കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിച്ചതിനു ശേഷമാണ് നിലവിലെ സാക്ഷരതാ മിഷന്‍ അതോറിറ്റി രൂപം കൊള്ളുന്നത്. 1998 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി രൂപീകരിച്ചു. അക്ഷരങ്ങള്‍ വായിക്കാനും എഴുതാനും പഠിച്ചവരെ അറിവിന്റെ ലോകത്ത് തുടര്‍ന്നും സഞ്ചരിക്കാനുള്ള തുടര്‍ വിദ്യാഭ്യാസ പദ്ധതികള്‍ അതോറിറ്റിയുടെ ചുമതലയിലാണ് നടക്കുന്നത്. 

തുല്യതാ പഠനം ഇതിന്റെ ഭാഗമായ സംരംഭമാണ്. വിദ്യാഭ്യാസം തുടരാന്‍ കഴിയാതിരുന്ന ആര്‍ക്കും തുല്യതാ പരീക്ഷ എഴുതി 4, 7, 10,12 ക്ലാസ്സുകളിലെ പരീക്ഷ വിജയിക്കാന്‍ കഴിയും. ഇതിനായി പ്രത്യേക കരിക്കുലം, ലളിതമായ പാഠപുസ്തകം, പരീക്ഷ എന്നിവയൊക്കെ നടക്കുന്നുണ്ട്. 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ പരീക്ഷാ ഭവന്റെ നിയന്ത്രണത്തിലാണ് നടക്കുക. അതിന്റെ സര്‍ട്ടിഫിക്കറ്റുകളും അവരാണ് നല്‍കുക.

ഇതിന്റെ താഴേത്തട്ടിലുള്ള പടക്കുതിരകളാണ് സാക്ഷരതാ പ്രേരക്​മാര്‍. ഏറെക്കാലമായി തുച്ഛമായ വേതനത്തിലാണ് ഇവര്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഇവര്‍ക്കുള്ള ഓണറേറിയം വര്‍ധിപ്പിച്ചത് 2017-ലായിരുന്നു.  നോഡല്‍ പ്രേരക്​മാര്‍ക്ക് 15000, പ്രേരക്കിന് 12000, അസി. പ്രേരക്കിന് 10500 എന്നിങ്ങനെ വേതനം ഉയര്‍ത്തിയിരുന്നു. പ്രേരക്​മാരുടെ വേതനം 12,000 രൂപയാക്കി വര്‍ധിപ്പിച്ചതുതന്നെ ഏറെക്കാലത്തെ ആവശ്യത്തിന് ശേഷമാണ്.  സാക്ഷരതാ പ്രേരക്​മാരുടെ വേതനം 2016 വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇത് മാറ്റി സാക്ഷരതാ മിഷന്‍ നേരിട്ട് നല്‍കാന്‍ തുടങ്ങി. ഇതോടെ ഓണറേറിയം വൈകുന്നത് പതിവായി. 

LiteracyMisionഇതിനുപുറമെയാണ് ടാര്‍ഗറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തി വേതനം വെട്ടിക്കുറയ്ക്കുന്ന നടപടിയും തുടങ്ങിയത്. പഠിതാക്കളുടെ എണ്ണത്തില്‍ നിശ്ചിത ലക്ഷ്യം കൈവരിച്ചില്ലെങ്കില്‍ തുക വെട്ടിക്കുറയ്ക്കുന്നതാണ് സമ്പ്രദായം. സാക്ഷരത മുതല്‍ ഹയര്‍ സെക്കന്‍ഡറി തുല്യതവരെയുള്ള കോഴ്സുകളില്‍ 101 പേരെ ചേര്‍ക്കാത്ത പ്രേരക്​മാര്‍ക്ക് വേതനം പകുതിയില്‍ താഴെയായി കുറവുചെയ്യും. 

പത്താം തരം, ഹയര്‍സെക്കന്‍ഡറി തലത്തിലുള്ള പഠിതാക്കളുടെ എണ്ണത്തില്‍ നിശ്ചിത ലക്ഷ്യം കൈവരിക്കാത്തവര്‍ക്ക് 10 ശതമാനം, നാല്, ഏഴ് തുല്യത ക്ലാസുകളിലേക്കുള്ളവരുടെ എണ്ണം കുറഞ്ഞാല്‍ വീണ്ടും 10 ശതമാനം എന്നിങ്ങനെയാണ് വേതനം വെട്ടിക്കുറയ്ക്കുക. അതിന് പുറമെ ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളുടെ എണ്ണം കണക്കിലെടുത്ത് വീണ്ടും കുറയ്ക്കും. ഇതെല്ലാം കഴിഞ്ഞ് ഒരു പ്രേരകിന് ലഭിക്കുന്ന തുക പലപ്പോഴും 5000 രൂപയിലും താഴെയാണ്.

വെറുതെ ചെന്നാല്‍ പഠിക്കാന്‍ തയ്യാറായി എല്ലാവരും മുന്നോട്ടുവരില്ല. പഠിക്കാന്‍ വരണമോയെന്നത് ഓരോ വ്യക്തിയുടെയും തീരുമാനമനുസരിച്ചിരിക്കും. അങ്ങനെയുള്ള സാഹചര്യത്തില്‍ ആളുകളെ മനസിലാക്കി തുടര്‍വിദ്യാഭ്യാസ പദ്ധതിയിലേക്ക് കൊണ്ടുവരാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന പ്രേരക്​മാരോടാണ് കണ്ണില്‍ ചോരയില്ലാത്ത നയം നടപ്പിലാക്കുന്നത്. 

1800-ല്‍ അധികം പേരാണ് തുടര്‍വിദ്യാഭ്യാസ പദ്ധതിക്കായി പ്രവര്‍ത്തിക്കുന്നത്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ വിദ്യാകേന്ദ്രങ്ങളിലാണ് ഇവരുടെ ജോലി. അതിനുശേഷം ഫീല്‍ഡ് വര്‍ക്കും ഉണ്ടാകും. മലയോര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഫീല്‍ഡ് വര്‍ക്കെന്നത് ദുഷ്‌കരമാണ്. കിലോമീറ്ററുകളോളം ഒരുദിവസം സഞ്ചരിക്കേണ്ടി വരും. 

എന്നിട്ടും തീരുന്നില്ല ഇവരുടെ ജോലി. ഫീല്‍ഡ് വര്‍ക്കിന്റെ റിപ്പോര്‍ട്ടും ഫോട്ടോയും അതത് മാസം ജില്ലാ ഓഫീസില്‍ നല്‍കണം. അതിന് കുറഞ്ഞത് 1000 രൂപയെങ്കിലും ചെലവാകും. എന്നാല്‍ ഫീല്‍ഡ് വര്‍ക്കിനുള്ള യാത്രാപ്പടിയോ ഫോട്ടോയും മറ്റുമെടുത്തയക്കാനുള്ള സ്റ്റേഷനറിച്ചെലവോ സാക്ഷരതാ മിഷന്‍ നല്‍കാറില്ല. അതെല്ലാം കൈയില്‍ നിന്നെടുക്കണം. മാസം വിവിധ കാരണങ്ങള്‍ പറഞ്ഞ് വെട്ടിക്കുറച്ചശേഷം ലഭിക്കുന്ന വേതനത്തില്‍ നിന്നാണ് ഇങ്ങനെ പണം ചെലവാക്കേണ്ടതെന്നോര്‍ക്കണം. 

നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി എന്നിങ്ങനെ ഓരോ വിഭാഗത്തിലും 25 പേര്‍വീതം ഒരുവര്‍ഷം 100 പേരെയെങ്കിലും ചേര്‍ക്കണമെന്നതാണ് പ്രേരക്​മാര്‍ക്ക് മുന്നിലുള്ള ടാര്‍ജറ്റ്. സാക്ഷരതാ പ്രവര്‍ത്തനം പതിറ്റാണ്ടുകള്‍ പിന്നിട്ട ഒരു സംസ്ഥാനത്ത് നാലും ഏഴും തുല്യതാ പരീക്ഷയ്ക്ക് ഇങ്ങനെ ആളുകളെ കണ്ടെത്തുന്നതെങ്ങനെയെന്ന ചോദ്യമാണ് പ്രേരക്​മാര്‍ ഉന്നയിക്കുന്നത്. 

പത്ത്, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലേക്ക് രജിസ്റ്റര്‍ ചെയ്യുന്ന പഠിതാക്കളില്‍ നിന്നുള്ള ഫീസാണ് സാക്ഷരതാ മിഷന്റെ തനത് ഫണ്ട്. ഇതുറപ്പാക്കാനാണ് കര്‍ശന നിബന്ധന. എന്നാല്‍ ഒരുസ്ഥലത്ത് ആളെണ്ണം പാലിക്കാനായില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം മുഴുവനും പ്രേരക്​മാരുടെ ചുമലില്‍ വരും. അതിന്റെ പേരില്‍ അവരുടെ നാമമാത്രമായ വേതനം വെട്ടിക്കുറയ്ക്കുകയും ചെയ്യും. കോവിഡ് സമയത്ത് തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പോകാന്‍ ഇവര്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ അതിനെല്ലാം മുന്നില്‍ നിന്നിട്ടും യാത്രയ്ക്കും ഭക്ഷണത്തിനുമുള്ള തുകപോലും തരാതിരുന്ന സാഹചര്യം പറയുമ്പോള്‍ പലരിലും സങ്കടം അണപൊട്ടി.

അതിനും പുറമെയാണ് നാമമാത്രമെങ്കിലും കിട്ടിയിരുന്ന വേതനം വൈകി ലഭിക്കുന്ന പ്രശ്നവുമുള്ളത്. പലരും വര്‍ഷങ്ങളായി ഇതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. അങ്ങനെയുള്ളവരുടെ വയറ്റത്തടിക്കുന്ന നിലപാടാണ് സാക്ഷരതാ മിഷനുള്ളത്. 

സംസ്ഥാന സാക്ഷരത മിഷന്റെ പഞ്ചായത്ത് തലത്തിലുള്ള കോ-ഓര്‍ഡിനേറ്റര്‍മാരാണ് പ്രേരക്​മാര്‍. ഇവര്‍ക്ക് മുകളില്‍ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ പ്രേരക്​മാര്‍ക്ക് 15,000 രൂപയാണ് വേതനം നല്‍കുന്നത്. ഇവര്‍ക്കും മുകളില്‍ ഇപ്പോള്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററെന്ന പുതിയ പദവിയുണ്ട്. അവര്‍ക്ക് ലഭിക്കുന്നതാകട്ടെ 39,500. ഇതിന് പുറമെ 5000 രൂപ സ്പെഷ്യല്‍ അലവന്‍സും ലഭിക്കുന്നു. ഇങ്ങനെ നോക്കിയാല്‍ ഒരുമാസം ജില്ലാ കോ-ഓര്‍ഡിനേറ്റർക്ക് ലഭിക്കുന്നത് 44,500 രൂപ. 

അതേസമയം, ഡയറക്ടര്‍ കഴിഞ്ഞാല്‍ തൊട്ടു താഴെ വരുന്ന അസിസ്റ്റന്‍ഡ് ഡയറക്ടർക്ക് ലഭിക്കുന്നത് 40,500 രൂപയും. അസിസ്റ്റന്റ് ഡയറക്ടറേക്കാള്‍ 4000 രൂപ അധികമായി ലഭിക്കുന്ന ഈ തസ്തിക പക്ഷെ ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. പകരം കോര്‍ഡിനേറ്റര്‍ തസ്തികയെ ഹയര്‍സെക്കന്‍ഡറി അധ്യാപക തസ്തികയ്ക്ക് തുല്യമാക്കുകയാണ് ചെയ്തത്. തോമസ് ഐസക്ക് ധനമന്ത്രി ആയിരുന്ന കാലത്താണ് ഇത് നടന്നത്. അന്നിത് വലിയ വിവാദമായിരുന്നു. ഇങ്ങനെ വലിയ തുക ലഭിക്കുന്നവരുള്ളപ്പോഴാണ് താഴേത്തട്ടില്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നവരുടെ നാമമാത്രമായ തുക വെട്ടിക്കുറയ്ക്കുന്നത്.

ചില്ലുമേടയിലിരുന്ന് കല്ലെറിയല്ലേ..

സെപ്റ്റംബര്‍ എട്ടിനായിരുന്നു ലോക സാക്ഷരതാ ദിനം. എന്നാല്‍ കേരളം മറക്കുന്നവരോ അരികുവത്കരിക്കപ്പെട്ടവരോ ആയി മാറിയിരിക്കുകയാണ് സാക്ഷരതാ പ്രേരക്​മാര്‍. അവരുടെ ത്യാഗത്തിന് മുകളില്‍ കെട്ടിപ്പടുത്തതാണ് കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനം. അക്കൂട്ടത്തില്‍ ഒരിക്കലും മറക്കരുതാത്ത പേരാണ് കോഴിക്കോട് പൈങ്ങോട്ടുപുറം ബാലകൃഷ്ണന്‍. 

balakrishnan
ബാലകൃഷ്ണന്‍

ലോക സാക്ഷരതാ ദിനത്തിലായിരുന്നു ബാലകൃഷ്ണന്റെ വിയോഗമുണ്ടായത്. സ്വയം നിര്‍മിച്ച സാക്ഷരതാ പതാക ഉയര്‍ത്തുക എന്ന സ്വപ്നം ബാക്കിവച്ചായിരുന്നു ലോക സാക്ഷരതാ ദിനത്തില്‍ ബാലകൃഷ്ണന്റെ അപ്രതീക്ഷിത അന്ത്യം. പൈങ്ങോട്ടുപുറം വിദ്യാദായനി വായനശാലയ്ക്ക് മുന്നില്‍ ഉയര്‍ത്താനാണ്  ബാലകൃഷ്ണന്‍ പതാക തയ്യാറാക്കിയത്. ഒടുവില്‍ വീടിനു നൂറുവാര അകലെ തുടര്‍വിദ്യാകേന്ദ്രത്തിനു മുന്നില്‍ ലോക സാക്ഷരതാദിന പരിപാടികളുടെ മുന്നൊരുക്കത്തിനിടെ രാവിലെ എട്ടരയോടെ ബാലകൃഷ്ണന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

1998 മുതല്‍ കുന്ദമംഗലത്ത് പ്രേരകായി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ബാലകൃഷ്ണനുള്ളത്. എന്നാല്‍ ഇത്രയും നീണ്ടകാലം പ്രവര്‍ത്തിച്ചിട്ടും തുച്ഛമായ വേതനം മാത്രമാണ് ലഭിച്ചിരുന്നത്. പ്ലസ് ടു ഓണ്‍ലൈന്‍  പഠനവുമായി ബന്ധപ്പെട്ടു മകള്‍ക്ക് ഒരു സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള സാമ്പത്തിക പരാധീനതയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റ മകള്‍ നൈരാശ്യത്തില്‍ ജീവനൊടുക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. 

സാക്ഷരതയോടും ലൈബ്രറി പ്രസ്ഥാനത്തോടും തികഞ്ഞ ആത്മാര്‍ത്ഥത കാണിച്ച ബാലകൃഷ്ണന്‍, പഠിതാക്കളെ കണ്ടെത്തുന്നതിന് അസാധാരണമായ ആവേശം കാട്ടി. സ്വയം പഠിക്കുകയും പഠിക്കാന്‍ പ്രേരണ നല്‍കുകയും ചെയ്ത പ്രേരക് ആയിരുന്നു ബാലകൃഷ്ണന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എം.എസ്. ഡബ്ലു  നേടിയിട്ടും ജീവിതം സാക്ഷരത പ്രസ്ഥാനത്തിനായി മാറ്റിവച്ചു. അങ്ങനെയുള്ള ഒരാള്‍ക്കാണ് ദയനീയമായ അന്ത്യമുണ്ടായത്.

25 വര്‍ഷത്തോളം പ്രേരക് ആയിരുന്ന പത്തനംതിട്ട സ്വദേശി ശിവരാജന്‍  മരിച്ചത് 2020 ഒക്ടോബര്‍ 22-നാണ്. യഥാസമയം ചികിത്സിക്കാന്‍ പണം ഇല്ലാത്തതായിരുന്നു  കാരണം. തൃശ്ശൂര്‍ ജില്ലയിലെ ബിന്ദു 2020 ജൂണ്‍ നാലിനും കൊല്ലം ജില്ലയിലെ എ. ആമിന ബീവി സെപ്റ്റംബര്‍ 13-നുമാണ് മരിച്ചത്. വിവിധ രോഗങ്ങള്‍ മൂലം കഷ്ടപ്പെട്ട അവരെയും  സാമ്പത്തിക പ്രശ്നങ്ങള്‍ തന്നെയാണ് ചികിത്സക്ക് ഗതിയില്ലാതാക്കിയത്. തൃശ്ശൂര്‍ അന്തിക്കാട് ബ്ലോക്കിലെ കനക ലത എന്ന പ്രേരക് മകനുവേണ്ടി വൃക്ക ദാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.  ഈ പാവങ്ങള്‍ രാപ്പകല്‍ കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന തനത് ഫണ്ടില്‍ നിന്ന് പക്ഷെ നേട്ടമുണ്ടാക്കുന്നത് മറ്റുപലരുമാണ്. 

തുടരും....  (അടുത്തത്- ഡയറക്ടര്‍ക്ക് രാത്രി യാത്രയ്ക്കും ഡ്രൈവര്‍, നിയമിച്ചത് സ്വന്തം വീട്ടിലെ ഡ്രൈവറെ)