
വാഷിങ്ടൺ: ഭക്ഷണത്തിന്‍റെ പേരിൽ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ടുള്ള കേസിൽ യുഎസിലെ രണ്ട് ഇന്ത്യൻ പിഎച്ച് ഡി വിദ്യാർഥികൾക്ക് നഷ്ടപരിഹാരമായി 200,000 ഡോളർ (ഏകദേശം 1.8 കോടി രൂപ) ലഭിച്ചു. യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബൗൾഡറിലെ പിഎച്ച്ഡി വിദ്യാർഥികളായ ആദിത്യ പ്രകാശ്, പങ്കാളി ഊർമി ഭട്ടാചാര്യ എന്നിവർക്കാണ് സിവിൽ റൈറ്റ്സ് സെറ്റിൽമെൻ്റ് ആയി ഈ തുക ലഭിച്ചത്. ഇന്ത്യൻ ഭക്ഷണം കഴിച്ചതിന്റെ പേരിൽ ഇവർ നേരിട്ട വിവേചനത്തിന് പരിഹാരമായാണ് ഈ തുക അനുവദിച്ചത്. 2023ലാണ് സംഭവം.
യൂണിവേഴ്സിറ്റിയിലെ ആന്ത്രപോളജി വിഭാഗത്തിൽ ചേർന്ന് ഏകദേശം ഒരു വർഷത്തിനു ശേഷം, ഡിപാർട്മെന്റിലെ മൈക്രോവേവിൽ പ്രകാശ് തൻ്റെ ഉച്ചഭക്ഷണമായ പാലക് പനീർ ചൂടാക്കുകയായിരുന്നു. ആ സമയത്ത് ഒരു വനിതാ സ്റ്റാഫ് അംഗം അദ്ദേഹത്തിൻ്റെ അടുക്കലെത്തി "ദുർഗന്ധത്തെ"ക്കുറിച്ച് പരാതിപ്പെടുകയും ഭക്ഷണം ചൂടാക്കാൻ മൈക്രോവേവ് ഉപയോഗിക്കരുതെന്നും പറഞ്ഞു. അത് ഒരു പൊതുസ്ഥലമാണെന്നും തനിക്കും അതുപയോഗിക്കാൻ അവകാശമുണ്ടെന്നും ആദിത്യ വാദിച്ചു.
"എൻ്റെ ഭക്ഷണം എൻ്റെ അഭിമാനമാണ്. അതിന്റെ മണം നല്ലതോ ചീത്തയോ എന്നത് സാംസ്കാരികമായി നിർണ്ണയിക്കപ്പെടുന്നതാണ്," ആദിത്യ പറഞ്ഞു. നേരത്തെ ഫെസിലിറ്റി മെമ്പേഴ്സിൽ ഒരാൾ ബ്രോക്കോളി ചൂടാക്കിയതായും ശക്തമായ ദുർഗന്ധം കാരണം ബ്രോക്കോളി ചൂടാക്കുന്നത് നിരോധിക്കപ്പെട്ടതായും വാദിക്കാൻ പരാതിക്കാരി ശ്രമിച്ചതായി ആദിത്യ പറഞ്ഞു. താമസിയാതെ വിഷയം വഷളായി. ആദിത്യ പ്രകാശിൻ്റെ പങ്കാളിയായ ഊർമി ഭട്ടാചാര്യ, ഇതിൽ ഉൾപ്പെടുകയും അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു. ആ സംഭവത്തിൽ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതിന് തങ്ങൾ വിവേചനം നേരിട്ടതായി ദമ്പതിമാർ ആരോപിച്ചു.
ആദിത്യ പ്രകാശിനെ പിന്തുണച്ചതിന് വിശദീകരണമില്ലാതെ തൻ്റെ ടീച്ചിങ് അസിസ്റ്റൻ്റ് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടതായി ഊർമി ഭട്ടാചാര്യ പറഞ്ഞു. തങ്ങൾക്ക് പിഎച്ച്ഡി അനുവദിക്കാൻ ഡിപാർട്മെന്റ് വിസമ്മതിക്കുകയും കൂടി ചെയ്തതോടെയാണ് നിയമപരമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ആദിത്യ പറഞ്ഞു. വിദേശ വിദ്യാർത്ഥികൾക്കെതിരെയുള്ള വ്യവസ്ഥാപരമായ പക്ഷപാതത്തിൻ്റെ പ്രകടനമായിരുന്നു തങ്ങളുടെ ഭക്ഷണത്തോടുള്ള യൂണിവേഴ്സിറ്റിയുടെ പ്രതികരണമെന്ന് ഇരുവരും വാദിച്ചു.
2025 സെപ്റ്റംബറിൽ, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബൗൾഡർ ഇരുവർക്കും 200,000 ഡോളർ നൽകി കേസ് ഒത്തുതീർപ്പാക്കുകയും അവർക്ക് മാസ്റ്റേഴ്സ് ബിരുദങ്ങൾ നൽകുകയും ചെയ്തു. എന്നാൽ, യൂണിവേഴ്സിറ്റിയിൽ ഭാവിയിൽ പ്രവേശനം നേടുന്നതിനോ ജോലി ചെയ്യുന്നതിനോ ഇരുവർക്കും വിലക്കുണ്ട്.
Content Highlights: Two Indian PhD students at CU Boulder awarded $200,000 in a settlement over racial discrimination based on their Indian food. Learn more about their fight for justice.
Published: 14 Jan 2026, 08:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented