മൈസൂരു: ഇന്‍ഫോസിസില്‍ ട്രെയിനികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെതിരേ ഐ.ടി. തൊഴിലാളി യൂണിയന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കി. ഇന്‍ഫോസിസിന്റെ നടപടി നിയമവിരുദ്ധവും അധാര്‍മികവും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതുമാണെന്ന് ആരോപിച്ച് നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് ആണ് പരാതി സമര്‍പ്പിച്ചത്.

To advertise here,

400ഓളം ട്രെയിനികളെ നിര്‍ബന്ധിതമായി പിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്ന് പരാതിയില്‍ സൂചിപ്പിച്ചു. ഫെബ്രുവരി ഏഴിനാണ് ഇന്‍ഫോസിസ് കഴിഞ്ഞ ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച ട്രെയിനികളുടെ കൂട്ടരാജി ആവശ്യപ്പെട്ടത്. ഇത് നിയമ വിരുദ്ധമാണെന്നാണ് യൂണിയന്റെ പരാതി. വിഷയത്തില്‍ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കണം. അതുവരെ കൂടുതല്‍ പിരിച്ചുവിടലുകള്‍ നിര്‍ത്താന്‍ ഇന്‍ഫോസിസിനോട് ഉത്തരവിടണം.

പിരിച്ചുവിട്ട എല്ലാ ജീവനക്കാരെയും പുനഃസ്ഥാപിക്കണമെന്നും അവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

ട്രെയിനികളെ ഭീഷണിപ്പെടുത്തിയാണ് രാജിക്കത്തില്‍ ഒപ്പിട്ട് വാങ്ങിക്കുന്നത്. ഇതിനായി സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനങ്ങള്‍ ഐ.ടി. വ്യവസായത്തിന് അപകടകരമായ മാതൃക സൃഷ്ടിക്കുകയാണെന്നും യൂണിയന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, മൂല്യനിര്‍ണയ പരിശോധനകളില്‍ വിജയിക്കാന്‍ കഴിയാത്തവരെയാണ് പിരിച്ചുവിടുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. തുടര്‍ച്ചയായ മൂന്ന് ശ്രമങ്ങളിലും പരിശോധനകളില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇത്രയും പേര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയത്.

പരിശോധനകളില്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് സ്ഥാപനത്തില്‍ തുടരാന്‍ കഴിയില്ല. അവരുടെ കരാറിലും ഇത് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. പരിശോധന രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്നതാണെന്നുമാണ് കമ്പനിയുടെ വിശദീകരണം.