തൃപ്പൂണിത്തുറയില്‍ സഹപാഠികളിൽ നിന്നേറ്റ അതിക്രൂര പീഡനത്തിന് പിന്നാലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദ് എന്ന വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടൻ പൃഥ്വിരാജ് അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ പ്രതിഷേധ പോസ്റ്റുമായി രംഗത്തെത്തി.

To advertise here,

കൊച്ചിയിലെ ഗ്ലോബൽ പബ്ലിക് സ്കൂളിൽ നടന്ന ക്രൂരമായ റാഗിങ്ങിന് പിന്നാലെയാണ് വിദ്യാർഥിയായ മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്യുന്നത്. തൃപ്പുണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് ചാടുകയായിരുന്നു. സ്കൂളിൽ സഹപാഠികൾ നിറത്തിന്റെ പേരിൽ പരിഹസിക്കുകയും ടോയ്ലറ്റ് നക്കിച്ചുവെന്നും ക്ലോസറ്റിൽ മുഖം പൂഴത്തിവെച്ച് ഫ്ലഷ് അടിച്ചുവെന്നും മാതാവ് പറയുന്നു. സ്‌കൂളിലെ ഒരു സംഘം വിദ്യാര്‍ഥികളില്‍ നിന്ന് നേരിട്ടത് ക്രൂരമായ റാഗിങ്ങെന്നാണ് അമ്മയുടെ പരാതി. മിഹിറിന്റെ മരണം വരെ ക്രിമിനല്‍ മനസ്സുള്ള വിദ്യാര്‍ഥിക്കൂട്ടം ആഘോഷമാക്കിയെന്ന് പരാതിയിലുണ്ട്. മിഹിര്‍ ജീവനൊടുക്കിയതിനെ കുറിച്ച് അധിക്ഷേപകരമായ ഭാഷയില്‍ സംസാരിക്കുന്ന ചാറ്റിന്റെ സക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കൂടിയാണ് നടൻ പൃഥ്വിരാജിന്റെ പ്രതികരണം. 'പാരന്റ്സ്, ഹോംസ്, ടീച്ചേഴ്സ്, സ്കൂൾസ്, എംപതി... ഈസ് ലെസൺ നമ്പർ വൺ' എന്നായിരുന്നു പൃഥ്വിരാജിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. 

സംഭവത്തിൽ സംഗീത സംവിധായകൻ കൈലാസ് മേനോനും പ്രതിഷേധമറിയിച്ചു കൊണ്ട് രംഗത്തെത്തി. ഇത് ശരിക്കും ഞെട്ടിക്കുന്ന സംഭവമാണെന്ന് കൈലാസ് മേനോൻ പറഞ്ഞു. ഇത്രയും ഭീകരമായ റാഗിങ് കുട്ടി നേരിടേണ്ട വന്നു എന്നറിഞ്ഞതിൽ ഏറെ സങ്കടമുണ്ട്. ബന്ധപ്പെട്ട അധികാരികൾ കാര്യക്ഷമമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുടുംബത്തിന് എല്ലാ വിധ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

മിഹിറിന്റെ മരണശേഷം 'ജസ്റ്റിസ് ഫോര്‍ മിഹിര്‍' എന്ന പേരില്‍ സഹപാഠികള്‍ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഈ ഗ്രൂപ്പ് വഴിയും മിഹിറിന്റെ ചില സുഹൃത്തുക്കള്‍ വഴിയുമാണ് ബന്ധുക്കള്‍ക്ക് ചാറ്റുകളും മറ്റു തെളിവുകളും ലഭിക്കുന്നത്. എന്നാല്‍, ഈ ഗ്രൂപ്പ് രണ്ട് ദിവസത്തിനകം തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടെന്ന് മിഹിറിന്റെ മാതൃസഹോദരന്‍ ശരീഫ് പറഞ്ഞു. ഗ്രൂപ്പില്‍നിന്നുള്‍പ്പെടെ ലഭിച്ച വിവരങ്ങളുടെ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. കാര്യമായ നടപടികള്‍ ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പെടെ പരാതി നല്‍കിയതെന്നും ശരീഫ് വ്യക്തമാക്കി.അതേസമയം, മിഹിറിന്റെ രക്ഷാകര്‍ത്താക്കളുടെ പരാതിയുടെ വിശദാംശങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ പ്രതികരണം.