
സ്വാതന്ത്ര്യം എന്നും വിയോജിപ്പിനുള്ള സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച് രക്തസാക്ഷിത്വം ഏറ്റുവാങ്ങിയ റോസാ ലക്‌സംബര്‍ഗിന്റെ രക്തസാക്ഷിത്വ വാര്‍ഷികം ജനുവരി 15 ന് ആയിരുന്നു. വിമതത്വത്തിനുള്ള സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിച്ച് അടിയന്തരാവസ്ഥയുടെ ഇരുണ്ട മുറിയില്‍ ഇന്ത്യന്‍ റോസാ ലക്‌സംബര്‍ഗായ സ്‌നേഹലതാ റെഡ്ഡി രക്തസാക്ഷിത്വം ഏറ്റുവാങ്ങിയത് 1977 ജനുവരി 20നും.
ഒരുപക്ഷേ, സ്‌നേഹലത റെഡ്ഡി വര്‍ത്തമാനകാലത്തിന് തീര്‍ത്തും അന്യയായിരിക്കാം.
നടിയും, എഴുത്തുകാരിയും നര്‍ത്തകിയും എന്ന നിലയിലും കന്നഡ സാഹിത്യ രംഗത്ത് വിപ്ലവത്തിന് തിരികൊളുത്തിയ സംസ്‌കാരയിലെ അഭിനയത്തിന് ഉര്‍വ്വശി അവാര്‍ഡ് നേടിയെന്ന നിലയിലും ഇന്നും സ്‌നേഹലതയെ ഓര്‍ക്കുന്നവരുണ്ടാകാം. അടിയന്തരാവസ്ഥക്കാലത്തും അതിനു ശേഷവും പൗരാവകാശവും ജനാധിപത്യവും ഗൗരവമായ ആലോചനകള്‍ക്ക് വിഷയമാക്കിയവര്‍ക്ക് ചെയ്യാത്ത കുറ്റത്തിന് അടിയന്തരാവസ്ഥയിലെ ജയില്‍ വാസത്തെ തുടര്‍ന്ന് മരിച്ച സ്‌നേഹലത റെഡ്ഡിയെ അറിയും. എന്നാല്‍ മാറിയ ഇന്നത്തെ സാഹചര്യത്തില്‍ അക്കാലത്ത് അടിയന്തരാവസ്ഥ അനിവാര്യമായിരുന്നുവെന്ന് കരുതുന്നവര്‍ക്ക് ആ സ്മരണ ഇന്ന് ഒരു ബാധ്യതയുമാകാം.
തടവറയില്‍ നിന്ന് ഒളിച്ചു കടത്തിയ സ്‌നേഹലതയുടെ ഡയറിക്കുറിപ്പുകള്‍ പീഢനങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നതാണ്. വെളിച്ചവും വായുവും കടക്കാത്ത കുടുസ്സായ മുറിയില്‍ ആരെയും കാണാനനുവാദമില്ലാതെ, തണുപ്പകറ്റാനുള്ള വസ്ത്രങ്ങളില്ലാതെ, പ്രാഥമിക കൃത്യത്തിനുള്ള സൗകര്യം പോലും നിഷേധിച്ച്, പലപ്പോഴും നഗ്‌നയാക്കപ്പെട്ട് മര്‍ദ്ദനമേറ്റുവാങ്ങിയതിന്റെ കഥകള്‍ പറയുന്നതാണ് സ്‌നേഹലതയുടെ ജയില്‍ ഡയറി. ബ്രിട്ടീഷ് തടവറയില്‍ ഏറ്റവും നിഷ്ഠൂരമായ പീഢനങ്ങള്‍ ഏറ്റുവാങ്ങിയ സ്വന്തം രാഷ്ട്രീയ ഗുരുവും സഖാവുമായിരുന്ന ഡോ.റാം മനോഹര്‍ ലോഹ്യയുടെ അനുഭവത്തിലൂടെയാണ് സ്വതന്ത്ര ഇന്ത്യയുടെ തടവറയില്‍ സ്‌നേഹലത റെഡ്ഢിയും കടന്നു പോയത്. ജയിലിലടക്കപ്പെടുന്നതിന് മുമ്പ് തന്നെ ആസ്തമ രോഗിയായിരുന്നു അവര്‍.
പല തവണയും ആസ്ത്മ മൂലമുള്ള കോമാ സ്റ്റേജില്‍ ആയ സ്‌നേഹലതയുടെ ശരീരത്തില്‍ താങ്ങാനാവുന്നതിലധികം അളവില്‍ മരുന്നുകള്‍ കുത്തി വെയ്ക്കപ്പെട്ടു. അമിത ഔഷധ പ്രയോഗത്തില്‍ മരണപ്പെടുമെന്ന സ്ഥിതി പലപ്പോഴും ഉണ്ടായി. എന്നും പുലര്‍ച്ചെ മൂന്ന് മണിക്ക് ആത്മാവിന്റെ ഇരുണ്ട രാത്രിയില്‍ മരണവും കാത്തു കിടക്കുന്നതിനെക്കുറിച്ച് അവര്‍ എഴുതിയിട്ടുണ്ട്. കുടുംബത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ആകെ അനുവദിച്ചത് മലവിസര്‍ജനത്തിനുള്ള സംവിധാനം മാത്രം. ഡോക്ടര്‍മാര്‍ പലതവണ അവരെ ആശുപത്രിയിലാക്കണമെന്ന് ശിപാര്‍ശ ചെയ്തിട്ടും ഒടുവില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് അവ നിരാകരിക്കപ്പെടുകയായിരുന്നു. ജീവിത പങ്കാളി പട്ടാഭിരാമറെഡ്ഢിക്കും മക്കള്‍ക്കു പോലും സന്ദര്‍ശനാനുമതി നല്‍കിയില്ല.

ഡോ. ലോഹ്യയുടെ കൂടെ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലുണ്ടായിരുന്ന, പിന്നീട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന, അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്സിന്റെ എം.പി. ആയിരുന്ന മുരഹരി തന്റെ കുടുംബ സുഹൃത്തിന്റെ മോചനത്തെക്കുറിച്ച് ഇന്ദിരാഗാന്ധിയോട് നേരിട്ട് അപേക്ഷിച്ചപ്പോള്‍ സ്‌നേഹലതയോട് മാപ്പു പറയാനാണ് പ്രധാനമന്ത്രി പറഞ്ഞത്. തടവറയില്‍ തന്നെ വന്നു കണ്ട മുരഹരിയില്‍ നിന്ന് അത് കേട്ട ഉടനെ പീഢനങ്ങളുടെ അഗാധതയിലായിട്ടും സ്‌നേഹലതയുടെ മറുപടി അടിയന്തരാവസ്ഥയെ ചോദ്യം ചെയ്യാനുള്ള വിമതത്വം തനിക്കുണ്ടെന്നതായിരുന്നു.
ഒരു സ്ത്രീയെന്ന നിലയിലും അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും അവര്‍ നേരിട്ട പ്രതിസന്ധി അങ്ങേയറ്റം ഭീകരമായിരുന്നു. ഇളയ മകന്‍ കൊണാര്‍ക്ക് മനോഹറിനെക്കുറിച്ച് നീറിയ അമ്മയെയും പ്രിയതമനെ എന്നു കാണും എന്നോര്‍ത്ത് വേപഥു പൂണ്ട ഭാര്യയെയും ഭരണകൂടം അതിന്റെ സ്ത്രീകളോട് കാണിക്കുന്ന അനീതിയില്‍ രോഷം കൊണ്ട ഫെമിനിസ്റ്റിനെയും വൈകാരികമായി തന്നെ അവരുടെ ഡയറിക്കുറിപ്പുകള്‍ നമ്മളോട് സംസാരിക്കുന്നുണ്ട്.

1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രി പ്രസിഡന്റിന്റെ അനുമതി വന്നതിനു ശേഷം ഇന്ദിരാഗാന്ധി ആകാശവാണിയുടെ പ്രത്യേക പ്രക്ഷേപണത്തിലൂടെയാണ് പ്രസിഡൻ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അറിയിച്ചത്. ആ പ്രക്ഷേപണം ശ്രദ്ധിച്ചാല്‍ ഇന്ദിരാഗാന്ധിയുടെ ആത്മവിശ്വാസമില്ലായ്മ മനസ്സിലാകും. ജയപ്രകാശ് നാരായണന്‍ നയിച്ച പ്രക്ഷോഭത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോഴും തന്നെ അയോഗ്യയാക്കിയ കോടതി വിധിയാണ് ഇന്ദിരാഗാന്ധിയുടെ ആത്മവിശ്വാസക്കുറവിന്റെ കാരണം.
പിറ്റേന്ന് നേരം പുലരുന്നതിനു മുമ്പ് തന്നെ പ്രതിപക്ഷത്തെയും പ്രത്യേകിച്ച് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കന്മാരും താഴെക്കിടയിലുള്ള പ്രധാന പ്രവര്‍ത്തകരും ഇരുമ്പഴിക്കുള്ളിലായി. പക്ഷേ റെയില്‍വെ സമരത്തെ തുടര്‍ന്ന് യൂണിയന്‍ ഗവണ്‍മെന്റിന്റെ തലവേദനയായി മാറിയ ജോര്‍ജ് ഫര്‍ണാണ്ടസിനെ പിടികൂടാന്‍ ഗവണ്‍മെന്റിനായില്ല. വേഷപ്രച്ഛന്നനായി അദ്ദേഹം അടിയന്തരാവസ്ഥക്കെതിരെ ഒളി പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിനായി രാജ്യമെമ്പാടും സഞ്ചരിക്കുന്നതിനിടയില്‍ ബംഗളൂരില്‍ സ്‌നേഹലത റെഡ്ഡിയുടെ വാസസ്ഥലത്തും ഒളിവില്‍ താമസിച്ചിരുന്നു.

സ്‌നേഹലത റെഡ്ഢിയുള്‍പ്പടെ പ്രധാന സോഷ്യലിസ്റ്റ് നേതാക്കള്‍ പങ്കെടുത്ത രഹസ്യയോഗത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്ന വെങ്കിട്ടരാമന് ഒളി പ്രവര്‍ത്തനത്തിന്റെ ചുമതല കൊടുക്കുകയുണ്ടായി. അദ്ദേഹം അറസ്റ്റിലായതിനു ശേഷം സ്‌നേഹലത റെഡ്ഡി ആ ചുമതല ഏറ്റെടുത്തു. എന്നാല്‍ അവരെ കസ്റ്റഡിയില്‍ എടുക്കുന്നത് ജോര്‍ജ് ഫര്‍ണാണ്ടസ്സ് എവിടെ എന്ന് ചോദിച്ചാണ്. അതിന് ഉത്തരം നല്‍കാതിരുന്നതിനാലാണ് അവരെ 1976 മെയ് 2ന് അറസ്റ്റ് ചെയ്ത് വിചാരണയില്ലാതെയും പരോളില്ലാതെയും 8 മാസത്തോളം ജയിലിലടച്ചത്. ഇന്ദിരാഗാന്ധിയുടെ പ്രത്യേക താല്പര്യത്തിന്റെ കാരണവും അതു തന്നെയായിരുന്നു.
തടവറയില്‍ മറ്റ് സ്ത്രീ തടവുകാര്‍ക്ക് ആര്‍ത്തവകാലത്ത് സാനിറ്ററി നാപ്കിന്‍ നല്‍കണമെന്നാവശ്യപ്പെട്ടും അവരെ നഗ്‌നരാക്കി മര്‍ദ്ദിക്കുന്നതിന് എതിരെയും കടുത്ത രോഗാവസ്ഥയിലും അവര്‍ നിരാഹാര സമരം ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. അമിത ഔഷധ പ്രയോഗം മൂലം കടുത്ത ഹൃദ്രോഗിയായ സ്‌നേഹലത തടവറയില്‍ മരണപ്പെടുമെന്ന ഘട്ടത്തിലാണ് പഴന്തുണി കണക്കെ തടവറയില്‍ നിന്ന് ജനു.15 നാണ് മോചിക്കപ്പെട്ടത്. അഞ്ചാം നാള്‍ അവര്‍ മരണത്തിനു കീഴടങ്ങി. അങ്ങിനെ അടിയന്തരാവസ്ഥയില്‍ ഇന്ത്യ കണ്ട ഏറ്റവും ഉജ്ജ്വലയായ ഒരു സ്ത്രീ രക്തസാക്ഷിയാക്കപ്പെട്ടു.
1932ല്‍ ആന്ധ്രയിലെ പരിവര്‍ത്തിത ക്രിസ്ത്യന്‍ കുടുംബത്തിലെ രണ്ടാം തലമുറയില്‍ മദിരാശിയില്‍ സ്ഥിരതാമസക്കാരായ ദമ്പതികള്‍ക്ക് ജനിച്ച്, സ്വാതന്ത്ര്യ സമര കാലത്ത് വസ്ത്രധാരണത്തിലെയും വിദ്യാഭ്യാസത്തിലെയും കൊളോണിയല്‍ ചിഹ്നങ്ങളെ പാടെ നിരാകരിച്ച് നടന്ന പെണ്‍കുട്ടി കുടുംബ പാരമ്പര്യത്തെ ലംഘിച്ച് മദിരാശിയില്‍ ഭരതനാട്യം പഠിക്കുകയും പിന്നീട് വിഖ്യാതമായ മദ്രാസ് പ്ലെയേഴ്‌സ് എന്ന നാടകട്രൂപ്പ് രൂപീകരിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുകയും ചെയ്തു.
ഷെയ്‌സ്‌ക്പിയറുടെ ട്വല്‍ത്ത് നൈറ്റും ഇബ്‌സന്റെ പീര്‍ ജിന്റും ഉള്‍പ്പടെ പ്രശസ്തമായ നാടകങ്ങള്‍ക്ക് ദൃശ്യമിഴിവേറ്റി അവര്‍ അക്കാലത്തെ തമിഴ്‌നാടകവേദിയില്‍ നിറഞ്ഞു നിന്നു. അക്കാലത്തെ ചെന്നൈ നാടക വേദിയുടെ ജീവനാഡിയായിരുന്നു സ്‌നേഹലത റെഡ്ഢി. കൗമാരകാലത്ത് തന്നെ ഡോ.ലോഹ്യയുടെ രാഷ്ട്രീയ ചിന്തയില്‍ ആകൃഷ്ടയായ അവര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകയും ആയിരുന്നു. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറ്റിയ അവരും സിനിമാ സംവിധായകനും കവിയും ജീവിത പങ്കാളിയുമായ പട്ടാഭിരാമറെഡ്ഢിയും, ലോഹ്യയാല്‍ സ്വാധീനിക്കപ്പെട്ട കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന് അനന്തമൂര്‍ത്തി, പി.ലങ്കേഷ് എന്നിവര്‍ക്കൊപ്പം നേതൃത്വം നല്‍കുകയുണ്ടായി.
ഇന്ത്യയിലെ ശക്തയായ ഫെമിനിസ്റ്റ് എഴുത്തുകാരിയായിരുന്നു സ്‌നേഹലത റെഡ്ഢി. രാമായണത്തിന്റെ ആണത്തത്തോടുള്ള കലഹമായിരുന്നു അവരുടെ സീത എന്ന നാടകം. നാടകത്തില്‍ സീതയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ നിഷ്പ്രഭനായി പോകുന്നുണ്ട് രാമന്‍. നാടകത്തിന്റെ ഒരു രംഗത്ത് സീത രാമനോട് പറയുന്ന ഭാഷണമുണ്ട്. അതിപ്രകാരമാണ് ' രാമാ, വരൂ ചെങ്കോലും മഹത്വത്തിന്റെ ആത്മരതിപരമായ സ്വപ്നങ്ങളും പൊങ്ങച്ചവും ഉപേക്ഷിക്കൂ. നമുക്ക് കാട്ടിലേക്ക് തിരികെ പോകാം, ഞാന്‍ നിനക്ക് സ്‌നേഹത്തിന്റെ അത്ഭുതങ്ങള്‍ കാട്ടിത്തരാം.'
സാഹിത്യത്തിലും കലാപ്രവര്‍ത്തനങ്ങളിലും താന്‍ ഉയര്‍ത്തിപ്പിടിച്ച നീതിബോധം രാഷ്ട്രീയ മാറ്റത്തിലൂടെ മാത്രമെ പ്രാവര്‍ത്തികമാക്കപ്പെടുകയുള്ളൂവെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു.
തടവറയിലെ കടുത്ത വേദനയിലും സോഷ്യലിസത്തെക്കുറിച്ച് അവര്‍ എഴുതിയിരുന്നു -'സോഷ്യലിസത്തിന്റെ അടിസ്ഥാനം സ്വാതന്ത്ര്യവും വികേന്ദ്രീകരണവും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പൗരരുടെ കൂട്ടുത്തരവാദിത്തവുമാണ്'. അടിയന്തരാവസ്ഥയെക്കുറിച്ച് അവര്‍ എഴുതിയ ഡയറിക്കുറിപ്പുകളില്‍ ഒന്നില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു.' ഇന്ത്യക്ക് സഹിഷ്ണുതയിലും പൗരസ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ഭരണപരമായ പാരമ്പര്യമുണ്ട്. സമഗ്രാധിപത്യത്തിന്റെയും പോലീസ് രാജിന്റെയും പൈതൃകം നമുക്ക് അന്യവുമാണ്. മനുഷ്യാവകാശങ്ങള്‍ ഇല്ലാതാകുന്നത് നമ്മുടെ സ്വാഭാവികവും ധാര്‍മ്മികവുമായ ജീവിതത്തെ തകര്‍ത്തു കൊണ്ടിരിക്കുന്നു. നമ്മുടെ സ്വഭാവത്തിനേറ്റ വലിയ ദൗര്‍ഭാഗ്യമാണ്'.
പ്രച്ഛന്നമായി അടിയന്തരാവസ്ഥ നമ്മളെ ചുഴുന്നു നില്‍ക്കുമ്പോള്‍ സ്‌നേഹലത റെഡ്ഢിയെ അല്ലാതെ മറ്റാരെയാണ് നാം സ്മരിക്കുക.
Content Highlights: Snehalatha Reddy: Martyr of Emergency
Published: 19 Jan 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented