യിരങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച ഉന്നതമായ സ്ഥാനമാണ് കേരള സാക്ഷരതാ മിഷനുള്ളത്. 1991 ഏപ്രില്‍ 18 ന് കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടതില്‍ സാക്ഷരതാ മിഷന് അതുല്യമായ പങ്കാണുള്ളത്. അവിടെയും നിന്നില്ല, ഇന്നിപ്പോള്‍ നാലാംതരം വരെ സമ്പുര്‍ണ സാക്ഷരത കൈവരിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. 

ഇപ്പോള്‍ പൊതുവിദ്യാഭ്യാസ രംഗത്ത് വിവിധ സാമൂഹ്യ- സാമ്പത്തിക കാരണങ്ങളാല്‍ അരികുവത്കരിക്കപ്പെട്ട നിരവധി ആളുകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതില്‍ സാക്ഷരതാ മിഷന്റെ പങ്ക് വിലമതിക്കാനാകാത്തതാണ്. നാലാംതരം തുല്യതയില്‍ സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതിന് പിന്നാലെ ലക്ഷ്യങ്ങള്‍ വലുതാക്കി 2015 ല്‍ ഹയര്‍സെക്കന്‍ഡറി തുല്യത ക്ലാസുകള്‍ നല്‍കുന്ന തരത്തിലേക്ക് വളര്‍ന്ന സാക്ഷരതാ മിഷന്‍ പിന്നിട്ടത് അത്ര സുഗമമായ പാതകളല്ല. 

സാക്ഷരതാ മിഷന്റെ വളര്‍ച്ചയ്ക്കും അതിന്റെ തണല്‍ നിരവധി ആളുകളിലേക്ക് എത്തിക്കുകയും ചെയ്തതില്‍ സാക്ഷരതാ പ്രേരക് മാര്‍ക്കുള്ള പങ്കും വിസ്മരിക്കാനാകില്ല. എന്നാല്‍ ഇന്നിപ്പോള്‍ സാക്ഷരതാ മിഷന്റെ അവസ്ഥയെന്താണ്. കേരളത്തിന്റെ പൊന്‍തൂവായിരുന്ന സാക്ഷരതാ മിഷന്റെ ഇന്നത്തെ ഘടനാപരവും രാഷ്ട്രീയപരവും സാമ്പത്തികവുമായ വെല്ലുവിളികള്‍ എന്തൊക്കെയാണ് ..  അതേക്കുറിച്ചുള്ള അന്വേഷണ പരമ്പരയാണ് ഇത്.

വെളിച്ചമേ നയിച്ചാലും....

1960കളുടെ അവസാനത്തോടെയാണ് കേരളത്തില്‍ സാക്ഷരതാപ്രവര്‍ത്തനം ആരംഭിച്ചത്. 1968ല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ രംഗത്തേയ്ക്കു കടന്നു വന്നു. 1987ലെ ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളത്തില്‍ സാക്ഷരതാപ്രസ്ഥാനം വിപുലമായി വളര്‍ന്നത്. 1989ല്‍ വെളിച്ചമേ നയിച്ചാലും എന്ന പേരില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനകീയ സാക്ഷരതാ പദ്ധതി ആരംഭിച്ചു.'പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളു, പുത്തനൊരായുധമാണു നിനക്കത് പുസ്തകം കയ്യിലെടുത്തോളു.'  എന്ന മുദ്രാവാക്യവുമായി അന്ന് സാക്ഷരതാപ്രവര്‍ത്തകര്‍ നിരക്ഷരരായ സാധാരണക്കാരെ തേടിയിറങ്ങി. 

1990 ഏപ്രില്‍ 8ലെ സര്‍വ്വേ അനുസരിച്ച് കേരളത്തിലൊട്ടാകെ 28,20,338 നിരക്ഷരുണ്ടെന്ന് കണ്ടത്തി.  ഇവരെ സാക്ഷരരാക്കാനായി മൂന്നു ലക്ഷത്തോളം സന്നദ്ധപ്രവര്‍ത്തകരാണ് പ്രവര്‍ത്തിച്ചത്. അങ്ങനെ 15 വയസ്സു തൊട്ട് 90 വയസ്സു വരെയുള്ളവര്‍ സാക്ഷരതാ ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന ജനകീക പ്രസ്ഥാനമായി അത് മാറി. അങ്ങനെ 1991 ഏപ്രില്‍ 18ന് കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിച്ചതിന് ശേഷമാണ് നിലവിലെ സാക്ഷരതാ മിഷന്‍ അതോറിറ്റി രൂപം കൊള്ളുന്നത്. കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷര സംസ്ഥാനമായിത്തീര്‍ന്നു. ഇത്രയും ചരിത്രം. എന്നാല്‍ കഴിഞ്ഞ കുറെ കാലങ്ങളായി സാക്ഷരതാ മിഷനില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് സമൂഹത്തെ ബാധിക്കുന്നതെന്ന് നോക്കാം.  പിഎ ചുമതല മുതല്‍ ആസ്ഥാന നിര്‍മാണം വരെയും പ്രേരക്മാരുടെ വിയര്‍പ്പ് വിറ്റ കഥകളുമാണ് ഇനി പൊതുജനം അറിയാനുള്ളത്.

ആസ്ഥാനമന്ദിരമെന്ന കൈയേറ്റം

സംസ്ഥാന സാക്ഷരതാ മിഷന്‍ ഇത്രയും കാലം നല്ലൊരു ആസ്ഥാനമന്ദിരമില്ലാതെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് നല്ലെരു ആസ്ഥാനമന്ദിരം നിര്‍മിച്ചത്.  4.87 കോടി ചെലവിട്ടാണ് ആസ്ഥാന മന്ദിരം നിര്‍മിച്ചത്. നിര്‍മാണ ചുമതല ഹാബിറ്റാറ്റിനായിരുന്നു. ആകെ 30 ജീവനക്കാര്‍ മാത്രം ജോലി ചെയ്യുന്ന സാക്ഷരതാ മിഷന് വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 43 സെന്റ് സ്ഥലത്ത് 13,654 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് വിശാലമായ മന്ദിരം നിര്‍മിച്ചത്. 

Literacy Mission
സാക്ഷരതാ മിഷന്‍ ആസ്ഥാന മന്ദിരം. ഫോട്ടോ - മാതൃഭൂമി

ചിലവ് കുറച്ച് ഹാബിറ്റാറ്റാണ് കെട്ടിടം നിര്‍മിച്ചത്. ചതുരശ്ര അടിക്ക് 3,567 നിരക്കിലായിരുന്നു നിര്‍മ്മാണ കരാര്‍ ഒപ്പിട്ടത്.  ഇതില്‍ ക്രമക്കേടുകളുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ കാലത്താണ് സത്യസായി ട്രസ്റ്റിന് വേണ്ടി ചതുരശ്ര അടിക്ക് 1400 രൂപ നിരക്കില്‍ ചെറുവീടുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഉണ്ടാക്കിയതെന്നതാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. 450 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 45 റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് വേണ്ടിയാണ് ഹാബിറ്റാറ്റ് ചതുരശ്ര അടിക്ക് 1400 രൂപ നിരക്കില്‍ കരാര്‍ ഒപ്പിട്ടത്. ഈ സാഹചര്യത്തിലാണ് സാക്ഷരതാ മിഷനുവേണ്ടിയുള്ള നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ചിരുന്നത്.  അതില്‍ പിന്നീട് കഴമ്പില്ലെന്ന് തെളിഞ്ഞു. 

സാക്ഷരത മിഷനുവേണ്ടിയുള്ള നിര്‍മാണത്തില്‍ ഒരുരൂപ പോലും അധികമായി ഈടാക്കായിട്ടില്ല. എസ്റ്റിമേറ്റ് തയ്യാറാക്കിയതിലും ക്രമക്കേടുണ്ടായിട്ടില്ല. കെട്ടിടം നിര്‍മിക്കുന്ന സ്ഥലം വഞ്ചിയൂര്‍ ഭാഗത്താണ്. ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുമ്പ് മണ്ണ് പരിശോധന നടത്തി 28 മീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തിയാണ് ഫൗണ്ടേഷന്‍ നിര്‍മിക്കേണ്ടി വന്നത്. ഫൗണ്ടേഷന് തന്നെ ഒന്നര കോടി ചിലവായി. 

ഇതിനുപുറമെ മൂന്നുനില കെട്ടിടത്തിനായി ഇലക്ട്രിക്, പ്ലംബിങ്, അഗ്‌നിരക്ഷാ സംവിധാനങ്ങള്‍, ഫര്‍ണീച്ചറുകള്‍, സാനിറ്ററി ഉപകരണങ്ങള്‍ കെട്ടിടത്തിന്റെ എന്നിവയുള്‍പ്പെടെയാണ് പൂര്‍ണമാക്കി കൈമാറിയത്. ഇതുള്‍പ്പെടെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. മാത്രമല്ല ശരിക്കും 4.07 കോടി മാത്രമാണ് നിര്‍മാണ ചിലവ്. 4.87 കോടി ആയത് നികുതി അടക്കമുള്ള കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതുകൊണ്ടാണ്. 

എന്നാല്‍ സത്യസായി ട്രസ്റ്റിന് വേണ്ടി അമ്പലപ്പുഴയില്‍ ചിലവ് കുറഞ്ഞ വീടുകളാണ് നിര്‍മിച്ചു നല്‍കിയത്. വീടു നിര്‍മിക്കുന്നതും ഓഫീസ് മന്ദിരം നിര്‍മിക്കുന്നതും വ്യത്യാസമുണ്ട്. ചിലവ് കുറച്ച് വീടു നിര്‍മിക്കുന്നതുപോലെയല്ല ഓഫീസ് ബഹുനില മന്ദിരം നിര്‍മിരക്കുക. ഈയൊരു വ്യത്യാസം രണ്ടിനുമുണ്ട്. അതുകൊണ്ടാണ് എസ്റ്റിമേറ്റ് തുകയില്‍ ഇത്രയും വലിയ അന്തരം കാണുന്നത്. അല്ലാതെ അതില്‍ ക്രമക്കേടുകള്‍ ഒന്നും തന്നെയില്ല- ജി. ശങ്കര്‍, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍

2018 മെയ് മാസം ആരംഭിച്ച കെട്ടിട നിര്‍മാണത്തിന് തറക്കല്ലിടിച്ചത് മുഖ്യമന്ത്രിയെക്കൊണ്ടാണ്. 2019 ഒക്ടോബറില്‍ പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും മുഖ്യമന്ത്രിയായിരുന്നു. കെട്ടിടം നിര്‍മിച്ച് മുഖ്യമന്ത്രി 2019ല്‍ ഉദ്ഘാടനം ചെയ്തിട്ടും ഇടത്പക്ഷം ഭരിക്കുന്ന നഗരസഭ പക്ഷെ അതിന് അനുമതി നല്‍കിയിട്ടില്ല. സാക്ഷരത മിഷന് ഇത്രവലിയ കെട്ടിടം നിര്‍മിച്ചിട്ടും അതിന് ഇതുവരെ തിരുവനന്തപുരം നഗരസഭ അനുമതി നല്‍കിയിട്ടില്ലെന്നതാണ് വിചിത്രം. കാരണം സാക്ഷരതാ മിഷന്‍ അനുവദിച്ചതിലും അധികം സ്ഥലം കൈയേറിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 

saksharatha
എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍
സാക്ഷരത മിഷന്‍ ഡയറക്ടര്‍ക്ക് അയച്ച കത്ത്‌

വഞ്ചിയൂര്‍ വില്ലേജില്‍ പേട്ട സ്‌കൂളിന് സമീപത്തുള്ള സര്‍വേ നമ്പര്‍ 178/ ബിയില്‍ ഉള്‍പ്പെടുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്തില്‍ നിന്ന്  16 സെന്റ് ഉപയോഗിച്ച് 7,000 ചതുരശ്ര അടിയില്‍ കെട്ടിട നിര്‍മ്മാണം നടത്താനായിരുന്നു അനുമതി. ഭൂമിയില്‍ ഉടമസ്ഥാവകാശം അനുവദിച്ചിരുന്നില്ല. 2018 ഫെബ്രുവരിയില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി ചോദിച്ച് സാക്ഷരത മിഷന്‍ നഗരസഭയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. ഇതില്‍ 7000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിടം പണിയാന്‍ ഉള്ള അനുമതിയാണ് സാക്ഷരത മിഷന്‍ നഗര സഭയോട് ആവശ്യപെട്ടത്.

എന്നാല്‍ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ 2018 മെയ്മാസം മുഖ്യമന്ത്രിയെ കൊണ്ട് തറക്കല്ലിടീച്ച് കെട്ടിട നിര്‍മാണം ആരംഭിച്ചു. ഇതിന് ശേഷം 2019 മാര്‍ച്ചില്‍ വീണ്ടും അനുമതിക്കായി നഗരസഭയെ സാക്ഷരത മിഷന്‍ സമീപിച്ചു. 16 സെന്റ് സ്ഥലത്ത് 7000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിടം പണിയാനുള്ള അനുമതി നഗര സഭയോട് അനുമതി തേടിയ ശേഷം  45 സെന്റ് സെന്റ് സ്ഥലം കയ്യേറി 13654 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിട നിര്‍മാണം നടത്തുകയായിരുന്നു.

ഭൂമിയിലുള്ള ഉടമസ്ഥാവകാശം പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിലനിര്‍ത്തി 7,000 ചതുരശ്ര അടിയില്‍ കെട്ടിട നിര്‍മ്മാണം നടത്താനായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയിരുന്നത്. ഇതുപോലും ലംഘിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലം അനുവദിച്ചതിനേക്കാള്‍ അധികമായി ഉപയോഗിച്ച് 43 സെന്റ് സ്ഥലത്ത് 13,654 ചതുരശ്ര അടിയില്‍ കെട്ടിടം നിര്‍മിച്ചുയര്‍ത്തിയത്. ഇതെന്തിന് വേണ്ടി ആയിരുന്നുവെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലം കയ്യേറിയെന്നു 2019 ജൂലായ് മാസത്തില്‍ നഗരസഭ കണ്ടെത്തിയിരുന്നു. അതിനെ തുടര്‍ന്ന് അവിടെ കെട്ടിടം നിര്‍മിക്കാനുള്ള അനുമതി നഗരസഭ നല്‍കിയിരുന്നില്ല. എന്നിട്ടും 4.87 കോടി ചെലവഴിച്ച് കെട്ടിട സമുച്ചയം കെട്ടിപൊക്കി്. 2019 ഒക്ടോബറില്‍ കെട്ടിടം ഉദ്ഘാടനവും ചെയ്ത് പ്രവര്‍ത്തിച്ചു വരുന്നു. കെട്ടിടം നിര്‍മിച്ചത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആണെന്നുള്ള 2020 ജൂണ്‍ മാസത്തിലെ നഗര സഭാ രേഖയിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

മറ്റൊന്ന് ചരിത്രപ്രധാനമായ രാജഭരണകാലത്തെ പുസ്തക ഡിപ്പോ കെട്ടിടം ഇടിച്ചുകളഞ്ഞ് അതിന്റെ സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് സാക്ഷരത മിഷന് വേണ്ടി കെട്ടിടം നിര്‍മിച്ചത്. അങ്ങനെ പൊളിച്ചുനീക്കിയ കെട്ടിടത്തിലെ വിലയേറിയ തടിയുരുപ്പടികളും മറ്റും എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ല. ഈ കെട്ടിടം പൊളിച്ചുകളയാന്‍ അനുമതിയുണ്ടോ എന്ന് ചോദ്യത്തിന് പക്ഷെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പക്കല്‍ നിന്ന് ലഭിച്ചത് വിവരങ്ങള്‍ ലഭ്യമല്ല എന്ന വിവരമാണ്. അപ്പോള്‍ രാജഭരണ കാലത്തെ പുരാവസ്തുവായി സംരക്ഷിക്കേണ്ട കെട്ടിടം പൊളിച്ചുനീക്കിയ കാര്യത്തില്‍ സര്‍ക്കാരിന് വിവരങ്ങളില്ല എന്ന് വ്യക്തം. അങ്ങനെയെങ്കില്‍ എന്തടിസ്ഥാനത്തിലാണ് പഴയ കെട്ടിടം പൊളിച്ചതെന്ന ചോദ്യം ബാക്കി. 

LiteracyMission
സാക്ഷരതാ മിഷന്‍ ആസ്ഥാന മന്ദിരം. ഫോട്ടോ - മാതൃഭൂമി

സാക്ഷരതാ പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് പണിയെടുത്ത പ്രേരക്മാര്‍ വഴി സാക്ഷരത മിഷനില്‍ തുടര്‍ വിദ്യാഭ്യാസ പദ്ധതിയില്‍ ആളുകളെ ചേര്‍ക്കാനും മറ്റും രജിസ്ട്രേഷന്‍ തുക സ്വരുകൂട്ടിവെച്ചുണ്ടായ തനത് ഫണ്ട് എടുത്താണ് കെട്ടിട നിര്‍മാണത്തിന് 4.87 കോടി ചിലവില്‍ വിശാലമായ കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ സാക്ഷരത മിഷന് ഉടമസ്ഥാവകാശമില്ലാത്ത ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിനാണ് ഈ തുക എടുത്ത് ചിലവഴിച്ചതെന്ന് ഓര്‍ക്കണം. 

ഇപ്പോഴും പ്രേരക്മാര്‍ക്ക് ലഭിക്കുന്നത് തുഛമായ ഓണറേറിയം എന്ന നിലയിലുള്ള വേതനമാണ്. അവരുടെയൊക്കെ വിയര്‍പ്പിന്റെ വിലയെടുത്താണ് ഈ ദൂര്‍ത്തടിയെന്നതാണ് മറ്റൊരു വിചിത്രമായ കാര്യം.  

(തുടരും)

അടുത്ത ദിവസം - പ്രേരക്മാരുടെ വയറ്റത്തടിക്കുന്ന കൊലച്ചതികള്‍