ന്യൂയോർക്ക്: അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയിൽ ‘ഹെർണാൺഡോ' ശീതക്കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഞ്ഞുവീഴ്ചമൂലം ന്യൂയോർക്ക്, ന്യൂജേഴ്‌സി, മസാച്യുസെറ്റ്‌സ്, കണക്റ്റിക്കട്ട്, ഡെലവെയർ, റോഡ് ഐലൻഡ് എന്നീ ആറ് സംസ്ഥാനങ്ങളിൽ  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായുണ്ടായ ബോംബ് സൈക്ലോണിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ അന്തരീക്ഷമർദം 24 മില്ലിബാറിൽ കൂടുതൽ താഴുന്ന സാഹചര്യത്തെയാണ്  'ബോംബ് സൈക്ലോൺ' എന്ന് വിളിക്കുന്നത്.

To advertise here,

വടക്കുകിഴക്കൻ മേഖലയിലെ പലയിടങ്ങളിലും മൂന്ന് ദിവസത്തിനിടെ 30 ഇഞ്ചിലധികം മഞ്ഞുവീഴ്ചയാണ് റിപ്പോർട്ട് ചെയ്തത്. റോഡ് ഐലൻഡിലെ പ്രൊവിഡൻസിൽ ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്. ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്കിൽ തിങ്കളാഴ്ച 19.7 ഇഞ്ച് മഞ്ഞ് വീണതായാണ് കണക്ക്. പത്ത് വർഷത്തിനിടയിൽ അമേരക്കയിലുണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിത്.

ശീതക്കാറ്റ് ശക്തി പ്രാപിച്ചതോടെ അമേരിക്കയിലുടനീളം പതിനായിരത്തിലധികം വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. അറ്റ്‌ലാന്റിക് സിറ്റി ഇന്റർനാഷണൽ, മാർത്താസ് വൈൻയാർഡ് തുടങ്ങിയ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഗതാഗതത്തിനുപുറമെ പലയിടങ്ങളിലും വൈദ്യുതിബന്ധവും തടസപ്പെട്ടിട്ടുണ്ട്.

ന്യൂയോർക്ക് സിറ്റിയിൽ താപനില പൂജ്യം ഡിഗ്രിയിൽ താഴെ രേഖപ്പെടുത്തിയതോടെ 'കോഡ് ബ്ലൂ' അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോളതാപനം മൂലം ആർട്ടിക് മേഖലയിലെ 'പോളാർ വോർട്ടക്സ്' എന്ന ശീതക്കാറ്റ് അസ്ഥിരമാകുന്നതാണ് കൊടുങ്കാറ്റുകൾക്ക് പിന്നിലെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ആർട്ടിക് മേഖലയിൽ നിന്നുള്ള ശീത വായുവും അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഉഷ്ണവായുവുമായി കൂട്ടിമുട്ടുന്നതും കൊടുങ്കാറ്റിൻ്റെ തീവ്രത കൂടാൻ കാരണമായിട്ടുണ്ട്. ഈ മാസം അവസാനംവരെ വടക്കുകിഴക്കൻ മേഖലയിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.