റായ്പുര്‍: ഒരു സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി. രാജ്യത്തെ ഒരു പൗരന് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അന്തസ്സിനുള്ള അവകാശമുള്‍പ്പെടെ ജീവനും സ്വാതന്ത്ര്യവും സരക്ഷിക്കുന്നതിനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണിതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും അതിനാല്‍ ഭാര്യയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഇടക്കാല ഹര്‍ജി നിരസിച്ച കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഒരു വ്യക്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണം. 

To advertise here,

ഭരണഘടന വിവക്ഷിക്കുന്ന മൗലികാവകാശങ്ങളില്‍ സുപ്രധാനമാണ് 21-ാം അനുച്ഛേദമെന്ന് വ്യക്തമാക്കിയ കോടതി കന്യകാത്വപരിശോധനയ്ക്ക് അനുമതി നല്‍കുന്നത് മൗലികാവകാശങ്ങള്‍ക്കും സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വങ്ങള്‍ക്കും സ്ത്രീയുടെ വ്യക്തിപരമായ അന്തസ്സിനും എതിരാണെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ നിരീക്ഷിച്ചു. 2024 ഒക്ടോബര്‍ 15 നാണ് ഹര്‍ജി കുടുംബകോടതി തള്ളിയത്. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. 

ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്നും അതിനാല്‍ ഒരുമിച്ചുകഴിയാനാകില്ലെന്നും ഭാര്യ കോടതിയെ ധരിപ്പിച്ചു. ഭാര്യയുടെ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് തെളിയിക്കണമെന്നുണ്ടെങ്കില്‍ അനുബന്ധപരിശോധനയ്ക്ക് വിധേയനാകാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും തെളിവ് ഹാജരാക്കാനോ ഹര്‍ജിക്കാരനോട് കോടതി പറഞ്ഞു. ഭര്‍ത്താവിന് അനുകൂലമായ തെളിവുകള്‍ക്കായി ഭാര്യയുടെ കന്യകാത്വ പരിശോധനയ്ക്കായി അനുമതി നല്‍കാനില്ലെന്നും കോടതി അറിയിച്ചു. 

മാന്യതയോടേയും മഹത്വത്തോടേയും പരിഗണിക്കപ്പെടാനുടാനുള്ള സ്ത്രീയുടെ മൗലികമായ അവകാശമാണ് കന്യകാത്വപരിശോധനയ്ക്ക് വിധേയയാകണമെന്ന് നിര്‍ദേശിക്കുന്നതിലൂടെ ലംഘിക്കപ്പെടുന്നതെന്ന് ജസ്റ്റിസ് വര്‍മ പറഞ്ഞു. 21-ാം അനുച്ഛേദം ഒരു വ്യക്തിയ്ക്ക് ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം എന്ന അവകാശത്തെ നിന്ദിക്കാനാകില്ലെന്നും ഒരു തരത്തിലും ലഘൂകരിച്ച് കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കുന്നത് സ്ത്രീയുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരനും എതിര്‍കക്ഷിയും പരസ്പരം ആരോപിച്ചിരിക്കുന്ന കാര്യങ്ങളില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനം കൈക്കൊള്ളാനാകൂവെന്നും ജസ്റ്റിസ് വര്‍മ വ്യക്തമാക്കി. 

2023 ഏപ്രില്‍ 30 നാണ് ഹര്‍ജിക്കാരനും എതിര്‍കക്ഷിയും വിവാഹിതരായത്. ഛത്തീസ്ഗഢിലെ കോര്‍ബയിലുള്ള ഭര്‍ത്താവിന്റെ കുടുംബഗൃഹത്തിലായിരുന്നു ദമ്പതിമാര്‍ താമസിച്ചുവന്നത്. എന്നാല്‍ ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്നും അതിനാല്‍ വിവാഹബന്ധം തുടരാനാകില്ലെന്നും യുവതി വീട്ടുകാരെ അറിയിച്ചതായി ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു. 2024 ജൂലായ് 20ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 144-ാം വകുപ്പ് പ്രകാരം 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്നാണ് ഭാര്യക്കെതിരെ ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഭാര്യയുമായി ഇതുവരെ ശാരീരികബന്ധമുണ്ടായിട്ടില്ലെന്നും ഭാര്യയ്ക്ക് തന്റെ സഹോദരനുമായി അവിഹിതബന്ധമുണ്ടെന്നും അതിനാല്‍ കന്യകാത്വ പരിശോധനയ്ക്ക് അനുമതി നല്‍കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.