൽഹിയിലും തിരുവനന്തപുരത്തും ഭയമുണ്ട്’’ എന്ന് ടി. പത്മനാഭൻ അഭിപ്രായപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.
നീതിയുടെ കുത്തകാവകാശം ആർക്കും അവകാശപ്പെടാനാവില്ല
ജനാധിപത്യത്തെ സ്ഫുടംചെയ്തെടുക്കേണ്ടത് വിമർശനത്തിന്റെ അഗ്നിയിലും നിയമവാഴ്ചയിലുമാണ്, രാഷ്ട്രീയവാഴ്ചയിലൂടെ അല്ല. ഭരണത്തെ അരാഷ്ട്രീയവത്‌കരിക്കണമെന്നല്ല ഇതിനർഥം.രാഷ്ട്രീയത്തെ ഭരണഘടനാ നിയമങ്ങൾക്കും ഉന്നതമായ ധാർമിക മൂല്യങ്ങൾക്കും വിധേയമാക്കണമെന്നാണ് വിവക്ഷ. ഇതിലൂടെ മാത്രമേ രാഷ്ട്രീയത്തെ വിമലീകരിക്കാനാവൂ, സാമൂഹികജീവിതം സാധ്യമാവൂ. രാഷ്ട്രീയം കൂട്ടായ ജീവിതത്തിന്റെ കലയും പൊതുനന്മയ്ക്കായുള്ള അന്വേഷണവുമാണ്.
ആര് ഭരിക്കുന്നു എന്നതല്ല പ്രശ്നം, ഭരിക്കുന്നവർ എന്ത് ചെയ്യുന്നു എന്നതാണ്. ഇടതുപക്ഷമോ മധ്യപക്ഷമോ വലതുപക്ഷമോ, ആര് ഭരിച്ചാലും ഇതാണ് ഏറ്റവും മൗലികമായത്, കൂടുവിട്ട് കൂടുമാറുംപോലെ രാഷ്ട്രീയക്കാർ പാർട്ടി മാറുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. സത്യാനന്തരകാലത്ത് ഒരു പ്രത്യയശാസ്ത്രത്തിനും ഭരണകർത്താക്കൾക്കും നീതിയുടെ കുത്തകാവകാശം കൊടുക്കാനാവില്ല. അങ്ങനെ ചെയ്യുന്നതും അവകാശപ്പെടുന്നതും ജനാധിപത്യത്തിന് ഭൂഷണവുമല്ല.
ഇന്റർനെറ്റ് വിച്ഛേദവും ഐ.ടി. നിയമ ഭേദഗതിയും
മാധ്യമസ്വാതന്ത്ര്യത്തിന്റ കാര്യത്തിൽ നാം പിന്നിലാണെങ്കിലും ഇന്റർനെറ്റ് വിച്ഛേദിക്കുന്നതിൽ മുന്നിലാണ്. 2018-’22-ൽ ഇക്കാര്യത്തിൽ നാം തുടർച്ചയായി ഒന്നാം സ്ഥാനത്തെത്തിയത് ഓർക്കുക. ഇതുമൂലം രാജ്യത്തിന് നഷ്ടമായത് (2012-’17-ൽ)മൂന്ന് ബില്യൺ ഡോളറാണെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ് കണക്കാക്കിയിരിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം മാത്രമല്ല, ആശയവിനിമയം നടത്താനുള്ള ഉപാധികളും ഭരണകൂടം നിഷേധിക്കുന്നു എന്നർഥം.
ഐ.ടി. നിയമത്തിൽ(2021)കേന്ദ്രം കൊണ്ടുവന്ന മാറ്റങ്ങൾ പ്രശ്നത്തെ വീണ്ടും സങ്കീർണമാക്കുന്നു. ‘‘സർക്കാരിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളുടെയും അവസാനവാക്ക് സർക്കാർ പറയുന്നതാവും.’’എന്നാണ് ഭേദഗതിയുടെ(2023) രത്നച്ചുരുക്കം. ഇതിനായി ഒരു വസ്തുതാപരിശോധന സമിതിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണംകൂടി ഇതിനോട് ചേർത്തുവെച്ചാൽ ചിത്രം പൂർണമാകും. ഒരുദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം. ആഴ്ചയിൽ ഏതാണ്ട് 80 കോടി പ്രേക്ഷകർ ഉള്ള എഴുപതോളം മീഡിയ ഔട്ട്‌ലെറ്റുകൾ റിലയൻസ് ഇൻഡസ്ട്രീസിന്റെ മാത്രം കൈവശമാണ്! ഇത്തരം പ്രവണതകൾ ജനാധിപത്യത്തിന് ഭൂഷണമല്ലതന്നെ. സംവാദം എന്ന കല ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്ന് നിഷ്‌ക്രമിക്കുന്നു എന്ന സൂചനയാണ് ഇതിലടങ്ങിയിരിക്കുന്നത്.
സ്ഥാപനങ്ങളുടെ തകർച്ച
ഇത് മറ്റൊരു വിപത്തിന്റെ ആരംഭത്തെയും കുറിക്കുന്നു സ്ഥാപനങ്ങളുടെ തകർച്ച. സ്ഥാപനങ്ങളുടെ നിഷ്പക്ഷതയിലാണല്ലോ ജനാധിപത്യം പുലരുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ തായംകളിയിൽ അന്വേഷണ ഏജൻസികളും സർവകലാശാലകളും പോലീസുൾപ്പെടെയുള്ള ഉദ്യോഗസ്ഥവൃന്ദവും ഭാഗഭാക്കാവുന്നു എന്നത് ആശങ്കാജനകമാണ്. മറ്റ് ഭരണഘടനാ സ്ഥാപനങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. പ്രധാനമായും ഇക്കാരണത്താലാണ് സർക്കാർ തീരുമാനങ്ങൾ കോടതിയിൽ ചോദ്യംചെയ്യപ്പെടുന്നത്. ജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. തങ്ങൾക്ക് പഥ്യമുള്ളത് ചെയ്യും. വേണ്ടുന്നവർ നീതിപീഠങ്ങളെ സമീപിക്കട്ടെ എന്നതാണ് ഇപ്പോഴത്തെ പൊതുരീതി. ഇത് കോടതികളുടെ ജോലിഭാരം ക്രമാതീതമായി വർധിപ്പിക്കുകയും നീതിന്യായ വ്യവസ്ഥയുടെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യും. കെട്ടിക്കിടക്കുന്ന കേസുകൾ (4,79,97,124) ഇതിലേക്കുള്ള ചൂണ്ടുപലകയാണ്. ഇതിൽ നല്ലൊരു ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയാണെന്നതും ശ്രദ്ധേയമാണ്.
അടിയന്തരാവസ്ഥയുടെ അഭാവത്തിലും ഭരണകൂടസ്ഥാപനങ്ങളെ വരുതിയിലാക്കാൻ ഭരിക്കുന്നവർക്ക് യഥേഷ്ടം സാധിക്കുന്നു എന്നതിന്റെ നേർതെളിവാണ് ഇതൊക്കെ. ആത്യന്തികമായി, സ്ഥാപനങ്ങളെയും നിയമങ്ങളെയും ഉദ്യോഗസ്ഥമേധാവികളെയും നിയന്ത്രിക്കുന്നത് ശക്തിമാന്റെ യുക്തിയാണെന്ന് ഗാന്ധിജി പറഞ്ഞത് ശരിയാകാൻ അടിയന്തരാവസ്ഥയുടെ തണൽ വേണ്ടതില്ലെന്ന് നമ്മുടെ ഭരണവർഗം തെളിയിച്ചിരിക്കുന്നു. ‘ഇന്ത്യക്കാർക്ക് ഭരണഘടനാ ധാർമികത ഒരു സഹജപ്രവണതയല്ലെന്ന്’ അംബേദ്കർ സൂചിപ്പിച്ചത് എത്രയോ വാസ്തവം.
(സാമൂഹിക നിരീക്ഷകനാണ് ലേഖകൻ)
2023 ജൂൺ 30 മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്
Content Highlights: India ranks 161 on press freedom list, press freedom and the silence by government
Published: 30 Jun 2023, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented