
കേരളത്തിൽ വർണവിവേചനം സൂക്ഷ്മരൂപത്തിൽ ഇന്നും നിലനിൽക്കുന്നെന്നും അതിന് അധികാരസ്ഥാനങ്ങളെപ്പോലും ഭയമില്ലെന്നുമാണ് ചീഫ് സെക്രട്ടറിയുടെ അനുഭവം പറയുന്നത്. ഇത് മുൻകാലത്തെപ്പോലെ ശക്തമല്ലെങ്കിലും പല ജീവിതസന്ദർഭങ്ങളിലും നിർണായകശക്തിയായി കേരളീയസമൂഹത്തിൽ ചുറ്റിപ്പറ്റിനിൽക്കുന്നുണ്ട്. കുടുംബങ്ങളിൽപ്പോലും ചിലരോടുള്ള അധിക പരിഗണനയായി, ചിലരോടുള്ള അധിക അവഗണനയായി അത് നിലനിൽക്കുന്നു. എല്ലാവിധ തിരഞ്ഞെടുപ്പുകളിലും അതിനൊരു ഗ്രേസ് മാർക്ക് ഇപ്പോഴുമുണ്ട്.
പരസ്യങ്ങൾ മിക്കവാറും അതിന്റെ പരസ്യങ്ങളാണ്. ജനപ്രീതി ലക്ഷ്യമാക്കുന്ന ഇടങ്ങളിൽ ഇപ്പോഴിപ്പോഴും നിർണായക ശക്തിയായല്ലെങ്കിലും അതുണ്ട്. വിവാഹപ്പരസ്യങ്ങളിൽനിന്ന് അത് പൂർണമായി പിൻവാങ്ങിയിട്ടില്ല. പ്രത്യക്ഷപ്പെടാൻ പഴയ ധൈര്യമില്ലാത്തതിനാൽ അതിന്റെ പെരുമാറ്റം നിഗൂഢമായിട്ടുണ്ട്. പൂർവാധികം ശക്തിപ്പെടുന്ന ‘കൺ’സ്യൂമറിസത്തിന് അതിനോടൊരു അമിതാഭിമുഖ്യവുമുള്ളതുകൊണ്ട് അതിന്റെ ആത്മവിശ്വാസം കെട്ടിട്ടില്ല. പ്രത്യക്ഷത്തിൽ വെളുത്തവരോ കറുത്തവരോ അല്ലാത്ത എന്നാൽ, അതുള്ളിടങ്ങളിൽ അവർ തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ പലരൂപത്തിൽ നിലനിൽക്കുന്ന ഒരു വിചിത്ര നാഗരികതയാണ് നമ്മുടേത്.
കേരളീയസമൂഹത്തിൽ രൂഢമൂലമായി നിലകൊള്ളുന്ന ജാതിവ്യത്യാസം ഏതെങ്കിലുംവിധത്തിലുള്ള വിവേചനവുമായി ഐക്യപ്പെട്ട് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്(ഇവിടെ ഒരടിമണ്ണ് മാറ്റിയാൽ വെളിപ്പെടുന്ന മണ്ണ് ജാതിസ്പർധയുടേതാണ്). അപരനെ താഴ്ത്തിക്കെട്ടാതെ നമുക്ക് ജീവിക്കാനാവില്ല. തൊലിനിറത്തിലെ നേരിയ വ്യത്യാസത്തെപ്പോലും ഒരായുധമാക്കിമാറ്റുന്നു നാം. ശുദ്ധവായുകൂടാതെ ജീവിക്കാം, വിവേചനംകൂടാതെ എങ്ങനെ ജീവിക്കും എന്നാണ് യാഥാസ്ഥിതിക മലയാളി ചോദിക്കുക.
എണ്ണത്തിൽ വളരെ കുറഞ്ഞ വെള്ളക്കാർക്ക് എണ്ണിയാലൊടുങ്ങാത്ത ഒരു ജനസമൂഹം സമസ്തമേഖലകളിലും കീഴടങ്ങി ജീവിച്ചതിനൊരു കാരണം നമ്മുടെ നിറത്തിലുള്ള അധമബോധമായിരുന്നു. കറുപ്പ് ഇരുട്ടല്ല, വെളുപ്പ് വെളിച്ചവുമല്ല; എന്നിട്ടും ഇവിടം ഭരിച്ചത് ഈ മിഥ്യാധാരണയായിരുന്നു. കുറ്റംചെയ്യാതെ കുറ്റവാളിയാകുന്ന കറുത്തവനും കുറ്റംചെയ്താലും കുറ്റവാളിയാകാത്ത വെള്ളക്കാരനും വളരെക്കാലം ഇവിടത്തെ നീതിയായിരുന്നു. കുടഞ്ഞുകളയാനാവാത്ത വർണാശ്രമധർമം അതിന് ഒത്താശചെയ്തു. വെളുത്തതിന് വെളിച്ചത്തിനോടും കറുത്തതിന് ഇരുട്ടിനോടുമുള്ള പ്രത്യക്ഷസാമ്യം ഒരു മൂല്യമായി വളർന്നു. വെളുപ്പ് വെളിച്ചവുമായി ബന്ധപ്പെട്ട എല്ലാ നന്മകളുടെയും കറുപ്പ് ഇരുട്ടുമായി ബന്ധപ്പെട്ട എല്ലാ തിന്മകളുടെയും നിറമായി. സമാധാനവും ശാന്തിയും വെള്ളപ്രാവുകളെ പറത്തി. നിരാശയും കോപവും കരിങ്കൊടികാട്ടി.
വെള്ളപ്പണവും കള്ളപ്പണവുമുണ്ടായി. അല്പം നിറക്കൂടുതലുള്ളവർ ഇതിലെ ആദായമെടുത്തു. അപരർ ഇതിലെ നഷ്ടവും. മനുഷ്യർക്കിടയിലെ, പ്രത്യേകിച്ച് ഇന്ത്യക്കാർക്കിടയിലെ വെളുപ്പും കറുപ്പും ഒരു മിത്താണ്. കടലാസുപോലെ വെളുത്തവനെയോ കാക്കയെപ്പോലെ കറുത്തവനെയോ കണ്ടാൽ ലോകർ ഭയംകൊണ്ട് മോഹാലസ്യപ്പെടും. എന്നിട്ടും അല്പം നിറക്കൂടുതലുള്ളവളെ വെളുത്തവൾ എന്നും അല്പം നിറംകുറഞ്ഞവളെ കറുത്തവൾ എന്നും ഇന്ത്യക്കാർ പറയുന്നു (വെള്ളക്കാരന്റെ കണ്ണിൽ പതിയാൻമാത്രമില്ല ഇതെന്നതിനാൽ അവർ ഇന്ത്യക്കാരെ ഒന്നടക്കം കറുത്തവരായും താഴ്ന്നവർഗമായും ഭരിക്കപ്പെടേണ്ടവരായും കണ്ടു).
പ്രതിരോധശക്തി ഒട്ടും കൂടുതലില്ല അവൾക്കെങ്കിലും അവൾക്ക് പ്രതിരോധശക്തി നൽകി നമ്മുടെ നെറികെട്ട നാഗരികത. ‘കുട്ട്യേടത്തി’പോലൊരു
ചെറുകഥ സാക്ഷ്യപ്പെടുത്തുന്നതരം ആത്മഹത്യകൾ ചെയ്യാൻ നിർബന്ധിതമായ സാഹചര്യം സൃഷ്ടിക്കാൻ കഴിഞ്ഞു കുടുംബത്തിലും സമൂഹത്തിലും ഈ മിഥ്യക്ക്.
ബാഹ്യസൗന്ദര്യത്തിന്റെ ‘നോംസ്’ കാലദേശരുചിക്കൊപ്പം മാറിക്കൊണ്ടിരിക്കും. സൗന്ദര്യവും ഒരു മിത്താണ്. അത് മാറിക്കൊണ്ടിരിക്കുകയുമാണ്. അത് പുതിയ തലമുറ അറിഞ്ഞുതുടങ്ങിയിട്ടുമുണ്ട്. പഴയ തലമുറയെ അപേക്ഷിച്ച് എല്ലാവിധ ജാത്യാദിദുരഭിമാനങ്ങളിൽനിന്നും അവർ പ്രായേണ മുക്തരുമാണ്.
വെളുപ്പ് കെങ്കേമമായ നിറമാണ്- മുല്ലപ്പൂവിന്റെ, തുമ്പപ്പൂവിന്റെ, വെള്ളരിപ്രാവിന്റെ. കറുപ്പും കെങ്കേമമായ നിറമാണ്- കാർകൂന്തലിന്റെ, മീശയുടെ, ആനയുടെ. നിർഭാഗ്യവശാൽ അതുരണ്ടും മനുഷ്യർക്ക് കിട്ടിയില്ല. പ്രത്യേകിച്ച് ഇന്ത്യക്കാർക്ക്.
Content Highlights: Chief Secretary`s experience reveals subtle but persistent caste discrimination in Kerala
Published: 28 Mar 2025, 08:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented