ടെൽ അവീവ്: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിന് മധ്യപക്ഷ പാർട്ടിയായ യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ ക്ഷണിച്ചിരിക്കുകയാണ് പ്രസിഡന്റ് ഐസക് ഹെർസോഗ്. ഇസ്രയേൽ സമയം ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക ചുമതല ഐസൻകോട്ടിന് പ്രസിഡന്റിന്റെ വസതിയിൽവെച്ച് നൽകും.

To advertise here,

അടുത്ത 28 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചാൽ മാത്രമേ ഐസൻകോട്ടിന് ഇസ്രയേലിന്റെ പ്രധാനമന്ത്രിയാകാൻ കഴിയൂ. 28 ദിവസത്തിനുള്ളിൽ അതിന് സാധിച്ചില്ലെങ്കിൽ ആവശ്യമെങ്കിൽ ഇസ്രയേൽ പ്രസിഡന്റിന് അടുത്ത ആളെ ക്ഷണിക്കുന്നതിന് മുമ്പായി 14 ദിവസംകൂടി കാലാവധി നീട്ടിനൽകാം. ഇതിലും പരാജയപ്പെട്ടാൽ നെതന്യാഹുവിന്റെ ഊഴമായിരിക്കും. അതും പരാജയപ്പെടുകയാണെങ്കിൽ, മറ്റൊരു നേതാവിന് സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റിന് അവസരം നൽകാം. ഇത്തവണ പരമാവധി 28 ദിവസത്തെ സമയപരിധിയായിരിക്കും അനുവദിക്കുക.

രണ്ടാം ഘട്ടവും പരാജയപ്പെടുകയാണെങ്കിൽ, മൂന്നാമതൊരു സ്ഥാനാർത്ഥിക്ക് അവസരം നൽകണമെന്ന് നെസെറ്റിന് ആവശ്യപ്പെടാം. അവർക്ക് ഈ ദൗത്യം പൂർത്തിയാക്കാൻ 14 ദിവസത്തെ സമയം ലഭിക്കും. ഇതെല്ലാം പരാജയപ്പെട്ടാൽ ഇസ്രയേൽ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകും.

ഒക്ടോബർ 27-ന് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം നേടാൻ സാധിക്കാത്തതിനെതുടർന്ന് പാർട്ടികളുമായി ചർച്ചകൾ നടത്തിയ ശേഷമാണ് രണ്ടാമത്തെ വലിയ കക്ഷിയായ ഐസൻകോട്ടിനെ പ്രസിഡന്റ് സർക്കാർ രൂപീകരണത്തിനായി ആദ്യം ക്ഷണിച്ചിരിക്കുന്നത്. പ്രസിഡന്റുമായുള്ള ചർച്ചയിൽ അറബ് പാർട്ടികൾ അടക്കം ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 67 സീറ്റുകൾ ഐസൻകോട്ട് പക്ഷത്തിനുണ്ട്. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ 120 അംഗങ്ങളാണ് ഉള്ളത്. ഇതിൽ ഭൂരിപക്ഷത്തിന് വേണ്ടത് 61 സീറ്റുകളാണ്. എന്നാൽ, അറബ് പാർട്ടികൾ ഐസൻകോട്ടിനെ പിന്തുണച്ചിട്ടുണ്ടെങ്കിലും ഘടകകക്ഷികൾക്കിടയിൽ ഇത് സംബന്ധിച്ച് ഒരു ധാരണയിൽ എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഐസൻകോട്ടിന് മുന്നിൽ വെല്ലുവിളികളേറെയാണ്.

നെതന്യാഹു പക്ഷത്തിന് 46 സീറ്റുകളാണ് ഉള്ളത്. ഐസൻകോട്ടിനെ പ്രസിഡന്റ് ക്ഷണിക്കുന്നതിന് തൊട്ടുമുമ്പും നെതന്യാഹു ഐക്യ സർക്കാരിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രസിഡന്റ് ഹെർസോഗിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 'ദേശീയ അടിയന്തര സർക്കാരുണ്ടാക്കാനുള്ള സമയമാണിപ്പോൾ' എന്ന് ഐസൻകോട്ട് എക്‌സിലൂടെ പ്രതികരിച്ചു. 'നാം അതിന് യോഗ്യരാണെന്ന് ഉറപ്പാക്കാൻ ഞാൻ സാധ്യമായതെല്ലാം ചെയ്യും' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐസൻകോട്ടിന് മുന്നിലുള്ള വെല്ലുവിളി

മാറ്റം ആവശ്യപ്പെട്ടുള്ള ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള നെതന്യാഹുവിരുദ്ധ മുന്നണിയിൽ യാഷർ അടക്കം നാലു പാർട്ടികളാണ് ഉള്ളത്. യാഷർ-21, ടുഗെദർ-12, ദി ഡെമോക്രാറ്റ്സ്-8, ഇസ്രയേൽ ബെയ്റ്റെയ്നു-7 എന്നിങ്ങനെയാണ് പാർട്ടികളും സീറ്റുകളും. ഇവർക്കെല്ലാംകൂടി 48 സീറ്റുകളേ ഉള്ളൂ. ഭൂരിപക്ഷം കിട്ടാൻ 61 സീറ്റ് വേണം. നെതന്യാഹുവിനോടുള്ള എതിർപ്പ് മാത്രമാണ് ഈ പാർട്ടികളുടെ സഖ്യത്തിനാധാരം. നാല് പാർട്ടികളും വ്യത്യസ്തമായ ആശയങ്ങളുള്ളവരാണ്.

അറബ് പാർട്ടികളായ ജോയിന്റ് ലിസ്റ്റിനും 'റാം'-നും കൂടി 19 സീറ്റുകൾ ഉണ്ട്. ഇവർ ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ മുന്നണിയിലെ ചില തീവ്ര പക്ഷക്കാർ അറബ് പാർട്ടികളുടെ പിന്തുണയെ പരസ്യമായി എതിർക്കുന്നവരാണ്. അറബ് പാർട്ടികളുടെ പിന്തുണ വേണ്ടെന്നുവെച്ചാൽ ഐസൻകോട്ടിന് നെതന്യാഹുവിന്റെ പക്ഷത്തുള്ളവരെ മുന്നണിയിലെടുക്കേണ്ടിവരും. നെതന്യാഹുവിന്റെ പാർട്ടിയായ ലിക്കുഡും അതിന്റെ സഖ്യകക്ഷികളും ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള ഒരു സഖ്യത്തിൽ ചേർന്നേക്കുമെന്ന് യാഷർ പാർട്ടി ശനിയാഴ്ച സൂചനകൾ നൽകിയെങ്കിലും അതിനുള്ള സാധ്യതകൾ വളരെ വിരളമാണെന്ന് വിലയിരുത്തുന്നവരും ഉണ്ട്.

നെതന്യാഹുവുമായി ചേർന്ന് ഒരു സഖ്യത്തിലും പ്രവർത്തിക്കില്ലെന്ന് ഐസൻകോട്ട് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, 2023 ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം നടത്തിയ സമയത്ത് ഉന്നത അധികാര സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ആരും പൊതുജീവിതത്തിൽ തുടരാൻ പാടില്ലെന്നാണ് അദ്ദേഹത്തിന്റെ കർശന നിലപാട്. വരുംദിവസങ്ങളിൽ ഈ പ്രതിസന്ധിയെ ഐസൻകോട്ട് എങ്ങനെ അതിജീവിക്കുമെന്ന് കണ്ടറിയണം.

ഐക്യ സർക്കാരിന് നെതന്യാഹുവിന്റെ ആഹ്വാനം

19 സീറ്റുകളുമായി കിങ് മേക്കറായി നിൽക്കുന്ന അറബ് പാർട്ടികളുമായി സഖ്യത്തിലേർപ്പെടില്ലെന്നത് നെതന്യാഹുവിന്റെ ഉറച്ച പ്രഖ്യാപനമാണ്. അതുകൊണ്ടുതന്നെ നെതന്യാഹുവിന് അധികാരത്തിൽ തുടരാനുള്ള ഏക പോംവഴി ഐസൻകോട്ടിനെയും പക്ഷത്തേയും ചേർത്തുള്ള ഐക്യ സർക്കാർ രൂപീകരിക്കുക എന്നതാണ്.

ഐസൻകോട്ടിന്റെ പക്ഷത്തുള്ള പാർട്ടികളോട് ഒരു 'ദേശീയ ഐക്യ സർക്കാർ' രൂപീകരിക്കാൻ നെതന്യാഹു കഴിഞ്ഞദിവസം ആഹ്വാനം ചെയ്യുകയും ഉണ്ടായി. കഴിഞ്ഞ സഖ്യസർക്കാരിലുണ്ടായിരുന്ന തന്റെ എല്ലാ സഖ്യകക്ഷികളെയും ഇതിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. ഈ സർക്കാരിനെ ആര് നയിക്കുമെന്ന് നെതന്യാഹു പറഞ്ഞിട്ടില്ല. എന്നാൽ, തീവ്ര യാഥാസ്ഥിതിക ജൂത പാർട്ടികൾ ഉൾക്കൊള്ളുന്ന ദേശീയ ഐക്യ സർക്കാർ ഒരു സാധ്യതയില്ലാത്ത ഒരു നിർദേശമാണെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം, അറബ് പാർട്ടികളുമായി ഐസൻകോട്ട് സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത് നെതന്യാഹു നിരന്തരം പ്രചാരണവുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. ഇത് ഐസൻകോട്ടിന്റെ പക്ഷത്തുള്ള പാർട്ടികളെ അസ്വസ്ഥമാക്കാനാണെന്നാണ് സൂചന. ഇതിനിടെ നെതന്യാഹുവിന്റെ പക്ഷത്തുണ്ടായിരുന്ന ഏഴ് സീറ്റുകളുള്ള അൾട്രാ-ഓർത്തഡോക്‌സ് യുണൈറ്റഡ് തോറ ജൂഡായിസം എന്ന പാർട്ടി അദ്ദേഹത്തിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. അറബ് പാർട്ടികളുടെ പങ്കാളിത്തമില്ലാതെ ഒരു സർക്കാർ ഐസൻകോട്ട് രൂപീകരിക്കാൻ ശ്രമിച്ചാൽ ഈ പാർട്ടി അതിൽ പങ്കുചേർന്നേക്കും. ഐസൻകോട്ടിന്റെ പക്ഷത്തുള്ള ബെയ്‌തേനു പാർട്ടി നേതാവ് അവ്വിഗ്ഡോർ ലിബർമാൻ ഇത്തരമൊരു നീക്കത്തിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അങ്ങനെവന്നാൽ നെതന്യാഹുവിന്റെ പക്ഷത്തുള്ള മറ്റു ചിലരേയും ഒപ്പം കൂട്ടേണ്ടിവരും. എന്നാൽ, നിർബന്ധിത സൈനിക സേവനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഐസൻകോട്ട് ഈ പാർട്ടികളുടെ നിലപാടിനൊപ്പമല്ല.