
ഇന്ത്യയിലെ തീവണ്ടിയാത്രാ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായാണ് വന്ദേ ഭാരത് ട്രെയിനുകളെ വിലയിരുത്തപ്പെടുന്നത്. വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള അതിവേഗ ട്രെയിനുകളുടെ ഈ ഇന്ത്യന്‍ മാതൃക വലിയ മാറ്റങ്ങളാണ് രാജ്യത്തെ പൊതുഗതാഗത മേഖലയിലുണ്ടാക്കിയത്. ഇതിന്റെ അടുത്ത ഘട്ടമായിരുന്നു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍. ബെംഗളൂരുവില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ വന്ദേഭാരത് സ്ലീപ്പറുകള്‍ ഇന്ത്യക്കാരന്റെ ട്രെയിന്‍യാത്രാ സങ്കല്‍പ്പങ്ങളെ തന്നെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവിതം തന്നെ വെറുത്തുപോകുന്ന ട്രെയിന്‍ യാത്രാനുഭവങ്ങളില്‍ നിന്ന് മാറി യാത്ര സുഖകരമായ അനുഭവമാക്കി മാറ്റുന്ന സൗകര്യങ്ങളും സുരക്ഷക്രമീകരണങ്ങളുമായാണ് വന്ദേഭാരത് സ്ലിപ്പര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സ്റ്റെയിന്‍ലസ് സ്റ്റീലിലുള്ള കംപാര്‍ട്ട്മെന്റുകളും കുലുക്കമൊഴിവാക്കാനുള്ള ബഫറുകളും മോഡുലാര്‍ പാന്‍ട്രിയും ഓട്ടോമാറ്റിക്ക് വാതിലുകളും കുളിക്കാന്‍ ചൂടുവെള്ളവും ഷവറുമൊക്കെയായി യൂറോപ്യന്‍ നിലവാരത്തിലുള്ള സൗകര്യങ്ങളുമായാണ് വന്ദേഭാരത് സ്ലീപ്പറുകളെത്തുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ ട്രെയിന്‍ ബോഗികള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതല്ല എന്നുള്ളതാണ്. കുറഞ്ഞ സമയത്തില്‍, കുറഞ്ഞ ചെലവില്‍ ഈ ബോഗികള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ രാജ്യത്തിന് നിര്‍മ്മിച്ച് നല്‍കിയത് ഒരു പൊതുമേഖല സ്ഥാപനമാണ്.പ്രവര്‍ത്തന മികവ് ഉയര്‍ത്താന്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വെച്ച ഭാരത് എര്‍ത്ത് മൂവേഴ്സ് അഥവാ ബെമല്‍.

ബെമല്‍ എന്ന രത്നം
1964ല്‍ പ്രതിരോധമന്ത്രാലയത്തിന് കീഴില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച മിനി നവരത്ന കമ്പനിയാണ് ബെമല്‍. ബെംഗളൂരുവിന് പുറമെ പാലക്കാട്, മൈസൂരു, കോലാര്‍ എന്നിവിടങ്ങളില്‍ കമ്പനിക്ക് നിര്‍മ്മാണ യൂണിറ്റുണ്ട്. ഇന്ത്യന്‍ സൈന്യത്തിനായുള്ള വാഹനങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, മൈനിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍ റെയില്‍ ആന്‍ഡ് മെട്രോ കോച്ചുകള്‍ എന്നിവയാണ് ബെമല്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയിലെ ദുഷ്കരമായ പര്‍വതപ്രദേശങ്ങളില്‍ സുരക്ഷിതമായി സൈനികനീക്കം നടത്താനുപയോഗിക്കുന്ന ട്രക്കുകള്‍, പിനോഷേ മിസൈല്‍ ലോഞ്ചര്‍ റഡാര്‍ കാരിയിങ് വെഹിക്കിള്‍ എന്നിവയാണ് ബെമല്‍ പ്രതിരോധ മേഖലയ്ക്ക് വേണ്ടി നിര്‍മ്മിച്ച് നല്‍കുന്നത്.

കാര്‍ഗില്‍ യുദ്ധവിജയത്തില്‍ ഉള്‍പ്പടെ ബെമല്‍ നിര്‍മ്മിച്ച ട്രക്കുകള്‍ നിര്‍ണായക പങ്കുവഹിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ മെട്രോ കോച്ചുകള്‍ നിര്‍മ്മിക്കുന്ന ഏക കമ്പനിയും ഏക പൊതുമേഖല സ്ഥാപനവുമാണ് ബെമല്‍. മൈനിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മേഖലയിലുപയോഗിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഏക പൊതുമേഖല സ്ഥാപനവും ബെമലാണ്. പ്രതിവര്‍ഷം ഏതാണ്ട് നാലായിരം കോടിയുടെ ഓര്‍ഡറാണ് ബെമല്‍ നേടുന്നത്. ഇതില്‍ വലിയൊരുഭാഗവും വന്‍കിട ബഹുരാഷ്ട്ര കുത്തക കമ്പനികളോട് മത്സരിച്ച് ആഗോള ടെന്‍ഡറില്‍ പങ്കെടുത്താണ് നേടുന്നത്. വിറ്റുവരവിന്റെ നാല്‍പ്പത് ശതമാനം ഓര്‍ഡറുകളും ബെമല്‍ നേടുന്നത് മത്സര ടെന്‍ഡറുകളിലൂടെയാണ്. 2020-21 സാമ്പത്തിക വര്‍ഷം 3557 കോടി വിറ്റുവരവും 93 കോടി ലാഭവും നേടാന്‍ കമ്പനിക്ക് സാധിച്ചു.

നേരത്തെ 16 കോടി രൂപ കൊടുത്തായിരുന്നു സര്‍ക്കാര്‍ ഒരു മെട്രോ കോച്ച് വിദേശ കമ്പനികളില്‍ നിന്ന് വാങ്ങിയിരുന്നത്. ആഗോള ടെന്‍ഡറില്‍ പങ്കെടുത്ത് വിദേശ കമ്പനികളെ പരാജയപ്പെടുത്തി ഓര്‍ഡര്‍ നേടിയ ബെമല്‍ തുടക്കത്തില്‍ 11 കോടിക്കാണ് ഒരു കോച്ച് നിര്‍മ്മിച്ചത്. പിന്നീട് നിര്‍മ്മാണത്തില്‍ വൈദഗ്ധ്യം വന്നതോടെ ഇതേ കോച്ചുകള്‍ എട്ട് കോടിയില്‍ താഴെ രൂപയ്ക്ക് സര്‍ക്കാരിന് നിര്‍മിച്ച് നല്കി. ഇതോടെ വിദേശ കമ്പനികളും അവരുടെ ടെന്‍ഡര്‍ നിരക്ക് എട്ട് കോടിക്ക് താഴേക്ക് കൊണ്ടുവരാന്‍ നിര്‍ബന്ധിതരായി. ഇതേ കമ്പനികള്‍ ഇന്ത്യക്ക് പുറത്ത് ഇപ്പോഴും ഇതേ മെട്രോ കോച്ചുകള്‍ വില്‍ക്കുന്നത് 16 കോടിക്കാണെന്ന കാര്യം പരിഗണമിക്കുമ്പോഴാണ് രാജ്യത്തെ മെട്രോ കോച്ച് നിര്‍മ്മാണത്തില്‍ ബെമലുണ്ടാക്കിയ വിപ്ലവം മനസ്സിലാക്കാന്‍ സാധിക്കുക. ഇന്ത്യയില്‍ പൊതുമേഖലയില്‍ ഒരു എതിരാളി ഉള്ളതുകൊണ്ട് മാത്രമാണ് പകുതിപ്പണത്തിന് കോച്ചുകള്‍ വില്ക്കാന് ആ വിദേശ കുത്തക കമ്പനികള്‍ നിര്‍ബന്ധിതരായത്. ബംഗളൂരു, മുംബൈ, ഡെല്‍ഹി, കൊല്‍ക്കത്ത മെട്രോകള്‍ ബെമലാണ് നിര്‍മ്മിച്ചത്. ഇതില്‍ മുംബൈയിലേത് ഡ്രൈവര്‍ ലെസ് മെട്രോയാണ്. ഇതിലൂടെ ആയിരക്കണക്കിന് കോടികളാണ് സര്‍ക്കാര്‍ ലാഭിച്ചത്. ഭാവിയില്‍ ഏകദേശം 50 നഗരങ്ങളില്‍ കൂടെ മെട്രോ ആരംഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. 25000 ത്തിലേറെ മെട്രോ കോച്ചുകളാണ് ഇതിന് ആവശ്യമായി വരിക. ഇവ ബെമല്‍ നിര്‍മ്മിച്ചാല്‍ ഒന്നിന് നാല് കോടി ലാഭം കൂട്ടിയാല്‍ തന്നെ ഒരുലക്ഷം കോടിയോളം രൂപയാണ് സര്‍ക്കാരിന് ലാഭിക്കാനാവുക.
വന്ദേഭാരത് സ്ലീപ്പര്‍- ലാഭിച്ചത് കോടികള്‍, ഇനി ബുള്ളറ്റ് ട്രെയിന്‍

വന്ദേഭാരത് സ്ലീപ്പ്റിന്റെ പത്ത് വണ്ടികളുടെ ഓര്‍ഡറാണ് ഇന്ത്യന്‍ റെയില്‍വേ ബെമലിന് നല്‍കിയത്. ഇതിന്റെ ഡിസൈന്‍ ഉള്‍പ്പടെ ചെയ്തത് ബെമലാണ്. 120 കോടി രൂപയാണ് ഒരു 16 കോച്ചുകളും എഞ്ചിനും ഉള്‍പ്പെടുന്ന ഒരു വന്ദേഭാരത് ട്രെയിന്‍ സെറ്റിന് സ്വകാര്യ കമ്പനികള്‍ കരാര്‍ നല്‍കിയത്. റെയില്‍വേയുടെ ചെന്നൈ കോച്ച് ഫാക്ടറിയുടെ സ്ഥലം, ജീവനക്കാര്‍, അടിസ്ഥാന സൗകര്യം എന്നിവയെല്ലാം ഉപയോഗിച്ച് 120 കോടിക്ക് കോച്ചുകള്‍ നിര്‍മ്മിക്കാമെന്നായിരുന്നു ഇവരുടെ കരാര്‍. തൊഴിലാളികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ കരാര്‍ റെയില്‍വേ റദ്ദാക്കുകയാരിന്നു. എന്നാല്‍ ബെമല്‍ അവരുടെ ഫാക്ടറിയില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍, 9 മാസം കൊണ്ട് ട്രെയിന്‍ പൂര്‍ത്തീകരിച്ച് റെയില്‍വേയ്ക്ക് കൈമാറുകയായിരുന്നു. സ്വകാര്യ കമ്പനികള്‍ 120 കോടി പറഞ്ഞ ട്രെയിന്‍ സെറ്റ് 67.5 കോടിക്കാണ് ബെമല്‍ നിര്‍മ്മിച്ച് നല്‍കിയത്. ഇതില്‍ ഒരെണ്ണമാണ് സെപ്തംബര്‍ എട്ടിന് റെയില്‍വേയ്ക്ക് കൈമാറിയത്. ഏതാണ്ട് 150 വണ്ടികളുടെ കൂടെ കരാര്‍ കൈമാറാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മിക്കാനുള്ള കരാറും ബെമല്‍ നേടിക്കഴിഞ്ഞു. ജപ്പാന് കമ്പനികള്‍ വരെ രംഗത്തുണ്ടായിരുന്ന കരാറാണ് ബെമല്‍ ഇതിലൂടെ നേടിയത്.
അഭിമാന നേട്ടങ്ങളുമായി പാലക്കാട് യൂണിറ്റും
2010 ല്‍ കേരള സര്‍ക്കാര്‍ 375 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് സൗജന്യമായി കൈമാറിയാണ് കഞ്ചിക്കോട് യൂണിറ്റ് ആരംഭിച്ചത്. ഇവിടെ പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ ടെട്ര ട്രക്സ്, ഡെല്‍ഹി മെട്രോയ്ക്ക് ആവശ്യമായ കോച്ചിന്റെ ബോഡി എന്നിവ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. കഞ്ചിക്കോട് ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ നാന്നുറോളം റെയില്‍ കോച്ചുകള്‍ നിര്‍മ്മിച്ചു നല്കി. ഇപ്പോള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് എല്‍.എച്ച്.ബി കോച്ചുകള്‍ നിര്‍മ്മിക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. വന്ദേഭാരത് സ്ലീപ്പറുകള്‍ നിര്‍മ്മിച്ചത് ബെമലിന്റെ ബെംഗളൂരു ഫാക്ടറിയില്‍ നിന്നാണെങ്കിലും സാങ്കേതിക സഹായവുമായി കഞ്ചിക്കോട് യൂണിറ്റുമുണ്ടായിരുന്നു.

വിറ്റൊഴിവാക്കാന്‍ സര്‍ക്കാര്‍
1964 ല്‍ കമ്പനി സ്ഥാപിച്ചത് മുതല്‍ ഒരു വര്‍ഷമൊഴിച്ച് എല്ലാ വര്‍ഷവും ബെമല്‍ ലാഭത്തിലാണ്. 54.3 ശതമാനമാണ് കമ്പനിയില്‍ കേന്ദ്ര സര്‍ക്കാരിനുള്ള ഓഹരി. ഇതില്‍ 26 ശതമാനം വിറ്റഴിച്ച് സ്വകാര്യവത്കരിക്കാനുള്ള നീക്കം 2016ലാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്നത്. കമ്പനിയുടെ മാനേജ്മെന്റ് അധികാരവും ഓഹരി വാങ്ങുന്ന കമ്പനിക്ക് കൈമാറാനായിരുന്നു നീക്കം. വില്‍പ്പനയ്ക്കുള്ള പ്രാഥമിക അനുമതി നല്‍കിയതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. തൊഴിലാളി സംഘടനകളും പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളും എതിര്‍പ്പ് ഉന്നയിച്ചതോടെ 2018ല്‍ വില്‍പ്പനയില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറുകയാണെന്നാണ് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. പിന്നീട് 2019ല്‍ രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്താണ് ബെമല്‍ വില്‍പ്പനയുടെ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് 2021 ജനുവരി മാസം നാലാം തിയ്യതി ബെമല്‍ വില്‍പ്പനയ്ക്കായുള്ള താല്‍പ്പര്യ പത്രം സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ പാലക്കാട് ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ തൊഴിലാളി സമരങ്ങള്‍ ആരംഭിച്ചു. പാലക്കാട് യൂണിറ്റില്‍ ബെമല്‍ എംപ്ലോയീസ് അസോസിയേഷന് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം 1360 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.

നിലവില്‍ ഒരു റഷ്യന്‍ കമ്പനിയും ഇന്ത്യന്‍ കമ്പനികളായ മേഘ ഇന്‍ഫ്രാസ്ട്രെക്ചറും (ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ വിവാദത്തിലായ കമ്പനി) കല്യാണി ഗ്രൂപ്പുമാണ് ബെമല്‍ ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ പിന്നീട് ഇതില്‍ കാര്യമായി മുന്നേറ്റങ്ങളുണ്ടായില്ല. കമ്പനി സ്വകാര്യവത്കരിക്കുന്നത് രാജ്യസുരക്ഷയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. യുദ്ധമേഖലയില്‍ തന്ത്രപ്രധാന സര്‍വീസ് നടത്തുന്ന റിമോര്‍ട്ട് സെന്‍സറിങ് വാഹനങ്ങള്‍ ഉള്‍പ്പടെ നിര്‍മ്മിച്ച് നല്കുന്ന ബെമല്‍ സ്വകാര്യവത്കരിച്ചാല്‍ അത് സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുമെന്നും അവശ്യസാഹചര്യങ്ങളില്‍ സൈന്യത്തിന് സേവനം ലഭിക്കില്ലെന്നും മുഖ്യമന്ത്രിമാര്‍ അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട വിവരാവകാശങ്ങള്ക്കൊന്നും സര്‍ക്കാര്‍ മറുപടി നല്കുന്നില്ലെങ്കിലും വില്‍പ്പനയുടെ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് തന്നെയാണ് വിവരം.

ഗിരീഷ് .എസ്
ജനറല്‍ സെക്രട്ടറി
ബി.ഇ.എം.എല്‍ എംപ്ലോയീസ് അസോസിയേഷന് കഞ്ചിക്കോട്
Content Highlights: beml limited vande bharat express privatisation
Published: 07 Oct 2024, 03:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented