
ന്യൂഡൽഹി: കോട്ടയം മെഡിക്കൽ കോളേജിൽ പാവപ്പെട്ട രോഗികൾക്ക് ഭക്ഷണം നൽകാൻ ലണ്ടനിൽ ഭരതനാട്യം അരങ്ങേറ്റം അവസരമാക്കി യുവനർത്തകി ഈവ മരിയ കുര്യാക്കോസ്. കോട്ടയം മെഡിക്കൽ കോളേജിലെ പൂർവവിദ്യാർഥികളായ ഡോ. ജോജി കുര്യാക്കോസിന്റെയും ഡോ. ദീപ ജേക്കബ്ബിന്റെയും ഏക മകളായ ഈവയാണ് ലണ്ടനിലെ അരങ്ങേറ്റത്തെ ഫണ്ട് സ്വരൂപിക്കാനുള്ള അവസരമാക്കി മാറ്റിയത്. സൈക്യാട്രിസ്റ്റായ ഡോ. ജോജിയുടെയും ഹിസ്റ്റോപതോളജിസ്റ്റായ ഡോ. ദീപയുടെയും മകൾക്ക് ഡോക്ടർ ആവാൻ തന്നെയാണ് ആഗ്രഹം.
കോട്ടയം മെഡിക്കൽ കോളേജിൽ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനായി പ്രവർത്തിക്കുന്ന നവജീവൻ ട്രസ്റ്റിന് ഡോ. ജോജിയും ഡോ. ദീപയും വിദ്യാർഥികൾക്കായിരിക്കുമ്പോൾ അവിടെ ജീവനക്കാരനായിരുന്ന പി.യു. തോമസ് ആണ് തുടക്കമിട്ടത്. ജോജിയും ദീപയുമടക്കമുള്ള അന്ന് പഠിച്ചിരുന്ന ഡോക്ടർമാർ തോമസ് ചേട്ടൻ എന്നാണ് അദ്ദേഹത്തെ ഇപ്പോഴും വിളിക്കുന്നത്. അദ്ദേഹത്തോട് അന്ന് അവിടെയുള്ള വിദ്യാർഥികൾക്ക് തോന്നിയ സ്നേഹാദരം ഇപ്പോഴും സഹായമായി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും പ്രവഹിക്കുന്നുണ്ട്.
അരങ്ങേറ്റത്തിന് ക്രൗഡ് ഫണ്ടർ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി അഞ്ചുലക്ഷത്തോളം രൂപയാണ് ഈവ ഇതു വരെ സമാഹരിച്ചത്. സമാഹരണം സെപ്റ്റംബർ 30-ന് അവസാനിക്കുമെന്നും അതിനു ശേഷം തുക നവജീവൻ ട്രസ്റ്റിന് കൈമാറുമെന്നും ഡോ. ജോജി കുര്യാക്കോസ് പറഞ്ഞു.
മലയാള സാഹിത്യം ഇഷ്ടപ്പെടുന്ന ഡോ. ജോജി മലയാളത്തിൽ കവിതകളെഴുതാറുണ്ട്. ലണ്ടനിലെത്തിയപ്പോഴും മലയാള സാഹിത്യവും സംസ്‌കാരവും കൈവിട്ടില്ല. മകളിലും അതു പകർന്നു.
മകൾ ഈവയിപ്പോൾ യോർക്ഷയറിൽ അവസാന വർഷ സ്‌കൂൾ വിദ്യാർഥിനിയാണ്. അടുത്ത വർഷം മെഡിക്കൽ വിദ്യാദ്യാസത്തിന് ചേരാനാണാഗ്രഹം.
ഭാരതനാട്യത്തിനൊപ്പം മോഹിനിയാട്ടവും ചെറുപ്പം മുതൽ പരിശീലിച്ച ഈവ പാശ്ചാത്യ നൃത്ത രൂപങ്ങൾ ആയ ബാലറ്റ് ഡാൻസ്, ടാപ്പ് ഡാൻസ് എന്നിവയും പിയാനോ, ഗിറ്റാർ, വയലിൻ എന്നിവയും പരിശീലിച്ചിട്ടുണ്ട്. സ്‌കൂൾ മ്യൂസിക് ബാൻഡിലെ സജീവ പങ്കാളിയാണ്.
കേരളത്തിലെ യുവജനോത്സവം പോലെ യു.കെ.യിൽ നടത്തിവരുന്ന യു.യു.കെ.എം.എ. നാഷണൽ കലോൽത്സവത്തിൽ നാലു തവണ നാട്യമയൂര പദവി നേടിയിട്ടുണ്ട്. പഠനത്തിനൊപ്പം കലാപ്രവർത്തവും മുന്നോട്ടു കൊണ്ടുപോകണം എന്നാണ് ഈവയുടെ ആഗ്രഹം.
യോർക്ഷയറിലെ ഹള്ളിൽ ആണ് മൂവാറ്റുപുഴ സ്വദേശിയായ ഡോ. ജോജിയും കൊല്ലം ചവറ സ്വദേശിയായ ഡോ. ദീപയും താമസിക്കുന്നത്. ഇരുവരും മലയാളി സമൂഹവുമായി അടുത്ത് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. എഴുത്തുകാരനായ ഡോ. ജെ.കെ.എസ്. വീട്ടൂരിന്റെ സഹോദരനാണ് ഡോ.ജോജി.
Published: 21 Sept 2026, 01:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented