ഗാന്ധിനഗര്‍ (കോട്ടയം): പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി വിജയന്‍ (68)  കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചിട്ട് എട്ടുമാസം പൂര്‍ത്തിയാകുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍കോളേജിലേക്ക് വിജയനെ കൊണ്ടുവന്നത്. കീഴ്വായ്പൂര്‍ പോലീസാണ് എത്തിച്ചത്. മൃതദേഹം കൊണ്ടുപോകുന്ന കാര്യം അറിയിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തി. സമാനമായി രീതിയില്‍ അവകാശികള്‍ എത്താതെ 10 മൃതദേഹങ്ങളാണ് ഇവിടെ മോര്‍ച്ചറിയിലുള്ളത്.

To advertise here,

വിജയന്റെ മൃതദേഹം സംബന്ധിച്ച് തുടര്‍നടപടി വേണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികാരികള്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. വിജയന്റെ വിലാസം കിട്ടുമെന്നോ ഇല്ലെന്നോ പോലീസ് പറയുന്നില്ല. മറുപടി ഒട്ടുമേയില്ല. കൃത്യമായ മറുപടികിട്ടാതെ സംസ്‌കാരത്തിന് കഴിയില്ല. ഫലമോ മൃതദേഹത്തിന് അര്‍ഹമായ ആദരവോടെയുള്ള സംസ്‌കാരത്തിന് വഴിതുറക്കുന്നില്ല.

കോട്ടയം ജനറല്‍ആശുപത്രിയില്‍നിന്ന് ചികിത്സയ്ക്ക് എത്തിച്ച രാമചന്ദ്രന്റെ (68) കാര്യം കുറച്ചുകൂടെ സങ്കടകരമാണ്. ഇവിടെവെച്ച് മരിച്ചു. അന്വേഷണത്തില്‍ ആറന്മുള സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ആറന്മുള പോലീസ് പരേതന്റെ മകനെ കണ്ടെത്തി കോട്ടയം മെഡിക്കല്‍കോളേജിലേക്ക് അയച്ചു. അച്ഛന്റെ മൃതദേഹം തിരിച്ചറിഞ്ഞു. രേഖകളുമായി വരാമെന്ന് പറഞ്ഞ് അയാള്‍ പോയിട്ട് ഒന്നരമാസം. ആളുടെ വിവരമില്ല. ഈ വിവരം ആറന്മുള പോലീസില്‍ അറിയിച്ചപ്പോള്‍ തങ്ങള്‍ മകനെ കണ്ടെത്തി അയച്ചതാണെന്നും ഇനി ബാക്കികാര്യം ആശുപത്രി ചെയ്യണമെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്. വ്യക്തമായ മേല്‍വിലാസം ഉണ്ടായിട്ടും സംസ്‌കാരം നീളുന്നു. പോലീസ് ഒരുദിനം ചെലവിട്ടാല്‍ തീരാവുന്നതാണ് വിഷയം. അവര്‍ തദ്ദേശസ്ഥാപനത്തെ അറിയിച്ച് മൃതദേഹം എത്തിച്ച് നാട്ടില്‍ സംസ്‌കരിക്കാം.

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന അനാഥ-അജ്ഞാത മൃതദേഹങ്ങളില്‍ എട്ടില്‍ നാല് എണ്ണവും എറണാകുളം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍നിന്ന് ചികിത്സയ്ക്ക് എത്തിച്ച് ഇവിടെവെച്ച് മരിച്ചവരുടെതാണ്.

ഇതില്‍ കളമശേരി പോലീസിന്റെ നടപടി കാത്തിരിക്കുന്ന മൂന്ന് മൃതദേഹങ്ങളാണ് ഉള്ളത്. ഏഴ് മാസം മുമ്പ് മരിച്ച ജീവന്‍ (65), ഉദ്ദേശം 65വയസ്സ് പ്രായം വരുന്നതും രണ്ടുമാസംമുമ്പ് ചേരാനല്ലൂരില്‍നിന്നും എത്തിച്ചപ്പോള്‍ മരിച്ചതുമായ സ്ത്രീ, ഉദ്ദേശം 75 വയസ്സ് പ്രായമുള്ളതും രണ്ടുമാസം മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എത്തിച്ചപ്പോള്‍ മരിച്ചതുമായ പുരുഷന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്‌കാരത്തിന് കാക്കുന്നത്.

മറ്റൊരു കേസ് കൈകാര്യംചെയ്യേണ്ടത് ഏലൂര്‍ പോലീസാണ്. ഉദ്ദേശം 60 വയസ്സ് പ്രായമുള്ള പുരുഷന്റെതാണ് മൃതദേഹം. എറണാകുളം മെഡിക്കല്‍കോളേജില്‍നിന്നാണ് അദ്ദേഹത്തെ ഇവിടെ ചികിത്സയ്ക്ക് എത്തിച്ചത്. മരിച്ചിട്ട് നാലുമാസം. ഇതിനുപുറമേ കോട്ടയം ജനറല്‍ആശുപത്രിയില്‍ എത്തിച്ച വിശ്വനാഥന്‍ (73), വെസ്റ്റ്‌പോലീസിന്റെ നിര്‍ദേശപ്രകാരം എത്തിച്ച മോനി (75) എന്നിവരും ആശുപത്രിയില്‍ വെച്ച് മരിച്ച് മൃതദേഹം അനന്തര നടപടികള്‍ക്ക് കാക്കുന്നു.

അനാദരവ് ഒഴിവാക്കാം

അനാഥരെയും അജ്ഞാതരെയും വിവിധ ജില്ലകളില്‍നിന്നും കോട്ടയം മെഡിക്കല്‍കോളേജില്‍ എത്തിക്കുന്നത് ചികിത്സയ്ക്കാണ്. മരണം സംഭവിച്ചാല്‍ മൃതദേഹം സൂക്ഷിക്കുക, വിവരങ്ങള്‍ തിരക്കുക, പോസ്റ്റുമോര്‍ട്ടം ചെയ്യുക എന്നിവയ്ക്ക് അവരെ ഇവിടെ കൊണ്ടുവന്ന പോലീസിന്റെ സഹായം അനിവാര്യം. രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കി മറവ്‌ചെയ്യാന്‍ സാധ്യത ഉള്ളവയില്‍ പോലും വല്ലാത്ത അനാദരവാണ് പുലര്‍ത്തുന്നത്. ഇപ്പോള്‍ താലൂക്ക് ആശുപത്രികളില്‍വരെ പോസ്റ്റ്‌മോര്‍ട്ടവും മോര്‍ച്ചറി സൗകര്യവും ഉണ്ട്. പക്ഷേ മരണാസന്നരായ അനാഥരോഗികളെ മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുന്നത് തുടര്‍നടപടികളുടെ ചുമതല സ്വയംഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗം.