മോസ്കോ: റഷ്യയിൽ അധികാരകേന്ദ്രങ്ങളെ വിമർശിച്ചുകൊണ്ട് ശ്രദ്ധേയമായ സ്വതന്ത്ര പത്രപ്രവർത്തനത്തിന് തിരശ്ശീല വീണു. പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ നിതാന്തവിമർശകരായ സ്വതന്ത്ര പത്രം ‘നോവായ ഗസറ്റ’  (Novaya Gazeta) മോസ്കോയിലെ ഓഫീസ് അടച്ചു. സർക്കാരിന്റെയും സുരക്ഷാ ഏജൻസികളുടെയും കടുത്ത സമ്മർദത്തെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരായെന്ന് പത്രം വ്യക്തമാക്കി. 1993-ൽ ആരംഭിച്ച പത്രം, പുതിൻഭരണത്തെയും മനുഷ്യാവകാശലംഘനങ്ങളെയും അഴിമതിയെയും നിരന്തരം വിമർശിച്ചിരുന്നു.

To advertise here,

2022-ൽ യുക്രൈനിൽ റഷ്യ അധിനിവേശം ആരംഭിച്ചതിനുശേഷം വിമതശബ്ദങ്ങൾക്കെതിരായ നടപടികൾ ശക്തമായതോടെ രാജ്യത്ത് ഒട്ടേറെ സ്വതന്ത്രമാധ്യമങ്ങൾ പ്രവർത്തനം നിർത്തുകയോ വിദേശത്തേക്ക് മാറുകയോ ചെയ്തു. റഷ്യയിൽ പ്രവർത്തനം തുടർന്ന അവസാനത്തെ പ്രമുഖ സ്വതന്ത്ര മാധ്യമമായിരുന്നു നോവായ ഗസറ്റ.

പത്രത്തിന്റെ ആറു മാധ്യമപ്രവർത്തകർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടാം ചെച്‌നിയൻ യുദ്ധകാലത്തെ മനുഷ്യാവകാശലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമപ്രവർത്തക അന്ന പൊളിറ്റ്കോവ്സ്കയ 2006-ൽ മോസ്കോയിലെ ഫ്ലാറ്റിൽ വെടിയേറ്റു മരിച്ചു. 2021-ലെ സമാധാന നൊബേൽ പുരസ്കാരം ഫിലിപ്പീൻസിലെ മരിയ റെസ്സയുമായി പങ്കിട്ട പത്രാധിപർ ദിമിത്രി മുറാത്തോവും 2022-ൽ ആക്രമണം നേരിട്ടു. പിന്നീട് റഷ്യൻ അധികൃതർ അദ്ദേഹത്തെ വിദേശ ഏജന്റായി പ്രഖ്യാപിച്ചു. പത്രത്തിന് പിഴചുമത്തുകയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തടയുകയും അച്ചടിശാല പിടിച്ചെടുക്കുകയും രജിസ്ട്രേഷൻ റദ്ദാക്കുകയും വായനക്കാരിൽനിന്നുള്ള സംഭാവനകൾ സ്വീകരിക്കുന്നത് തടയുകയും ചെയ്തു.

ഓഫീസിന്റെ പടിയിറങ്ങുമ്പോൾ കൊല്ലപ്പെട്ട സഹപ്രവർത്തകരുടെ ചിത്രങ്ങൾ മാധ്യമപ്രവർത്തകർ പതുക്കെ നീക്കംചെയ്തു. ‘ഇവിടെ നോവായ ഗസറ്റ ജീവിച്ചിരുന്നു’ എന്നെഴുതിയ പുതിയ ബോർഡ് കെട്ടിടത്തിൽ സ്ഥാപിച്ചു. പത്രം ഒരുനാൾ കൂടുതൽ കരുത്തോടെ തിരിച്ചെത്തുമെന്ന് പത്രാധിപർ സെർഗെയി സൊക്കോളോവ് പ്രത്യാശ പ്രകടിപ്പിച്ചു. 2022-ൽ റഷ്യ വിട്ട ജീവനക്കാരിൽ ചിലർ രൂപവത്കരിച്ച ‘നോവായ ഗസറ്റ യൂറോപ്പ്’ വിദേശത്തുനിന്ന് പ്രവർത്തനം തുടരുന്നുണ്ട്.