
മനോവൈകൃതം ബാധിച്ച ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ സൗന്ദര്യം വികൃതവസ്തുവാകുന്ന കാഴ്ച നാം ഈയിടെയായി കണ്ടുവരുന്നു. ദയ, സൗന്ദര്യം, സൗമ്യത, പ്രശസ്തി ഇവയോടൊക്കെ ഈ പ്രത്യേകതരം ആള്‍ക്കൂട്ടത്തിന് കഠിനമായ വെറുപ്പാണ്. സ്ത്രീകളുടെ ശരീരത്തോടാണ് ഇത്തരക്കാര്‍ ഏറ്റവുമധികം അസഹിഷ്ണുത പ്രകടിപ്പിക്കുക.
വഴിയരികിലെ മതിലുകളില്‍ കാണുന്ന പോസ്റ്ററുകളില്‍ നടിമാരുടെ മാറിടത്തിന്റെ ഭാഗം കീറിനോക്കി ആനന്ദമനുഭവിച്ചിരുന്ന ആളുകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ ഏതുപടത്തിനടിയിലും അസഭ്യം വര്‍ഷിക്കുന്നവരുടെ മനോഭാവവും അതുതന്നെ. കൈത്തരിപ്പ് നാവിലേക്കും പടര്‍ന്നുകയറിയിട്ടുണ്ട്. അവരുടെ നാവുകള്‍ ഉദ്ധൃതലിംഗങ്ങളാകുന്നു. അതുകൊണ്ട് ആകാവുന്നത് അവര്‍ ചെയ്യുന്നു.
ഉത്തരവാദി ഹണി റോസല്ല
'നമുക്ക് പ്രശസ്തിയുണ്ടെങ്കില്‍, നമ്മുടെ അടുത്തുവന്ന് എന്തും പറയാമെന്നാണ് ചിലരുടെ വിചാരം. അത് നമ്മുടെ വികാരങ്ങളെ ബാധിക്കാനേ പാടില്ല. നമ്മള് ധരിക്കുന്ന ഉടുപ്പുപോലെയോ മറ്റോ ഉള്ള വെറും വസ്തുവാണോ നമ്മള്' എന്ന് പ്രശസ്ത ഹോളിവുഡ് നടി മര്ലിന് മണ്റോയ്ക്കുപോലും പരിഭവിക്കേണ്ടിവന്നിട്ടുണ്ട്.
ഹണി റോസ് കമ്മോഡിറ്റിയായി സ്വയം നിന്നുകൊടുത്തിട്ടല്ലേയെന്നും അഭിനേതാക്കളായ എല്ലാ സ്ത്രീകളും ഇത്തരം അധിക്ഷേപം കേള്‍ക്കുന്നില്ലല്ലോ എന്നും മറ്റുമുള്ള വാദങ്ങളും കഴിഞ്ഞദിവസങ്ങളില്‍ കേട്ടു. താരവും അഭിനേതാവും രണ്ടും രണ്ടാണ്. അഭിനേതാവ് എന്ന വാക്കിനെക്കാള്‍ ആകര്‍ഷകവും പ്രധാനവുമാണ് താരം എന്ന വാക്ക്. പൊതുവേദിയിലേക്കുവരുന്ന ഓരോ വ്യക്തിയും താരമാകുന്നില്ല, എത്ര ശ്രദ്ധയോടെ അവളെ പ്രചരിപ്പിച്ചാലും. മാറിയതരം ജനപ്രിയതയുടെ കാലത്ത് ജനത്തിന് താത്പര്യം താരങ്ങളിലാണ്. കാഴ്ചസൗകര്യങ്ങള് കൂടുന്നതനുസരിച്ച്, പ്രശസ്തരുടെ ജീവിതത്തിലെ സൂക്ഷ്മതകള്ക്കായി ആള്‍ക്കൂട്ടം തിരയും. സ്വകാര്യതയും പൊതുസമൂഹവും കണ്ടുമുട്ടുന്ന കേന്ദ്രബിന്ദുവാണ് ഇന്ന് താരം. യഥാര്ഥമായിരിക്കുമ്പോള്ത്തന്നെ താരം നിഗൂഢവുമാണ്. അവര്‍ വ്യക്തിയുമാണ് വ്യാപാരച്ചരക്കുമാണ്. ഇതേപ്പറ്റി മര്ലിന് ഇങ്ങനെ പറയുന്നു: ''നിരൂപകരെ ഞാന്‍ ശ്രദ്ധിക്കുന്നുപോലുമില്ല. എനിക്കാകെ കരുതലുള്ളത് തിയറ്ററിനുമുന്നിലുള്ള ജനത്തെയാണ്. ഞാന്‍ അവിടേക്കുചെല്ലുമ്പോള് എന്റെ മേക്കപ്പിന് തിളക്കം കുറവാണെങ്കില്‍, അവരെന്നെ കാണില്ല. ഈ മേക്കപ്പ് അവര്‍ക്കുവേണ്ടിയുള്ളതാണ്.'' പക്ഷേ, അവര്‍ക്ക് കൈകാര്യംചെയ്യാനുള്ള ഒരു ഓബ്ജക്ടല്ല താനെന്ന ബോധ്യം ഓരോ താരത്തിനുമെന്നതുപോലെ ഹണി റോസിനുമുണ്ട്. തന്റെ മാര്‍ക്കറ്റ് വാല്യു ശരിയായി അറിയുന്ന ഒരു വ്യക്തി ബുദ്ധിയില്ലാത്ത ഒരാളല്ല.
സാംസ്കാരികവേദികളിലെ ശരീരം
സെല്‍ഫിയെടുക്കലും ബുക്ക് സൈനിങ് സെഷന് ആസ്വദിക്കലുമൊക്കെ ചെയ്യുന്ന എഴുത്തുകാര്ക്കുമറിയാം തങ്ങളെ ഇഷ്ടപ്പെടുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ തങ്ങള്‍ക്കുള്ള സ്വീകാര്യതയെക്കുറിച്ച്. ആ ആത്മരതി ഒരു മോശം കാര്യമല്ലതാനും. എഴുത്തിന്റെ മുതല്‍ക്കൂട്ട് ശരീരമല്ലാതിരുന്നിട്ടുകൂടി എഴുത്തുകാര്‍ എത്ര ഭംഗിയായി സ്വന്തം ശരീരത്തെ പുസ്തകവിപണിയുടെയോ എഴുത്തിന്റെ പ്രചാരത്തിന്റെയോ ഭാഗമായി വേദികളിലും ഫോട്ടോകളിലും ഉപയോഗിക്കുന്നുണ്ട്! നമ്മള് കരുതുന്നത്ര ടഫ് അല്ല ഈ സാംസ്കാരികപ്രവര്‍ത്തകരും!
മുലയും നിതംബവുംമാത്രമല്ല, നഖം, വയര്‍, കഴുത്ത്, തോള്, കണങ്കാല്, പാദം തുടങ്ങി ഏതവയവവും എപ്പോള്‍ വേണമെങ്കിലും ലൈംഗികോത്തേജനവസ്തുവാകാം. കണ്ണിനെക്കാള്‍ വശ്യത പൊട്ടിനും നെറ്റിക്കും മറുകിനും നുണക്കുഴിക്കുംവരെയുണ്ടാകാം. അത് ആണിനുമാത്രമല്ല പെണ്ണിനുമറിയാം.
ചിലര്‍ സമൃദ്ധമായ മുടികൊണ്ടുചെയ്യുന്നതേ മറ്റു ചിലര്‍ സമൃദ്ധമായ നിതംബംകൊണ്ട് ചെയ്യുന്നുള്ളൂ. മുടി കുറവുള്ളവര്‍ മനോഹരമായ വിഗ്ഗുകള്‍ മാറിമാറിവെച്ച് രൂപം തനിക്കിഷ്ടപ്പെട്ടമട്ടില് പരിഷ്കരിക്കാറുണ്ട്. കൃത്രിമമായ സൗന്ദര്യസംവര്‍ധക ഉപാധികള്‍ ഏതെങ്കിലുംതരത്തില്‍ ഉപയോഗിക്കുന്നവരാണ് മനുഷ്യര്‍ ഭൂരിപക്ഷവും. നഖം, പുരികം, കണ്പീലികള്, മീശ, താടി ഇങ്ങനെ എല്ലാം വിപണിയില്‍ പല വിലകളില്‍ ലഭ്യമാണ്. ഒരു സാധാരണകാര്യംമാത്രമാണത്. ആളുകള്‍ക്ക് ഇഷ്ടംപോലെ വാങ്ങി ഉപയോഗിക്കാനാണ് അവയൊക്കെ വിപണിയിലിറങ്ങുന്നത്.
ആണാള്ക്കൂട്ടങ്ങള്ക്ക് താങ്ങാത്തത്
സ്വന്തം സൗന്ദര്യത്തില്‍ വിശ്വസിക്കാനും അതിനെ പൊലിപ്പിക്കാനും അതില്‍ ആനന്ദിക്കാനും അത് പ്രദര്‍ശിപ്പിക്കാനും അഭിനന്ദനം ഏറ്റുവാങ്ങാനും മമ്മൂട്ടിക്കും മാധവിക്കുട്ടിക്കും മോഹന്‍ലാലിനും ഷീലയ്ക്കുമുള്ള അവകാശം ഹണി റോസിനുമുണ്ട്. അതേ അവകാശം എനിക്കുമുണ്ട്. മറ്റെല്ലാവര്ക്കുമുണ്ട്.
സ്വന്തം മനസ്സിലെ മാലിന്യം പെണ്ണിന്റെ ചില അവയവങ്ങളിലേക്ക് കുടഞ്ഞിട്ട് അങ്ങോട്ടുമാത്രം നോക്കിയിരിക്കുന്നവര്‍ക്ക്, സ്വയം ഇവിടെയുണ്ടെന്ന് തെളിയിക്കാനായി സദാ ആരെയെങ്കിലും 'കൊന്നു'കൊണ്ടിരിക്കണം. അധിക്ഷേപിക്കുന്നവരെ നിയമംവഴി ശിക്ഷിക്കാനുള്ള താരത്തിന്റെ നീക്കം അഭിനന്ദിക്കപ്പെടേണ്ടതുതന്നെ. പ്രതികരിക്കുന്ന പെണ്ണുങ്ങളെ ചട്ടംപഠിപ്പിക്കാന്‍ ചെല്ലരുത്.
1948-ല്‍ നമ്പൂതിരിസ്ത്രീകള്‍ എഴുതി അവതരിപ്പിച്ച 'തൊഴില്‍കേന്ദ്രത്തിലേക്ക്' എന്ന നാടകത്തിലാണ്, സവര്ണനവോത്ഥാനവുമായി ബന്ധപ്പെട്ട അന്നത്തെ മറ്റൊരു രചനയിലും പ്രശ്നവത്കരിക്കപ്പെടാത്ത ഒരു പരാമര്‍ശമുള്ളത്. സ്വാതന്ത്ര്യബോധമുള്ള സ്ത്രീക്കെതിരേ പുരോഗതിക്ക് തുരങ്കംവെക്കുന്ന 'പരിഷ്കൃതാശയന്മാരായ പതാക'ക്കാര്ക്കെതിരേയുള്ള ആദ്യമുന്നറിയിപ്പായിരുന്നു ഇത്. 'ഇങ്ങനത്തെ വഷളത്തങ്ങളാണ് ജന്റില്‍മാന്റെ ലക്ഷണം ന്നു വെച്ചാല്‍ ജന്റില്മാന് തന്ന്യാ. പക്ഷേ ഞങ്ങളാരും, സ്ത്രീകളാരുംതന്നെ ഈ കൂട്ടരെ, നല്ലാളുകളാ ജന്റില്‍മാനാന്നു പറയില്ല' -ചാനലുകളില്‍ സായാഹ്നചര്ച്ചയില് സ്ഥിരമായി വന്നിരുന്ന് സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്ന അഴുകിയ ബ്രാഹ്മണബോധ്യങ്ങള്ക്കുള്ള മറുപടി ഇതുമാത്രമാണ്
നമ്മുടെ മികച്ച രണ്ട് അഭിനേത്രികള്‍ കാന്‍ഫെസ്റ്റ് റെഡ് കാര്‍പറ്റില്‍ തിളങ്ങാന്‍ പ്രൗഢിയോടെ, രാഷ്ട്രീയബോധ്യങ്ങളോടെ നിന്നുവല്ലോ-കനി കുസൃതിയും ദിവ്യപ്രഭയും. വേഷവിധാനത്തിന്റെപേരില് അവര്‍ നേരിട്ട ആക്രമണവും അതിക്രൂരമായിരുന്നു. അന്താരാഷ്ട്രനിലവാരമുള്ള താരങ്ങള്‍ക്കൊപ്പം വേദിപങ്കിട്ട അവര്‍ക്ക് അന്താരാഷ്ട്രനിലവാരത്തിലെ താരങ്ങളുടെ വേഷമാതൃകകള് അനുകരിച്ചുകൂടേ? ഇവരാരും കേരളീയമോഡല് സ്ത്രീത്വത്തെയല്ല പിന്തുടരുന്നത്. ഇവര്‍ ഒളിഞ്ഞുനോട്ടത്തെയല്ല, സ്വതന്ത്രനോട്ടത്തെയാണ് സ്വാഗതംചെയ്യുന്നതെന്നും നമ്മുടെ ആണാള്ക്കൂട്ടങ്ങള്ക്ക് അത് താങ്ങാനാകാത്തതിന് ഹണി റോസല്ല ഉത്തരവാദിയെന്നുമുള്ള സി.എസ്. ചന്ദ്രികയുടെ നിരീക്ഷണം ശ്രദ്ധേയമാണ്.
1947-ല്‍ പൊന്‍കുന്നം വര്‍ക്കി എഴുതിയ 'മോഡല്‍' എന്നൊരു കഥയിലെ തയ്യല്ക്കാരന് ഫ്രാന്‍സിസിനെ ഓര്‍മ്മവരുന്നു: 'നിങ്ങള്‍ പറയുന്നത് ഇംഗ്ലീഷ് മോഡലാണ്, അത് നിങ്ങളുടെ ശരീരത്തിനിണങ്ങില്ല. ഇതേ നിങ്ങള്ക്കുപറ്റൂ' എന്ന് പാപ്പനോടുപറഞ്ഞപ്പോള്, പാപ്പന്റെ ചോദ്യം: 'എന്റെ മോഡല്‍ നിശ്ചയിക്കുന്നതു നിങ്ങളാണോ?' അത്രയും ചിന്തിക്കാന്‍ പാപ്പന് ആധുനികവിദ്യാഭ്യാസത്തിന്റെ പിന്ബലംപോലും ആവശ്യമുണ്ടായില്ല. സ്വന്തം മോഡല്‍ സ്വയം തീരുമാനിച്ചുതുടങ്ങിയാല് അളവെടുപ്പുകാര് ഭയക്കും. അവര്‍ പിന്മാറും. പിന്നെ തിരഞ്ഞെടുപ്പുകള്‍ നമ്മുടേതാകും.
Content Highlights: Examining the online shaming of Honey Rose and other female celebrities
Published: 14 Jan 2025, 07:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented