നേഡിയന്‍ റോക്ക് ഗായകന്‍ ബ്രയാന്‍ ആഡംസിന്റെ സംഗീതപരിപാടി കഴിഞ്ഞ ദിവസം മുംബൈയില്‍ അരങ്ങേറിയിരുന്നു. 'സോ ഹാപ്പി ഇറ്റ്‌ ഹര്‍ട്‌സ്'  പര്യടനത്തിന്റെ ഭാഗമായാണ് ബ്രയാന്‍ മുംബൈയിലെത്തിയത്. ബോംബെ കണ്‍വെന്‍ഷന്‍ ആന്‍ഡ്‌ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുകയും ചെയ്തു.

To advertise here,

എന്നാല്‍, ഈ പരിപാടിയുടെ മോശം സംഘാടനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെല്‍ഡണ്‍ അരാഞ്ചോ എന്ന യുവാവ്. പ്രമേഹ രോഗിയായ തനിക്ക് ഇടയ്ക്കിടെ മൂത്രം ഒഴിക്കേണ്ടിവരാറുണ്ടെന്നും എന്നാല്‍, പരിപാടി നടക്കുന്നിടത്ത് മൂന്ന് ബാത്ത്‌റൂമുകള്‍ മാത്രമാണ് സംഘാടകര്‍ ഒരുക്കിയിരുന്നതെന്നും ഷെല്‍ഡണ്‍ ആരോപിക്കുന്നു. ഒടുവില്‍ മൂത്രം പിടിച്ചുവെയ്ക്കാന്‍ കഴിയാതിരുന്നതോടെ പാന്റ്‌സില്‍ ഒഴിച്ചുവെന്നും അദ്ദേഹം പറയുന്നു.

മൂത്രത്തില്‍ നനഞ്ഞ തന്റെ പാന്റ്‌സിന്റെ ചിത്രവും ഷെല്‍ഡണ്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതില്‍ തനിക്കൊരു നാണക്കേടും ഇല്ലെന്നും തന്റെ രോഗാവസ്ഥ കാരണമാണ് ഇത്തരത്തില്‍ മൂത്രം ഒഴിക്കേണ്ടിവരുന്നതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. പരിപാടിയുടെ സംഘാടകരായ ഇവിഎ ഗ്ലോബല്‍ ഇവന്റ്‌സിനേയും സൊമാറ്റൊ സിഇഒ ആയ ദീപീന്ദര്‍ ഗോയലിനേയും പരാമര്‍ശിച്ചാണ് ഷെല്‍ഡണ്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

'എന്റെ പാന്റ്‌സില്‍ മൂത്രം ഒഴിക്കാനാണ് ഞാന്‍ ബ്രയാന്‍ ആഡംസിന്റെ പരിപാടിയില്‍ പങ്കെടുക്കാനായി പൈസ നല്‍കിയത്. മൂത്രശങ്കയില്‍ ഞാന്‍ ബാത്ത്‌റൂമിലേക്കോടിയപ്പോള്‍ അതിന് മുമ്പില്‍ നീണ്ട ക്യൂ ആയിരുന്നു. അധികനേരം പിടിച്ചുവെയ്ക്കാന്‍ കഴിയാത്തതിനാല്‍ പവലിയിന്റെ മറുവശത്തെ ബാത്ത്‌റൂമിലേക്ക് ഞാന്‍ ഓടി. എന്നാല്‍, അവിടേക്ക് എനിക്ക് പ്രവേശനം ലഭിച്ചില്ല. അത് വേറൊരു വിഭാഗത്തിനുള്ളതാണ് എന്നായിരുന്നു മറുപടി. ഒടുവില്‍ തൊട്ടടുത്തുണ്ടായിരുന്ന മരത്തിന് താഴേക്ക് ഓടി. അവിടെ ആശ്വാസത്തോടെ മൂത്രമൊഴിച്ചു. പക്ഷേ, അപ്പോഴേക്കും എന്റെ പാന്റ്‌സ് നനഞ്ഞിരുന്നു', ഷെല്‍ഡണ്‍ പറയുന്നു. 

ഇന്ത്യയിലെ ആറ് നഗരങ്ങളിലാണ് സംഗീതപര്യടനത്തിന്റെ ഭാഗമായി ബ്രയാന്‍ ആഡംസ് പരിപാടി അവതരിപ്പിക്കുന്നത്. ഡിസംബര്‍ എട്ടിന് കൊല്‍ക്കത്തയിലായിരുന്നു ആദ്യ പരിപാടി.