ഓസ്‌ലോ (നോർവേ): യൂറോപ്പ് സന്ദർശനത്തിനിടെ പത്രലേഖരുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയില്ലെന്ന വിവാദത്തിൽ മറുപടിയുമായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്താസമ്മേളനത്തിലാണ് മലയാളിയായ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് ആരോപണത്തിന് അക്കമിട്ട് മറുപടിനൽകിയത്. സിബി ജോർജ് നൽകുന്ന മറുപടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കോട്ടയം പാലാ സ്വദേശിയാണ് ഇദ്ദേഹം.

To advertise here,

യൂറോപ്പ് സന്ദർശനത്തിനിടെ നോർവീജിയൻ പ്രധാനമന്ത്രിയുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറഞ്ഞില്ലെന്ന ആരോപണത്തിനായിരുന്നു സിബി ജോർജ് മറുപടി നൽകിയത്. 'ഞങ്ങൾ എന്തിന് നിങ്ങളെ വിശ്വസിക്കണം?' എന്നും ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകാൻ കഴിയുമോ എന്നും ഒരു നോർവീജിയൻ മാധ്യമപ്രവർത്തക സിബി ജോർജിനോട് ചോദിച്ചു. ഇന്ത്യൻ മാധ്യമങ്ങളിൽനിന്ന് മോദി എപ്പോഴാണ് ചോദ്യങ്ങൾ നേരിടുക എന്നും ചോദ്യമുയർന്നു. മറുപടിയായി, ഇന്ത്യയുടെ 5000 വർഷത്തെ സനാതനമായ നാഗരികതയെക്കുറിച്ചും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും സിബി വിശദമായി സംസാരിച്ചു.

നൂറുകണക്കിന് മാധ്യമങ്ങൾ പ്രവർത്തിക്കുന്ന ഇന്ത്യയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ, വിദേശ എൻ.ജി.ഒകളുടെ റിപ്പോർട്ടുകൾ വായിച്ചാണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാലത്ത് ലോകത്തെ സഹായിച്ചതിലൂടെ ഇന്ത്യ ആഗോള വിശ്വാസ്യത നേടി. ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലികാവകാശവും, മനുഷ്യാവകാശ ലംഘനങ്ങളുണ്ടായാൽ കോടതിയെ സമീപിക്കാനുള്ള അവകാശവും സിബി ജോർജ് വിശദീകരിച്ചു.

സ്വാതന്ത്ര്യം ലഭിച്ച നാൾമുതൽ ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശമുണ്ടെന്നും പല വികസിത രാജ്യങ്ങളിലും ഇത് പതിറ്റാണ്ടുകൾക്കുശേഷമാണ് നടപ്പായതെന്നും അദ്ദേഹം പറഞ്ഞു. ലോകജനസംഖ്യയുടെ ആറിലൊന്നുവരും ഇന്ത്യയിലെ ജനസംഖ്യ. എന്നാൽ, ലോകം നേരിടുന്ന ആറിലൊന്ന് പ്രശ്‌നങ്ങൾപോലും ഇന്ത്യയിൽനിന്നല്ല. ഇന്ത്യയിലെ നിയമവ്യവസ്ഥയുടെ വ്യാപ്തി നിങ്ങൾക്ക് മനസ്സിലായിട്ടില്ല. മോദിയുടെ സന്ദർശനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാധ്യമങ്ങളെ അഭിമുഖീകരിക്കുക എന്ന ഉത്തരവാദിത്വം തന്റേതാണെന്നും താൻ അത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം മറുപടിനൽകി.

സംയുക്ത പ്രസ്താവനയ്ക്ക് ശേഷം മടങ്ങിയ മോദിയോട്, ലോകത്തെ ഏറ്റവും വലിയ മാധ്യമസ്വാതന്ത്ര്യമുള്ള രാജ്യത്തെ മാധ്യമങ്ങളോട് സംസാരിക്കാത്തത് എന്താണെന്ന് നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ചോദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാംസ്ഥാനത്താണെന്നും ഇന്ത്യ 157-ാം സ്ഥാനത്താണെന്നും ചൂണ്ടിക്കാട്ടിയ ലിങ്, ഭരണകൂടങ്ങളെ ചോദ്യംചെയ്യുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.