തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ വിവിധ പദ്ധതികൾക്ക് ഊർജ്ജം പകരുന്നതാണ് 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു. സാമൂഹ്യനീതി ഉറപ്പുവരുത്താനും അരികുവല്കരിക്കപ്പെട്ടവരുടെ ജീവിതം ഭദ്രമാക്കാനും കഴിയുംവിധം ഈ സർക്കാർ നടത്തുന്ന ജാഗ്രതാപൂർവ്വമായ ഇടപെടലുകളുടെ തുടർച്ച ഉറപ്പാക്കാനുള്ള ബജറ്റാണ് ഇതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വയോമിത്രം പദ്ധതിക്കായി 27.5 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ എൻഡോസൾഫാൻ ദുരിതബാധിതരുടെ സമഗ്ര പാക്കേജിനായി 17 കോടി രൂപയും അതിജീവനം, എൻഡോസൾഫാൻ ദുരിതബാധിതർക്കായുളള സംയോജിത പുനരധിവാസ ഗ്രാമങ്ങൾ തുടങ്ങിയവയ്ക്കായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ ബാരിയർഫ്രീ കേരളം പദ്ധതിക്കായി എട്ടു കോടി രൂപയും ട്രാൻസ്ജെൻഡർ വിഭാഗത്തിനായി നടപ്പിലാക്കുന്ന മഴവിൽ പദ്ധതിക്ക് അഞ്ചു കോടി രൂപയും അനുവദിച്ചു. ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന് - നിപ്മർ - 12.5 കോടി രൂപയും ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, പുനരധിവാസം എന്നീ മേഖലകളിൽ മികവോടെ പ്രവർത്തിക്കുന്ന നിഷിന് 19.5 കോടി രൂപയും നീക്കിവച്ചു.
ടൈപ്പ് - ഒന്ന് പ്രമേഹ ബാധിതരായ കുട്ടികൾക്കും കൗമാരക്കാർക്കും പരിചരണം നൽകാൻ ആരംഭിച്ച 'മിഠായി' പദ്ധതിക്കായി 3.8 കോടി രൂപ വകയിരുത്തി. സമഗ്ര ഭിന്നശേഷിപരിപാലന പദ്ധതിയായ ‘അനുയാത്ര’യ്ക്ക് 20 കോടി രൂപയും കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം നൽകുന്ന ‘ആശ്വാസകിരണം’ പദ്ധതിക്കായി 50 കോടി രൂപയും മാതാപിതാക്കൾ ഇരുവരുമോ അല്ലെങ്കിൽ അവരിൽ ഒരാളോ നഷ്ടപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന ‘സ്നേഹപൂർവ്വം’ പദ്ധതിക്കായി 17.31 കോടി രൂപയും അനുവദിച്ചു.
ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്ന 'ശുഭയാത്ര', ഭിന്നശേഷിക്കാർക്കുള്ള സ്വയം തൊഴിൽ പദ്ധതിയായ ‘ആശ്വാസം’, ഭിന്നശേഷി ബാലകർക്ക് സ്ഥിരനിക്ഷേപം നൽകുന്ന ‘ഹസ്തദാനം’ എന്നീ പദ്ധതികൾക്കായി 13 കോടി രൂപയും, വയോജനങ്ങൾക്കായി താമസസൗകര്യം ഉറപ്പുവരുത്തുന്ന റിട്ടയർമെന്റ് ഹോംസ് എന്ന പുതിയ പദ്ധതിയടക്കം വയോജന സംരക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതികൾക്കായി 6.8 കോടി രൂപയും ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
സാമൂഹ്യനീതി ഉറപ്പുവരുത്താനും അരികുവല്കരിക്കപ്പെട്ടവരുടെ ജീവിതം ഭദ്രമാക്കാനും കഴിയുംവിധം ഈ സർക്കാർ നടത്തുന്ന ജാഗ്രതാപൂർവ്വമായ ഇടപെടലുകളുടെ തുടർച്ച ഉറപ്പാക്കാനുള്ള ബജറ്റാണ് ഇത്. സമൂഹത്തിൽ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുപിടിച്ച് ഇടതുമുന്നണി സർക്കാർ മുന്നേറുന്നതിൽ അഭിമാനമുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Content Highlights: r bindu on kerala budget 2024
Published: 05 Feb 2024, 09:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented